കേരളത്തിനടുത്ത് സൂര്യകാന്തിപാടങ്ങള്‍ യഥേഷ്ടമുള്ളത് കര്‍ണ്ണാടകയിലുള്ള ഗുണ്ടല്‍പേട്ടും തെങ്കാശി സുന്ദരപാണ്ഡ്യപുരത്തുമാണ്. തെക്കന്‍ കേരളത്തിലുള്ളവര്‍ക്ക് പ്രത്യേകിച്ച് തിരുവനന്തപുരത്തുകാര്‍ക്ക് നെടുമങ്ങാട് പാലോട് ആര്യങ്കാവു വഴി ഒന്ന് ചുരമിറങ്ങിയാല്‍ മതി പച്ചക്കറികളും പൂക്കളും നിറഞ്ഞ തെങ്കാശിയിലെത്താന്‍. പുനലൂര്‍ ചെങ്കോട്ട വഴി കൊല്ലം പത്തനംതിട്ടക്കാര്‍ക്കും രണ്ടര മൂന്ന് മണിക്കൂര്‍ കൊണ്ടെത്താവുന്ന സ്ഥലമായത് കൊണ്ടുമാകും അവിടെ വന്നെത്തിയ വാഹനങ്ങളില്‍ ഒട്ടുമിക്കതും പത്തനംതിട്ട കൊല്ലം റെജിസ്റ്റ്രേഷ ന്‍ ആയിരുന്നു.
കമ്പിളിയില്‍ എത്തി അവിടെ നിന്നും വലത്തോട്ട് നാലു കീലോമീറ്ററോളം ദൂരം പോയാല്‍ സുന്ദരപാണ്ഡ്യപുരത്തെതാം. ജൂലൈ ആഗസ്റ്റ് മാസങ്ങളില്‍ പൂക്കുന്ന സൂര്യകാന്തികള്‍ ആഗസ്റ്റ് അവസാനം സെപ്റ്റംബര്‍ ആകുന്നതോടെ കൂടി കരിഞ്ഞ് സീസണ്‍ കഴിയുന്നു. ആഗസ്റ്റ് മൂന്നാം വരാം ചെന്നെത്തിയപ്പോള്‍ തന്നെ സൂര്യകാന്തികള്‍ ഏറ്റവും കൂടുതല്‍ ഉണ്ടെന്ന് പറയപ്പെടുന്ന സുന്ദരപാണ്ഡ്യപുരത്ത് പാടങ്ങള്‍ പാടെ കരിഞ്ഞ നിലയിലായിരുന്നു. കരിഞ്ഞു കൂമ്പിയ പൂക്കള്‍ നിറഞ്ഞ പാടം നിരാശാജനകമായിരുന്നു. അടുത്തെവിടെയെങ്കിലും ഉണ്ടെങ്കില്‍ കാണാമെന്നുള്ള അന്വേഷണത്തിനൊടുവില്‍ ചെന്നെത്തിയത് സുന്ദരപാണ്ഡ്യപുരത്ത് നിന്നും നാലഞ്ച് കിലോമീറ്റര്‍ അകലെയുള്ള സാബവാര്‍ വടകരൈയിലാണ്.
സൂര്യകാന്തിചെടികള്‍ക്ക് സുന്ദരപാണ്ഡ്യപുരത്ത് കണ്ടത്ര പൊക്കമില്ലെങ്കിലും നല്ല വിടര്‍ന്ന് പൂക്കള്‍. സൂര്യകാന്തികള്‍ മാത്രമല്ല മുളക്, ചോളം, വെണ്ട, പാവല്‍, ബീറ്റ്‌റുീട്ട്, സാംബാര്‍ പയര്‍, വെള്ളരി, തക്കാളി, പയര്‍ എല്ലാം നിറഞ്ഞ പാടം . ഇടയ്ക്കിടയ്ക്ക് സൂര്യകാന്തികളും . ആവണകുരു ചെടികള്‍ ആയിരുന്നു മറ്റൊരു ആകര്‍ഷണം. പച്ചക്കറികള്‍ക്ക് കിലോയ്ക്ക് ഇരുപത് രൂപയൊക്കെയേയുള്ളൂ. പാട്ടത്തിനെടുത്ത് കൃഷിയിറക്കിയിരിക്കുന്ന പാടത്ത് പണിയെടുക്കുന്ന സ്ത്രീകളെ കാണാം . കുറച്ച് വെണ്ട പച്ചമുളക് സാംബാര്‍ പയര്‍ ഒക്കെയെടുക്കുമ്പോള്‍ ഇരുപത് മുപ്പത് എന്നൊക്കെ പറയുമ്പോള്‍, അമ്പത് ഒക്കെ കൊടുത്താല്‍ അവര്‍ക്ക് ഒത്തിരി സന്തോഷം. അതിനു വേണ്ടി വാങ്ങിയെന്നേയുള്ളൂ. കാണാന്‍ നല്ല ചേലുണ്ടെങ്കിലും പച്ചക്കറികള്‍ക്കും പൂക്കള്‍ക്കും വിഷം നന്നായി തളിക്കുന്നത് അവിടെ നില്‍ക്കുമ്പോള്‍ തന്നെ കാണാന്‍ കഴിയും . ഓണത്തിനു കേരളത്തിലോട്ടുള്ള പച്ചക്കറികള്‍ ഇതാണെങ്കില്‍ നല്ല വിഷം തളിച്ചവയാണെന്ന ബോധത്തോടെ കഴുകി വൃത്തിയാക്കി ഉപയോഗിക്കുക. നല്ല കാറ്റ് വീശുന്ന സ്ഥലമായത് കൊണ്ട് തന്നെ അവിടിവിടെയായി കാറ്റാടി യന്ത്രങ്ങള്‍ കാണാം. കിളികളും , മയിലുകളുടെ കൂക്കിവിളികളും കേള്‍ക്കാം .
മണിരത്നം സംവിധാനം ചെയ്ത റോജ സിനിമ ഇവിടെ ഷൂട്ട് ചെയ്തിട്ടുണ്ട്. സുന്ദരപാണ്ഡ്യപുരം ഹാന്‍ഡ്ലൂം തുണിത്തരങ്ങള്‍ നെയ്തെടുക്കുന്നയിടം കൂടിയാണ്. അവിടുന്ന് നല്ല മേന്മയുള്ള മുണ്ടുകളും സാരികളും വിലക്കുറവില്‍ സ്വന്തമാക്കാം . കേരളത്തിന്റെ മിക്ക ടെക്ക്‌സ്റ്റെയില്‍ സ്ഥാപനങ്ങളിലോട്ടും ഇവിടുന്ന് തുണിത്തരങ്ങള്‍ വില്‍പനയ്ക്കായി കയറ്റുമതി ചെയ്തു പോകുന്നു. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ മോശമാണു ഇത്തവണ സെയില്‍സ് എന്നാണു അവര്‍ പറയുന്നത്.
സുന്ദരപാണ്ഡ്യപുരത്ത് വരുന്നവര്‍ക്ക് അടുത്ത് തന്നെ പോകാന്‍ പറ്റുന്ന ഒരു സ്ഥലം കൂടിയുണ്ട് , അന്യന്‍ പാറ. ഏഴു കീലോമീറ്റര്‍ കൂടി പോയാല്‍ മതി. നല്ല റോഡും പോകുന്ന വഴി കാഴ്ചയ്ക്ക് നല്ല ഭംഗിയുള്ളതുമാണ്. അന്യന്‍ സിനിമ ഷൂട്ട് ചെയ്തതില്‍ കൂടി പ്രസിദ്ധിയാര്‍ജ്ജിച്ചയിടം ആണിത്. സിനിമയിറങ്ങി പത്ത് വര്‍ഷങ്ങള്‍ക്കിപ്പുറം ഇപ്പോള്‍ പാറകളിലെ ചിത്രങ്ങള്‍ക്ക് വെയിലും മഴയും കൊണ്ട് കോട്ടം സംഭവിച്ചിട്ടുണ്ട്.