അടുത്തകാലത്ത് കേരളത്തില്‍ ചര്‍ച്ച ചെയ്യപ്പെട്ട പ്രധാന വിഷയങ്ങളിലൊന്നാണ് വിലക്കയറ്റവും റേഷന്‍ സാധനങ്ങളുടെ ലഭ്യത കുറവും. കേരളത്തിലെ ജനകീയ സര്‍ക്കാര്‍ ഈ വിഷയങ്ങള്‍ പരിഹരിക്കുന്നതിനായി ശ്ലാഘനീയമായ ഇടപെടലാണ് നടത്തിയിട്ടുള്ളത്. ജനത്തെ സര്‍ക്കാരിനെതിരാക്കാനുള്ള ഏറ്റവും മികച്ച ആയുധമായാണ് പ്രതിപക്ഷവും ഇതര രാഷ്ട്രീയ പാര്‍ടികളും ഈ വിഷയങ്ങളെ കണ്ടത്. അരി വിലക്കയറ്റത്തെയും റേഷന്‍ വിഹിതം വെട്ടിക്കുറച്ച നടപടിയേയും രാഷ്ട്രീയമായ വിലയിരുത്താനാണ് ശ്രമിക്കേണ്ടത്. കാരണം ഈ വിഷയങ്ങള്‍ക്ക് വ്യക്തമായ രാഷ്ട്രീയ മാനം ഉണ്ടെന്നതുതന്നെ. 1957 ലെ ഇ എം എസ് സര്‍ക്കാരിന്റെ കാലം മുതല്‍ തന്നെ ആന്ധ്രയിലെയും തമിഴ്‌നാട്ടിലെയും അരി ലോബിയുമായി കൈകോര്‍ത്ത് ഇടതുഭരണത്തെ അട്ടിമറിക്കാനുള്ള ശ്രമങ്ങള്‍ക്ക് കോണ്‍ഗ്രസ് നേതൃത്വം നല്‍കിയിരുന്നു.
ദശാബ്ദങ്ങളായി ഇത് തുടരുകയുമാണ്. കൂടാതെ മറ്റൊരു പ്രധാന വസ്തുത കേരളത്തിന്റെ റേഷന്‍ വിഹിതമെന്നത് കേന്ദ്രത്തിന്റെ ഔദാര്യമല്ല അവകാശമാണ് എന്നതാണ്. കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളുടെ നിരന്തരമായ സമരപോരാട്ടങ്ങളുടെ ഭാഗമായി കേരളത്തിന് റേഷന്‍ വിഹിതം അനുവദിച്ചതിന്റെ ചരിത്രം പരിശോധിച്ചാല്‍ മാത്രം മതി ഇതിന്റെ ഉത്തരം ലഭിക്കാന്‍. കേരളീയരുടെ പ്രധാന ആഹാരം അരിയാണ്. എന്നാല്‍ അരിയുല്‍പാദനത്തേക്കാള്‍ രാജ്യത്തിന് വിദേശനാണയം പ്രദാനം ചെയ്യുന്ന നാണ്യവിളകളുടെ ഉല്‍പാദനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനും കേരളത്തിനാവശ്യമായ അരിവിഹിതം കേന്ദ്രം നല്‍കുമെന്നുമാണ് അന്നുണ്ടാക്കിയ വ്യവസ്ഥ. എന്നാല്‍ ഈ തീരുമാനത്തെ ഘട്ടംഘട്ടമായി തകിടം മറിക്കാനാണ് മാറിമാറി വന്ന കേന്ദ്ര സര്‍ക്കാരുകള്‍ ശ്രമിച്ചത്. പോരാത്തതിന് കേരളത്തില്‍ വലതുപക്ഷ സര്‍ക്കാരുകള്‍ അധികാരത്തിലിരുന്നപ്പോഴൊക്കെ ഈ നീക്കങ്ങളെ പ്രതിരോധിക്കാതിരുന്നതും റേഷന്‍ പ്രതിസന്ധിക്ക് ആക്കം കൂട്ടി.
പുതുതായി ഇന്ത്യയില്‍ നടപ്പാക്കിയ ഭക്ഷ്യ ഭദ്രതാ നിയമം യഥാസമയത്ത് നടപ്പിലാക്കാന്‍ കഴിഞ്ഞ യുഡിഎഫ് സര്‍ക്കാര്‍ ഇടപെടല്‍ നടത്താതിരുന്നതും മോഡി സര്‍ക്കാര്‍ നിയമം നടപ്പിലാക്കുന്നതിനാവശ്യമായ സമയം സംസ്ഥാനത്തിന് അനുവദിക്കാതിരുന്നതുമാണ് നിലവിലെ പ്രതിസന്ധിയുടെ പ്രധാന കാരണങ്ങളിലൊന്ന്. മറ്റൊരു പ്രധാന കാരണം അരി മിച്ച സംസ്ഥാനങ്ങളില്‍ ഉണ്ടായിട്ടുള്ള കടുത്ത വരള്‍ച്ചയുടെ ഭാഗമായി അരിയുടെ ലഭ്യതയില്‍ ഉണ്ടായിട്ടുള്ള ഗണ്യമായ കുറവാണ്. ഇത് രണ്ടും ചേര്‍ന്നപ്പോള്‍ സംസ്ഥാനത്തെ അരിക്ഷാമം രൂക്ഷമാകുകയും അരിയുടെ വില ഉയരുകയും ചെയ്തു.
പ്രശ്‌നങ്ങളെ സമചിത്തതയോടെ കൈകാര്യം ചെയ്തുകൊണ്ട് ജനങ്ങള്‍ക്കുണ്ടായ ബുദ്ധിമുട്ടുകള്‍ പരിഹരിക്കാനാവശ്യമായ ശക്തമായ ഇടപെടലാണ് കേരളത്തിലെ ഇടതുസര്‍ക്കാര്‍ നടത്തിയത്. ഈ നടപടികളെ പിന്തുണച്ചില്ലെന്നു മാത്രമല്ല, സമരാഭാസങ്ങള്‍ നടത്തി ജനങ്ങളുടെ ആശങ്ക വര്‍ദ്ധിപ്പിച്ച് എരിതീയിലെണ്ണയൊഴിക്കുന്ന സമീപനമാണ് കോണ്‍ഗ്രസും ബിജെപിയും കൈക്കൊണ്ടത്. കേന്ദ്രം ഭരിക്കുന്ന ബിജെപി സര്‍ക്കാരില്‍ സംസ്ഥാനത്തിനനുകൂലമായി റേഷന്‍ വിഹിതത്തിനായി സമ്മര്‍ദംപോലും ചെലുത്താതെയാണ് ബിജെപി സമരത്തിനിറങ്ങിയത്.
ഇന്ത്യയില്‍ മാത്രമല്ല ലോകം തന്നെ കണ്ടിട്ടുള്ളതില്‍വച്ച് ഏറ്റവും മോശമായ കാലാവസ്ഥയായിരിക്കും 2017ല്‍ എന്ന് ഐക്യരാഷ്ട്രസഭ അറിയിച്ചിരിക്കുകയാണ്. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങള്‍ വരള്‍ച്ചയുടെ പിടിയിലായി കഴിഞ്ഞിരിക്കുകയാണ്. അരി മിച്ച സംസ്ഥാനങ്ങളിലെ വരള്‍ച്ചയും കേരളത്തില്‍ അരിവില കുത്തനെ ഉയരുന്നതിന് കാരണമായിട്ടുണ്ട്. ഇതുകൂടാതെ സ്വകാര്യകച്ചവടക്കാര്‍ ഉയര്‍ന്ന വില ഈടാക്കിയതും പ്രശ്‌നങ്ങള്‍ ഗുരുതരമാക്കി.
സംസ്ഥാന സര്‍ക്കാര്‍ ജനങ്ങളുടെ ബുദ്ധിമുട്ടുകള്‍ പരിഹരിക്കുന്നതിനായി നിരവധി നടപടികള്‍ ഇതിനകം സ്വീകരിച്ചു കഴിഞ്ഞിട്ടുണ്ട്. ബംഗാളില്‍നിന്നും ആന്ധ്രയില്‍നിന്നും അരി സംസ്ഥാനത്തെത്തിച്ച് ജനങ്ങള്‍ക്ക് കുറഞ്ഞ വിലയ്ക്ക് ലഭ്യമാക്കിയിട്ടുണ്ട്. 45 മുതല്‍ 50 രൂപ വരെ ഉണ്ടായിരുന്ന വിവിധയിനം അരിക്ക് ഇതോടെ 28 മുതല്‍ 34 രൂപ വരെയായി ജനങ്ങള്‍ക്ക് ലഭ്യമായി തുടങ്ങി. അരിവില പിടിച്ചു നിര്‍ത്താനാവശ്യമായ പ്രവര്‍ത്തനത്തിന്റെ ഭാഗമായി എല്ലാ നിയോജകമണ്ഡലങ്ങളിലും സപ്ലൈകോ അരിക്കടകള്‍ തുറക്കുന്നതിനുള്ള പ്രവര്‍ത്തനവും തുടങ്ങിക്കഴിഞ്ഞു.
മട്ട അരി 24 രൂപയ്ക്കും ജയ അരി 25 രൂപയ്ക്കും പച്ചരി 23 രൂപയ്ക്കും അരിക്കടകള്‍ വഴി ഇതിനോടകം ലഭ്യമായിക്കഴിഞ്ഞിരിക്കുകയാണ്. പൊതുവിപണിയിലുള്ള പ്രാദേശിക ബ്രാന്‍ഡ് അരി പൊതുവിപണിയേക്കാള്‍ 10% കുറഞ്ഞ വിലയ്ക്ക് ലഭിക്കും. ഓയില്‍ പാം ഇന്ത്യയുടെ വെച്ചൂര്‍ മോഡേണ്‍ റൈസ് മില്ലില്‍ ഉല്‍പാദിപ്പിക്കുന്ന മികച്ച ഗുണനിലവാരമുള്ള മുഴുവന്‍ ചമ്പാവ് അരിയും സര്‍ക്കാര്‍ ഏറ്റെടുത്ത് വിതരണം നടത്തുകയാണ്. ഈ അരി 33 രൂപക്ക് ലഭ്യമാകും. ആന്ധ്രയില്‍നിന്ന് 42 രൂപ വിലയുള്ള ലളിത ബ്രാന്‍ഡ് ജയ അരിയും ജനങ്ങള്‍ക്ക് ലഭ്യമാക്കിയിട്ടുണ്ട്. നേരത്തെ ഇതിന് 45 മുതല്‍ 50 രൂപ വരെയായിരുന്നു. ബംഗാളില്‍നിന്ന് എത്തിച്ച സുവര്‍ണ മസൂരി അരി 25 രൂപയ്ക്ക് കടകളിലെത്തിക്കഴിഞ്ഞു. സുവര്‍ണ മസൂരി അരിക്ക് സ്വകാര്യ മൊത്തക്കച്ചവടക്കാര്‍ 26 രൂപയാണ് ഈടാക്കുന്നത്. ചില്ലറ വില്‍പന കേന്ദ്രങ്ങളില്‍ 28 മുതല്‍ 30 വരെയും. തമിഴ്‌നാട്ടില്‍നിന്നുള്ള സിഒ അരി സുലഭമായി എത്തിച്ചിട്ടുണ്ട്. ചില്ലറ വില്‍പന കേന്ദ്രങ്ങളില്‍ 28 രൂപക്ക് ഈ അരി ലഭ്യമാകും. ഉണ്ടമട്ട കിലോക്ക് 35 രൂപയ്ക്ക് ലഭിക്കുന്നുമുണ്ട്.
സര്‍ക്കാര്‍ അരി വിതരണത്തിന് എത്തിച്ചതോടെ അരിവിലയില്‍ കാര്യമായ മാറ്റം വന്നിട്ടുണ്ട്. കണ്‍സ്യൂമര്‍ ഫെഡും സപ്ലൈകോയും ക്രിയാത്മകമായി വിപണിയില്‍ ഇടപെടുന്നുണ്ട്. പലവ്യഞ്ജന വിലയുടെ സ്ഥിതി പരിശോധിച്ചാല്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തുമ്പോഴുള്ളതിനേക്കാള്‍ വില കുറഞ്ഞതായി കാണാം. 180 രൂപ മുതല്‍ 200 രൂപ വരെയായിരുന്ന തുവരപരിപ്പിന് 65 രൂപ മുതല്‍ 85 രൂപ വരെയായി കുറഞ്ഞിരിക്കുന്നു. 65 രൂപക്കാണ് സപ്ലൈകോ നല്‍കുന്നത്. 170 മുതല്‍ 185 രൂപ വരെ വിലയുണ്ടായിരുന്ന ഉഴുന്നിന് 80 മുതല്‍ 90 വരെയായിരിക്കുന്നു. 66 രൂപക്കാണ് സപ്ലൈകോ നല്‍കുന്നത്. 140 - 150 രൂപയുണ്ടായിരുന്ന വറ്റല്‍ മുളകിന് 75 രൂപയായി. സവാളയുടെ വില 15 മുതല്‍ 20 വരെയായിട്ടുണ്ട്. പൊതുവിപണിയില്‍ 70 രൂപ വരെ ഈടാക്കുന്ന കടല 43 രൂപക്കാണ് സപ്ലൈകോ ജനങ്ങള്‍ക്ക് നല്‍കുന്നത്. എല്‍ഡിഎഫ് അധികാരത്തില്‍ വന്നശേഷം സപ്ലൈകോയില്‍ വില വര്‍ദ്ധനവുണ്ടായിട്ടില്ല. ഉത്സവകാലത്ത് പ്രത്യേക ചന്തകള്‍ ഒരുക്കിയും വിലക്കയറ്റത്തെ പിടിച്ചുനിര്‍ത്തുന്നതില്‍ സര്‍ക്കാര്‍ വിജയിച്ചു. എല്‍ഡിഎഫ് സര്‍ക്കാരിന്റെ പ്രകടന പത്രികയിലെ പ്രധാന സവിശേഷതയായിരുന്ന വിലക്കയറ്റം ഇല്ലാതാക്കുമെന്നത്. ജനങ്ങളെ വഞ്ചിച്ച യുഡിഎഫ് സര്‍ക്കാരിനെപ്പോലെയല്ല, മറിച്ച് ജനഹിതമറിഞ്ഞുള്ള പ്രവര്‍ത്തനമാണ് കാഴ്ചവെച്ചത്.
തിരുവനന്തപുരത്ത് കരകുളം സര്‍വ്വീസ് ബാങ്കിന്റെ ആഭിമുഖ്യത്തില്‍ ഏണിക്കരയില്‍ വച്ചാണ് അരിക്കടയുടെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചത്. പ്രാഥമിക സംഘങ്ങളെ ഉള്‍പ്പെടുത്തി 100 കോടി രൂപയുടെ കണ്‍സോര്‍ഷ്യം രൂപീകരിച്ചാണ് ജനകീയ സര്‍ക്കാര്‍ വിലക്കയറ്റത്തെ പ്രതിരോധിക്കാനുള്ള ഇടപെടല്‍ നടത്തിയത്. ഉയര്‍ന്ന വിലക്ക് അരി വാങ്ങിയാണ് കുറഞ്ഞ വിലക്ക് ജനങ്ങള്‍ക്ക് ലഭ്യമാക്കിയത്. ജനക്ഷേമം മുന്‍നിര്‍ത്തിയുള്ള പ്രവര്‍ത്തനത്തിനാണ് എക്കാലവും ഇടതു സര്‍ക്കാരുകള്‍ മുന്‍ഗണന നല്‍കിയിട്ടുള്ളത്.
സംസ്ഥാനത്തെ റേഷന്‍ പ്രതിസന്ധിയും വരള്‍ച്ചയെയും മറ്റു പ്രശ്‌നങ്ങളെയും ധരിപ്പിക്കാന്‍ പ്രധനമന്ത്രിയെ കാണുന്നതിന് സംസ്ഥാന മുഖ്യമന്ത്രിക്ക് അനുമതി നിഷേധിച്ചത് ഫെഡറല്‍ സംവിധാനത്തോടുള്ള വെല്ലുവിളിയാണ്. പ്രധാനമന്ത്രിക്ക് തിരക്കാണെന്നും കൃഷിമന്ത്രിയെയോ ആഭ്യന്തര മന്ത്രിയെയോ കണ്ടോളൂ എന്ന മറുപടിയാണ് കേന്ദ്രത്തില്‍നിന്ന് ലഭിച്ചത്. ജനങ്ങളുടെ നീറുന്ന പ്രശ്‌നങ്ങളോട് പുറം തിരിഞ്ഞു നില്‍ക്കുന്ന കേന്ദ്ര സമീപനം ജനം തിരിച്ചറിയേണ്ടതുണ്ട്. റേഷന്‍ പ്രതിസന്ധി പരിഹരിക്കാനാവശ്യമായ എല്ലാ നടപടികളും ഏറെക്കുറെ പൂര്‍ത്തിയായി വരികയാണ്. റേഷന്‍ സാധനങ്ങളുടെ വാതില്‍പ്പടി വിതരണം ആരംഭിച്ചു കഴിഞ്ഞു. കാര്‍ഡുവിതരണം ഉടന്‍ പൂര്‍ത്തിയാക്കും. ക്രിയാത്മകമായി പ്രശ്‌നങ്ങള്‍ പരിഹരിച്ചു വരുന്ന സര്‍ക്കാര്‍ നടപടിക്കെതിരെ സമരം ചെയ്ത് മുറവിളി കൂട്ടുന്നവരുടെ രാഷ്ട്രീയ കാപട്യം ജനം തിരിച്ചറിയും.
വര്‍ഷങ്ങളായി തരിശായി കിടന്ന കോട്ടയത്തെ മെത്രാന്‍ കായലില്‍ പൊന്നുവിളയിച്ച ഇടതുസര്‍ക്കാരിന്റെ ഇച്ഛാശക്തി പ്രതീക്ഷ നല്‍കുന്നതാണ്. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാര്‍ നികത്താന്‍ തീരുമാനിച്ചിടത്താണ് കൃഷിയിറക്കി നൂറുമേനി കൊയ്തത്. കാര്‍ഷിക മേഖലക്ക് അര്‍ഹമായ പരിഗണന നല്‍കുന്ന സര്‍ക്കാര്‍ സമീപനം കേരളത്തിന്റെ ഭാവിക്ക് മുതല്‍കൂട്ടാണ്. ജനകീയ സര്‍ക്കാരിന്റെ ഇടപെടലുകള്‍ തുടരുക തന്നെ ചെയ്യും.