മാര്‍ച്ച് 28ന് സാമൂതിരി ഗുരുവായൂരപ്പന്‍ കോളേജില്‍ പുറത്തിറക്കിയ 2014 – 2015 വര്‍ഷത്തെ കോളേജ് മാഗസീന്‍ ഇതിനോടകം തന്നെ ചര്‍ച്ചയായിരിക്കുന്നു. തിരൂരിലെ എ.കെ.ജി വായനാശാല കത്തിച്ച , സ്വയം ഭാരതീയ സംസ്കാര വക്താക്കള്‍ എന്നു പറയുന്ന ഒരു ജനവിഭാഗത്തിന്റെ പുതുതലമുറക്കാര്‍ (അഖില ഭാരതീയ വിദ്യാര്‍ത്ഥി പരിഷത്ത്), ഈ കഴിഞ്ഞ ദിവസങ്ങളില്‍ സാമൂതിരി ഗുരുവായൂരപ്പന്‍ കോളേജിന്റെ മാഗസീന്‍ കത്തിക്കുകയായിരുന്നു. ആശയങ്ങളെ ആശയം കൊണ്ട് നേരിടാത്ത ഇത്തരം പ്രവര്‍ത്തിയെ വേണമെങ്കില്‍ അതര്‍ഹിക്കുന്ന അവജ്ഞയോടെ തള്ളികളയാം. എന്നാല്‍ അതിനപ്പുറം ഈ പ്രവര്‍ത്തികള്‍ക്കു പിറകിലുള്ള മതാധിഷ്ഠിത സവര്‍ണ്ണ രാഷ്ട്രീയം ചര്‍ച്ച ചെയ്യപെടേണ്ടതുണ്ട്. എന്തുകൊണ്ട് അവര്‍ണ്ണന്റെ/ദളിതന്റെ സംസ്കാരത്തെ ഭാരതീയ സംസ്കാരമായി കാണാനാകുന്നില്ല ? വൈവിധ പൂര്‍ണമായ നിരവധി ഭാരതീയ ജനവിഭാഗങ്ങളുടെ സംസ്കാരങ്ങള്‍ ചേര്‍ന്നതു തന്നെയല്ലേ ഭാരതീയ സംസ്ക്കാരം? അതോ,സവര്‍ണ്ണന്റെ സംസ്ക്കാരം മാത്രമാണോ ഭാരതീയ സംസ്ക്കാരം? ആരുടെ ഭാഷയാണ് നമുക്ക് പഥ്യം ? ഇത്തരം നിരവധി ചോദ്യങ്ങള്‍ക്കുള്ള ഉത്തരമാണ് ഈ കോളേജ് മാഗസീന്‍.
വിലക്കപ്പെട്ട കനിയാണ് പറുദീസ സൃഷ്ടിക്കുന്ന ബന്ധനങ്ങളെക്കുറിച്ചുള്ള ബോധം ഹവ്വയ്ക്കും ആദാമിനും പകര്‍ന്നു നല്‍കിയത്.വാര്‍പ്പു മാതൃകയില്‍ ഇറങ്ങുന്ന മാഗസീനുകളുടെടെ പരിമതികളെ അത്തരം മാഗസീനുകളുടെ വായന ഞങ്ങള്‍ക്ക് ബോധ്യപ്പെടുത്തി തന്നു. ഈയൊരു പ്രശ്നത്തെ എങ്ങനെ മറികടക്കാം എന്നൊരു ചോദ്യം ഞങ്ങളിലുണ്ടാവുകയും ആ ചോദ്യം വളര്‍ന്നുവളര്‍ന്ന് രൂപാന്തരം പ്രാപിച്ചതാകട്ടെ അരികു വത്ക്കരിക്കപ്പെട്ടവരിലേക്കും, അവരുടെ സംസ്കാരത്തിലേക്കും, അവരുടെ ചരിത്രത്തെ തച്ചുതകര്‍ത്ത് അവരെ അപഹാസ്യരാക്കുന്ന സവര്‍ണ്ണ ബോധമുള്ള ഭാഷയിലേക്കും. അങ്ങനെ ഞങ്ങള്‍ തെറികളെക്കുറിച്ച് ചിന്തിക്കുകയും, അതെങ്ങനെ ഒരു സമൂഹത്തെ അപഹാസ്യരാക്കി നിന്ദിക്കുന്നു എന്നു പഠിക്കുകയും ചെയ്തപ്പോള്‍ “വിശ്വവിഖ്യത തെറി ” എന്ന മാഗസീനായി.
എന്തുകൊണ്ട് ഇത്തരമൊരു മാഗസീന്‍ എന്ന ചോദ്യം പലരിലുമുണ്ടാകാം.അതിനുത്തരം വളരെ ലഘുവാണ്. നമ്മളുപയോഗിക്കുന്ന വാക്കുകള്‍ ഒരു ജനതയുടെ ചരിത്രത്തെ എങ്ങനെ നിഷേധാത്മകവും പരിഹാസ്യവുമായി രേഖപ്പെടുത്തുന്നു എന്നാലോചിച്ചാല്‍ ആ ചോദ്യത്തിനുള്ള ഉത്തരമായി. ” അട്ടപ്പാടി ലുക്ക് “, “അട്ടപ്പാടി സാധനം” എന്നിങ്ങനെ മറ്റുള്ളവരെ കളിയാക്കാനുപയോഗിക്കുന്ന, നിരുപദ്രവകാരികളെന്നു കരുതുന്ന വാക്കുകള്‍ക്ക് വലിയൊരു ചരിത്രനിരാസത്തിന്റെ ധ്വനിയുണ്ട്. ഇത്തരം കാര്യങ്ങളെ വിദ്യാര്‍ത്ഥികളിലെത്തിക്കാനുള്ള ശ്രമത്തോടൊപ്പം ദളിതരുടെയും, സ്വവര്‍ഗാനുരാഗികളുടെയും, ട്രാന്‍സ്ജെന്‍ടെര്‍സിന്റെയും, സ്ത്രീകളുടെയും ജീവിതങ്ങളെ ഞങ്ങള്‍ വരച്ചുകാട്ടി; അത്രമാത്രം.
അരികവത്ക്കരിച്ചവരുടെ ജീവിതമായ ഈ മാഗസിന്റെ ഉദ്ഘാടനം ക്യാന്‍റ്റീന്‍ ജീവനക്കാരിയായ രാധേച്ചി നടത്തണമെന്ന തീരുമാനത്തിലെത്തിയതും, അവരെ കൊണ്ടു തന്നെ ഉദ്ഘാടന നിര്‍വ്വഹിപ്പിച്ചതുമെല്ലാം ഞങ്ങളീ വിഷയത്തെ എങ്ങനെ കാണുന്നു എന്നതിന്റെ തെളിവാണ്. ആരെയും വേദനിപ്പിക്കാനോ, പ്രകോപിപ്പിക്കാനോ അല്ല, ഞങ്ങളീ മാഗസീന്‍ തയ്യാറാക്കിയത്, മറിച്ച് ചില ജീവിതങ്ങളെ ഓര്‍മപെടുത്താന്‍ വേണ്ടി മാത്രമായിരുന്നു.
ഒന്നുമില്ലാത്തവരും സമൂഹത്തിന്റെ ഭാഗമാണെന്ന തിരിച്ചറിവിനും ഓര്‍മ്മപ്പെടുത്തലിനും ഈ മാസിക പര്യാപ്തമായെന്നതില്‍ അതിയായ ചാരിതാര്‍ത്ഥ്യമുണ്ട്. ഭാവാത്മകയ്ക്കും താളാത്മകതയ്ക്കും എല്ലാം ഊന്നല്‍ നല്‍കുന്നതിനോടൊപ്പം യാത്ഥാര്‍ത്ഥ്യങ്ങള്‍ മുഖപടമില്ലാതെ അനാവരണം ചെയ്യപ്പെടാന്‍ സമാനമായ രാഷ്ട്രീയ ഇടപെടലുകള്‍ അസഹിഷ്ണുത ആഘോഷമാകുന്ന സമകാലീനത ഉറപ്പായും ആവശ്യപ്പെടുന്നു. രോഹിത്ത് വെമുലയും കനയ്യ കുമാറുമെല്ലാം ഉയര്‍ത്തിപ്പിടിക്കുന്ന പോരാാട്ടത്തിന്റെതായ മാനിഫെസ്റ്റോ ഇന്ത്യന്‍ ക്യാംബസ്സുകളുടെ പൊതുശബ്ദമാണ്. കേരളത്തിലെ കലാലയങ്ങളും ഒത്തുതീര്‍പ്പുകളില്ലാത്ത പ്രതിരോധത്തിന്റെ ബാരിക്കേഡുകള്‍ തീര്‍ക്കുകതന്നെ ചെയ്യും. ‘വിശ്വവിഖ്യാതതെറികള്‍’ കേള്‍ക്കാന്‍ ചാതുര്‍വര്‍ണ്യര്‍ / മതമൗലികര്‍ തയ്യാറായ്ക്കൊള്‍ക.. വര്‍ത്തമാനം ചോക്ലേറ്റിന്റെയും, വലന്റയിന്‍സ് ദിനത്തിന്റേയും വര്‍ണ്ണബലൂണുകളുടേയും മാത്രമല്ല.