ചോരുന്ന കൂരയില്‍ പഴം പാള ചൂടി കുളിര്‍ന്നു വിറച്ച് അമ്മയുടെ പാതാളത്തോളം ഒട്ടിയ വയറോടു തേന്മാവിലെ അണ്ണാന് കുഞ്ഞിനെ പോലെ ഒട്ടിപിടിച്ചു കിടന്ന് ഞാന്‍ ചോദിച്ചു ;
“അമ്മയിന്ന് എന്തെങ്കിലും കഴിച്ചോ? “
വിശപ്പിന്റെ നിലവിളിയോളമെത്തിയ മൗനത്തിന്റെ വിങ്ങുന്ന പരുപൊട്ടിയത് ഒരു മറു ചോദ്യമായിട്ടാണ്; “ അമ്മേടെ മോനോ ? “
അപ്പോള്‍ അമ്മയുടെ തണുത്തു വിറങ്ങലിച്ച കൈ ഒരു മന്ത്രവാദിനിയുടെ കൌശലത്തോടെ എന്റെ വിശപ്പിനെ ഉഴിഞ്ഞെടുക്കാന്‍ ശ്രമിക്കുകയായിരുന്നു.
കാലന്റെ കൊട്ടാരവാതിലില് മരണരഹസ്യമാറിയാന് സത്യാഗ്രഹമിരുന്ന നചികേതസ്സിനെപ്പോലെ കൌമാരക്കാരനായ ഞാനും ജനനമരണങ്ങളെ കുറിച്ച് ചിന്തിച്ചു തുടങ്ങിയിരുന്ന കാലം. അപ്പൂപ്പന്റെ മരണമാണ് കൊച്ചുമകനായ നചികേതസ്സിന്റെ വികാരങ്ങളുടെ പട്ടടക്ക് തീ കൊളുത്തിയത്.
എന്റെ കുഞ്ഞു പെങ്ങള് അമ്മിണിയുടെ മരണമാണ് അകാലത്ത് മരണ രഹസ്യം തേടാന്‍ എനിക്ക് കാരണമായത്.
തലയിട്ടു അങ്ങോട്ടുമിങ്ങോട്ടും ഉരുട്ടി, കണ്ണുകള്‍ തിരിച്ചറിയാന്‍ കഴിയാത്ത നൊമ്പര ഭീതിയോടെ മിഴിച്ച് മുഖം വികൃതമായി കോടി കുഞ്ഞുപെങ്ങള്‍ അമ്മിണി മരിക്കുന്നതിനു ഞാന്‍ സാക്ഷിയായിരുന്നു. അമ്മ മാറത്തടിച്ചു നിലവിളിച്ചു. അച്ഛനപ്പോഴും ദൂരത്തെവിടെയോ മാട്ടു ചന്തയിലായിരുന്നു.
കുഞ്ഞുപെങ്ങള്‍ അമ്മിണിയെ കുഴിച്ചിട്ടത് വീടിന്റെ തെക്ക് വശത്ത് നിന്ന കിളിച്ചുണ്ടന്‍ മാവിന്റെ ചുവട്ടിലാണ്. അവളുടെ വരവും കാത്തെന്നപോലെ കിളിച്ചുണ്ടന്‍ മാവ് അക്കൊല്ലം ആദ്യമായി പൂത്തുനിന്നു. ഉണ്ണി മാങ്ങകള്‍ കണ്ണുമിഴിച്ച് പുറം ലോകം അത്ഭുതത്തോടെ നോക്കുന്നതെയുണ്ടായിരുന്നുള്ളൂ.
അമ്മ മരിക്കും മുന്‍പ് എനിക്ക് മരിക്കണം. അമ്മയുടെ ജഡത്തിനു മുന്നില്‍ കര്‍മം ചെയ്യാന്‍ നില്ക്കുന്ന ഒരവസ്ഥ എനിക്ക് ചിന്തിക്കാന്‍ പോലും കഴിയില്ല. കുട്ടിയായിരുന്നപ്പോള്‍ അങ്ങനൊക്കെയാണ് വിചാരിച്ചത്. ഇപ്പോള്‍ ഞാന്‍ തിരിച്ചു ചിന്തിക്കുന്നു. ഈ അമ്മയൊന്നു മരിച്ചിരുന്നെങ്കില്‍
മൂപ്പെത്തും മുന്‍പ് മാങ്ങ പറിച്ച് കച്ചിയിട്ടു പൊതിഞ്ഞു അച്ഛന് പഴുപ്പിചെടുക്കുമായിരുന്നു. പൊട്ടിയതും അളിഞ്ഞതും ഈച്ചക്കും മക്കള്‍ക്കും തന്നിട്ട് നല്ലതുമായി അച്ഛന് ചന്തക്കു പോകുമായിരുന്നു. അന്ന് പ്രാതലിന് ചീനിയും മീനുമുണ്ടാകും.
അമ്മിണിയെ തുണി തൊട്ടിലില്‍ ഇട്ടു ആട്ടിയുറക്കുന്നത് എന്റെ ജോലിയായിരുന്നു. തൊഴുത്തിന്റെ വടക്കേ ഇറയത്തു കെട്ടിയ തൊട്ടില് വാവോ പാടി ഉന്തിക്കൊണ്ടിരിക്കുമ്പോള് ഞാന്‍ അറിയാതെ ഉറങ്ങിപ്പോകും. അപ്പോള്‍ തൊട്ടിലിന്റെ ലക്ഷ്യം തെറ്റി അമ്മിണിയുടെ തല അരികില്‍ നില്ക്കുന്ന മുളം തൂണില്‍ ഇടിക്കും, അവളപ്പോള്‍ അലമുറയിട്ടു കരയും.
“കൊല്ലും..... അവളെയും നീ കൊല്ലും” അമ്മയപ്പോള്‍ അടുക്കളയിലുരുന്നു പ്രാകി അലയ്ക്കും. സങ്കടം സഹിക്കാതെ ഞാനും കരയും.
അമ്മ കാര്‍ പോര്‍ച്ചിന്റെ വടക്കു കിഴക്കേ മൂലയില്‍ കൈയ്യില്‍ തല താങ്ങി ഇരിപ്പുണ്ടായിരുന്നു. എന്റെ നടപ്പിന്റെ താളം അമ്മയ്ക്കറിയാം. അത് കേട്ടിട്ടും അമ്മ തലയുയര്‍ത്തി നോക്കിയില്ല. വല്യമ്മുമ്മയെ നോക്കി വേദനിച്ചു പിണങ്ങി മിഥുന് വരാന്തയിലുണ്ടായിരുന്നു. വല്യമ്മുമ്മയുടെ കഥ കേള്‍ക്കാന്‍ അടുത്തു ചെന്നിരുന്നതിനു ഇന്നുമവന് തല്ലു കിട്ടിയെന്നു തോന്നുന്നു.
“അച്ചനൊന്നും തോന്നരുത്, അമ്മുമ്മക്ക് ഈയൊരു മോനേയുളോ? കൊട്ടാരം കെട്ടി വാഴുന്ന ഒരു മോളില്ലേ? വേറെ മൂന്നു ആണ് മക്കളില്ലേ? “ വലിയ ഉദ്യോഗസ്ഥനായ മകന്റെ ചോദ്യം.
ഞാന്‍ മകനോടു അല്പം ദയക്കു വേണ്ടി യാചിച്ചു.
അമ്മയുടേത് സുഖമരണമായിരുന്നു. പുലരിക്കുളിര് കോരിക്കുടിച്ച്, വെടിപ്പായി കുളിച്ചൊരുങ്ങി, നെറ്റിയില്‍ ഭസ്മകുറി വരച്ച്, വെള്ളമുണ്ടും ജമ്പറുമിട്ട് നാമം ചൊല്ലിക്കൊണ്ടെന്നപോലെ ചുണ്ടുകള്‍ അല്പ്പമായി വിടര്‍ത്തി ഒരു സീരിയലിലെന്നപോലെ ഒറ്റ കിടപ്പ്. എന്തൊരു ഭാഗ്യം. അമ്മ അടുത്തുകൂടി പോകുമ്പോള്‍ ഇനിയാരും അസഹ്യതയോടെ മൂക്ക്പൊത്തില്ലല്ലോ. നടന്നു പോകുന്ന വഴിയിലെങ്ങാനും നനവുണ്ടോയെന്നറിയാന് മരുമകള്‍ വെള്ളെഴുത്ത് കണ്ണടവച്ചു സൂക്ഷിച്ചു നോക്കില്ലല്ലോ.
അമ്മ അകത്തു മരിച്ചു കിടക്കുന്നു. സങ്കടങ്ങളുടെ ചൂടു ജലം തുളുമ്പി ഒഴുകിയ കണ്ണുകള്‍ ഞാന്‍ തിരുമ്മിയടച്ചു. അമ്മ വേദനിച്ചുവോ? മക്കളെയും കൊച്ചുമക്കളെയുമൊക്കെ കാണണമെന്ന മോഹമുണ്ടായിരുന്നോ? അവസാനമായി എന്തെങ്കിലുമൊരു മോഹം ....? പലര്‍ക്കും അങ്ങനൊന്നുണ്ടാവുമല്ലേ.
കരിങ്കോഴിയുടെ ഇടിച്ചു കൂട്ട് വേണം. കൃഷ്ണന് വൈദ്യന്റെ മേല്‍നോട്ടത്തിലാവണം. വല്യമ്മയുടെ അന്ത്യാഭിലാഷം അതായിരുന്നത്രേ. കൃഷ്ണന് വൈദ്യരും കരിങ്കോഴിയുമെത്തും മുമ്പ് അമ്മുമ്മ മരിച്ചത്രേ. ഊര്‍ദ്ധ്വശ്വാസം വലിക്കുന്നതിനിടയില്‍ അമ്മുമ്മ ഇടക്കിടെ കോഴി കൂവി അന്ത്യം കാണാന്‍ നിന്നവരെ അത്ഭുതപ്പെടുത്തികൊണ്ടിരുന്നത്രേ.
അമ്മ മരിച്ചല്ലോ. എനിക്ക് ആശ്വാസമായി. മൂത്രത്തില്‍ കുതിര്‍ന്ന പഴന്തുണികെട്ടായ അമ്മയെയും കൊണ്ട് നാളെ എങ്ങോട്ട് പോകുമെന്നുള്ള തീ പിടിച്ച വേവലാതിക്കുമെലാണ് മരണം കുളിര്‍മഴയായി പെയ്തത്. ഇനിയുമൊരു ശവമടക്കലിന്റെ പതിവ് ചടങ്ങുകളെ വൃത്തിയാക്കുന്ന പ്രശ്നം മാത്രമല്ലേയുള്ളൂ. കരക്കാര്, ബന്ധുക്കള്‍, സുഹൃത്തുക്കള്‍, സംബന്ധ മുറക്കാര് എല്ലാവരും കൂടി ഒത്തു ചേരുമ്പോള്‍ അതും ഭംഗിയാക്കാവുന്നതേയുള്ളു.
മരണ സമയത്ത് അമ്മ എന്തൊക്കെയാവും ഓര്ത്തിട്ടുണ്ടാവുക? കടം കേറി പുറപ്പെട്ടു പോയ അച്ഛന് വര്‍ഷങ്ങള്‍ക്കു ശേഷം അറവുകാരോട് മേടിച്ച ഒരു ഉണങ്ങിച്ചോള്ളിയ പശുവുമായി കയറി വന്നത് ഇടക്കിടെ പറയുന്നതാണല്ലോ. ആ പശുവിനെ തീറ്റി നന്നാക്കി ഇണ ചേര്‍ത്ത് പ്രസവിപ്പിചെടുത്ത അമ്മ. രാവിലെ പാലുമായി കടയില്‍ പോകുന്ന ജോലി എന്റേതു.
എന്നെകിലുമോരിക്കല് തൊഴുത്തും പുരയും ഒന്നായ ഇതില്‍ അച്ഛന് തൂങ്ങി നില്‍ക്കുമെന്ന് പ്രചരിച്ച കഥ.
കൊറ്റനാടിന്റെ കോലവും ശബ്ദവുമുള്ള കല്ലുകടുക്കനിട്ട ചെല്ലപ്പന് പിള്ള കടം പിരിക്കാന്‍ വന്ന രംഗം. അച്ഛന് മടിയില്‍ തിരുകിയിരുന്ന മടക്കു പിച്ചാത്തി കടിച്ചു നിവര്‍ത്തി. അത് ചെല്ലപ്പന് പിള്ളയുടെ നേര്‍ക്ക് നീട്ടി പറഞ്ഞു:
“പിടിയെടോ , ഇത് പിടി” ചെല്ലപ്പന് പിള്ള വല്ലാതെ വിറക്കാന്‍ തുടങ്ങി. “വാങ്ങീട്ടെന്നെ കുത്തടോ.....ഒരൊറ്റ കുത്തിനു കൊല്ലടോ? “
ചെല്ലപ്പന് ജീവനും കൊണ്ട് വീട്ടില്‍ നിന്നിറങ്ങിയോടിയത്. അങ്ങനെ എത്രയെത്ര കഥകള്‍.
ഒരു കള്ളച്ചിരിയോടെ പുലരി നില്ക്കുന്നു. കാക്കകള്‍ കൂവിയാര്‍ത്തു. അമ്മ വരാന്തയിലിരുന്ന് ഹരി നാമ കീര്‍ത്തനം ചൊല്ലുന്നു.
“ഒന്നായ നിന്നെയിഹ രണ്ടെന്നു കണ്ടളവിലുണ്ടായൊരിണ്ടല്......ബത ....മിണ്ടാവതല്ല.....”
ഞാന്‍ അത്ഭുതപ്പെട്ടു. മരിച്ച അമ്മയെ ഞാനാണല്ലോ പുതപ്പിച്ചു കിടത്തിയത്. ഇതപ്പോള്‍ ....വെറും സ്വപ്നമായിരുന്നു.
ഇനി ജീവിതമെങ്ങനെ? ഇന്നെന്തെങ്കിലും പരിഹാരമുണ്ടാവണമെന്നു മകന്റെ താക്കീത്.
മിഥുന് വല്യമ്മുമ്മയുടെ അടുക്കലേക്ക് ഓടി ചെല്ലുന്നു. ശ്യാമാമോള് അമ്മുമ്മയുടെ മുടിയില്‍ കെട്ടാന്‍ മാലായൊരുക്കുന്നു.
“ടാ..... പോണ്ടാ.....” മകന്റെ ഒച്ച.
“ ഈ ചെക്കനുമാത്രം നാറുന്നതുമറീ ല്ലേ ? “
സവിത, മരുമകള്‍.
നിന്നെ ഞാന്‍ ....മിഥുനെ അവന്റ്ച്ചന് രണ്ടു കൈയ്യും കൂട്ടി പിടിച്ചു നിര്‍ത്തിയിരിക്കുകയാണ്.
“അപ്പൂപ്പാ .....”
രക്ഷക്ക് വേണ്ടി അവന് വിളിച്ചു.
“ഒരപ്പുപ്പന്‍ ....എല്ലാറ്റിനും കൂട്ടല്ലിയോ? മറ്റുള്ളോര് ജീവിക്കണ്ടാത്രേ.”
നരച്ച ആകാശക്കുട ചൂടി , പെരുവഴികള് താണ്ടി, അമ്മയെ പാര്‍പ്പിക്കാന്‍ ഒരിടം തേടി ഞാന്‍ നടന്നു. പ്രൌടിയൊന്നും വേണ്ട. പഴയ തൊഴുത്തിന്റെ പകുതിയോ, ഓല ക്കൊട്ടിലോ പോലെ എന്തെങ്കിലും.....ഒന്നു ചുരുളാന്‍.
“മോനെ, എന്തെങ്കിലും......?
ഞാന്‍ നിരാശയോടെ അമ്മയെ നോക്കി.
ഇല്ല അമ്മ കരയുന്നില്ല.