Sumithra K V

മൃണാള്‍ വെറും ഗവേഷകയല്ല

മൃണാള്‍ ഒരു ഗവേഷകയാണ്.

പീറ്റര്‍വാനെന്ന തത്വചിന്തകന്റെയും

നളിനീദേേവിയെന്ന ചിത്രകാരിയുടേയും

സമ്മോഹനതാളമായി തീര്‍ന്ന പാരിസ്ത്ഥിതിക.

 

ഒരുറപ്പുണ്ട്:

പരിസ്ത്ഥിതിയിലെ തത്വചിന്തയും

ചിത്രകലയിലെ പച്ചപ്പും

മറക്കാറില്ല മൃണാള്‍

 

അങ്ങനെ,

രണ്ടു വര്‍ഷം കൊണ്ട് ഗവേഷണം പൂര്‍ണ്ണം.

ഇടിന്തകരയും കുളമെടുപ്പും

മാന്‍ഗോഗും വാസ്തുഹാരയും

അരിച്ചുപെറുക്കി മൃണാള്‍.

ഫുക്കുഷിമ പാളികള്‍ പകുത്തു പഠിച്ചു.

മുനയൊടിയാത്തൊരു വാളു പോലെ,

ചിലപ്പോള്‍ ചില

ചെര്‍ണോബ് തുരങ്കങ്ങള്‍ തുളച്ചുവിട്ടു.

 

കാലങ്ങള്‍ക്കു ശേഷം,

ആഴിമുത്തുകള്‍ പോലെ

തിളപ്പുള്ള കുറെയേടുകള്‍

അതിജീവനത്തിന്റെ ശാന്തിതീരം

ചോദിച്ചെത്തി.

 

പീറ്റര്‍വാനിന്റെ തത്വചിന്തയോ

നളിനീദേവിയുടെ ചിത്രമെഴുത്തോ

ഉത്തരമില്ലാതെ തലകുനിച്ചു.

പാരിസ്ഥിതിയിടത്തിലും

ദൈവകണമില്ല; പകരമെങ്ങും

ഘോരവരള്‍ച്ച.

 

അതിജീവനം എന്നൊന്നില്ല

ഏത് നാട്, നിന്റെ ദു:ഖം?

അവിടെയെന്ത് സംഭവിച്ചാല്‍ നിനക്കെന്ത്?

വിലയേറിയ കോര്‍പ്പറേറ്റ് ചിത്രകൂടമുള്ളപ്പോള്‍ ഇതെന്തിന്?

 

ആ പുസ്തകം മാറ്റിവെയ്ക്കൂ

തേങ്ങലും നിലവിളിയും

പതഞ്ഞൊഴുകുന്ന ആ മുറിയൊന്ന് അടച്ചിടൂ

വീഴ്ച മറന്നകലുന്ന ഓര്‍മ്മക്കെടുതികള്‍ക്ക്

ഇടം കൊടുക്കാതിരിക്കൂ

മരിച്ചവരുടെ ആള്‍ത്താരയാണത്..

 

കുറച്ച് ഡെറ്റോളോ യൂഡിക്ളോണൊ

കൂടിയുണ്ടെങ്കില്‍

ഈ നനവിന്റെ ഗ്രാമം ആവിയാക്കാം....