നീണ്ടു നീണ്ടു
അറ്റമില്ലാത്ത
ആകാശ ചെരിവോളമെത്തുന്ന
പാടവരമ്പിലെ
തിളയ്ക്കുന്ന വെയിലില്‍
ഒരമ്മയും കുഞ്ഞും.
ചൂടത്ത് കരിയാതെ, വാടാതെ അമ്മയെ കാക്കാന്‍
സാരിത്തലപ്പിട്ടു ഒളിച്ചു കളിക്കുന്ന കുഞ്ഞു..
ആര്‍ത്തലച്ചു
തിമിര്‍ത്തു പെയ്യുന്ന മഴയില്‍
കുഞ്ഞിക്കൈ വിരിച്ചൊരു കുട
അമ്മയ്ക്ക് മുകളില്‍ ...
ഒരു നേരം പിരിയാതെ
ഒന്നിച്ചിരിക്കാന്‍
അമ്മക്ക് കൂട്ടാകാന്‍
താഴെ കിടക്കില്ലെന്നൊരു
കള്ള ശാഠ്യം
ഒറ്റക്കല്ല,ഒറ്റക്കല്ലെന്നു
ആവര്‍ത്തിച്ചുറപ്പിക്കുന്ന
പാല്‍മണമുള്ള ഉമ്മകള്‍.
കുഞ്ഞു എന്നും
അമ്മയുടെ പ്രാണനിലൊരു കൈത്തിരി
ഇടറാതെ ,വഴുതാതെ
നേര്‍വഴി കാട്ടുന്ന വെളിച്ചം
ഒരു നാളും വറ്റാത്ത
സ്നേഹം
ഇരുളില്‍ മറഞ്ഞിരിക്കും
പാപ ഗര്‍ത്തങ്ങളില്‍
വീഴാതെ കാക്കുന്ന
ദൈവദൂതന്‍...