Sini Pradeep

ഓര്‍ത്തെടുക്കുമ്പോള്‍
ഞാനില്ലാത്തൊരു കാലത്തെ നിന്നെ
ഓര്‍ത്തെടുക്കുകയാണ്.

എന്നത്തേയും പോലെയന്നും
തിരക്കുകളിലലിഞ്ഞിറങ്ങുന്നുണ്ടാവും
പലരോടും സംസാരിക്കുന്നുണ്ടാവും
ചിരിക്കുന്നുണ്ടാവും
ഒരുപാട് ചിന്തകള്‍ക്കൊടുവില്‍
രാത്രിയില്‍
തളര്‍ന്നുറങ്ങുന്നുണ്ടാവും

നിന്റെ ലോകത്തില്‍ വെയിലും ചൂടും
മാത്രമാകുമ്പോള്‍
കാര്‍മേഘങ്ങള്‍ ഉരുണ്ടു കൂടിയുറഞ്ഞ്
നിന്നെ തഴുകി തണുപ്പിക്കുന്ന
ആദ്യത്തെ തുള്ളിയില്‍
നിനക്കെന്റെ വിരലുകളെ
ഓര്‍മ്മ വരുമോ.

പുതുമണ്ണിന്റെ നുരഞ്ഞുയരുന്ന
ഗന്ധത്തില്‍
എന്റെ വിയര്‍പ്പുമണം
അനുഭവിക്കാനാകുമോ.

അന്ന് നീയെന്നെ മറന്നിട്ടുണ്ടാവും
എന്നില്‍ നിനക്കായ്
നിറഞ്ഞു പെരുകിയ കഥകളെയും.