Sandeep Alinkeel

അഭയാര്‍ത്ഥികളും ചില മരങ്ങളുടെ പേരുകളും
ഞങ്ങളുട ഐലാന്‍ കുര്‍ദിമാരുടെ കബറുകളില്‍
നിന്ന് ഒട്ടുമാവും അത്തിയും അമ്പഴവും വളരുന്നു ..
പൂക്കുന്നു .. കായ്ക്കുന്നു ..
ഞാങ്ങളതൊക്കെയും പറിച്ചെടുത്ത്‌
വാറ്റിനൊപ്പം തൊട്ടുകൂട്ടുന്നു..

2 പൊതുവെ നക്ഷത്രങ്ങളുറങ്ങിപ്പോയ രാത്രികളിലാണ്
അപൂര്‍വമായ പേരുകളുമായി മരണം വരാറ്
വലിയ മീന്‍ കണ്ണുകളുള്ള ഭരണകൂടമപ്പോള്‍ തന്നെ
അടിയന്തിര ധനസഹായം പ്രഖ്യാപിച്ച്‌
ചെകിളകള്‍ വിടര്‍ത്തും

3 ഞങ്ങളുടെ ഐലാന്‍ കുര്‍ദിമാര്‍ക്കു പേരില്ല;
റേഷന്‍കാര്‍ഡോ പാഠപുസ്തകമോ ഇല്ല
അവര്‍ ജനിച്ചതിനും മരിച്ചതിനും ആധാരമില്ല
അവര്‍ വളര്‍ന്ന് ടോളറോ സ്ട്രോങ്ങറോ
ഷാര്‍പ്പറോ ആകാറില്ല

4 ദുഖിതരുടെ ഉടയതമ്പുരാനെ ..
നീ ഞങ്ങളുടെ കുഞ്ഞുങ്ങളേ
പൊള്ളത്തരങ്ങള്‍ കൊണ്ട് വ്യഭിച്ചരിക്കുന്നവര്‍ക്ക്
വിട്ടുകൊടുക്കരുതെ ...
പുണ്യാളന്മാരുടെ കാഴ്ച്ചയെത്താത്ത
കുഴിമാടങ്ങളില്‍ നിന്ന്
അവര്‍ പേരില്ലാത്ത മരങ്ങളെ പ്രസവിക്കട്ടെ