Dr Habeeb Mohamed

കൊറോണയും ചില വീണ്ടുവിചാരങ്ങളും  
 

The sun was risen upon the earth when Lot entered into Zoar.


Then the Lord rained upon Sodom and upon Gomorrah brimstone and fire from the Lord out of heaven;


And he overthrew those cities, and all the plain, and all the inhabitants of the cities, and that which grew upon the ground.


(Genesis 19: 23-25)അറിവിന്റെ പരിമിതികള്‍ക്കുള്ളില്‍ നിന്നു കൊണ്ട് ഒരു പ്രാചീന ജനതയ്ക്ക് മാരകമായ ഒരു വൈറസ് ബാധയെ ഇതിലും ഭംഗിയായി വര്‍ണ്ണിക്കാന്‍ കഴിയുമെന്നു തോന്നുന്നില്ല. ദൈവം തന്റെ ഉഛ്വാസം കൊണ്ട് നഗരങ്ങളും ഗ്രാമങ്ങളും വിജനമാക്കി മാറ്റുന്ന ഒന്നിലധികം കഥകള്‍ മിത്തുകളില്‍ കാണാന്‍ കഴിയും. രണ്ടായിരത്തി പത്തൊമ്പതാമാണ്ട് നവംബറില്‍ വുഹാനിലെ ചന്തയില്‍ ഈനാമ്പേച്ചിയില്‍ നിന്നും മനുഷ്യനിലേക്ക് സംക്രമിച്ച കൊറോണ വൈറസ് മാസങ്ങള്‍ക്കുള്ളില്‍ തന്നെ സമുദ്രങ്ങളും, ഭൂണ്ഡങ്ങളും താണ്ടി എല്ലാ രാജ്യങ്ങളിലേക്കും വ്യാപിച്ചു കഴിഞ്ഞു.  രണ്ടായിരത്തി ഇരുപതാമാണ്ട് ജനുവരി മാസത്തില്‍ തന്നെ കേരളത്തിലേക്ക് കൊറോണ വൈറസ് എത്തി. ഇന്ത്യയിലെ ആദ്യത്തെ കൊറോണ വൈറസ് ബാധയും ഇതു തന്നെയായിരുന്നു. വുഹാനില്‍ നിന്നെത്തിയ മെഡിക്കല്‍ വിദ്യാര്‍ഥിയിലൂടെ. നിപ്പാ വൈറസിനെ പ്രതിരോധിച്ചുള്ള പരിചയം വെച്ച് കേരളം വളരെ കാര്യക്ഷമമായി തന്നെ കൊറോണയുടെ ആദ്യത്തെ വരവിനെ നിയന്ത്രിച്ചു. അതു മാത്രമല്ല, ഈ വരവ് കേരളത്തില്‍ ഒരു തയ്യാറെടുപ്പിനും തുടക്കം കുറിച്ചു. സര്‍ക്കാര്‍ ആരോഗ്യസംവിധാനമാകെ ആലസ്യം വിട്ടെഴുന്നേറ്റു. സ്വകാര്യമേലയില്‍ പ്രവര്‍ത്തിക്കുന്ന വിദഗ്ദ്ധരും അവരുടെ അറിവും അനുഭവവും പങ്കു വെച്ചു. കേരള സമൂഹമാകെ ഒരു മഹാമാരിയെ പ്രതിരോധിക്കാന്‍ തയ്യാറെടുത്തു. ഈ തയ്യാറെടുപ്പായിരുന്നു ഒരു മാസത്തിനുള്ളിലുണ്ടായ കോറോണയുടെ രണ്ടാം വരവിനേയും കാര്യക്ഷമമായി പ്രതിരോധിക്കാന്‍ കേരള സമൂഹത്തെ സഹായിച്ചത്. ഇത്തവണ പക്ഷെ കൊറോണ വളഞ്ഞ വഴിയിലൂടെ യൂറോപ്പില്‍ നിന്നും ഗള്‍ഫില്‍ നിന്നുമാണ് കേരളത്തിലേക്കും, ഇന്ത്യയിലേക്കും എത്തിയത്. യൂറോപ്പിലും അമേരിക്കയിലും പടര്‍ന്നു കയറിയ കൊറോണ വൈറസ് ഇന്ത്യയിലും പടര്‍ന്നു പിടിക്കുക തന്നെയാണ്. കേരളത്തില്‍ മാത്രമാണ് കൊറോണയുടെ ഈ യാത്രയ്ക്ക് ഒരു പരിധി വരെ കടിഞ്ഞാണിടാന്‍ സാധിച്ചത്.


Novel-Coronavirus-780x515-1


ജനതാ കര്‍ഫ്യൂവിന്റെ അന്നും രാവിലെ തന്നെ എഴുന്നേറ്റു. ആശുപത്രിയിലേക്ക് കാറില്‍ പോകവേയാണ് തെരുവുകളിലെ വിജനത എന്നെ ഗ്രസിച്ചത്. കാമുകിയുടെ പ്രിയപ്പെട്ട വിദേശ പ്രേത സിനിമകളിലെ സോംബി ആക്രമണം കഴിഞ്ഞ ഒരു നഗരദൃശ്യം ഓര്‍മ്മപ്പെടുത്തുന്ന വിജനത. പോലീസുകാര്‍ പോലുമില്ലായിരുന്നു തെരുവുകളില്‍. ലോക്ക്ഡൗണ്‍ കാലത്തെ എല്ലാ ദിവസവും ജോലിക്ക് പോയ എനിക്ക് വഴിയിലെ വിജനതയൊഴിച്ച് മറ്റൊരു മാറ്റവും ജീവിതത്തില്‍ അനുഭവപ്പെട്ടില്ല. ആഴ്ചയിലൊരിക്കല്‍ മാര്‍ക്കെറ്റില്‍ പോയി സാധനങ്ങളും വാങ്ങി പോന്നിരുന്നു. അവിടെയാകട്ടെ എല്ലാം കിട്ടിയിരുന്നു താനും.


എന്നാല്‍, ലോകത്തിലെ ബഹുഭൂരിപക്ഷം ആള്‍ക്കാരുടേയും ജീവിതം ഈ വൈറസ് ബാധ വല്ലാതെ മാറ്റി മറിച്ചു. അതിഥി തൊഴിലാളികളുടെ ദുരിതമായിരുന്നു ഏറ്റവും ഹൃദയഭേദകം. കഴിഞ്ഞ നാല്‍പതു ദിവസമായി ലോകത്തെ ഒരു രാജ്യത്തേക്കും പോകാനാവാതെ ഹൃദയം തകര്‍ന്നു കഴിയുന്ന മോദിയുടെ സങ്കടങ്ങള്‍ മറ്റേയറ്റത്തും. അതിനിടയിലെവിടെയോ ജീവിതത്തില്‍ വലിയ മാറ്റമൊന്നുമില്ലാത്ത എന്നെപ്പോലുള്ളവരും. എന്നാലും സ്വന്തം ബുദ്ധിയില്‍ അഹങ്കരിച്ച് മറ്റൊരു ജീവജാലത്തേയോ ജീവനില്ലാത്തതിനേയോ പരിഗണിക്കാതെ ഭൂമിയില്‍ അഴിഞ്ഞാടിയ മനുഷ്യരെല്ലാം തന്നെ ഒരു വൈറസിനു മുന്നില്‍ കീഴടങ്ങി വീടുകളില്‍ ഒളിച്ചത്  ഒന്നു ചിന്തിക്കാന്‍ പ്രേരിപ്പിച്ചു. മഹാമാരികള്‍ പലപ്പോഴായി മനുഷ്യ ചരിത്രഗതി മാറ്റിമറിച്ചതും ഓര്‍മ്മയില്‍ വന്നു. ഈ മഹാമാരിയല്ല, മറിച്ച് ഈ മഹാമാരിയില്‍ നിന്നും മനുഷ്യന്‍ എന്ത് പഠിക്കുന്നു അല്ലെങ്കില്‍ എന്തു പഠിക്കുന്നില്ല എന്നതാണ് കൂടുതല്‍ പ്രധാനമെന്ന് തിരിച്ചറിഞ്ഞത് അങ്ങനെയൊരു നിമിഷത്തിലാണ്.


image


കൊറോണ  നല്‍കിയ തിരിച്ചറിവുകള്‍.


1. മനുഷ്യന്‍ ഇതു വരെ കൈവരിച്ച ശാസ്ത്രീയ  അറിവുകളുടേയും സാങ്കേതിക വിദ്യയിലെ മുന്നേറ്റങ്ങളുടേയും ബഹുഭൂരിഭാഗവും സൈനിക ശക്തി വര്‍ദ്ധിപ്പിക്കുന്നതു പോലുള്ള നശീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി ദുരുപയോഗപ്പെടുത്തുകയാണുണ്ടായത്. മനുഷ്യനെ കൊല്ലുന്നതിനും, അപായപ്പെടുത്തുന്നതിനും, ചങ്ങലക്കിടുന്നതിനുമാണ് പ്രാമുഖ്യം നല്‍കിയിട്ടുള്ളത്, അല്ലാതെ സംരക്ഷിക്കുന്നതിനും, സ്വതന്ത്രനാക്കുന്നതിനുമല്ല.


2. മനുഷ്യനെ വിഭജിച്ചു നിര്‍ത്തുന്ന രാജ്യം, മതം, വര്‍ഗ്ഗം, ഭാഷ, രാഷ്ട്രീയ മീമാംസകള്‍ തുടങ്ങിയ അതിര്‍ വരമ്പുകള്‍ ഇന്ന് അവയുടെ ഉപയുക്തത നശിച്ച് മാനവ പുരോഗതിക്ക് തടസ്സങ്ങളായി മാറിയിരിക്കുന്നു. ഇനി മുന്നോട്ടുള്ള യാത്രയില്‍ മനുഷ്യനു ഈ തടസ്സങ്ങളെ മറികടന്നു (തകര്‍ത്തു) മാത്രമേ മുന്നോട്ട് പോകാന്‍ സാധിക്കുകയുള്ളൂ. 'ഒരൊറ്റ ഭൂമി, ഒരേയൊരു മാനവരാശി'' (ONE EARTH, ONE HUMAN RACE) എന്ന ബോധതലത്തിലേക്ക് മനുഷ്യന്‍ ഉയരേണ്ട സമയമായി.


race_kleurrijk_verbind


3. മുതലാളിത്ത ഉല്‍പാദനക്രമം മനുഷ്യനേയും പ്രകൃതിയേയും ചൂഷണം ചെയ്യുന്നതും, മലിനീകരണമുണ്ടാക്കുന്നതും, നശിപ്പിക്കുന്നതുമാകുന്നു (exploitative, wasteful, destructive and non-replenish-able) ,  ആയതിനാല്‍ ചൂഷണരഹിതവും, ഉപഭോഗത്തിനായുള്ളതും, സമ്പൂര്‍ണ്ണവും, ആവശ്യാനുസരണമുള്ളതുമായ (non-exploitative, utilitarian, replenish-able) ഒരു ഉല്‍പാദനപ്രക്രിയയിലേക്ക് മനുഷ്യന്‍ മാറേണ്ടതുണ്ട്. ഉല്‍പാദനം ഉപഭോഗത്തിനും, അദ്ധ്വാനം ആത്മാവിഷ്‌കാരത്തിനും ആകുന്ന ഒരു ഉല്‍പാദനക്രമത്തിലേക്ക് നീങ്ങുന്നതാണ് മനുഷ്യന് നല്ലത്.


4. പുതിയ കാലത്തിന് സൈദ്ധാന്തികവും, പ്രായോഗികവുമായ നേതൃത്വം നല്‍കാന്‍ കഴിവുള്ള ഒരു ജനത, കേരള ജനതയാണ്. എന്നാല്‍ കേരള ജനത ആ നേതൃത്വം ഏറ്റെടുക്കുന്നതിനു പകരം തങ്ങളേക്കാള്‍ പിന്നിലുള്ള ലോകത്തിനായി കാത്തിരിക്കുന്നു.


5. സര്‍ക്കാരുകളുടെ ഉദ്ദേശ്യം തന്നെ ജനങ്ങളുടെ ആവശ്യങ്ങള്‍ക്കനുസൃതമായ സേവനം നല്‍കുക എന്നതാണ് (പോലീസും, കോടതികളുമുള്‍പ്പെടെ), അല്ലാതെ ജനങ്ങളെ നിയന്ത്രിക്കുകയും, അടിച്ചമര്‍ത്തുകയുമല്ല.


അരുവിയിലെ തെളിനീര്‍ പോലെ രക്തക്കുഴലുകളിലൂടെ പാഞ്ഞിരുന്ന രക്തമിപ്പോള്‍ പഞ്ചസാരയും കൊഴുപ്പുമലിഞ്ഞ് ലാവ പോലെ ഇഴഞ്ഞു നീങ്ങുന്നു. ചിന്തകളുടെ കൊടും ചൂടും ദിവസേന കഴിക്കുന്ന ആസ്പിരിനും കാരണം അതിന്നും ഇഴഞ്ഞെങ്കിലും ഒഴുകി കൊണ്ടിരിക്കുന്നു. കൊറോണക്കാലത്ത് ആശുപത്രിയില്‍ തിരക്കു കുറഞ്ഞതിനാല്‍ തിരക്കിട്ട് രാവിലെ തന്നെ എത്തേണ്ട ആവശ്യമില്ലാതായി. അങ്ങനെ രാവിലെ വീണുകിട്ടിയ സമയം വ്യായാമത്തിനായി ചിലവിട്ടു. കൊഴുത്തു ലാവ പോലെ ഇഴഞ്ഞു നീങ്ങിയിരുന്ന രക്തം കട്ടി കുറഞ്ഞ് വേഗത്തിലൊഴുകാന്‍ തുടങ്ങിയെന്നു മാത്രമല്ല, ചിന്തകള്‍ക്കും ഒരു വേഗവും മൂര്‍ച്ചയും കൈവന്ന പൊലുണ്ട്.


അങ്ങനെ കാലുകളെ സ്ഥിരം വഴികളിലൂടെ ഓടാന്‍ വിട്ട് ചിന്തകള്‍ പുതുവഴികള്‍ തേടിയപ്പോള്‍ കണ്ടെത്തിയ ചില തിരിച്ചറിവുകള്‍   ഇവയാണ്.


1. കൊറോണ വൈറസ് ഉത്ഭവിച്ചതിനു സമാനമായ ഒരു പരിണാമ പ്രക്രിയയിലൂടെ വളരെ അടുത്ത കാലത്ത് ഉല്‍ഭവിച്ച ഒരു സ്പീഷീസ് മാത്രമാണ് ഹോമോസേപിയന്‍സ് എന്നു നമ്മള്‍ സ്വയം പേരിട്ടു വിളിക്കുന്ന മനുഷ്യനെന്ന മൃഗവും എന്ന സത്യം മനുഷ്യന്‍ അംഗീകരിക്കേണ്ടതുണ്ട്. ഈ യാഥാര്‍ഥ്യത്തിനു നേരേ കണ്ണടയ്ക്കാനും നമ്മളെന്തോ പ്രത്യേക സംഭവമാണ് എന്ന് മേനി ചമയാനുമായിരുന്നു നമ്മള്‍ക്ക് എന്നും താല്‍പര്യം. എന്നാല്‍ ഈ തിരിച്ചറിവില്‍ നിന്നും അത് അംഗീകരിക്കുന്നതില്‍ നിന്നുമാണ് മാനവരാശിയുടെ ഇനിയുള്ള മുന്നോട്ട് പോക്കിന്റെ ദിശ നിര്‍ണ്ണയിക്കപ്പെടുക.


2. അങ്ങനെ പരിണമിച്ചുണ്ടായ മനുഷ്യന്റെ അതിജീവനത്തിന് സഹായിച്ചത് (evolutionary survival advantage) മനുഷ്യന്റെ സമാനുഭാവവും (empathy) വലുപ്പമേറിയ ഒരു തലച്ചോറുമാണ്.


3. ഭാഷ വികസിപ്പിച്ചെടുത്തതിലൂടെ ഓരോ തലമുറയും കൈവരിച്ച അറിവ് അടുത്ത തലമുറയിലേക്ക് കൈമാറ്റം ചെയ്യാന്‍ സാധിച്ചു എന്നത് അറിവിന്റെ ക്രമാനുഗതമായ വളര്‍ച്ചയ്ക്ക് കാരണമാവുകയും മനുഷ്യകുലം വളരെ പെട്ടെന്ന് ക്രമാതീതമായ വളച്ച. കൈവരിക്കുകയും ചെയ്തു. എന്നാല്‍ തലച്ചോറിനു അതിനനുസരിച്ചുള്ള വളര്‍ച്ചയുണ്ടായില്ല. അതു കൊണ്ട് സമാനുഭാവം (empathy) ഇപ്പോഴും ഒരു ട്രൈബല്‍ തലത്തിലാണ് തലച്ചോറില്‍ കോഡീകരിക്കപ്പെട്ടിട്ടുള്ളത് (hard wire ചെയ്യപ്പെട്ടിട്ടുള്ളത്). മനുഷ്യനെ മനുഷ്യനെതിരെ തിരിക്കാന്‍ കഴിയുന്നത് തലച്ചോറിന്റെ ഈ ഘടനാപരമായ പരിമിതി കാരണമാണ്.


download


4. അതു കൊണ്ട് ഈ പരിമിതിയെ മറികടന്നാല്‍ മാത്രമേ മനുഷ്യന് ഇനി ഒരു സാമൂഹിക പുരോഗതി സാധ്യമാവുകയുള്ളൂ. എന്നാല്‍ അതിനുള്ള ഭൗതിക സാഹചര്യവും അതേ തലച്ചോറു തന്നെ മനുഷ്യനു നല്‍കുന്നുമുണ്ട്. തലച്ചോറിന്റെ ന്യൂറോപ്ലാസ്റ്റിസിറ്റി എന്ന സവിശേഷത ഇതിനായി ഉപയോഗപ്പെടുത്താന്‍ സാധിക്കുമെന്ന് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുണ്ട്.


5. ഇനിയുള്ള സാമൂഹിക മുന്നേറ്റത്തിന് നമ്മള്‍ നമ്മുടെ സമാനുഭാവം (empathy) ന്യൂറോപ്ലാസ്റ്റിസിറ്റി ഉപയോഗിച്ച് വികസിപ്പിച്ച് തലച്ചോറിന്റെ ഘടനാപരമായ പരിമിതികളെമറികടക്കുകയാണ് വേണ്ടത്. കൊറോണക്കാലം എന്റെ ശാരീരിക ആരോഗ്യത്തിലേക്കും നമ്മുടെ സാമൂഹ്യ ആരോഗ്യത്തിലേക്കും ഒന്നു നോക്കുവാനും കുറച്ചു തിരിച്ചറിവുകളിലേക്കെത്തുവാനും സഹായിച്ചുവെന്നതിനാല്‍ എനിക്ക് കൊറോണക്കാലം ഒരു നല്ല കാലമായാണു തോന്നുന്നത്. സമയവും സന്ദര്‍ഭവുമുള്ള എല്ലാവര്‍ക്കും സ്വന്തം ശാരീരിക അവസ്ഥയിലേക്കും നമ്മുടെ സാമൂഹിക ആരോഗ്യത്തിലേക്കും ഒന്നു കണ്ണോടിക്കാന്‍ കഴിഞ്ഞാല്‍ കൊറോണക്കാലം നന്നായി ചിലവഴിച്ചു എന്ന് ആശ്വസിക്കാം.കൊറോണായില്‍ നിന്നും, കൊറോണക്കാലത്തില്‍ നിന്നും മാനവരാശി ശരിയായ പാഠങ്ങള്‍ പഠിക്കുമെന്നും, പരിമിതികള്‍ മറികടന്ന് ഒരു മെച്ചപ്പെട്ട സാമൂഹികാവസ്ഥയിലേക്ക് നീങ്ങുമെന്നും നമുക്ക് പ്രതീക്ഷിക്കാം.