Praseetha Mahesh

നിരതം
ഓരോ വീട്ടമ്മയേയും മരണ ശേഷം
അടുക്കളയില്‍ അടക്കണം,
ഒന്നു നടുനിവര്‍ത്തി സ്വസ്ഥമാകാന്‍ അവളേറ്റവും കൊതിച്ചിടത്ത്…
മറ്റെവിടെയാണ് അവളവസാന ശ്വാസവുമെടുത്തിരിക്കുക!
മറ്റെവിടെയാണ് അവളുടെ വികാരങ്ങളെ
അവളത്രമേല്‍ തുറന്ന് വിട്ടിരിക്കുക…

എതിര്‍ത്തൊന്നും പറയാതെ അവളുടെ രോഷങ്ങളേറ്റുവാങ്ങി
ചിറികോടിയ പാത്രങ്ങളോളം അവളെ ഉള്‍ക്കൊണ്ടവരാരുണ്ട്…

അവളുടെ കിനാക്കളടിപ്പിടിച്ച് കരിഞ്ഞ
തേച്ചിട്ടും വെളുക്കാത്ത ചീനച്ചട്ടി…

ഉള്ളൊന്നും തുളുമ്പിത്തൂവാതെ നുരഞ്ഞു പതഞ്ഞ കഞ്ഞിക്കലം…
അവളുടെ നീറ്റലുകളാല്‍ സ്വയം നീറിപ്പിടിച്ച മുളകുപ്പൊടിച്ചെപ്പ്…

അവളുടെ മുറിവുകളൊന്നും കരിക്കാനാകാഞ്ഞ്,
നാണിച്ച് മഞ്ഞളിച്ച മറ്റൊന്ന്…

തുള്ളിക്കൊരു കുടമെന്ന പോലെ കിനിഞ്ഞിറങ്ങിയിട്ടും
അടുക്കളച്ചൂടില്‍ വറ്റി ഉപ്പുപ്പരലുകളായ വിയര്‍പ്പ്…

വച്ചതു നുണഞ്ഞ് ‘നല്ല രുചിയെന്ന്’ കണ്ണിറുക്കവെ,
ചെറിയ സുഖിപ്പിക്കലുകളില്‍ വീണു പോകുന്ന അവളെ
കളിയാക്കി ചിരിക്കും കൊട്ടത്തളത്തിലെ ഉണങ്ങിപ്പിടിച്ച പാത്രങ്ങള്‍…

ഓരോ ദിവസവുമൊടുങ്ങുമ്പോള്‍ ‘നാളെ പണി മുടക്കുമെന്ന് ഉള്ളി പറഞ്ഞിട്ടും
ഒരു ചര്‍ച്ചയുമില്ലാതെ പണിമുടക്ക് പിന്‍വലിപ്പിക്കുന്ന തീരാത്ത പണികള്‍…

അടുക്കളത്തിണ്ണ തുടച്ച് കഴുകി,
കൈയ്ക്കലത്തുണി നിവര്‍ത്തിയിടവെ-
അവള്‍ക്കും തുണിയ്ക്കും ഒരേ മണം…

മറ്റെവിടെയാണ് അവളറിഞ്ഞത്, അവളെയറിഞ്ഞത്…
അവള്‍ക്കായുള്ള ആ ഒറ്റ മുറി തന്നെയാകട്ടെ
അവളുടെ ശവക്കല്ലറ.