Prajod Kadakkal

ഫേസ് ബുക്ക്

വാക്കിന്റെ വിരുതുകള്‍ തീര്‍ക്കുന്ന ചതുരക്കളം

പിന്നെ, വാക്ക് വാക്കായി മുറിയുന്ന ജീവിതത്താളം

നെഞ്ചകച്ചൂടിന്‍ കിതപ്പാര്‍ന്ന പകലുകള്‍

ഉന്നിദ്ര മോഹങ്ങളുടയുന്ന രാവുകള്‍.

 

ഈ അക്ഷരക്കൂടില്‍ തനിച്ചാണു നാം

തമ്മില്‍ കോര്‍ത്തും കൊരുത്തും കലഹം നടിച്ചും

വിരല്‍തൊട്ടു നോക്കാതെ കണ്ണീര്‍ തുടച്ചും

പാപശ്വാസം പൊഴിച്ചും കിതച്ചും

എരിയുന്നു വല്‍മീക ചിത്രങ്ങളായി.

 

ഓടിത്തിമിര്‍ത്ത വഴിത്താര പൂക്കുന്നു- ഇവിടെ-

ഒന്നില്‍ പഠിച്ച പുസ്തകത്താളും തുറക്കുന്നു

ബാല്യംകൊരുത്തിട്ട കൂട്ടരെക്കൂട്ടുന്നു

നറുനാഴി ഉരലിന്റെ രുചിക്കൂട് തിരയുന്നു

ഓര്‍ക്കുവാന്‍ വേണ്ടിയീ ഓര്‍മകള്‍ തേടുമ്പോഴും

ഈ അക്ഷരക്കൂടില്‍ തനിച്ചാണു നാം.

 

രഹസ്യം മൊഴിഞ്ഞും പ്രതിഷേധ മന്ത്രം ജപിച്ചും

പിറുപിറുത്തും തെറിവിളിച്ചും കപടം നിറച്ചും

കയര്‍ത്തും തിമിര്‍ത്തും ഐക്യം വിളിച്ചും

പ്രണയം നടിച്ചും നറുതേന്‍ ചൊരിച്ചും

ഈ അക്ഷരക്കൂടില്‍ തനിച്ചാണു നാം.

 

ചിരിക്കുന്നതും ചിത്രം തപിക്കുന്നതും ചിത്രം

ജ്വലിക്കുന്നതും ചിത്രം തിരയുന്നതും ചിത്രം

സര്‍വം വിചിത്രം, ഈ മുഖചിത്രഘോഷം

എങ്കിലും ഈ അക്ഷരക്കൂടില്‍ തനിച്ചാണു നാം.

 

ഈ അക്ഷരക്കൂടില്‍ തനിച്ചാണു നാം

ആറ്റുനോക്കുന്ന ഹരിതപ്രകാശമായ്

പാതിയിലെരിയുന്ന രുധിരനക്ഷത്രമായ്

പിന്നെ, ചാരമായ് ഒക്കെയും കെട്ടുപോകുമ്പോഴും

ഈ അക്ഷരക്കൂട്ടില്‍ തനിച്ചാണു നാം.