Padma Babu

റുബിക്‌സ് ക്യൂബ്
ആറു വശങ്ങള്‍..
ആറു മുഖങ്ങള്‍..
എന്നെ വിരല്‍ തീറ്റിക്കുന്നു..
ചുവപ്പു
ഏറുപുല്ലുകള്‍ കണക്കെ
എന്റെ ധൈര്യം, ശീലം, ശബ്ദം.
കൂരയ്ക്കു മേലെ ചായുന്നു..
കുടഞ്ഞരിയാന്‍ തുനിയവെ
പുല്‍മുന കൊണ്ടച്ഛന്‍ പിടയുന്നു.
ഈ ചോരപ്പുഴ എന്നു കേട്ടിട്ടില്ലേ..?
കാലുകള്‍ക്കു പുറകെയൊഴുകുന്നു.
ഹോ..!! എന്തൊരു ചുവപ്പ്‌ !!
ഗുണപാഠങ്ങളുടെ നേര്‍ക്ക്‌
അവനൊരിതിഹാസ നിഴലാവുന്നു..
ഒടുവില്‍ ജോണിനെ പോലെ
തല കുനിച്ചിരുന്നു കരയുന്നു..
മഞ്ഞ
അമ്മയുടെ സാരിത്തലപ്പ്‌
വറ്റിച്ചെടുത്ത
എന്റെ തലയിലെ മഴ..
എങ്കിലും,
മഴക്കെതിരെ ഓടാന്‍ പറയും..
മേഘപാളികളില്‍ നിന്നു
ഒരു മഞ്ഞ സാരി പറന്നു വീഴുമെന്നും
എന്റെ തലയ്ക്കു മീതെയുള്ള
എകാന്തതയുടെ നീരിറക്കങ്ങളെ തിരിച്ചിറക്കുമെന്നിരിക്കെ
മഞ്ഞക്കള്ളികള്‍ നേരെയാവുന്നു.
ഓറഞ്ച്‌
മെഴുതിരി വെളിച്ചത്തില്‍ നിന്നു
നടന്നു വന്നവര്‍ക്ക്‌
വീട്ടുജനലിലൂടെ ഓറഞ്ചു ചപ്പുന്ന സൂര്യന്റെ ഓറഞ്ച്‌..
നിഷേധ നിമിഷങ്ങളിലെപ്പൊഴോ
ഒണങ്ങിവരണ്ട കുരുക്കളായി
അവളെ മണ്ണിലിട്ട്‌ മൂടിയതാണ്‌..
വീണ്ടും പൊടിക്കുമെന്നു
ഭയന്നു മണ്ണു ചെരണ്ടി
ഓറഞ്ചുമണത്തില്‍ നിന്നു രക്ഷപ്പെടുന്നു.
പച്ച
പച്ചക്കുളത്തില്‍ കള്ളക്കുമിളയിടാന്‍
പഠിപ്പിക്കുമ്പോള്‍
പകരം കിട്ടിയ പച്ചക്കല്ല്‌.
നെറ്റിപ്പൊറത്തു ഒട്ടിച്ചു വയ്ക്കുമ്പോള്‍
നീ പച്ചക്കല്ലു പതിച്ച
സ്വര്‍ണ്ണയനിയത്തിയാവും.
അങ്ങേ നഗരത്തിലുണ്ട്‌,
സ്വപ്നം കാണാനാകുന്നുണ്ട്‌.
കള്ളക്കുമിളയിട്ട്‌ കരയാറുണ്ട്‌..
നീല
നിവര്‍ത്തിവച്ച തട്ടത്തിന്‍
ഓര്‍മ്മകളെ ഛ്ലും ഛ്ലും എന്നു ചവിട്ടിയുടയ്ക്കുന്ന
പാദങ്ങളുടെ വിദഗ്ദ്ധത..
ഇടയുമ്പോള്‍,
എന്റെ നേര്‍ക്കവളതേ തട്ടമെറിയുന്നു..
വിശുദ്ധരത്നച്ചിലമ്പിന്റെ
നീലനിറമണി മാത്രം സ്വയം മുഴങ്ങുന്നു..
വെള്ള
സോറിയാസിസിന്റെ പി്‍ല്‍സ്സ്‌
അടക്കാതെ പോയ നിന്റെ പൊരിച്ചിലുകള്‍
കോറിക്കോറി പൊളിച്ചിടുമ്പോള്‍
ചന്ദ്രമുഖത്ത്‌ ഒരു മുയലിന്റെ
സാന്നിധ്യം എന്ന പോലെ
നീ നിലാവു പോലെ വെളുത്തു..
തലവെട്ടിച്ചു
ഒരു ഹൃദയ വാരം അകലത്തിലാക്കി
നീ പുഴയിലേയ്ക്കു പലായനം ചെയ്ത്‌
ചത്തുവീര്‍ത്തപ്പോഴുള്ള
അതേ വിളര്‍ച്ചയുടെ വെളുപ്പ്‌..
***********************************************
3 സെക്കന്റില്‍
ആറു നിറങ്ങള്‍
ആറു മുഖങ്ങള്‍
ഒടുക്കം ഒത്തുവന്നപ്പോള്‍,
നിറമറ്റവനായി,
ഞാന്‍ ക്യൂബ്‌ കുഴച്ചുതിരിച്ചു വലിച്ചെറിയുന്നു..