Gopakumar Pb

പരേതന്‍ പറയാന്‍ ശ്രമിച്ചത്
പ്രഥമ പരിശോധനയില്‍
മറിഞ്ഞ പീഠവും,
കയറിന്റെ നീളവും ,
വസ്ത്രത്തിലെ നനവും ,
കഴുത്തിലെ കുരുങ്ങിയ പാടും
സ്ഥിതി വിവരങ്ങളായി !

കൈപ്പട വിദഗ്ദ്ധന്‍
പരേതന് ആത്മവിശ്വാസമില്ലായിരുന്നുവെന്ന് കണ്ടെത്തി!

കഴുത്തിലെ ധമനികള്‍
മുറുകിയാണ്
ജീവന്‍  പോയതെന്ന്
പോസ്റ്റുമാര്‍ട്ടം റിപ്പോര്‍ട്ട്!

കൈപ്പിടിയില്‍ നില്‍ക്കാത്ത ജീവിതം
കയറില്‍ കുരുക്കി തൂക്കിയിടും മുമ്പ്,
കോറിയിട്ട ആത്മഹത്യാ കുറിപ്പില്‍ ,
ഹൃദയമാപിനികളുടെ
സ്പന്ദന തരംഗം പോലുള്ള അക്ഷരങ്ങള്‍ ,
ജീവിച്ചിരുന്നപ്പോള്‍ മനസ്സു കാണാന്‍
മടിച്ചവരോട്
യാതൊന്നും പറഞ്ഞില്ല!