Dr Sunaina Shahida Ikbal

തട്ടം

വാപ്പ:

മോള്‍ക്ക്‌ കൂടുതല്‍ ചന്തം വയ്ക്കും

"ഞാനല്ലെങ്കിലും സുന്ദരിയാ "

കാച്ചെണ്ണ ഒന്നുക്കൂടി അമര്‍ത്തി തേച്ചു

ഉമ്മ:

മറ്റുള്ളോര്‍ എന്തു പറയും

" ഉമ്മ പെറ്റത് ആരെയാ ?"

വീണ്ടും വീണ്ടും ചീകിയൊതുക്കി

 

ഉസ്താദ്:

നരകത്തില്‍ പോവും

" സാരല്ല്യ... ഇങ്ങളും ണ്ടാവുമല്ലോ അവ്ടെ"

മുടി ഒന്നുകൂടി വിടര്‍ത്തിയിട്ട് പല്ലിളിച്ചു

 

അവന്‍ :

അതിട്ടാല്‍ നിന്നെ കെട്ടാം

"അന്റെ മറ്റൊളോട് പോയി പറ .... കള്ള സൂറ് "

നെറ്റിയിലേക്കും കുറച്ചു വെട്ടിയിട്ടു

(ആരും കാണാതെ പോകണ്ടാ )

 

മതത്തിന്റെ മൂടുതാങ്ങികള്‍ :

 

തിയറിറ്റിക്കലി മതം അനുശാസിക്കുന്നതാണ്

 

"പോയി സോഷ്യോ കള്ച്ചറല്‍ ഹിസ്റ്റൊറിക്കല്‍ പെര്‍സ്പെക്ടിവ്സ് വായിക്ക് മക്കളേ "

സകലതിന്റെയും വായടച്ച് അരക്കുരുക്കിയൊട്ടിച്ചു

 

യുദ്ധം ചെയ്ത് ചെയ്ത് പടക്കോപ്പുകള്‍ക്ക്

മൂര്‍ച്ചകൂട്ടാന്‍ ഇവിടെയുമെത്തി

എന്നിട്ടിപ്പോ ...ഇപ്പോ ..

ഉച്ചിയില്‍ തീകോരിയോഴിക്കുന്നോരെന്റെ ഉച്ചവെയിലെ

നിന്നോട് തോറ്റ്

തലയിലൂടെ വലിച്ചിട്ട് മുഖവും മൂടി തലകുനിച്ച്

ഞാനിങ്ങനെ..... ഇങ്ങനെ .....