ഉണരുമെന്ന് ഉറപ്പില്ലാതെ
ഉറങ്ങാന്‍ കിടക്കുന്ന രാത്രികളില്‍
ഇടിമുഴക്കങ്ങളില്‍ നടുങ്ങി പാതിയില്‍
മുറിഞ്ഞു പോകുന്നു സ്വപ്നങ്ങള്‍ .
പതിവായ്,
കുരുന്നു ചിത്രങ്ങള്‍ കാട്ടി-
യാരുടേതെന്ന ചോദ്യങ്ങള്‍ക്ക്
ഞാന്‍ ഞാനെന്നു കൊഞ്ചുന്ന
മകളുടെ നോട്ടങ്ങളെയിനി
പുലര്‍ച്ചെ മുറ്റത്തു ചിതറുന്ന
പത്രത്താളുകളില്‍ നിന്ന്
ഒളിപ്പിയ്ക്കേണ്ടി വരും.
ഇനിയങ്ങോട്ട്,
കളിപ്പാട്ടങ്ങള്‍ക്ക്
അതിരുകല്‍പ്പിയ്ക്കപ്പെടുന്ന
ചോരവീഴ്ത്തി ചുവപ്പിയ്ക്കുന്ന
ദേശ സ്നേഹങ്ങള്‍ക്ക്
മതങ്ങളുടെ
വികല മുഖങ്ങളാണെന്ന്
മകളെ പഠിപ്പിയ്ക്കണം.