Sajith Puthukkalavattom

അശാന്തന്‍ മാഷിനോടുള്ള അനാദരവ്  : സംഘപരിവാറിന്റെ കണ്ണ്   ലളിതകലാ അക്കാദമിയുടെ മണ്ണില്‍

ചിത്രകാരന്‍ അശാന്തന്‍ മാഷിന്റെ  ഭൗതിക ശരീരം പൊതുദര്‍ശനത്തിന് വെയ്ക്കുന്നതുമായി ബന്ധപ്പെട്ട  വിവാദം അനുദിനമെന്നോണം യഥാര്‍ത്ഥ്യങ്ങളില്‍  നിന്നും  അകന്ന് പോകുകയാണ്.  ഇതിനെ ഒരു ദളിത് വിഷയം മാത്രമായി കാണുന്നത് വിഷയത്തിന്റെ തീവ്രതയെ ചുരുക്കലാകും . ഡര്‍ബാര്‍ ഹാള്‍ ഗ്യാലറി പൊതു സംസ്ക്കാരിക ഇടമാണ് അവിടെ യെന്തു നടക്കണം എന്ത് നടക്കട്ടായെന്നു തീരുമാനിക്കുന്നത് ലളിതകലാ അക്കാദമിയാണ്.  അതില്‍ കൈയ്യ് കടുത്തുന്നതിനെയാണ് ചോദ്യം ചേയ്യേണ്ടത്. കലാകാരന്മാര്‍ കൂട്ടുകൂടുമ്പോള്‍ അശാന്തന്‍ തന്നെ പറയുന്നത് ഓര്‍ക്കുന്നു.  'നമ്മള്‍ ഒരേ ജാതീയാടാ കലാകാര ജാതി' .അതിലൂടെ അദ്ദേഹം ജാതീയമായ വ്യവസ്ഥയെ തന്റെ വ്യക്തിത്വം കൊണ്ട് മറികടക്കുന്നു. അക്കാദമിയുടെ മുറ്റത്ത് നടന്നത് ജാതിയുമായി ബന്ധപ്പെട്ട വിഷയമല്ല. മറിച്ച് മൃതദേഹം അവിടെ പൊതുദര്‍ശനത്തിന് വെയ്ക്കാന്‍ സമ്മതിയ്ക്കുകയില്ല എന്ന ധാര്‍ഷ്ട്യമാണ്.



അതിനടുത്തതായി  അമ്പലം ഉണ്ടെന്നും, അതു കൊണ്ട് ദൈവ ചൈതന്യം കുറയുമെന്നുമാണ് അമ്പല കമ്മറ്റിക്കാര്‍ നിരത്തുന്ന വാദം .ഇതില്‍ ദളിതനോ, സവര്‍ണ്ണനോയെന്ന വ്യത്യാസമില്ല. അദ്ദേഹം ദളിതനായതുകൊണ്ട് മാത്രമല്ല പ്രശ്നം ഉടലെടുക്കുന്നത് ആരായാലും അവരുടെ നിലപാട് ഒരു പക്ഷെ ഇതു തന്നെയായിരിക്കും. ചിലപ്പോ പേരിനൊപ്പം ജാതിവാലുണ്ടെങ്കില്‍  എതിര്‍പ്പിന്റെ  ശക്തി കുറയുമായിരിക്കും. പ്രസ്തുത വ്യവസ്ഥയെയാണ് മറികടക്കേണ്ടത്. ഡര്‍ബാര്‍ ഹാള്‍  ഒരു പൊതു ഇടമാണ് അവിടെ എന്തു നടക്കണമെന്നും / എന്തു ചെയ്യണമെന്നും തീരുമാനിക്കുന്നത്  അടിമുടി  സവര്‍ണ്ണമായ  അമ്പലക്കമ്മറ്റിയല്ല; മറിച്ച് ലളിതകലാ  അക്കാദമിയാണ്.



ദളിതനെന്നതിന് അപ്പുറം  ഒരു കലാകാരനോട് / മൃതശരീരത്തോട് കാണിച്ച അനാദരവ് ,  അവിടെ ശാന്തമായി സന്നിഹിതരായിരുന്ന കലാകാരന്മാര്‍ക്കു നേരെ നടത്തിയ കൊലവിളി ഇവയെല്ലാം പരിഷ്കൃത സമൂഹമെന്നഭിമാനിയ്ക്കുന്നവര്‍ വിശകലനം ചെയ്യേണ്ടതുണ്ട്. ലളിതകലാ  അക്കാദമിയുടെ ഗേറ്റ് താഴ് ഇട്ട് പൂട്ടുമെന്നും 'ഞങ്ങടെ പിള്ളേര് വന്നാല്‍ ഇങ്ങോട്ട് വന്നാല്‍ ഇതൊന്നും ആയിരിക്കില്ലായെന്നും' ആര്‍ത്തലച്ച് ആക്രോശിച്ച മാടമ്പിനാവുകള്‍ ഭീഭത്സമായ യാഥാര്‍ത്ഥ്യമാണ്.



ക്ഷേത്രക്കമ്മറ്റിക്കാര്‍ ഇതാദ്യമായല്ല കലാകാര്‍ക്കു നേരെ വെല്ലുവിളിയുയര്‍ത്തുന്നത്. മുന്പും അവര്‍  ലളിതകലാ അക്കാദമി ഗ്യാലറിയ്ക്ക് എതിരെ വന്നിരുന്നു. സമന്വയ ചിത്രകലാ ക്യാമ്പ് നടക്കുന്ന വേളയിലായിരുന്നു അത്.  മത്സ്യമാംസാദികള്‍ പാചകം ചെയ്യുന്നുവെന്നതായിരുന്നു ആക്ഷേപം. അമ്പലത്തിന് തൊട്ട് അടുത്ത് നില്‍ക്കുന്ന ഹോട്ടലുകള്‍ ,വിമണ്‍ഹോസ്റ്റലുകള്‍ തുടങ്ങിയ ഇടങ്ങളിലെ ഭക്ഷ്യ ശീലങ്ങള്‍ അവര്‍ക്ക് പ്രശ്നമാകുന്നതേയുണ്ടായിരുന്നില്ല. ഇതിനുപിന്നില്‍ കൃത്യമായൊരു ഗൂഢോദ്ദേശമാണുള്ളത്  ലളിതകലാ അക്കാദമിയുടെ വസ്തുവടക്കം വളച്ചു കെട്ടി ക്ഷേത്രത്തിന്റെ ഭാഗമാക്കുകയും അങ്ങിനെ  സംഘപരിവാര്‍ നിയന്ത്രണത്തിലേയ്ക്ക് എത്തിയ്ക്കുകയും ചെയ്യുക എന്ന ഹിഡന്‍ പദ്ധതിയാണ് ഇതിനുപിന്നില്‍.



ഇതുമായി ബന്ധപ്പെട്ട് ലളിതകലാ അക്കാദമി കൈക്കൊണ്ട സമീപനവും നിരുത്തരവാദിത്വപരമാണ്.  ലബ്ധപ്രതിഷ്ഠനായ കലാകാര സുഹൃത്തിനെ ഒരുനോക്കുകാണുവാന്‍ കാത്തുനിന്ന സുഹൃത്തുക്കള്‍ക്കും കലാകാര സമൂഹത്തിനും നേരെയാണ് സംഘപരിവാരം കൊലവിളിയും ആക്രോശവും  നടത്തിയത്.  ദൃശ്യങ്ങള്‍ ഇതിനു തെളിവായുണ്ട് . ആയതിനാല്‍ തന്നെ ഈവിധം കൊലവിളി നടത്തിയ ക്ഷേത്രക്കമ്മറ്റിയ്ക്കെതിരെ   കൊലക്കുറ്റത്തിനടക്കം  കേസെടുക്കേണ്ടതുണ്ട്. നവോത്ഥാനത്തെ പിന്നോട്ടടിപ്പിച്ച് ഈവിധമെല്ലാമാണ്  ഫാസിസം ചുവടുറപ്പിക്കുന്നത്.  ജാതിവെറിയ്‌ക്കെതിരായ സമരങ്ങള്‍ കാലം ആവശ്യപ്പെടുന്നു.