നമ്മുടെ രാജ്യം കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ലോക്ക്ഡൗണിലാണ്. സംസ്ഥാനം നേരത്തേ പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനത്തിന്റെ കൂടി അടിസ്ഥാനത്തിലല് ഏപ്രില്‍ മാസം 14 വരെ നീട്ടിയിരികുകയാണ്. 2019 ഡിസംബര്‍ അവസാന വാരത്തില്‍ ചൈനയിലെ ഹൂബെ പ്രവിശ്യയില്‍ നിന്നും ആരംഭിച്ച് നൂറ് രാജ്യങ്ങളിലേറെ പടര്‍ന്നുപിടിച്ച ഒന്നായി ഇത് മാറുകയാണ് ചെയ്തത്. അതായത്, ഈ രോഗത്തിന്റെ പ്രഭവകേന്ദ്രം നമ്മുടെ രാജ്യത്തിനും പുറത്തായത് കൊണ്ട് ആ പ്രഭവകേന്ദ്രത്തില്‍ നിന്നുള്ള രോഗത്തിന്റെ കടന്നുവരവ് പ്രതിരോധിക്കുക എന്നതാണ് ഈ രോഗപ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ലക്ഷ്യം. ഇതിന്റെ അടിസ്ഥാനത്തിലാണ് വിദേശരാജ്യങ്ങളുമായുള്ള വിമാനസര്‍വ്വീസുകള്‍ നിര്‍ത്തിവെക്കുന്നത് പോലുള്ള തീരുമാനത്തില്‍ എത്തിയത്.
രോഗം വന്ന് ചികിത്സിക്കുക എന്നതല്ല, അത് വരാതിരിക്കാനുള്ള സാഹചര്യം സൃഷ്ടിക്കുക എന്നതാണ് ആരോഗ്യകാര്യത്തിലെ പ്രധാന കാഴ്ചപ്പാടായി മാറിയത്. ആ തിരിച്ചറിവില്‍ നിന്നുകൊണ്ടാണ് കേരള സര്‍ക്കാര്‍ പ്രതിരോധപ്രവര്‍ത്തനങ്ങള്‍ വ്യാപകമായി സംഘടിപ്പിക്കുന്നതിനുള്ള നടപടികള്‍ തുടങ്ങിയത്.
2019ലെ ആരോഗ്യ സൂചിക അനുസരിച്ച് ലോകത്ത് വലീയ പകര്‍ച്ച വ്യാധിയുണ്ടായാല് അതിനെ നേരിടാന്‍ ഏറ്റവും സജ്ജമായ രാജ്യങ്ങളുടെ റാങ്കിങ്ങില്‍ ഒന്നാമത് അമേരിക്കയും രണ്ടാം സ്ഥാനം ബ്രിട്ടനും ആയിരുന്നു. വൈറസ് അമേരിക്കയില്‍ റിപോര്ടുചെയ്തതിനുശേഷം രണ്ടുമാസം പിന്നിടുമ്പോള്‍ അതിന് മുന്നില്‍ ആയുധങ്ങളില്ലാത്ത നോക്കി നില്‍ക്കാനേ മുതലാളിത്ത ലോകത്തിന്റെ നേതാക്കള്‍ എന്ന് സ്വയം വിശേഷിപ്പിക്കുന്ന അമേരിക്കക്ക് സാധിച്ചുള്ളൂ. കോറോണയെ ഞങ്ങള്‍ ഇല്ലായ്മ ചെയ്തു എന്നത് വെറും വീബ് പറച്ചില് ആണെന്ന് ഡൊണാള്‍ഡ് ട്രംപിന് സമ്മതിക്കേണ്ടി വന്നു.
വിമാന-കപ്പല്‍ ഗതാഗതങ്ങള്‍ നിശ്ചലമാകുകയും പൊതുഗതാഗതം തന്നെ റദ്ദാക്കപ്പെടുകയും വ്യാപാര – കച്ചവട മേഖലകള്‍ ശൂന്യമാകുകയും ജനങ്ങള്‍ പുറത്തിറങ്ങാതിരിക്കുകയും ചെയ്യുന്ന അവസ്ഥയാണ്. കൊറോണ വൈറസ് രാജ്യത്ത് അപ്രഖ്യാപിത അടിയന്തരാവസ്ഥ സൃഷ്ടിച്ചിരിക്കുകയാണെന്ന് നേരിട്ടു പറയാതെ വ്യക്തമാക്കിയ പ്രധാനമന്ത്രി അതിനെ സാമ്പത്തികമായി പ്രതിരോധിക്കാനുള്ള ചുമതല സംസ്ഥാന സര്‍ക്കാറുകളുടെയും സ്വകാര്യ ബിസിനസ്-വ്യാപാര ഉടമകളുടെയും തലയില്‍ കെട്ടിവെക്കുന്നതാണ് കണ്ടത്. പുതിയ സാഹചര്യത്തില്‍ ജോലിക്കെത്താന്‍ കഴിയാത്ത താഴേക്കിടയിലുള്ള ജീവനക്കാര്‍ക്ക് വേതനം തടയരുതെന്നും വെട്ടിക്കുറയ്ക്കരുതെന്നും സ്വകാര്യ സ്ഥാപനങ്ങളും വാണിജ്യ-വ്യാപാര മേഖലകളും ശ്രദ്ധിക്കണമെന്നാണ് പ്രധാനമന്ത്രി ആവശ്യപ്പെട്ടത്.
അവ്യക്തവും പൊള്ളയുമായ ഒരു പദ്ധതിയാണ് പ്രധാനമന്ത്രി രാജ്യത്തിനു മുമ്പില്‍ വെച്ചതെന്നു പറയാതിരിക്കാന്‍ വയ്യ. ആരോഗ്യ മേഖലയിലെ ഗവേഷണ സ്ഥാപനങ്ങളുമായോ വിദഗ്ധരുമായോ സര്‍ക്കാറിനു കീഴിലുള്ള സംവിധാനങ്ങളുമായോ ആലോചിച്ച് രൂപം കൊടുത്ത പദ്ധതി ആണോ പ്രധാനമന്ത്രി രാജ്യത്തിനു മുമ്പില്‍ വെച്ചത് എന്ന് നാം പരിശോധിക്കേണ്ടത് ഉണ്ട്.
‘നിങ്ങളോട് എന്തെങ്കിലും എപ്പോഴൊക്കെ ഞാന്‍ ആവശ്യപ്പെട്ടിട്ടുണ്ടോ അപ്പോഴൊന്നും നിങ്ങളെന്നെ നിരാശനാക്കിയിട്ടില്ല. നിങ്ങളുടെ അടുത്ത കുറെ ആഴ്ചകള്‍ ഇപ്പോള്‍ എനിക്കാവശ്യമുണ്ട്’ എന്നാണ് അദ്ദേഹം പറഞ്ഞത്. “മഹാഭാരത യുദ്ധം 18 ദിവസത്തില്‍ അണ് ജയിച്ചത് ആയതിനാല്‍ ഈ യുദ്ധം നാം 21 ദിവസം കൊണ്ട് ജയിക്കും” എന്ന് തുടങ്ങി ഒരു മൈതാന പ്രസംഗത്തിന്റെ രീതിയിലാണ് ഈ ഭീകര അവസ്ഥയെ രാജ്യത്തിന് മുന്നില്‍ വിവരിച്ചത്.മോദി മന്ത്രി സഭയിലെ പ്രമുഖനായ പ്രകാശ് ജവദേകര്‍ ആകട്ടെ ദൂരദര്‍ശനില്‍ കൂടി ജനങ്ങള്‍ രാമായണം പോലുള്ള സീരിയലുകള്‍ കണ്ട് സമയം ചിലവഴിക്കാനും അണ് ജനങ്ങളോട് പറയുന്നത്. രാജ്യത്തിന് അകത്ത് ജനം ഭയന്ന് പലായനം ചെയ്യുന്നസമയത്ത് പോലും സാധാരണ ജനങ്ങള്‍ക്ക് ആശ്വാസം പകരുന്ന ഒരു പ്രഖ്യാപനം പോലും നടത്തുന്നില്ല. ലോകം അംഗീകരിക്കുന്ന സാമ്പത്തിക വിദഗ്ധനും രണ്ടു തവണ മോഡിക്കു മുമ്പ് പ്രധാനമന്ത്രിയുമായിരുന്ന മന്മോഹന് സിംഗ് കൊറോണ എന്ന മഹാമാരി ഇന്ത്യയുടെ സാമൂഹിക-ആരോഗ്യ-സാമ്പത്തിക പ്രതിസന്ധിയായി സൃഷ്ടിക്കാന്‍ പോകുന്ന അപകടത്തെക്കുറിച്ച് മോഡി ഗവണ്മെന്റിന് മുന്നറിയിപ്പ് നല്കുന്നു.
ഭരണസംവിധാനം സാമൂഹ്യമേഖലയില്‍ ശക്തമായി ഇടപെടണമെന്ന കാഴ്ചപ്പാടിന്റെ ആവശ്യം കൂടിയാണ് ഈ കാലത്ത് തെളിയുന്നത്. ഭരണകൂടം സാമൂഹ്യമേഖലയില്‍ നിന്ന് പിന്മാറുക എന്ന ആഗോളവത്ക്കരണ നയങ്ങളല്ല, കൂടുതല്‍ ഇടപെടുന്ന ബദല്‍ നയങ്ങള്‍ രൂപീകരിക്കാന്‍ സമയമായി എന്നാണ് ഇന്നത്തെ അവസ്ഥ രാജ്യത്തെ പഠിപ്പിക്കുന്നത്. ഈ അവസരത്തില്‍ ജനോപകാരപ്രദമായ നിരവധി കര്‍മ്മ പദ്ധതികള്‍ ആവിഷ്കരിച്ചു നടപ്പിലാക്കുകയാണ് കേരള സര്‍ക്കാര്‍. സമസ്ത മേഖലകളിലും സുരക്ഷ ഉറപ്പാക്കുന്ന വിവിധ പരിപാടികളും സര്‍കാര്‍ നടപ്പിലാക്കുകയാണ്. കേരളത്തിന്റെ മൂണിരട്ടി മാത്രം വലിപ്പമുള്ള ക്യൂബ എന്ന കൊച്ചു രാജ്യത്തിന് ഇന്നത്തെ സാഹര്യത്തില്‍ ലോകത്തിന് ഒരിറ്റു ആശ്വാസവും ആയി നല്കാന് കഴിയുന്നതിന് പിന്നില്‍ ഒരു രാഷ്ട്രീയമുണ്ട് ആ നന്മയുടെ രാഷ്ട്രീയം നാം തിരിച്ചറിയണം. എം എസ് ബ്രൈമെര് എന്ന കപ്പലിലെ വിനോദ സഞ്ചാരികള്‍ ആ രാഷ്ട്രീയം തിരിച്ചറിയുന്നുണ്ട് എന്ന് നമുക്ക് ഉറപ്പിക്കാം. ഇത്തരത്തില്‍ ഉള്ള നന്മയുടെ രാഷ്ട്രീയം നമ്മുടെ സഹജീവികള്‍ക്ക് കൂടി പകര്‍ന്നു നല്കാന് നമുക്ക് ഈ പ്രതിസന്ധി കാലത്ത് കഴിയണം. ഇതുപോലുള്ള നല്ല പ്രവര്‍ത്തനങ്ങള്‍ നടത്തുകയും ശാരീരിക അകലവും സാമൂഹിക ഐക്യയും ഉറപ്പാക്കുകയും ചെയ്താല്‍ ഈ മഹമാരിയെയും നമ്മള് അതിജീവിക്കുക തന്നെ ചെയ്യും.