Jaik C Thomas

'ആത്മഹത്യകള്‍' സംഭവിക്കുമ്പോള്‍ നിങ്ങളെന്തു ചെയ്യും

ഗാന്ധിജിയെ തോക്കു കമ്പനിയുടെ അംബാസിഡര്‍ ആക്കുന്ന പോലെ തികഞ്ഞ അശ്ലീലമാണ്, കുട്ടികളെ മാറോടണച്ച് സ്‌നേഹിച്ച നെഹ്‌റുവിന്റെ പേര്, കുട്ടികള്‍ ആത്മഹത്യ അഭയസ്ഥാനമായി തിരഞ്ഞെടുക്കേണ്ടി വരുന്ന 'കോണ്‍സണ്‍ട്രേഷന്‍ ക്യാമ്പുകള്‍ക്കു നല്‍കുന്നത്. നെഹ്‌റു മുതല്‍ ശ്രീനാരായണഗുരുവും ലൂര്‍ദ്ദ് മാതയും വരെ നമ്മുടെ നാട്ടില്‍ അപമാനിക്കപ്പെടുകയാണ്, സ്വാശ്രയ കോളേജുകളുടെ മറവില്‍.


mahatma-gandhi-31


ജീവിക്കുന്നത് മരിക്കുന്നതിനേക്കാള്‍ പ്രയാസകരവും മരണം ജീവിതത്തേക്കാള്‍ സുന്ദരവുമെന്നപോല്‍ ആവുമ്പോഴാണ് ആത്മഹത്യയും ഒരു സാധ്യതയായി മാറുന്നത്. രോഹിത് വെമുലയില്‍ നിന്നാണ് ജിഷ്ണുവിലേക്കു എത്തുന്നത്. ഹ്രസ്വമായ ഈ ഇടവേള പക്ഷേ 'ഇന്‍സ്റ്റിറ്റൂഷണല്‍ മര്‍ഡര്‍ എന്നല്ലാതെ മറ്റൊരു നിര്‍വ്വചനത്തിനും ഇടവരുത്തുന്നില്ല.


ആഗോളവല്‍ക്കരണം എന്ന പുതുമ നഷ്ടപ്പെട്ട പ്രതിഭാസാനന്തരം, ഇന്ത്യ - 1990 കള്‍ക്കുശേഷം, എന്ന തലക്കെട്ടില്‍ നിന്നാവണം, ജിഷ്ണുവിന്റെ രക്തസാക്ഷിത്വത്തിന്റെ വേരുകള്‍ തേടാന്‍. സ്വാശ്രയ കോളേജുകളുടെ ആവിര്‍ഭാവ കാലത്ത്, ഇടതുപക്ഷം വിളിച്ച മുദ്രാവാക്യങ്ങള്‍ ഇന്നു കാലാതിവര്‍ത്തിയായി നമ്മുടെ സമൂഹത്തിനു മുന്നിലുണ്ട്. ഇന്ന് സ്വാശ്രയ വിദ്യാഭ്യാസം നമ്മുടെ ഉന്നത വിദ്യാഭ്യാസ രംഗത്തെ മൂല്യച്യുതിയുടെയും തലമുറകളുടെ തന്നെ ദുരന്തത്തിന്റെയും നേര്‍ക്കാഴ്ചയായി മാറിക്കഴിഞ്ഞിരിക്കുന്നു.


rohith_vemula_7591


സ്വാശ്രയ രംഗത്തെ പകുതി ശതമാനത്തോളം വിദ്യാര്‍ത്ഥികളും കേവല വിജയത്തിനും കാതങ്ങള്‍ അകെലയാണെന്നത് അസ്വസ്ഥമാക്കിയത് നമ്മുടെ നാട്ടിലെ കോടതികളെ പോലുമാണ്. കൂട്ടത്തോല്‍വിയും, സപ്ലിമെന്ററി ഫീസിന്റെ ഞെട്ടിക്കുന്ന വലിപ്പവും നമ്മുടെ പൊതു സമൂഹം പലപ്പോഴും അറിഞ്ഞത് കോടതി വിധികളിലൂടെയായിരുന്നു. ഉണ്ണിക്കൃഷ്ണന്‍ കേസ് തുടങ്ങി ടി.എം.എ പൈയിലും, ഇനാംദാറിലും വഴി ഇസ്ലാമിക് അക്കാദമിക് കേസില്‍ വരെ വിദ്യാഭ്യാസത്തെ ചരക്കാക്കി പ്രഖ്യാപിക്കുന്നതില്‍ നിര്‍ണായകമായ പങ്കുവഹിച്ചത് ഇതേ കോടതി തന്നെയാണെന്നത് മറ്റൊരു വൈരുദ്ധ്യമാണ്.


പകുതിയോളം സീറ്റുകള്‍ ഒഴിഞ്ഞു കിടക്കുന്ന അക്കാദമിക് ഫാമുകള്‍ മാത്രമായി ചുരുങ്ങിയ നമ്മുടെ നാട്ടിലെ സ്വാശ്രയ കോളേജുകളുടെ അടച്ചുറപ്പുള്ള രമ്യഹര്‍മ്യവും ഇനിയെന്ത് എന്ന ചോദ്യത്തെ ഭീദിതമാംവിധം നേരിടുകയാണ്. സ്വാശ്രയ കോളേജുകളില്‍ വാര്‍ത്തെടുക്കപ്പെട്ട എത്ര പ്രൊഫഷണല്‍ ബിരുദധാരികള്‍ക്കു സര്‍ട്ടിഫിക്കറ്റുകള്‍ക്കപ്പുറം പ്രായോഗികമായ സാങ്കേതിക പരിജ്ഞാനമുണ്ട് എന്ന പരിശോധനയുടെ ഫലം തികഞ്ഞ നിരാശയാവും സമ്മാനിക്കുക. അവിടങ്ങളില്‍ വൈവിധ്യപൂര്‍ണമായ ഇലക്ട്രിക്കലും ഇലക്‌ട്രോണിക്‌സും കമ്പ്യൂട്ടര്‍ സയന്‍സും ഐ.ടിയും മെക്കാനിക്കും പഠിച്ചിറങ്ങിയ ബിരുദധാരികളില്‍ എത്രപേര്‍ തങ്ങളുടെ പഠന സംബന്ധമായ മേഖലകളില്‍ തൊഴില്‍ ചെയ്യുന്നുവെന്ന കണക്കു പരിശോധന നമുക്കു സമ്മാനിക്കുന്ന വികാരം നിരാശയുടേത് മാത്രമാണ്.


images


എന്നാല്‍ അഭിരുചിയുടെ, സര്‍ഗാത്മകതയുടെ ജൈവിക വാസനകളെ തെല്ലുംതിരയാതെ എഞ്ചിനീയര്‍ -ഡോക്ടര്‍ ഫാക്ടറികളിലേക്കു ലക്ഷങ്ങള്‍ മുടക്കി പറഞ്ഞയയ്ക്കുന്ന മാതാപിതാക്കള്‍ ദുരന്ത പൂര്‍ണമായ തലമുറയെ സൃഷ്ടിക്കുന്നതിന്റെ പ്രതിപട്ടികയില്‍ പിന്നിലല്ല.


വിമോചന സമരകാലത്ത് വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിന്റെ മഹത്വം പുകഴ്ത്തിയ പലരും 1980 കള്‍ക്കുശേഷം വിദ്യാര്‍ത്ഥി രാഷ്ട്രീയം തന്നെ ആപത്ത് എന്ന് പറയാന്‍ ആരംഭിച്ചതിന്റെ മനഃശാസ്ത്രം നിര്‍വ്യാജമായ ഇടതുപക്ഷ വിരുദ്ധതയുടേത് മാത്രമായിരുന്നു. വ്യവസ്ഥിതിയെ സംരക്ഷിക്കാന്‍ നമ്മുടെ നാട്ടിലെ 'മുഖ്യധാരകള്‍' ഉള്‍പ്പെടയുള്ളവര്‍ തുടങ്ങി 'ഞങ്ങള്‍ക്ക് രാഷ്ട്രീയമില്ല' എന്ന പല്ലവി പാടുന്ന നിഷ്പക്ഷമതികള്‍ വരെയുള്ളവര്‍ വളര്‍ത്തിക്കൊണ്ടു വന്ന വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങളെ കേരളത്തിന്റെ കാമ്പസുകള്‍ കയ്യൊഴിയുകയും അവിടെ പുരോഗമന വീക്ഷണമുള്ള ഇടതുപക്ഷ വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങള്‍ കലാലയങ്ങളുടെ ശബ്ദമാവുകയും ചെയ്തു.കലാലയ രാഷ്ട്രീയം എന്നല്‍ ഇടതുപക്ഷ രാഷ്ട്രീയം എന്ന രാഷ്ട്രീയ കാലാവസ്ഥ സംജാതമായ ഘട്ടത്തിലാണ്, കലാലയ രാഷ്ട്രീയം, 'രാജ്യം നേരിടുന്ന ആഭ്യന്തര ഭീഷണിയായി' മനോരമാദി മുഖ്യധാരകളും മാനേജ്‌മെന്റ് പ്രമാണിമാരും പ്രചാരണമാരംഭിച്ചത്.


download


റാഗിങ്ങും അരാജകത്വവും ഗ്യാങ്ങിസവും അരങ്ങുതകര്‍ക്കുന്ന വാര്‍ത്തകള്‍ ഇന്ത്യയുടെ മറ്റു പല ഭാഗങ്ങളില്‍ നിന്നും നിര്‍ലോഭം പുറത്തു വന്നപ്പോഴും കേരളത്തിന്റെ കലാലയങ്ങള്‍ വലിയൊരളവില്‍ അത്തരം പ്രവണതകളെ ചെറുത്തു തോല്‍പ്പിച്ചത് ആര്‍ജവമുള്ള വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിന്റെ കരുത്തിലായിരുന്നു. കേരളത്തില്‍ ഒരു നവരസു (റാഗിംഗിനിരയായി കൊലചെയ്യപ്പെട്ട തമിഴ്‌നാട്ടിലെ വൈസ് ചാന്‍സിലറുടെ മകന്‍) ഉണ്ടാവാതെ പോയത് കലാലയങ്ങളില്‍ വിദ്യാര്‍ത്ഥി പ്രസ്ഥാനം തീര്‍ത്ത സര്‍ഗാത്മകതയുടെ കരുത്താര്‍ന്ന രാഷ്ട്രീയ അവബോധം ഒന്നുകൊണ്ടുമാത്രമാണ്. കര്‍ണ്ണാടകയില്‍ അശ്വതി എന്ന വിദ്യാര്‍ത്ഥിനിയെ മൃതപ്രായയാകുവോളം ക്രൂരമായ റാഗിംഗിനിരയാക്കിയത്, മലയാളികള്‍ തന്നെയായിരുന്നു എന്നത് കലാലയങ്ങളുടെ രാഷ്ട്രീയ സംസ്‌കാരത്തിന്റെ പ്രസക്തിയെ തന്നെയാണ് ചൂണ്ടിക്കാട്ടുന്നത്.
ഒരു ചോദ്യവും ചോദിക്കാത്ത 'അച്ചടക്കമുള്ള മനസുകളെയും ഏത് ഉറക്കത്തില്‍ ചോദിച്ചാലും പഠിപ്പിച്ച ഉത്തരങ്ങള്‍ മനഃപാഠം ചൊല്ലുന്ന വിനീത വിധേയരെയും സൃഷ്ടിച്ചത് നമ്മുടെ നാട്ടിലെ അരാഷ്ട്രീയ മനസുകളും മുഖ്യധാരാ മാധ്യമങ്ങളും ചേര്‍ന്നായിരുന്നു. കലാലയ രാഷ്ട്രീയമാകെ ആപത്ത് എന്നു വിളിച്ചു പറയാന്‍ കാണിച്ച ഒരു വ്യഗ്രതയും നമ്മുടെ സ്വാശ്രയ കോളേജുകളില്‍ പൊലിഞ്ഞുപോയ നൂറു കണക്കിന് അക്കാദമിക് ജീവിതങ്ങളുടെ കണ്ണുനീര്‍ പകര്‍ത്താന്‍ ഉണ്ടായില്ല.


images (1)
ഇടിമുറികള്‍ സംഘടിത വിദ്യാര്‍ത്ഥി പ്രക്ഷോഭങ്ങളുടെ വേലിയേറ്റത്തില്‍ അനിവാര്യമായ പൊളിച്ചെഴുത്തലുകള്‍ക്കും വിധേയമാക്കുന്നത് ഈ ഘട്ടത്തിലാണ്. പെണ്‍കുട്ടികളോട് സംസാരിക്കുന്നത് ഒപ്പിയെടുക്കാന്‍ 48 സിസി ടിവി ക്യാമറകള്‍ വച്ച ക്ലാസ് മുറികള്‍ ഉള്ള ഉമ്മന്‍ചാണ്ടിയുടെ വിശ്വസ്ത വിധേയനായ ടോം എന്ന സ്വാശ്രയ മുതലാളിയുടെ സ്വന്തം ടോംസ് എഞ്ചിനീയറിംഗ് കോളേജ് തുടങ്ങി പെണ്‍കുട്ടികളും ആണ്‍കുട്ടികളും തമ്മില്‍ സംസാരിച്ചാല്‍ പിഴ ഈടാക്കുന്ന 'കലാലയ സംസ്‌കാരം' പഠിപ്പിക്കുന്ന കോളേജുകള്‍ വരെ അടച്ചുറപ്പുള്ള മുദ്രാവാക്യരഹിതമായ, സമാധാനം പുലരുന്ന കലാലയങ്ങളാവുമ്പോള്‍ വീണുടഞ്ഞു പോകുന്ന അക്കാദമിക് ജീവിതങ്ങളോടും അവയുടെ കണ്ണീര്‍തുള്ളികളോടും കൂറ് പ്രഖ്യാപിച്ചുകൊണ്ട് കേരളത്തിന്റെ സ്വാശ്രയ കോളേജുകള്‍ക്ക് ഇനിയും കലുഷിതമാകാതെ വയ്യ.


images


നെഹ്‌റു കോളേജില്‍ ആധിപത്യ ശക്തികളുടെ ഇരുമ്പു മറ തകര്‍ത്തെറിഞ്ഞുകൊണ്ട് വിദ്യാര്‍ത്ഥികള്‍ സംഘടിതമായി ഉയര്‍ത്തിയ നക്ഷത്രശോഭയുള്ള ശുഭ്ര പതാക മാതാപിതാക്കളുടെ പ്രതീക്ഷയും ആവേശവുമായി മാറുകയാണ്. വിദ്യാര്‍ത്ഥി രാഷ്ട്രീയം പടിക്ക് പുറത്താക്കിയ മനസ്സുകളത്രയും ഇന്ന് ചവിട്ടിനില്‍ക്കാനുള്ള ഭൂമികയില്‍ പിടിച്ചു നില്‍ക്കുവാനുള്ള താങ്ങായി തിരയുന്നത്, അതേ പതാകയെ തന്നെയാണ് എന്നത് കാലത്തിന്റെ കാവ്യ നീതിയാണ്. സ്വാശ്രയം ദുരന്തമാകുമെന്ന് പ്രഖ്യാപിച്ച്, എ കെ ആന്റണിയുടെ കാലം മുതല്‍ രാഷ്ട്രീയ കലാലയങ്ങള്‍ക്കായി എല്ലാ കാലവും കലഹിച്ച മനസ്സുകള്‍, തെരുവില്‍ ചിതറിതെറിച്ച മാംസ ചീളുകള്‍, ഒഴുകിപ്പടര്‍ന്ന ചോരത്തുള്ളികള്‍ ഒക്കെയും ഇന്ന് ആര്‍ത്തുണരുകയാണ്.