G L Arun Gopi

ആര്‍ത്തവം അഭിമാനകരം .. ആണുങ്ങള്‍ക്കാകാത്തത്

ആര്‍ത്തവം ഒളിച്ചു വയ്ക്കപ്പെടേണ്ട ഒന്നാണെന്നാണ് സമൂഹം ഇപ്പോഴും പഠിപ്പിക്കുന്നത്.തൊട്ടു കൂടായ്മയുടെയും അശുദ്ധിയുടെയും പ്രതീകമായും വിശുദ്ധ ഇടങ്ങളില്‍ നിന്നും മാറ്റി നിര്‍ത്തപ്പെടേണ്ടതാണെന്നും കാലങ്ങളായി നമ്മെ വിശ്വസിപ്പിക്കുകയാണ്.ശാസ്ത്ര ലോകവും വിവര സാങ്കേതിക വിദ്യയും ഇത്രയധികം വികാസം പ്രാപിച്ച ആധുനിക കാലഘട്ടത്തിലും ആര്‍ത്തവം പാപമാണെന്ന് പൊതുബോധം നിലനില്‍ക്കുന്നത് നിസ്സാരമായി കാണാനാകില്ല .



പല ദുരാചാരങ്ങളും പൊതുമണ്ഡലലങ്ങളില്‍ നിന്നും തുടച്ചുമാറ്റപ്പെട്ടിട്ടും അന്ധവിശ്വാസങ്ങളുടെയും അനാചാരങ്ങളുടെയും കെട്ടുകഥകളില്‍ ആര്‍ത്തവത്തെ ഇപ്പോഴും തളച്ചിടുകയാണ് ഫ്യൂഡലാധിപത്യം കല്പിച്ചു നല്‍കിയ പുരുഷ കേന്ദ്രീകൃത ലോകം.ജൈവ പരവും പ്രകൃതിദത്തവും സ്വാഭാവികവുമായ സ്ത്രീയുടെ മാത്രം പ്രത്യേകതയായ ആര്‍ത്തവത്തോട് വിവേചന പരമായ നിലപാട് സ്വീകരിക്കാത്ത കാലത്തോളം ആര്‍ത്തവത്തെ സംബന്ധിച്ച ചര്‍ച്ചകള്‍ തുടര്‍ന്ന് കൊണ്ടേയിരിക്കണം. പ്രാചീന കാലം മുതല്‍ അശുദ്ധിയായി കല്പിച്ചു പോരുന്ന 'ആര്‍ത്തവം'മാതൃത്വത്തിലെ മഹനീയ അടയാളമാണെന്ന അവബോധ സൃഷ്ടിയിലൂടെ അത് ശുദ്ധിയുടെ കഥയാവും എന്നതില്‍ സംശയമില്ല. വിയര്‍പ്പിന് കല്‍പിച്ചു നല്‍കുന്ന സ്ഥാനം മാത്രമേ ആര്‍ത്തവത്തിനുള്ളൂ എന്ന പൊതുബോധ നിര്‍മ്മിതി സൃഷ്ടിക്കുക എന്നത് പരമ പ്രധാനമാണ്.



ജനതയുടെ മേല്‍ നിഷ്കര്‍ഷകള്‍ അടിച്ചേല്‍പ്പിയ്ക്കാന്‍ എക്കാലത്തും സവര്‍ണ ഭരണ കൂടങ്ങള്‍ ഏറ്റവും നല്ല മാര്‍ഗമായി ഉപയോഗപ്പെടുത്തിയത് ദൈവ വിശ്വാസങ്ങളെയും ആചാരങ്ങളെയും തന്നെയായിരുന്നു.സവര്‍ണ്ണ ആണ്‍ അധികാരവര്‍ഗങ്ങള്‍ തങ്ങള്‍ക്കു നേരെ ചോദ്യങ്ങള്‍ ഉയരാത്ത നിലയില്‍ സ്ത്രീകളെയും ദുര്‍ബല വിഭാഗങ്ങളെയും തങ്ങളില്‍ കുറഞ്ഞവരെന്നു വിളിച്ചു മാറ്റി നിര്‍ത്തിയിരുന്നു എക്കാലവും.സവര്‍ണ്ണ ആണ്‍ ബോധങ്ങളില്‍ നിന്നുയര്‍ന്ന പൌരോഹത്യ നിയന്ത്രണത്തിലുള്ള ഭരണ ഭാഷാ ലോകത്ത് എല്ലായിടത്തും ഒരു പോലെയായിരുന്നു.ഏതു താല്പര്യങ്ങളും വേഗത്തില്‍ സ്ഥാപിച്ചെടുക്കുന്നതിനുള്ള ഏറ്റവും നല്ല മാര്‍ഗമായി ദൈവ വിശ്വാസങ്ങളെയും ഇക്കൂട്ടര്‍ മാറ്റുകയാണ് ഉണ്ടായത്.



സ്ത്രീയെ പിതാവിന്റെ,ഭര്‍ത്താവിന്റെ,പുത്രന്റെ സംരക്ഷണയില്‍ കഴിയേണ്ടവളാക്കി മാറ്റിയതും അവളെ പൊതു ഇടങ്ങളില്‍ ഒളിച്ചു വയ്ക്കപ്പെടേണ്ടവളായി മാറ്റിയതും ഇത്തരത്തിലുള്ള ബോധപൂര്‍വമായ ശ്രമങ്ങളുടെ കൂടി ഭാഗമായിട്ടാവണം.ആധുനിക കാലത്തിന്റെ സാങ്കേതിക തികവില്‍ സ്ത്രീയെ പൊതു ഇടങ്ങളില്‍ നിന്നും മാറ്റി നിര്‍ത്താന്‍ കാരണങ്ങള്‍ ഇല്ലാതായിട്ടും മതത്തിന്റെ വേലിക്കെട്ടുളളില്‍ മാത്രം ഇന്നും രജസ്വലയായ സ്ത്രീയെ തീണ്ടാപ്പാടകലയത്തില്‍ മാറ്റി നിര്‍ത്തുന്നത് അപമാനകരമാണ്.



സ്ത്രീയെന്ന കാരണത്താല്‍ മാറ്റി നിര്‍ത്തിയിരുന്ന എല്ലായിടങ്ങളിലേക്കും ചുവടുറപ്പിച്ചു നടന്നു കേറിയവള്‍ക്കു ഇന്ന് പൂവിറുക്കുന്ന ലാഘവത്തോടെ കൈകാര്യം ചെയ്യാന്‍ കഴിയുന്ന ഒരു ജൈവ പ്രക്രിയയെ മാത്രമായി ആര്‍ത്തവം മാറിയിട്ടുണ്ട്. ഇന്നലകളില്‍ രജസ്വലയായ സ്ത്രീയ്ക്ക് ആചാരങ്ങളുടെ ഈ പേരിലാണെങ്കിലും വിശ്രമം കല്പിച്ചു നല്‍കിയിരുന്നെങ്കില്‍ ഇന്ന് വിശ്രമമില്ലാതെ പണിയെടുക്കേണ്ടി വരുന്ന സ്ത്രീ സമൂഹത്തെയാണ് നാം ദൈനം ദിനം കാണുന്നത്. നാം കണ്ടുമുട്ടുന്ന സ്ത്രീകളില്‍, കൂടെ പഠിക്കുന്നവരില്‍,പണിയെടുക്കുന്നവരില്‍,യാത്ര ചെയുന്നവരില്‍ അങ്ങനെ തുടങ്ങി നിരവധിയായവരില്‍ രജസ്വലയായ സ്ത്രീയെ തിരിച്ചറിയാന്‍ ഇന്ന് ആര്‍ക്കെങ്കിലും കഴിയുന്നുണ്ടോ?ആര്‍ത്തവമെന്നത് അശുദ്ധിയായ ആചാരമല്ലെന്നും അതൊരു ജൈവികാവസ്ഥ മാത്രമാണെന്നും മാന്യതയുടെ ഏതേത് വേദികളിലും പരസ്യമായി ഉറക്കെ വിളിച്ചു പറയാന്‍ നമുക്ക് ആകെ കഴിയേണ്ടതുണ്ട്.



വേദങ്ങളില്‍ പോലും ആര്‍ത്തവ അവസ്ഥയിലുള്ള സ്ത്രീയെ അശുദ്ധയായി പറയുന്നില്ല. ആര്‍ത്തവം ശുദ്ധിയുടെ ആഘോഷമായി കണക്കാക്കുന്ന ആചാര വിശ്വാസ പ്രമാണങ്ങള്‍ ഇന്നും നിലനില്‍ക്കുകയാണ്. ബ്രഹ്മ പുത്രയെ ചുവപ്പണിയിക്കുന്ന കാമാഖ്യ ദേവിയും ചെങ്ങന്നൂര്‍ മഹാദേവ ക്ഷേത്രത്തിലെ ത്രിപ്പൂത്തും എടുത്തു പറയപ്പെടേണ്ടവയാണ് ,ഗുവഹത്തിയിലെ നിലാചല്‍ മലയിലെ കാമാഖ്യ ദേവി ക്ഷേത്രത്തിലെ ആരാധനാ ബിംബവും പ്രതിഷ്‌ഠയും മറ്റു ക്ഷേത്ര സങ്കല്‍പങ്ങളില്‍ നിന്നും വ്യത്യസ്തമായ യോനീ സങ്കല്‍പനമാണ്. ''ദാക്ഷായാഗത്തില്‍ തന്റെ ഭര്‍ത്താവായ പരമേശ്വരനെ ക്ഷണിക്കാതെ അപമാനിച്ചതില്‍ മനം നൊന്ത് സതീ ദേവി അഗ്നിയില്‍ ചാടി ആത്മഹത്യ ചെയ്തു. ഇതറിഞ്ഞ പരമശിവന്‍ കോപിഷ്ഠനായി സതിയുടെ ശവശരീരം തോളിലേറ്റി താണ്ഡവം നടത്തുന്ന സമയത്ത് ശിവനെ നിയന്ത്രിക്കാനായി മഹാവിഷ്ണു സതിയുടെ ശരീരം സുദര്‍ശന ചക്രം ഉപയോഗിച് 108 കഷണങ്ങള്‍ ആക്കി എന്നും അതില്‍ ദേവിയുടെ ഗര്‍ഭ പാത്രവും ജനനേന്ദ്രിയവും വന്നു വീണ സ്ഥലത്താണ് ഇപ്പോഴത്തെ കാമാഖ്യാ ക്ഷേത്രവും എന്നതാണ് ഐതീഹ്യം. വര്‍ഷം തോറും ആഷാഢ മാസത്തില്‍ ദേവി രജസ്വലത ആകാറുണ്ടത്രെ.ബ്രഹ്മപുത്രാ നദി ഈ സമയം ചുവന്ന നിറത്തില്‍ കാണപ്പെടുകയും ആ ജലം ദേവീ ഭക്തര്‍ക്ക് പ്രസാദമായി നല്‍കപ്പെടുകയും ചെയുന്നു.നദി ചുവക്കാന്‍ കാരണം അത്ഭുദം അല്ലെന്നും പൂജാരിമാര്‍ കലക്കി ഒഴിക്കുന്ന സിന്ദൂരമാണെന്നതും പരസ്യമായ രഹസ്യമാണെങ്കിലും ഇന്നും വലിയ ആചാര ആഘോഷമായിട്ടാണ് കാമാഖ്യാ ദേവിയുടെ രജസ്വലത ഭക്ത ലക്ഷങ്ങള്‍ കാണുന്നത്.



ദക്ഷിണ കൈലാസമെന്നു പ്രസിദ്ധിയാര്ജിച്ച ചെങ്ങന്നൂര്‍ മഹാദേവ ക്ഷേത്രത്തിലെ തൃപ്പൂത്താറാട്ട് ഭഗവതി ഋതുമതിയാകുന്നതുമായി ബന്ധപ്പെട്ടതാണ്.ഋതുമതിയാകുന്ന സ്ത്രീയെ അശുദ്ധയെന്ന തൊട്ടു കൂടായ്മയുടെ മുദ്ര കുത്തി ക്ഷേത്ര കാര്യങ്ങളില്‍ നിന്നും ശുഭാവസരങ്ങളില്‍ നിന്നും ഒഴിവാക്കി നിര്‍ത്തുമ്പോള്‍ ദൈവത്തിന്റെ രജസ്വല ഉത്സവമാക്കുകയാണ് ഒരു ദേശം.തന്ത്രി കുടുംബങ്ങളായ തഴമന്ന മഠത്തിലെയും വങ്കി പുഴ മഠത്തിലെയും ഏറ്റവും മുതിര്‍ന്ന സ്ത്രീ ദേവീ വസ്ത്രത്തില്‍ കണ്ടെത്തുന്ന അടയാളം ഋതുമതീ ലക്ഷണമായ രക്തക്കറയാണെന്ന് ഉറപ്പിക്കുന്നതോടെ ഉത്സവത്തിന് തുടക്കമാവും.നാലാം നാള്‍ നടക്കുന്ന ആറാട്ട് അതുകൊണ്ട് തന്നെ മറ്റു ക്ഷേത്ര സങ്കല്‍പ്പങ്ങളില്‍ നിന്നും ഏറെ വ്യത്യസ്തമാണ് .ഈ സമയത്തു രക്തക്കറ പുരണ്ടു ഏന് കരുതുന്ന ഉടയാടാഭരണങ്ങള്‍ ആദ്യ കാലത്തു പ്രദര്‍ശനത്തിന് വച്ചിരുന്നു.ഇപ്പോഴാവട്ടെ ഈ വസ്ത്രങ്ങള്‍ സ്വന്തമാക്കി സ്വഗൃഹത്തില്‍ പൂജാമുറിയില്‍ സൂക്ഷിക്കുന്നതിനും പൂജിക്കുന്നതിനും മത്സരമാണ്.ലജ്ജയയുടെയും അനാചാരങ്ങളുടെയും മതില്‍ക്കെട്ടില്‍ ഇത്തരം വസ്ത്രങ്ങള്‍ പെണ്കുട്ടികള്‍ വെയില്‍ കാട്ടി ഉണക്കാന്‍ മടിച്ചിരുന്ന കാലത്താണ് ഈ വസ്ത്രങ്ങളുടെ പ്രദര്‍ശനമെന്നത് ആര്‍ത്തവമെന്ന മഹത്തരമായ ജൈവികതയെ യാഥാര്‍ത്യത്തിലേക്കു ഉയര്‍ത്തിക്കൊണ്ട് വരികയാണ്.



പഴയ കാലത്തു ആദ്യ ആര്‍ത്തവം വലിയ ആഘോഷമാക്കി നടത്തിയിരുന്ന ചടങ്ങുകള്‍ നമ്മുടെ നാട്ടിലുണ്ടായിരുന്നു. ആചാരങ്ങളുടെ പേരിലാണെങ്കിലും ഓരോ സമുദായത്തിലും വ്യത്യസ്ത രീതിയിലായിരുന്നു ആഘോഷ ആചാരങ്ങള്‍. പെണ്‍കുട്ടികളെ സംബന്ധിച്ച് അവര്‍ക്ക് കിട്ടുന്ന വലിയ അംഗീകാകരവും ആദരവുമായിരുന്നു അത്. ഇത്തരം ചടങ്ങുകള്‍ ഒഴിവാക്കപ്പെടുകയും പെണ്‍കുട്ടി ദുര്‍ബലയാണെന്നും ഭയപ്പെടേണ്ടതാണെന്നുമുള്ള പ്രചാരണം, ആരംഭിച്ച ഘട്ടത്തില്‍ കൂടിയാണ് ആര്‍ത്തവം കൂടുതല്‍ ഒളിച്ചു വയ്ക്കപ്പെടുന്ന നിലയിലേക്ക് മാറിയത്.



ഇന്ന് കൌമാരക്കാരായ നിരവധി പെണ്‍കുട്ടികളില്‍ രജസ്വലയെന്ന സ്വാഭാവികമായ ജൈവ പ്രക്രിയയെ തടഞ്ഞു നിര്‍ത്താനുള്ള ശ്രെമം നടത്തുകയാണ്.ഇവരില്‍ വലിയ നിലയില്‍ ഉള്ള ആരോഗ്യ പ്രശ്നങ്ങളാണ് സൃഷ്ടിക്കുന്നത്.വിവിധ വിശ്വാസ ആചാരങ്ങളുടെ ഭാഗമായിട്ടും അല്ലാതെയുമുള്ള വിവിധ കാരണങ്ങള്‍ ഇതില്‍ ഉള്‍പ്പെടുന്നു എല്ലാം വിപണി വത്കരിക്കപ്പെട്ട കാലത്ത് യാതൊരു വിധ പരിശോധനകളും നിര്‍ദ്ദേശങ്ങളുമില്ലാതെയുള്ള മെഡിസിനുകളുടെ ഉപയോഗം സ്ത്രീകളുടെ ആരോഗ്യത്തെ സംബന്ധിച്ച് പുറത്തു വരുന്ന ആരോഗ്യ സര്‍വേകള്‍ പരിശോധിച്ചാല്‍ ഇക്കാര്യം നമുക്ക് വ്യക്തമാവുന്നതുമാണ്.



രജസ്വലകളായ സ്ത്രീകള്‍ക്ക് വിലങ്ങു തീര്‍ക്കുന്നവര്‍ തന്നെ സ്ത്രീയെ പ്രസവിക്കാനുള്ള ഉപകരണം മാത്രമായും കാണുകയാണ്.ആര്‍ത്തവമെന്നത് സമൂഹത്തിന്റെ നിലനില്‍പ്പിനായുള്ള പ്രകൃതിയുടെ സംരക്ഷണ സ്ത്രോതസ്സാണ്‌.അതിനാല്‍ തന്നെ മാതൃത്വത്തിന്റെ മഹനീയതയെ പറ്റി വാചാലരാവുന്നവര്‍ക്കു ആത്മാര്‍ഥതയുണ്ടെങ്കില്‍ മാതൃത്വത്തിനു നിദാനമായ ആര്‍ത്തവത്തെ ആഘോഷിക്കപ്പെടുകയാണ് വേണ്ടത്. ആര്‍ത്തവം അശുദ്ധിയാക്കുന്നവരോട് നീയും ആ അശുദ്ധിയുടെ ഫലമല്ലേ എന്ന് ചോദിക്കാനുള്ള അറിവും കരുത്തും ആര്‍ജ്ജവവുമാണ് സമൂഹത്തിന് വേണ്ടത്. ലിംഗം കൊണ്ട് ചിന്തിക്കുന്നവരുടെ സമൂഹത്തില്‍ സ്വത്വം സംരക്ഷിക്കാനുള്ള രക്തം ശുദ്ധിയാണെന്ന് പറയാനുള്ള കരുത്ത് ആര്‍ജ്ജിക്കണം. ആര്‍ത്തവം അപമാനമില്ലെന്നും അഭിമാനമാണെന്നുമുള്ള മുദ്രാഗീതങ്ങളാണ് എല്ലാവരിലും എല്ലായിടത്തും ഇനി ഉയര്‍ന്നു കേള്‍ക്കേണ്ടത്.