Dr P S Sreekala

ആത്മഹത്യാപരമായ കാത്തിരിപ്പ്

ശബരിമലയിലെ വിലക്ക് ഭരണഘടനാ മൂല്യങ്ങളുടെ ലംഘനമാണ്. ജനാധിപത്യ രാഷ്ട്രമായ ഇന്ത്യയില്‍ കീഴ് വഴക്കവും ആചാരവുമല്ല, നിയമങ്ങളാണ് പാലിക്കപ്പെടേണ്ടത്. എന്നാല്‍, ഇന്ത്യ ഒരു മതനിരപേക്ഷ രാഷ്ട്രം കൂടിയായതിനാല്‍ മതപരമായ ആചാരങ്ങളെ തള്ളിക്കളയാനാവില്ല. ശബരിമലയിലെ വിലക്ക് മതപരമായ ആചാരമല്ല. അത്,ഹൈന്ദവതയുടെ പൊതു ആചാരവുമല്ല. ശബരിമലയുമായി മാത്രം ബന്ധപ്പെട്ടു നില്‍ക്കുന്ന കീഴ് വഴക്കമാണത്. ജനാധിപത്യ – മതനിരപേക്ഷ രാഷ്ട്ര സംവിധാനത്തില്‍ ഒരു ആരാധനാലയത്തില്‍ മാത്രം നിലനില്‍ക്കുന്ന കീഴ്‌വഴക്കം സംരക്ഷിക്കപ്പെടേണ്ടതില്ല. വിശേഷിച്ച്, അത് ലിഖിതമായൊരു ഭരണഘടനയുടെ ലംഘനമാകുമ്പോള്‍. എന്തായാലും കോടതിക്കു മുന്നിലുള്ള പ്രശ്നത്തില്‍ വിധി വരുന്നതുവരെ കാത്തിരിക്കാം. കോടതി വിധിക്കട്ടെ.


images


എന്നാല്‍, സ്ത്രീവിരുദ്ധ പ്രാമാണികരുടെ വിധി ശിരസാ വഹിക്കുന്ന സ്ത്രീരത്നങ്ങളുടെ കാത്തിരിപ്പ് ആത്മഹത്യാപരമാണ്. അഭിപ്രായ സ്വാതന്ത്ര്യമനുവദിച്ചു കൊണ്ടുള്ള വിമര്‍ശനാത്മക ചര്‍ച്ചകള്‍ സമൂഹത്തില്‍ ഉണ്ടാവണം. അത്തരം ചര്‍ച്ചകളില്‍ രൂപപ്പെടുന്ന ആശയങ്ങളാണ് സമൂഹത്തെ മുന്നോട്ടു നയിക്കുക. അതിനു വിരുദ്ധമാണ് കാത്തിരിക്കാന്‍ തയ്യാറാണ് എന്ന കാമ്പയിന്‍ . ലോകമെമ്പാടുമുള്ള മനുഷ്യാവകാശപ്പോരാട്ടങ്ങളെ അപമാനിക്കുകയാണ് കേരളത്തിലെ ഈ കാമ്പയിന്‍ .


Indian-Constitution


സാമൂഹ്യ പരിവര്‍ത്തന ചരിത്രത്തോടു പുറം തിരിഞ്ഞു നില്‍ക്കുന്ന ഈ സമീപനത്തില്‍ പക്ഷേ, അത്ഭുതപ്പെടേണ്ടതില്ല. മാറുമറയ്ക്കാനുള്ള അവകാശ സമരത്തില്‍, റൗക്ക ധരിച്ച സ്ത്രീകളെ തല്ലിച്ചതച്ചതും തെരുവില്‍വലിച്ചിഴച്ചതും റൗക്ക കീറിപ്പറിച്ചതും സവര്‍ണ്ണരും പുരുഷന്മാരും മാത്രമായിരുന്നില്ല. അക്കൂട്ടത്തില്‍ മനുഷ്യാവകാശം നിഷേധിക്കപ്പെട്ട സ്ത്രീകളും പുരുഷന്മാരും ഉണ്ടായിരുന്നു. അവകാശങ്ങള്‍ക്കായി കാത്തിരിക്കാന്‍ തയ്യാറാവാത്തവരുടേതാണ് ചരിത്രം. അതറിയുന്ന മനുഷ്യാവകാശ പോരാളികള്‍ക്ക് പ്രതിലോമ വാദങ്ങള്‍ തടസ്സമാവില്ല.


download


അതേസമയം,സ്വത്വവാദികള്‍ കാത്തിരിപ്പു പ്രചരണത്തില്‍നിന്നു തിരിച്ചറിവു നേടണം. ദളിതര്‍ക്കു വേണ്ടി ദളിതര്‍, സ്ത്രീക്കു വേണ്ടി സ്ത്രീ, ഇസ്ലാമിനു വേണ്ടി ഇസ്ലാം, തുടങ്ങിയ വാദങ്ങള്‍ ചരിത്രത്തോട് നീതി പുലര്‍ത്തുന്നവയല്ല. സ്ത്രീകളെ അപമാനിക്കുന്നവര്‍ക്കൊപ്പം നില്‍ക്കുന്ന കാത്തിരിപ്പുകാരില്‍നിന്നും സ്ത്രീയുടെ അവകാശങ്ങള്‍ക്ക് ആര്‍ത്തവം പരിമിതിയെന്നു സമ്മതിക്കുന്ന കുലീന വനിതകളില്‍നിന്നും മനുഷ്യാവകാശമനുഭവിക്കാന്‍ സ്വന്തം ശരീരം തടസ്സമെന്നു അംഗീകരിക്കുന്ന വിനീതവിധേയരില്‍നിന്നും പാഠമുള്‍ക്കൊള്ളേണ്ടത് സ്വത്വവാദികളാണ്.


maxresdefault


വിശ്വാസികള്‍ക്കായി അവിശ്വാസികള്‍ വാദിക്കുകയോ എന്ന് പുച്ഛിക്കുന്നവര്‍ ചരിത്രമറിയണം. ക്ഷേത്രത്തില്‍പ്രവേശന വിളംബരം മഹാരാജാവിന്റെ ഔദാര്യമായിരുന്നില്ല. ആ ചരിത്രം മറച്ചുവയ്ക്കാനും തെറ്റിദ്ധരിപ്പിക്കാനും ശ്രമിക്കുന്നവരുടെ ഉപകരണങ്ങളാണ് തങ്ങളെന്ന് ‘കാത്തിരിപ്പു സമരക്കാര്‍ ‘ അറിയണം.


s300_equality-960x640


ശബരിമലയില്‍പ്രവേശിക്കലാണോ ഇന്നത്തെ സ്ത്രീയുടെ പ്രശ്നമെന്നു ചോദിക്കുന്നവരുണ്ട്. ഇന്ത്യന്‍ പൗരര്‍ക്ക് നിഷേധിക്കപ്പെടുന്ന ഒരവകാശവും അപ്രധാനമല്ല എന്നതാണ് മറുപടി.
കൂടുതല്‍സ്ത്രീകളെ ഭക്തരാക്കി അമ്പലങ്ങള്‍ക്കു വിട്ടു കൊടുക്കണോ എന്നു ചോദിക്കുന്നവരുമുണ്ട് .വിശ്വാസികളുടെ വിശ്വാസവും അവിശ്വാസികളുടെ അവിശ്വാസവും ഒരുപോലെ സംരക്ഷിക്കപ്പെടണം. ആരാധനാലയങ്ങളില്‍സ്ത്രീയെ വിലക്കുമ്പോള്‍ നിഷേധിക്കുന്നത് പൗരാവകാശമാണ്. ഭരണഘടനയില്‍പറയുന്ന സ്വാതന്ത്ര്യമുള്‍പ്പെടെയുള്ള പൗരാവകാശം സ്ത്രീക്ക് അനുഭവിക്കാനാവണം.