"ഞാന്‍ ഉള്‍പ്പെടുന്ന പുരുഷവര്‍ഗ്ഗത്തിന് ജസ്റ് പത്തുമിനിട്ടു മാത്രം മതി, As a biology medical science teacher, സ്പേം എന്നു പറയുന്നത് പെണ്‍കുട്ടികളുടെ യൂട്രസ്സിലേക്ക് അയയ്ക്കാന്‍ വെറും പത്തുമിനിറ്റു മാത്രം മതി. അതുകൊണ്ടാണ് സ്ത്രീ അടങ്ങിയൊതുങ്ങി നടക്കണമെന്ന് പറയുന്നത്. ഇഷ്ടപ്പെട്ടില്ല.. ഇഷ്ടപ്പെട്ടില്ല.. ഈ സ്റേജില്‍ നിന്ന് ഒരു പയ്യന്‍ ചാടുന്നതിനപ്പുറമായിട്ട് 'നീ ചാടിയാല്‍ ഉണ്ടല്ലോ ഒന്നു സ്ളിപ്പ് ചെയ്ത് "നിന്റെ ബാക്ക് ബോണ്‍ ഇടിച്ചു വീണാല്‍" നിന്റെ യൂട്രസ് സ്ളിപ്പ് ചെയ്തുപോകും. അങ്ങനെയായാല്‍ നീ ഒരു 3-5 ലക്ഷം കിംസിലും മറ്റു സ്ഥലങ്ങളിലും കൊടുക്കേണ്ടിവരും, യൂട്രസ് നേരെയാക്കാന്‍. നിനക്കു കുടുംബമായി ജീവിക്കണമെന്നുണ്ടെങ്കില്‍ അച്ചടക്കത്തോടെ കഴിയണം.''.
- ഡോ: രജത് കുമാര്‍-
" ആണ്‍കുട്ടികള്‍ ശ്രമിച്ചാല്‍ വളരെ വേഗം വളച്ചെടുക്കാനാകുന്നവരാണ് പെണ്‍കുട്ടികള്‍.തൊണ്ണൂറുശതമാനം പെണ്‍കുട്ടികളും രക്ഷകര്‍ത്താക്കളോട് നുണ പറഞ്ഞ് പ്രേമിച്ചു നടക്കുന്നു. നരകത്തില്‍ ചെന്നാല്‍ ഏറ്റവും കൂടുതല്‍ കാണുക സ്ത്രീകളെയാണ്. എണ്‍പതു ശതമാനം നല്ല മനുഷ്യരും പുരുഷന്മാരാണ്. കേവലം ഇരുപതുശതമാനം മാത്രമേ മിടുക്കികളായ സ്ത്രീകളുള്ളു. പുരുഷന്മാരാണ് മുന്‍പില്‍ നില്‍ക്കേണ്ടവര്‍. സ്ത്രീകള്‍ പുരുഷന്റെ സംരക്ഷണയില്‍ ഇരിക്കേണ്ടവരാണ്, മാത്രമല്ല പെണ്‍കുട്ടികള്‍ കണ്ടമാനം നുണപറയുന്നവരാണ്.''
ഡോ. രജിത് കുമാര്‍ തുടര്‍ന്നു:
"ജീവിതത്തില്‍ ഒരിക്കലെങ്കിലും നുണ പറഞ്ഞിട്ടുള്ള കുട്ടികള്‍ കൈ ഉയര്‍ത്തുക.''
ഒരല്പം പരിഭ്രമത്തോടെ സ്വയം അറിയാതെ യാന്ത്രികമായി ഉയര്‍ന്നുപോയ ഒരുപാട് കുഞ്ഞുകൈകള്‍.
"കൈകള്‍ ഉയര്‍ത്തിയവര്‍ മാത്രം നല്ല കുട്ടികള്‍. മറ്റുള്ളവര്‍ മോശക്കാരും.''
തങ്ങളെക്കുറിച്ച് ഇത്രയധികം അപവാദങ്ങള്‍ കേട്ടിട്ടും പൈഡ് പൈപ്പറുടെ മാന്ത്രിക വാദ്യത്തിലകപ്പെട്ടവരെന്നപോലെ അച്ചടക്കത്തിന്റെ ഇരുമ്പു വിരലറ്റങ്ങളില്‍ അവര്‍, നൂല്‍പ്പാവകളെ അനുസ്മരിപ്പിച്ചു.
പ്രഭാഷകന്റെ സര്‍വ്വതല സ്പര്‍ശിയായ ഉദ്ബോധനം പുരോഗമിക്കുകയാണ്. നാലുപേര്‍, കൂടി നില്‍ക്കുന്ന ഏതോ നാട്ടുക്കവലയില്‍ നൂറു വാള്‍ട്ട് ബള്‍ബിന്റെ ഇത്തിരിവെട്ടത്തില്‍ ബാറ്ററി ഘടിപ്പിച്ച മെഗാ ഫോണ്‍ ഒച്ചയില്‍ തോന്നുന്നതെന്തും പാട്ടാക്കി, മേമ്പൊടിയല്‍്പം മസാല ചേര്‍ത്ത്, കൈയ്യടിക്ക് കാതോര്‍ക്കുന്ന ഏതോ ഒരു മുരത്ത സ്ത്രീവിദ്വേഷിയുടെ (അധിക) പ്രസംഗമായി ഇതു തെറ്റിദ്ധരിക്കേണ്ടതില്ല. പ്രബോധകന്‍, ഡോ: രജത് കുമാര്‍ സംസ്ഥാന സര്‍ക്കാരിന്റെ നേതൃത്വത്തില്‍ വിദ്യാഭ്യാസവകുപ്പ് സംഘടിപ്പിക്കുന്ന "മൂല്യബോധന യാത്ര"യുടെ ക്യാപ്റ്റനാണ്. ഒപ്പം സ്റുഡന്റ് പോലീസ് കേഡറ്റ് പരിശീലകനും. സ്ത്രീകള്‍ക്കെതിരായി വ്യാപകമാകുന്ന അതിക്രമങ്ങള്‍ തടയുക, കടന്നാക്രമണങ്ങളെ പ്രതിരോധിക്കുന്നതിനാവശ്യമായ 'പ്രാപ്തി' നേടിയെടുക്കുക തുടങ്ങിയ മാതൃകാപരമായ ലക്ഷ്യങ്ങളാണ് സംസ്ഥാനത്ത് പതിനാലു ജില്ലകളിലെ ആയിരക്കണക്കിനു വിദ്യാഭ്യാസ സ്ഥാപനങ്ങളിലൂടെ സഞ്ചരിച്ച് തിരുവനന്തപുരത്തെ സര്‍ക്കാര്‍ വനിതാ കോളേജില്‍ പര്യവസാനിച്ച 'മൂല്യബോധന' യാത്ര ലാക്കാക്കിയത്. ആയിരത്തോളം പെണ്‍കുട്ടികളാണ് കൊടുംചൂടിലും പരിപാടിയില്‍ പങ്കെടുക്കുന്നതിനായി ഓപ്പണ്‍ എയര്‍ തീയേറ്റുകളില്‍ ഒത്തുകൂടിയിരിക്കുന്നത്. സ്ത്രീകള്‍ നിര്‍ബന്ധം പാലിക്കേണ്ട അച്ചടക്കത്തെക്കുറിച്ചും ഒതുക്കത്തെക്കുറിച്ചുമാണ് അദ്ദേഹം പറഞ്ഞുവെയ്ക്കുന്നത്.
പ്രബോധനത്തിനിടയിലെ നിമിഷനേരത്തെ പിന്‍ഡ്രോപ്പ് നിശബ്ദത ഭേദിച്ച്, തലയുയര്‍ത്തി, ചുമരില്‍ പുസ്തക സഞ്ചിയുമായി, നീല ജീന്‍സും വൈലറ്റ് ടോപ്പുമണിഞ്ഞ ഒരു പെണ്‍ മിടുക്കി സദസ്സിലേക്ക് കടന്നുവരുന്നു. അവളുടെ പുരികക്കൊടികള്‍ ചോദ്യചിഹ്നങ്ങള്‍പോലെ എഴുന്നു നിന്നു. കണ്ണുകളില്‍ പ്രതിഷേധം അലയടിച്ചിരുന്നു. ഒപ്പമുള്ള കൂട്ടുകാരോട് അവളെന്തെക്കൊയോ ഉറക്കെ പറയുന്നുണ്ടായിരുന്നു. ഇത് ആര്യ. ആലപ്പുഴ സ്വദേശിനി. സര്‍ക്കാര്‍ വനിതാ കോളേജിലെ അവസാന വര്‍ഷ ഇംഗ്ളീഷ് സാഹിത്യ ബിരുദവിദ്യാര്‍ത്ഥിനി. ഡോ. രജത്കുമാറിന്റെ നിലപാടുകളോട് ആര്യയുടെ ശരീരഭാഷ നിരന്തരം വിയോജിച്ചുകൊണ്ടിരുന്നു. സ്ത്രീവിരുദ്ധ പരാമര്‍ശങ്ങളുടെ ഉച്ഛസ്ഥായിയില്‍ ആ പെണ്‍കുട്ടി ഒരു പൊട്ടിത്തെറിയായി മാറുന്നു. അവളുടെ കുഞ്ഞു തൊണ്ടയില്‍ നിന്നുമുതിര്‍ന്ന ഒറ്റക്കൂവലില്‍ സദസ്സും വേദിയും ഒരുനിമിഷം ആടിയുലഞ്ഞു. ആള്‍ക്കൂട്ടം ഏതോഅത്ഭുതവസ്തുവിനെയെന്നപോലെ അവളിലേക്ക് മാത്രം കണ്ണുപായിച്ചുകൊണ്ടിരുന്നു. കൈകള്‍വീശി അഭിമാനത്തോടെ ആര്യ നടന്നുപോകുകയാണ്. ബൌദ്ധികാവരണം പുരട്ടിയ സ്ത്രീവിരുദ്ധ ബലൂണിന്റെ ചര്‍മപടം മുറിഞ്ഞിരിക്കുന്നു. ബാക്കിപത്രമെന്നോണം മൈക്കിലൂടെ ചില പൊട്ടലും ചീറ്റലും അപഹാസരൂപം പൂണ്ടു.
" നമുക്ക് ആ മോളോടു ക്ഷമിക്കാം. കാരണം ഇതെല്ലാം ജീനുകളുടെപ്രശ്നമാണ്. അത് തലതിരിഞ്ഞ കുട്ടിയാണ്. അതിന്റെ സിസ്റം തകരാറിലാണ്."
രോഷമടങ്ങാത്ത വാക്കുകളെങ്കിലും നടന്ന സംഭവങ്ങള്‍ സമചിത്തതോടെയാണ് ആര്യ വിവരിച്ചത്.
എന്താണ് സത്യത്തില്‍ സംഭവിച്ചത്?
ഞാന്‍ രാവിലെ കോളേജില്‍ എത്തിയപ്പോള്‍ മൂല്യബോധന യാത്ര എന്ന സര്‍ക്കാര്‍ സംരഭത്തിന്റെ സമാപനസമ്മേളനമാണെന്നറിഞ്ഞു. എന്‍.എസ്.എസ്. ചുമതല വഹിക്കുന്ന ടീച്ചര്‍മാരാണ് വിവരമറിയിച്ചത്. മറ്റ് സ്കൂളുകളിലെയും കോളേജുകളിലെയും കുട്ടികള്‍ അവിടെയുണ്ടായിരുന്നു. ഡോക്ടര്‍ രജത് കുമാര്‍ സാറിന്റെ പ്രസംഗം ഏകദേശം ഒന്നരമണിക്കൂറോളം നീണ്ടു. ഒരു ലോജിക്കും ഇല്ലാത്ത പ്രസംഗമായിരുന്നു എന്ന് കുട്ടികള്‍ പരസ്പരം പറയുന്നുണ്ടായിരുന്നു. പെണ്‍കുട്ടികളേയും സ്ത്രീകളേയും ആദ്യാവസാനം അടച്ചാക്ഷേപിച്ചുകൊണ്ടേയിരുന്നു. ടീച്ചര്‍മാരും റസ്റ്ലസ്സ് ആയി കാണപ്പെട്ടു.
ആര്യയെ ഏറ്റവുമധികം പ്രകോപിച്ചത് എന്താണ്?
പെണ്‍കുട്ടികള്‍ ജീന്‍സ് ധരിക്കുന്നതിനെക്കുറിച്ചാണ് അദ്ദേഹം പറഞ്ഞു തുടങ്ങിയത്. അത് ഒരു വെസ്റേണ്‍ കള്‍ച്ചര്‍ ആണെന്നും, അതുകൊണ്ട് പെണ്‍കുട്ടികള്‍ ജീന്‍സ് ധരിക്കുന്നത് നിര്‍ബന്ധം ഒഴിവാക്കണമെന്നും അദ്ദേഹം പറഞ്ഞു. പെണ്‍കുട്ടികള്‍ ജീന്‍സ് ധരിക്കുമ്പോള്‍ പുരുഷന്മാരുടെ സെക്കഷ്യല്‍ ഹോര്‍മോണ്‍സ് പ്രചോദിതമാകുന്നു എന്നും പറയുന്നുണ്ടായിരുന്നു. ഇതുകേട്ടപ്പോള്‍ അങ്ങോട്ട് നടന്നു ചെന്നു.
പിന്നീട് എന്താണ് സംഭവിച്ചത്?
കൂട്ടുകാരോടെല്ലാം ചോദിച്ചു, കൂവിയാലോ എന്ന്. പോലീസിനെക്കണ്ട് ആദ്യം ഒന്നു പകച്ചെങ്കിലും ഞാന്‍ മുമ്പിലേക്ക് നടന്നു. പരിചയമുള്ള കുട്ടികള്‍ ഉണ്ടായിരുന്നു. ഇതുകേട്ടിട്ട് നല്ലതാണെന്നു തോന്നുന്നുണ്ടോ, നിങ്ങള്‍ക്ക് എണീറ്റ് പൊയ്ക്കൂടേ എന്നെല്ലാം അവരോട് ചോദിച്ചു. ആരും മിണ്ടിയില്ല. ഞാന്‍ പിന്നെ മുന്നും പിന്നും നോക്കിയില്ല. ഉച്ചത്തില്‍ അങ്ങ് കൂവി. തിരിച്ചു നടന്നപ്പോള്‍ അദ്ദേഹം എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു.
ഇപ്പോള്‍ എന്തു തോന്നുന്നു?
ഞാന്‍ ചെയ്തത് എല്ലാവര്‍ക്കും വേണ്ടിയാണ്. അച്ചടക്കത്തിന്റെ പേരില്‍ അസഭ്യം കേട്ടിരിക്കാന്‍ ആവില്ല. മാത്രമല്ല നമുക്കുവേണ്ടത് സ്ത്രീയും പുരുഷനും തോളോടുതോള്‍ ചേര്‍ന്ന സമത്വത്തില്‍ അധിഷ്ഠിതമായ ഒരു ലോകക്രമമാണ്. ഞാന്‍ ചെയ്ത പ്രവര്‍ത്തിയില്‍ ഏറ്റവും അഭിമാനിക്കുന്നു. ഇത് ഒരു സന്ദേശമാണ്. എന്നെ ഏറ്റവുമധികം സന്തോഷിപ്പിക്കുന്ന മറ്റൊന്നുകൂടി ഉണ്ട്. റൂംമേറ്റും ഉറ്റസുഹൃത്തുമായ കണ്ണൂര്‍ സ്വദേശിനി അവസാന വര്‍ഷ ചരിത്രവിദ്യാര്‍ത്ഥിനി ശ്രീലക്ഷ്മിയുടെ ആവേശകരമായ തീരുമാനമാണ്. ഈ സംഭവത്തിനുശേഷം ജീന്‍സിനോട് വൈമുഖ്യം കാട്ടിയിരുന്ന അവളും അതുപയോഗിക്കാന്‍ തീരുമാനിച്ചു. കഴിഞ്ഞദിവസമാണ് മഹാരാജാസില്‍പോയി അവള്‍ക്കായി ഒരു പുതിയ ജീന്‍സ് വാങ്ങിയത്. പൊട്ടിച്ചിരിച്ചുകൊണ്ടാണ് കൂട്ടുകാരികള്‍ ഇതു പറഞ്ഞുവെച്ചത്.
സ്ത്രീകളുടെ സ്വാതന്ത്യ്രം സമത്വവും ഉറപ്പുവരുത്തി സ്ത്രീസുരക്ഷയ്ക്കും സമാധാനപൂര്‍ണ്ണായ ജീവിതത്തിനും ആവശ്യമായ സംവിധാനങ്ങള്‍ ഒരുക്കേണ്ട ഭരണകൂടവും നീതിന്യായവ്യവസ്ഥയും പുരുഷാധിപത്യമൂല്യങ്ങളുടെ സന്ദേശകരോ പ്രചാരകരോ ആകുന്ന അത്യന്തം അപകടകരമായ അനുഭവങ്ങളിലേക്കാണ് കിളിരൂരും വിതുരയും സൂര്യനെല്ലിയുമടക്കമുള്ള സ്ത്രീകള്‍ക്കെതിരായ കടന്നാക്രമണങ്ങള്‍ വിരല്‍ ചൂണ്ടുന്നത്. സൂര്യനെല്ലിയിലെ പെണ്‍കുട്ടിയുടേത് ബാലവേശ്യാവൃത്തിയാണെന്ന ജസ്റ്റിസ് ആര്‍.ബസന്തിന്റെ മനുഷ്യത്വരഹിതമായ ആക്ഷേപം മനസ്സാക്ഷിയുള്ളവര്‍ ഞെട്ടലോടെയാണ് ഏറ്റുവാങ്ങിയത്. നിയമത്തിന്റെ വ്യവസ്ഥിതിയില്‍ ബാലവേശ്യാവൃത്തി ബലാല്‍ക്കാരമാകുന്നില്ല. അങ്ങിനെ ഇരയെ അവഹേളിക്കുക മാത്രമല്ല വേട്ടക്കാര്‍ക്ക് ന്യായാധിപന്‍തന്നെ രക്ഷനേടുന്നതിനുള്ള വഴിയും തുറന്നിടുന്ന വിചിത്രമായ മാനവിക ബോധമാണ് നിലനില്‍ക്കുന്നത്. അതിന്റെയെല്ലാം പിന്തുടര്‍ച്ച എന്ന രൂപത്തിലാണ് വിദ്യാഭ്യാസ വിദഗ്ദ്ധനെന്ന കുപ്പായമണിഞ്ഞ് സംസ്ഥാന സര്‍ക്കാര്‍തന്നെ നിശ്ചയിച്ച ഡോക്ടര്‍ രജത് കുമാര്‍ വിദ്യാഭ്യാസവകുപ്പുമന്ത്രിയുടെ സാന്നിധ്യത്തില്‍ തികച്ചും സ്ത്രീവിരുദ്ധവും അസഭ്യം നിറഞ്ഞതും ഭയപ്പെടുത്തുന്നതുമായ പ്രസംഗം കാഴ്ചവച്ചത്.
പെണ്‍കുട്ടികളുടേതുമാത്രമായ ഒരുവേദിയില്‍ അവരുടെ ആത്മാഭിമാനവും സ്വത്വബോധവും ഉയര്‍ത്തുന്നതിനും ശക്തിപ്പെടുത്തുന്നതിനും തിരിച്ചറിയിക്കുന്നതിനും ആവശ്യമായ ശരിയും ശാസ്ത്രീയവുമായ അറിവുകള്‍/ അനുഭവങ്ങള്‍ പങ്കുവെയ്ക്കുന്നതിനുപകരം തികച്ചും വ്യക്തിഗതമായ മുന്‍ധാരണകള്‍ ശാസ്ത്രീയമെന്ന മട്ടില്‍ അവതരിപ്പിക്കുന്നതിലൂടെ പരിശീലകന്‍ സര്‍ക്കാര്‍ സംവിധാനങ്ങളെ ദുരുപയോഗം ചെയ്യുകയും സ്ത്രീകളുടെ സ്വാഭിമാനത്തെ അപമാനിക്കുകയും അപഹസിക്കുകയുമാണ് ചെയ്തത്. ഐ.പി.സി. സെക്ഷന്‍ 499 - 500 പ്രകാരം പരസ്യമായ അപമാനിച്ചതിന് പരിശീലകന്റെ പേരില്‍ നിയമനടപടികള്‍ സ്വീകരിക്കേണ്ടതാണ്.
സ്ത്രീകള്‍ പുരുഷന്റെ സംരക്ഷണയില്‍ കഴിയേണ്ടവരാണെന്നും, അങ്ങനെയല്ലാത്തവര്‍ക്ക് അപകടങ്ങള്‍ ഉണ്ടാകുമെന്നും അതു തികച്ചും സ്വാഭാവികമാണെന്നും സമര്‍ത്ഥിക്കുന്നതിലൂടെ എന്തു സ്ത്രീശാക്തീകരണമാണ്/മൂല്യബോധമാണ് പെണ്‍കുട്ടികള്‍ക്ക് ഭരണകൂടം പകര്‍ന്നുനല്‍കാന്‍ ശ്രമിക്കുന്നത്? സ്ത്രീ, പുരുഷന് അടിമപ്പെട്ടു ജീവിക്കേണ്ടവരാണെന്ന ധനമൂലധനവ്യവസ്ഥിതിയെ ഊട്ടിയുറപ്പിക്കുന്നതിനുവേണ്ടിയുള്ള പരമ്പരാഗത പിന്നാമ്പുറ ശ്രമങ്ങളുടേയും സ്ത്രീശരീരത്തെ ആവശ്യാനുസരണം / തരാതരംപോലെ, അമ്മ/തായ്/ദേവി/ ഉപഭോഗവസ്തുവല്‍ക്കരിക്കുകയും ചെയ്യുന്ന പുരുഷകേന്ദ്രീകൃത മേല്‍ത്തട്ടുവ്യവസ്ഥയുടെ കരണക്കുറ്റിക്കാണ് ഒരൊറ്റ കൂവലിലൂടെ ആര്യ ആഞ്ഞടിച്ചത്.
സര്‍ക്കാര്‍ വനിതാ കോളേജിലെ ചുമരുകളില്‍ പ്രതിധ്വനിച്ച, എഴുത്തും വായനയും കവിതയും നൃത്തവും സംഗീതവും സിനിമയും സ്കിറ്റും എല്ലാം ഇഷ്ടപ്പെടുന്ന ആ മിടുക്കി പെണ്‍കുട്ടിയുടെ ഒറ്റപ്പെട്ട ശബ്ദം, സുനാമിപോലെ പടര്‍ന്നു കഴിഞ്ഞിരിക്കുന്നു. കേരളത്തിന്റെ പെണ്‍ മനസ്സ് ഒറ്റക്കെട്ടായി പറയുന്നു അച്ചടക്കത്തിന്റെ പേരില്‍ അസഭ്യം കേട്ടിരിക്കാന്‍ ഞങ്ങള്‍ ഒരുക്കമല്ല. ആര്യ കേവലം ഒരു ശബ്ദമല്ല. മറിച്ച് ഒരായിരം ആര്യമാരെ ഉണര്‍ത്തുന്ന ജീവന്റെ തുടികൊട്ടലാണ്. കേരളം ആര്യമാര്‍ക്കായി അഭിമാനപൂര്‍വ്വം കാത്തിരിക്കുന്നു. നിങ്ങള്‍ കൂവിയാര്‍ത്താലും.
Image Courtesy: Ratheesh Sundaram