പോണ്ടിചേരി, തമിഴ് സംസ്കാരവും ഫ്രഞ്ച് സംസ്കാരവും ഇഴചേര്‍ന്നു കിടക്കുന്ന ഭാരതത്തിന്‍റെ സ്വന്തം കേന്ദ്ര ഭരണ പ്രദേശം. ഒരിക്കലും അകലാന്‍ ഇഷ്ടമില്ലാതെ പോലെ ഇറുകിയുരുമ്മി ഇരിക്കുന്ന ഫ്രഞ്ച് ശൈലിയില്‍ ഉള്ള വീടുകളും, പ്രാദേശിക കൂത്ത്‌പാട്ടുകളും ഒരുപോലെ നിലകൊള്ളുന്ന ഇടം.
മറ്റുള്ള കേന്ദ്ര ഭരണ പ്രദേശങ്ങളില്‍ നിന്നും എന്തുകൊണ്ടും വ്യത്യസ്ത പുലര്‍ത്തുന്നുണ്ട് ഇവിടം. ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടി ഏകദേശം 7 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് പോണ്ടി ഇന്ത്യയോട് ചേര്‍ന്നത്. സമരങ്ങളോടും സമര മുറകളോടും വലിയ തരത്തില്‍ അഭിനിവേശം വെച്ച് പുലര്‍ത്തിയിരുന്നില്ല എന്നതുകൊണ്ട് തന്നെ പോണ്ടിക്ക് അവകാശപ്പെടാവുന്ന പോരാട്ട ചരിത്രങ്ങള്‍ കുറവാണ്. 1985 ല്‍ കേന്ദ്ര ഭരണ പ്രദേശത്തിന്‍റെ വിദ്യാഭ്യാസ വികസനത്തിനായി ഭാരത സര്‍ക്കാര്‍ ആണ് പോണ്ടിചേരി സര്‍വകലാശാല എന്ന ആശയം മുന്നോട്ടുവെച്ചത്. സാധാരണയായി ഒരു സര്‍വകലാശാല അന്തരീക്ഷത്തില്‍ കണ്ടു വരുന്ന തരം രാഷ്ട്രീയ ചര്‍ച്ചകളോ കലാ സാംസ്കാരിക മുന്നേറ്റങ്ങളെ അവകാശപ്പെടാനില്ലാതെ ഉഴറിയിരുന്ന ഈ കലാലയത്തിനു സുപരിചിതമായിരുന്നത് ഒരുപക്ഷെ ജാതിയ വേര്‍തിരിവുകള്‍ കൊണ്ട് ആഘോഷമായിരുന്ന രാഷ്ട്രീയ വശങ്ങള്‍ മാത്രമായിരിക്കണം.
സര്‍വകലാശാല സ്ഥാപിതമായതിനു ശേഷം വലിയ ജനപങ്കാളിത്തത്തോട് കൂടിയ സമരങ്ങള്‍ ഇവിടെ ഉണ്ടായിട്ടില്ല. ആദ്യത്തെ സമരത്തിന്‍റെ തുടക്കം എസ്.എഫ്.ഐ ഉടെ നേതൃത്വത്തില്‍ നടന്ന മെസ്സ് ഉപരോധമാണ്.ഭക്ഷണത്തിന്‍റെ നിലവാരത്തെക്കുറിച്ച് പലതവണ പരാതിപെട്ടിട്ടുണ്ടെങ്കില്‍ കൂടി അധികാരികള്‍ പരാതികള്‍ക്ക് നേരെ കണ്ണടയ്ക്കുക മാത്രമാണ് ഉണ്ടായത്. ഭക്ഷണത്തിനൊപ്പം പുഴുവിനെ കണ്ടെത്തിയതിനെ തുടര്‍ന്ന് വിദ്യാര്‍ഥികള്‍ മെസ്സ് ഉപരോധിക്കുകയും,പഴകിയ ഭക്ഷണ സാധനങ്ങള്‍ പുറത്തേക്ക് എറിയുകയും ചെയ്തതോട് കൂടിയാണ് ഒരു സമര പരമ്പരയുടെ അദ്ധ്യായത്തിനു ഇവിടെ തുടക്കം കുറിക്കുന്നത്.
പ്രതിഷേധ സൂചകമായി സര്‍വകലാശാലയുടെ രണ്ടു ഗേറ്റ്കളും ഉപരോധിച്ചു രാത്രി മുഴുവന്‍ അവിടെ കഴിച്ചു കൂട്ടുകയും ഒപ്പം ഭക്ഷണം പാകം ചെയ്തുമായിരുന്നു അധികാരികളെ വിദ്യാര്‍ത്ഥികള്‍ തങ്ങളുടെ എതിര്‍പ്പറിയിച്ചത്. രണ്ടാമത്തെ ദിവസം നിലവിലെ വൈസ് ചാന്‍സിലര്‍ നേരിട്ട് എത്തി പ്രശ്നത്തിന് പരിഹാരം കാണാമെന്നു ഉറപ്പു നല്‍കിയതിനു ശേഷമാണ് സമരം അവസാനിച്ചത്. അന്ന് ആണ്‍കുട്ടികളുടെ മെസ്സ് ഇന്‍ ചാര്‍ജ് നെ നീക്കുകയും. കുട്ടികള്‍ക്കും ഭക്ഷണത്തിന്‍റെ ഗുണനിലവാരത്തില്‍ ഇടപെടാനും എതിര്‍പ്പ് അറിയിക്കാനും കൂടുതല്‍ സ്വാതന്ത്ര്യം ലഭിക്കുകയുമുണ്ടായി.
ആ സമരം ഒരു തരത്തില്‍ വലിയൊരു വിജയം തന്നെയായിരുന്നുവെന്ന് പറയാം. പക്ഷെ അതിനു മുന്‍പന്തിയില്‍ നിന്നിരുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പിന്നീട് സര്‍ട്ടിഫിക്കറ്റ് കൊടുക്കാതെയാണ് അന്നുണ്ടായിരുന്ന അധികാരികള്‍ അവരുടെ മേല്‍ക്കോയ്മ കാണിച്ചത്.
പിന്നീട് സര്‍വകലാശാലയുടെ സമര ചരിത്രത്തിന്‍റെ ഏടുകളില്‍ എഴുതപെട്ട സമരമാണ് കാവ്യാ-വിദ്യാ പീഡനകേസ്. ഏകദേശം 500 ഓളം വിദ്യാര്‍ഥികള്‍ പങ്കെടുത്ത സമരമായിരുന്നു അത്.എസ് എഫ് ഐയുടെ നേതൃത്വത്തില്‍ നടന്ന ഈ സമരം സര്‍വകലാശാലയില്‍ സ്ത്രീകള്‍ എത്രമാത്രം ചൂഷണത്തിന് ഇരയാകുന്നുണ്ടെന്നു പുറത്തുകൊണ്ടുവരാന്‍ ഉതകി.
രാത്രിയില്‍ കലാലയത്തിലൂടെ നടന്ന വിദ്യാര്‍ഥികളെ ലൈംഗികചുവയുള്ള ഭാഷയില്‍ അധിക്ഷേപിക്കുകയും,അസഭ്യം പറയുകയും,തിരിച്ച് പ്രതികരിച്ച വിദ്യാര്‍ഥികളോട് "നീയൊക്കെ ഇനിയും രാത്രിയില്‍ സഞ്ചരിക്കുമല്ലോ, ഇനിയും രണ്ടു വര്ഷം കൂടി ഉണ്ടല്ലോ, നിന്നെ ബലാല്‍സംഗം ചെയ്തില്ലെങ്കില്‍ ഞാന്‍, ഞാന്‍ അല്ല" എന്നാണ് ഫിസിക്കല്‍ എഡ്യൂകേഷന്‍ വിഭാഗത്തിലെ ശ്രീജിത്ത് എന്ന വിദ്യാര്‍ത്ഥി പ്രതികരിച്ചത്.പരാതിപ്പെടുകയാണെങ്കില്‍ രണ്ടു കാലില്‍ നടക്കില്ലെന്ന്‍ പറഞ്ഞു ഭീഷണിപ്പെടുത്തുകയും കൂടെയുണ്ടായിരുന്ന ആണ്‍കുട്ടികളെ തല്ലിചതച്ചുമാണ് അവര്‍ ആണത്വം കാണിച്ചത്. പരാതിപ്പെട്ട പെന്കുട്ടിക്കള്‍ക്ക് നേരെ അനുദിനം ഭീഷണികള്‍ വന്നുകൊണ്ടേയിരുന്നു. അധികാര വര്‍ഗത്തിന് കലാലയത്തിന്‍റെ അന്തസ്സ് കാത്തുസൂക്ഷിക്കണം എന്ന കപട മുഖംകൂടിയണിഞ്ഞു പരാതിയെ അശേഷം തള്ളികളഞ്ഞു.
ലജ്ജാവഹമായ നടപടിയായിരുന്നു അന്ന് സര്‍വകലാശാല ആ സമരത്തിനെതിരെ കൈക്കൊണ്ടത്. പരാതിപ്പെട്ട വിദ്യാര്‍ത്ഥികളെയും അവരുടെ ഒപ്പമുണ്ടായിരുന്ന 5 സുഹൃത്തുക്കളെയും (അഭിജിത്ത് വി,അഭിജിത്ത് ബി,മോനു എന്‍ സി, ജ്യോതിഷ് കെ,റോണി പൗലോസ്) പുറത്താക്കിക്കൊണ്ടുള്ള ഉത്തരവായിരുന്നു അത്. തീര്‍ത്തും അപലപനീയമായ തീരുമാനത്തിനെതിരെ അന്ന് നിരാഹാര സമരം നടത്തിയാണ് സഖാക്കള്‍ പ്രതികരിച്ചത്. കാവ്യാ നാല് ദിവസത്തോളം നിരാഹാരം കിടക്കുകയും അവസാനം ആരോഗ്യസ്ഥിതി വഷളായപ്പോള്‍ പോലീസ് അറസ്റ്റ് ചെയ്യപ്പെടുകയുമാണ് ഉണ്ടായത്. അതിനു ശേഷം മറ്റു മൂന്ന് വിദ്യാര്‍ഥികള്‍ കൂടി നിരാഹാര സമരമുഖത്തേക്ക് ഇറങ്ങുക ഉണ്ടായി.
മദ്രാസ് ഹൈ കോര്‍ട്ട്ന്‍റെ ക്രിയാത്മകമായ ഇടപെടലുകള്‍ കൊണ്ട് സസ്പെന്‍ഷന്‍ സ്റ്റേ ചെയ്യുകയും വിദ്യാര്‍ത്ഥികള്‍ക്ക് തുടര്‍ന്ന്കലാലയത്തില്‍ തുടരുവാനുമുള്ള അനുമതി കൊടുക്കുന്ന സ്ഥിതി വിശേഷവും ഉണ്ടായി. ഈ പരാതിയുടെ അന്തിമ വിധി ഇനിയും വരാത്തതും വലിയ രീതിയില്‍ത്തന്നെ ഉള്ള അധികാരവിരോധത്തിനു വഴി ഒരുക്കിയിട്ടുണ്ട്.
പിന്നീട് സമരങ്ങളുടെ ഒരു പരമ്പര തന്നെ കലാലയത്തില്‍ നടന്നത്. രാത്രി പത്തുമണിക്ക് ശേഷം ആണ്‍കുട്ടികള്‍ക്ക് പെണ്‍കുട്ടികളുടെ ഹോസ്റ്റല്‍ വഴിയെ പോകുന്നതിനു തടയിട്ടു കൊണ്ട് "ലിംഗഭേദ ഗേറ്റ്" നിലവില്‍ വന്നു. സമരം നടത്തിയെങ്കില്‍ കൂടി ആ ഗേറ്റ് ഇപ്പോഴും ഈ കലാലയത്തില്‍ നിലകൊള്ളുന്നുണ്ട്. മറ്റുള്ള കേന്ദ്ര സര്‍വകലാശാലയില്‍ സമയപരിമിധി ഇല്ലാത്ത ലൈബ്രറി സൗകര്യവും കര്‍ഫ്യൂ ഇല്ലായ്മയും നിലനില്‍ക്കെ,ആണെന്നും പെണ്ണെന്നുമുള്ള അന്തരം വര്‍ദ്ധിപ്പികുകയാണ് പോണ്ടിച്ചേരി സര്‍വകലാശാലയിലെ അധികാരികള്‍.
എല്ലാ കേന്ദ്ര സര്‍വകലശാലയിലും 24 മണികൂര്‍ പ്രവര്‍ത്തനസജ്ജമായ ലൈബ്രറി സൗകര്യങ്ങള്‍ ഉണ്ട് പക്ഷെ പോണ്ടിചേരി സര്‍വകലാശാലയില്‍ 12 മണിക്കൂര്‍ മാത്രമേ വായനശാല പ്രവര്‍ത്തിക്കുന്നുള്ളൂ. 24 മണിക്കൂര്‍ വായനശാല വരികയാണെങ്കില്‍ പെണ്‍കുട്ടികളുടെ നിലവിലെ കര്‍ഫ്യൂ ഒഴിവാക്കേണ്ടി വരികയും ലിംഗഗേറ്റ് നാമാവശേഷമായി മാറുകയും ചെയ്യും. ഈ ആശയത്തില്‍ ഊന്നി എസ്.എഫ്.ഐ "വായനശാല കൈയ്യാളുക" എന്നൊരു സമരം സംഘടിപ്പിച്ചിരുന്നു. വായനയും,വരയും,പാട്ടുകളും,നാടകങ്ങളുടെയും അകമ്പടിയോടു കൂടി ആവേശകരമായി തന്നെയായിരുന്നു സമരം നടന്നത്. പക്ഷെ അധികാരികള്‍ ഇതൊന്നും കണ്ടതായിപോലും നടിചിരുന്നില്ലാ.
പിന്നീടു രാത്രിയില്‍ പെണ്‍കുട്ടികളുടെ ഹോസ്റ്റലില്‍ ഒരു വ്യക്തി കടന്നുകൂടുകയും നഗ്നതാ പ്രദര്‍ശനം നടത്തുകയും ചെയ്തു. ഇതിനെതിരെ അതെ രാത്രിയില്‍ പെണ്‍കുട്ടികള്‍ ഹോസ്റ്റലിനു വെളിയിലിറങ്ങി ഇരിക്കുകയും വൈസ് ചാന്‍സിലര്‍ വരാതെ അകത്തേക്ക് മടങ്ങി പോകില്ലെന്നും പറഞ്ഞു. അന്നേ ദിവസം രാവിലെ 2:30 ക്ക് പരാതിക്ക് കൃത്യമായ പരിഹാരം കാണുമെന്നു ഉറപ്പു നല്‍കിയാണ് വിസി പിരിഞ്ഞത്. കാര്യക്ഷമമായി പെണ്‍കുട്ടികളുടെ സുരക്ഷയുടെ കാര്യത്തില്‍ സര്‍വകലാശാല വലിയ തോതില്‍ ശ്രദ്ദ ചെലുത്തുന്നില്ലെന്ന് ആക്ഷേപം നിലനിന്നുപോരുമ്പോള്‍ തന്നെയായിരുന്നു ഈ സംഭവം.
ഈ സമരങ്ങളോടൊപ്പം ജാദവ്പൂര്‍ യൂണിവേര്‍സിറ്റിയിലെ വിസിയെ നീക്കം ചെയ്യുന്നതിനായി ഐക്യദാര്‍ഢ്യ മനുഷ്യച്ചങ്ങല എസ്.എഫ്.ഐ യുടെ നേതൃത്വത്തില്‍ സര്‍വകലാശാലയില്‍ നടന്നിരുന്നു.
സമരങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കില്‍ കൂടി മുന്‍പ് പറഞ്ഞ പോലെ വലിയ തോതില്‍ വിദ്യാര്‍ത്ഥികളെ സ്വാദീനിക്കാന്‍ സാധിച്ചിരുന്നില്ല എന്നത് വാസ്തവമാണ്. അന്ന് ആശയ വേര്‍തിരിവിന്‍റെ അടിസ്ഥാനത്തില്‍ കുട്ടികള്‍ ഭിന്നിക്കുകയാണ് ഉണ്ടായത്.
പ്രൊഫ. ജെ. കെ തരീന്റെ കാലയളവില്‍ 300 % പുരോഗതി കൈവരിക്കുകയും ഇന്ത്യയിലെ തന്നെ 4 മത്തെ മികച്ച സര്‍വകലാശാലയുമായി മാറിയ പോണ്ടിചേരി കേന്ദ്ര സര്‍വകലാശാലക്ക് പിന്നീട് അതെ രീതിയിലുള്ള പുരോഗതി കൈവരിക്കാന്‍ സാധിച്ചിട്ടില്ല.
ഒരുപാട് കെട്ടിടങ്ങളും അതോടൊപ്പം തന്നെ കലാലയ വികസനത്തിനും വന്‍തോതിലുള്ള വര്‍ദ്ധനവാണ് തരീന്‍റെ കാലയളവില്‍ ഉണ്ടായത്.വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ സൈക്കിളുകളും,ബാറ്ററി കാറുകളും ഉണ്ടായിരുന്നു. വൈഫൈ കൃത്യതയോടുകൂടിയും ലഭിച്ചിരുന്നു. പക്ഷെ ചന്ദ്രാ കൃഷ്ണമൂര്‍ത്തി അധികാരത്തില്‍ എത്തിയതോടെ ഈ സൗകര്യങ്ങള്‍ വെട്ടികുറയ്ക്കുകയും പോണ്ടിച്ചേരി സര്‍വകലാശാല 4 എന്ന റാങ്കിങ്ങില്‍ നിന്നും 61 ലേക്ക് കൂപ്പുകുത്തുകയാണ് ഉണ്ടായത്. സമരമുഖങ്ങളില്‍ പ്രത്യക്ഷപെട്ട ഓരോ വിദ്യാര്‍ത്ഥികളെയും അവരെ പിന്താങ്ങുന്ന അധ്യാപകരെ കൊണ്ട് അടിച്ചമര്‍ത്തിക്കൊണ്ടേയിരുന്നു.
തനിക്കെതിരെ നില്‍ക്കുന്ന,ശബ്ദമുയര്‍ത്തുന്ന ഏതൊരാളെയും നിശബ്ദതരാക്കുക എന്നതായിരുന്നു വിസിയുടെ നയം. അധ്യാപകരുടെ സ്ഥാനകയറ്റവും, ലഭിക്കേണ്ട മാന്യമായ ശമ്പളത്തിലും കൈകടത്തിയായിരുന്നു അവര്‍ പ്രതികാരങ്ങള്‍ ഫലപ്രാപ്തിയില്‍ എത്തിച്ചത്. എതിര്‍ക്കുന്ന അധ്യാപകരെ മുന്നറിയിപ്പില്ലാതെ മാഹി കമ്മ്യൂണിറ്റി കലാലയങ്ങളിലേക്ക് സ്ഥലം മാറ്റം നടത്തുകയും ചെയ്തിരുന്നു.
നിയമനത്തിന്‍റെ സമയത്ത് കൊടുത്തിരിക്കുന്ന സിവിയില്‍ സംശയം തോന്നിയ ചില അധ്യാപകരും വിദ്യാര്‍ത്ഥികളും ആര്‍ടിഐ ഫയല്‍ ചെയ്തതോടു കൂടിയാണ് അഴിമതിയില്‍ ആറാടിയ നഗ്നസത്യങ്ങള്‍ പുറത്തുവന്നത്.സിവിയില്‍ ചന്ദ്ര കൃഷ്ണമൂര്‍ത്തിയുടെ PhD തീസിസ് വ്യാജമാണെന്നും അങ്ങിനെ ഒന്ന് പ്രസിദ്ധീകരിചിട്ടില്ലെന്നും വ്യക്തമായി, യുജിസിയുടെ അംഗീകാരം പോലും ലഭിച്ചിട്ടില്ലാത്ത ശ്രീലങ്കയിലെ ഓപ്പണ്‍ യൂണിവേര്‍സിറ്റി ഫോര്‍ കോംപ്ലിമേനടരി മെഡിസിന്‍സ് എന്നയിടത്തില്‍ നിന്നാണ് വിസിയുടെ ഡി ലിറ്റ്. മൂന്ന് ബുക്കുകള്‍ എഴുതിയിട്ടുണ്ട് എന്നു അവകാശപെടുന്നു പക്ഷെ ഇതില്‍ ഒന്ന് മാത്രമാണ് പ്രസിദ്ധീകരിച്ചത് പക്ഷെ അത് വേറെ ഒരു ബുക്കിന്റെ 98% പകര്‍പ്പാണ് എന്ന് കണ്ടെത്തുക ഉണ്ടായി.
9 PhD വിദ്യാര്‍ത്ഥികളെ ഗൈഡ് ചെയ്യുന്നു എന്നു അവകാശപ്പെടുന്നു എന്നാല്‍ അതില്‍ ആകെ 2 പേരെ മാത്രമാണ് ചന്ദ്ര കൃഷ്ണമൂര്‍ത്തി ഗൈഡ് ചെയ്തത്, മാത്രമല്ല 25 പ്രബന്ധങ്ങള്‍ പ്രസിദ്ധീകരിചിട്ടുണ്ടെങ്കിലും അത് ലീഗല്‍ പ്രഗല്‍ഭന്‍മാരുടെ പേപ്പറുകളുടെ പകര്‍പ്പാണെന്നു കണ്ടെത്തി. 15 വര്‍ഷത്തെ അധ്യാപനപരിചയം വിസിയാകാന്‍ വേണമെന്ന് നിര്‍ബന്ധമുണ്ട്, പക്ഷെ ചന്ദ്ര കൃഷ്ണമൂര്‍ത്തി അധ്യാപികയായി പ്രവര്‍ത്തിച്ചതിനു തെളിവില്ല. ആര്‍ടിഐ വഴി അവര്‍ പ്രവര്‍ത്തിച്ചിരുന്നു എന്ന് പറയപ്പെടുന്ന കോളേജിലെ വിഭാഗതലവന്‍ കൂടിയില്ലെന്നാണ് മറുപടി കിട്ടിയത്.
സര്‍വകലാശാലയുടെ വികസനത്തിനായും വിഭാഗങ്ങളുടെ പ്രത്യേക കെട്ടിടങ്ങള്‍ക്കായും നീക്കിവെച്ചിരുന്ന തുകകളില്‍ ചിലത് ചിലവഴിച്ചതായി കാണുന്നു. പക്ഷെ നിര്‍മാണം ആരംഭിച്ചിട്ടില്ല. വൈഫൈ സംബന്ധിച്ച പരാതികള്‍ കൂടി വരുമ്പോള്‍ സാമൂഹിക മാധ്യമങ്ങള്‍ക്ക് വിലക്ക് കല്പിചിരിക്കുകയാനിവിടം.
ന്യൂനപക്ഷ സമുദായങ്ങളുടെ നേരെയുള്ള കടുത്ത പ്രഹരമായാണ് ഫീസ് വര്‍ദ്ധനവിനെ നോക്കിക്കാണണ്ടത്. നാല്‍പതിനായിരത്തില്‍ പരം രൂപ അടയ്ക്കാന്‍ കഴിവുള്ള ഒരു വിദ്യാര്‍ത്ഥിക്ക് മാത്രമേ ഇവിടെ അഡ്മിഷന്‍ എടുക്കാന്‍ കഴിയുകയുള്ളൂ എന്നാതാണ് ഏറ്റവും ദുഖകരം. അതുപോലെ തന്നെ എസ്റ്റി/എസ് സി വിഭാഗത്തിന് ഫീസ് ഇളവുകള്‍ വലിയ തോതില്‍ നടപ്പാക്കി വരുന്നില്ല.
അഴിമതിയില്‍ ആറാടിയ ഭരണത്തിനെതിരെയും വിദ്യാര്‍ത്ഥി സമൂഹത്തിന്‍റെ ഉന്നമനത്തിനായിട്ടുമുള്ള ഒരു സമരമായാണ് എനിക്കിതിനെ വ്യാഖ്യാനിക്കാന്‍ കഴിയുന്നത്.
പോണ്ടിച്ചേരി യൂണിവേഴ്സിറ്റി സ്റ്റുഡന്‍സ് മൂവ്മെന്‍റ് (പിയുഎസ്എം) എന്ന പേരില്‍ കൃത്യമായ രാഷ്ടീയ മുഖച്ഛായ ഇല്ലാതെയാണ് സമരം ആരംഭിച്ചത്.അഞ്ചാം ദിവസം പോലീസ് സര്‍വകലാശാല പരിധിക്കുള്ളില്‍ കയറി പ്രഹരിച്ചപ്പോള്‍ മാത്രമാണ് ദേശീയ മാധ്യമങ്ങള്‍ക്ക് മുന്നില്‍ ഞങ്ങള്‍ വാര്‍ത്തയായതത്. വിസിയെ പുറത്താക്കണം എന്നത് മുഖ്യ അജണ്ടയാക്കി അതിനോടൊപ്പം 43 ഇന ആവശ്യങ്ങളാണ് ഉന്നയിച്ചത്.
ഫീസ് വര്‍ദ്ധന നീക്കം ചെയ്യണമെന്നും ,25% സീറ്റുകള്‍ പോണ്ടിച്ചേരി നിവാസികള്‍ക്ക് കൊടുക്കണമെന്നും, ബാറ്ററികാറുകള്‍ തിരികെ കൊണ്ടുവരണമെന്നും, വൈഫൈ കൃത്യതയോട് കൂടി പ്രവര്‍ത്തിക്കണമെന്നും, 2000 വിദ്യാര്‍ഥികളെ ഉള്‍പ്പെടുത്തുന്ന ഹോസ്റ്റലിന്റെ നിര്‍മാണം എത്രയും വേഗം തുടങ്ങണമെന്നും, നിര്‍ത്തലാക്കിയ മുന്‍ സെന്ററുകള്‍ പുനരാരംഭിക്കണമെന്നും, എസ്സി എസ്റ്റി വിഭാഗത്തിന് 50% ഫീസ് ഇളവ് നല്‍കണമെന്നും, എന്ട്രന്‍സ് പരീക്ഷകള്‍ സ്വകാര്യകോളേജുകളില്‍ നടത്താതിരിക്കുകയും,പുതിയതായി ആരംഭിച്ച ഡിപ്പാര്‍ട്ട്മെന്‍റ് തിരിച്ചുള്ള ഹോസ്റ്റല്‍ നിയമനത്തിന് പകരം എല്ലാ വിദ്യാര്‍ഥികള്‍ക്കും ഹോസ്റ്റല്‍ സൗകര്യം ലഭ്യമാകുക,PhD വിദ്യാര്‍ഥികള്‍ക്ക് എത്രയും വേഗം രജിസ്ട്രഷന്‍ നടപ്പിലാക്കുക എന്നിവയാണ് പ്രധാന ആവശ്യങ്ങള്‍.
ജൂലൈ 27 നു ആരംഭിച്ച സമരത്തില്‍ വ്യത്യസ്തയാര്‍ന്ന സമരമുറകള്‍ക്കാണ് സര്‍വകലാശാല സാക്ഷ്യം വഹിച്ചത്. വിപ്ലവഗാനങ്ങളും,വാദ്യോപകരണങ്ങളും ഒക്കെ ചേര്‍ന്ന് ആഘോഷമായി ആയിരുന്നു സമരദിനങ്ങള്‍. അബ്ദുല്‍ കലാമിന്‍റെ വിയോഗത്തില്‍ തുടര്‍ന്ന് നിശബ്ദ സമരവും,വായനസമരവും ആചരിച്ചു. പിന്നീട് ഞങ്ങളുടെ കൂട്ടുകാരെ തല്ലിച്ചതച്ച പോലീസ് കാടത്തത്തിനെതിരെ മെഴുകുതിരി പദയാത്രയും നടത്തി.
20 ദിവസം നീണ്ടു നിന്ന സമരത്തില്‍ 11 ആം ദിവസമാണ് കേന്ദ്ര മാനവിക വകുപ്പ് നിലവിലെ സാഹചര്യം കണ്ടറിയാനും കേട്ടറിയാനും എത്തിയത്. അപ്പോഴേക്കും ഞങ്ങള്‍ നിരാഹാരസമരത്തിലേക് നീങ്ങിയിരുന്നു. നിരാഹാരസമരം നടന്നപ്പോള്‍ തന്നെ 24 മണിക്കൂര്‍ പ്രവര്‍ത്തനസജ്ജമായ ലൈബ്രറി കെട്ടിടം തുറക്കണമെന്ന് ആവശ്യപെട്ടു വായനശാലയില്‍ സമരം നടത്തുകയും ഉണ്ടായി.
നിരാഹാരസമരത്തിന്‍റെ 180 ആം മണിക്കൂറിലാണ് വിസിയെ 6 ദിവസത്തെ നിര്‍ബന്ധിത അവധിയില്‍ പ്രവേശിക്കാന്‍ കേന്ദ്ര മാനവിക വികസന വകുപ്പ് ആവശ്യപ്പെടുന്നത്. താല്‍കാലിക വിജയമായി കണക്കിലെടുത്ത് 20 ദിവസം നീണ്ടു നിന്ന സമരം അങ്ങിനെ അവസാനിപ്പികുകയായിരുന്നു.
നിലവിലെ ആക്ടിംഗ് വിസിയായി അനീഷ ഖാനെ നിയമിക്കുന്നതിനു മുന്‍പ് വിസിയുടെ ദല്ലാളിനെ നിയമിക്കാന്‍ ഉള്ള സര്‍ക്കുലാര്‍ പുറപ്പെടുവിച്ചപ്പോള്‍ റെജിസ്ട്രാറിനെ ഖരാവോ ചെയ്ത് ഓര്‍ഡര്‍ പിന്‍വലിപ്പിക്കുകയാണ് ഉണ്ടായത്. ഖരാവോ ചെയ്ത സമയത്ത് "തമിഴ് നായെ ഇറങ്ങി പോടാ" എന്ന് വിളിച്ചു എന്ന് ആരോപിച്ചു വിസിയുടെ അധ്യാപക അനുയായികളുടെ സഹായത്തോടെ ഒരുപറ്റം വിദ്യാര്‍ഥികള്‍ വന്‍ തോതിലുള്ള ആക്രമണം അഴിച്ചു വിട്ടു. പക്ഷെ അങ്ങിനെ ഒരു വാദഗതിക്ക് തെളിവുകള്‍ ഒന്നും തന്നെ ഇവരുടെ കൈകളില്‍ ഇല്ല. തമിഴ് വികാരം ഉണര്‍ത്തുന്ന പോസ്റ്ററുകള്‍ എന്തിയും മുദ്രാവാക്യങ്ങള്‍ വിളിച്ചും അവര്‍ കണ്ണില്‍ കണ്ട വിദ്യാര്‍ത്ഥികളെ തല്ലിയൊതുക്കി. ഈ സമരത്തെ പിന്താങ്ങിയ പോണ്ടിച്ചേരി യൂണിവേഴ്സിറ്റി ടീച്ചേര്‍സ് അസോസിയേഷന്‍ ഭാരവാഹികളുടെ ഓഫീസും,ഉപകരണങ്ങളും താറുമാറാക്കി.
അങ്ങിനെയൊരു സാഹചര്യത്തിലാണ് ഓഗസ്റ്റ് 21 നു ഇനി ഒരറിയിപ്പ് വരുന്നത് വരെ ചന്ദ്ര കൃഷ്ണമൂര്‍ത്തി നിര്‍ബന്ധിത അവധിയില്‍ പ്രവേശിക്കാനും സര്‍വകലാശാല പരിധിക്കുള്ളില്‍ വരാതെ ഇരിക്കാനുമുള്ള സര്‍ക്കുലര്‍ വന്നത്. അനീഷ ഖാന്‍ വിസിയായി തുടരുമെന്നും അതില്‍ പറയുന്നു. സമരം വിജയിച്ചിരിക്കുന്നു എന്ന് ഉറപ്പിച്ചു പറയാന്‍ കഴിയുന്ന സ്ഥിതിയില്‍ ഞങ്ങള്‍ എത്തിച്ചേര്‍ന്നിരിക്കുന്നു.
അടിച്ചമര്‍ത്തലുകളുടെ കഥ പറഞ്ഞുപഴകിയ പോണ്ടിച്ചേരി സര്‍വകലശാലയ്ക്ക് ഇപ്പോള്‍ സ്വന്തമായി അവകാശപ്പെടാന്‍ ചെറുത്തുനില്‍പ്പിന്‍റെ ചരിത്രാതീമായ ഏടുണ്ട്. ഈ സമരം വഴി തുറന്നത് വിശാലമായ ആശയവിനിമയത്തിനും ആശയ കൈമാറ്റതിനും ആണ്. കൃത്യമായ രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ വേരോട്ടമോ ഒന്നും തന്നെ അവകാശപ്പെടാന്‍ ഇല്ലാത്ത ഈ സര്‍വകലാശാലയ്ക്ക് ചിലപ്പോള്‍ ഇത്രയും ജനകീയമായ ഒരു മുന്നേറ്റത്തിന്‍റെ അകമ്പടിയോട് കൂടി പ്രസ്ഥാനധിഷ്ടിധ രാഷ്ട്രീയ പ്രവര്‍ത്തനങ്ങളിലേക്ക് നീങ്ങാന്‍ സാധിച്ചേക്കും.അത് തന്നെയാണ് ഈ സമരത്തില്‍ നിന്ന് ഉള്‍കൊള്ളാന്‍ കഴിയുന്ന ഏറ്റവും വലിയ പാഠം.
ഞങ്ങളുടെ സമരത്തിനോടൊപ്പം ചേര്‍ന്ന് പോകുന്ന സമാനമായ സമരങ്ങള്‍ കണ്ണൂരിലും,ബംഗാളിലും ഇപ്പോള്‍ പൂനൈയിലും നടക്കുന്നുണ്ട്. അധികാര ശ്രേണീകരണത്തില്‍ തന്നെയുള്ള പാകപിഴയാണ് ഇതെന്ന് മനസിലാക്കാന്‍ വലിയ തിരിച്ചറിവ് വേണമെന്നില്ല. ഒരു കേന്ദ്ര സര്‍വകലാശാലയില്‍ നിന്നും ഒരു വിദ്യാര്‍ത്ഥിക്ക് ലഭിക്കേണ്ട കേവലം അടിസ്ഥാന അവകാശമാണ് കൃത്യതയാര്‍ന്ന വിദ്യഭ്യാസം. അത് നിഷേധിക്കുമ്പോള്‍ ഞങ്ങള്‍ സമരമുഖങ്ങളിലേക്ക് ഇറങ്ങുക തന്നെ ചെയ്യും. അത് നേടിയെടുക്കുന്നതിലൂടെ വരും തലമുറയുടെ ഭാവി കൂടി സുരക്ഷിതമാക്കുകയാണ് ഞങ്ങള്‍. യുജിസിയുടെ അലസമായ ഗൈഡ് ലൈനുകളില്‍ ഊന്നി സര്‍വകലാശാലയുടെ തലപ്പത്തേക്ക് യോഗ്യതയില്ലാത്ത ഒരാളെ നിയമിക്കുമ്പോള്‍ ഞങ്ങളുടെ സമരങ്ങള്‍ അവര്‍ ഓര്‍ക്കും. ആ സമരങ്ങള്‍ അധികാരവര്‍ഗത്തിനെ മാറ്റി ചിന്തിപ്പികുകയാണെങ്കില്‍ അവിടെയാണ് ഞങ്ങളുടെ വിജയം. ഇനി വരുന്ന ഓരോ സമരങ്ങള്‍ക്കും ഈ സമരം പ്രചോദനമാണ് എന്നുറച്ച വിശ്വാസത്തിലായിരിക്കും ഞങ്ങള്‍ വീണ്ടും ക്ലാസ്സ്‌മുറികളിലേക്ക് കയറുക.