ഒരുപാട് പ്രത്യേകതകള്‍ ഉള്ള, അല്ലെങ്കില്‍ അസാധാരണത്വമുള്ള, 28 വയസ്സുകാരനായ ജൂഡും അവന്റെ ലോകവും ആണ് 'Hey Jude' ന്റെ പശ്ചാത്തലം. കൊച്ചിയില്‍ ആരംഭിക്കുന്ന ചിത്രം പുരോഗമിക്കുന്നതും അവസാനിക്കുന്നതും ഗോവയിലാണ്. അതിസങ്കീര്‍ണമല്ലാത്ത, എന്നാല്‍ കാലിക പ്രസക്തിയുള്ള ഒരു വിഷയത്തെ, കുടുംബ പശ്ചാത്തലത്തില്‍ അല്പം നര്‍മ്മം മേമ്പൊടി ചേര്‍ത്ത് നിര്‍മ്മിച്ച ചിത്രമാണ് ഹേ ജൂഡ്. ഒരു മടുപ്പികാത്ത ഒരു ആഖ്യാന രീതിയാണ് സംവിധായകന്‍ തിരഞ്ഞെടുത്തിരിക്കുന്നത്.
സുഹൃത്തുക്കള്‍ ഇല്ലാത്ത ഇമോഷന്‍സ് അറിയാത്ത ജൂഡ് ആയെത്തുന്നത് നിവിന്‍ പോളി ആണ്. Asperger Syndrome ബാധിച്ച ഒരു ചെറുപ്പക്കാരന്റെ മാനസികവ്യാപാരങ്ങള്‍ ഏറ്റക്കുറച്ചിലുകള്‍ ഇല്ലാതെ ഭംഗിയാക്കാന്‍ നിവിന് സാധിച്ചിട്ടുണ്ട്. നല്ല കയ്യടക്കത്തോടെ ഉള്ള അഭിനയവും, ഡയലോഗ് ഡെലിവറിയും! നടപ്പിലും ശരീരഭാഷയിലും സംസാരഭാഷയിലും കഥാപാത്രത്തിന്റെ പൂര്‍ണത സൂക്ഷിക്കാന്‍ നിവിനായി. നിമിഷ നേരം കൊണ്ട് മിന്നി മറയുന്ന ഭാവങ്ങളും അത്തരക്കാരുടെ സംസാര ശൈലിയും എല്ലാം മികച്ചു നിന്നു.
തെന്നിന്ത്യന്‍ താരസുന്ദരി തൃഷയുടെ മലയാള ചലച്ചിത്ര ലോകത്തെ അരങ്ങേറ്റമായിരുന്നു ഹേ ജൂഡ്. ക്രിസ്റ്റല്‍ എന്ന ഗോവന്‍ മലയാളി പെണ്‍കുട്ടിയായാണ് തൃഷ എത്തുന്നത്. തൃഷക്ക് ശബ്ദം നല്‍കിയിരിക്കുന്നത് മലയാള ചലച്ചിത്ര ലോകത്തെ അറിയപ്പെടുന്ന ഗായികയായ സയനോര ആണെന്നതും ചിത്രത്തിന്റെ ഒരു പ്രത്യേകതയാണ്. ഏറെ നാളുകള്‍ക്ക് ശേഷം, വ്യത്യസ്തനായ ഒരു അച്ഛന്‍ വേഷത്തില്‍ എത്തുകയാണ് സിദ്ധിക്ക്. ഡൊമിനിക്ക് എന്ന രസികന്‍ അച്ഛന്റെ വേഷം സിദ്ധിക്കിന്റെ കൈകളില്‍ ഭദ്രം ആയിട്ടുണ്ട്. ചിരിപ്പിച്ചും ചിന്തിപ്പിച്ചും കണ്ണ് നിറയിച്ചും സ്ക്രീനില്‍ നിറയുന്നുണ്ട് ഡൊമിനിക്ക്. ഒരുപാട് കാലത്തിന്നു ശേഷം, നീനാ കുറുപ്പ് ഒരു മുഴുനീള കാഥാപാത്രം ചെയ്യുന്ന ചിത്രം കൂടിയാണ് ഹേ ജൂഡ്. സൈക്കൊളജിസ്റ്റ് ആയെത്തുന്ന വിജയ് മേനോനും തന്റെ കഥാപാത്രത്തോട് നീതി പുലര്‍ത്തി.
വാണിജ്യ സിനിമ എന്നതിനപ്പുറം ഗൗരവമുള്ള വിഷയങ്ങളെടുത്തു, ക്വാളിറ്റി സിനിമകള്‍ സമ്മാനിക്കുന്ന സംവിധായകനാണ് ശ്യാമപ്രസാദ്. അദ്ദേഹത്തിന്റെ സ്ഥിരം ശൈലിയില്‍ നിന്നും കുറച്ചു മാറി, ഒരു ഉല്ലാസഭരിതമായ ഫീല്‍ നല്‍കി, നര്‍മ്മത്തിന്റെ മേമ്പൊടി ചേര്‍ത്ത് ഒരുക്കിയ സിനിമയാണ് ഹേ ജൂഡ്. മനുഷ്യ മനസ്സിന്റെ അതിസങ്കീര്‍ണതകളും വ്യാപാരരീതികളുമൊക്കെ നല്ല കയ്യടക്കത്തോടെ വെള്ളിത്തിരയില്‍ അവതരിപ്പിക്കുന്ന സംവിധായകനില്‍ നിന്നും നമ്മള്‍ പ്രതീക്ഷിക്കുന്നതെന്തോ അത് ഹേ ജൂഡ് നല്‍കുന്നുണ്ട്. നമുക്ക് ചുറ്റും നമ്മള്‍ കാണുന്നതും അറിഞ്ഞതും ആയിട്ടുള്ള, അല്ലെങ്കില്‍ നമ്മോട് തന്നെ relate ചെയ്യാന്‍ കഴിയുന്ന കഥാപാത്രങ്ങള്‍ അദ്ദേഹത്തിന്റെ ചിത്രങ്ങളുടെ സവിശേഷതയാണ്. വളരെ ഗൗരവമുള്ള വിഷയങ്ങള്‍ മാത്രമല്ല അല്‍പ്പം നര്‍മ്മവും തനിക്ക് വഴങ്ങുമെന്ന് ജൂഡിന്റെ ആദ്യഭാഗം തെളിയിക്കുന്നു.
ചിത്രത്തിന്റെ മറ്റൊരു സവിശേഷത അതിന്റെ സംഗീതം ആണ്. മലയാള ചലച്ചിത്ര ശാഖയിലെ നാല് പ്രശസ്ത സംഗീതസംവിധായകര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ സംഗീതം കൈകാര്യം ചെയ്തിരിക്കുന്നത്. ഔസേപ്പച്ചന്‍, എം ജയചന്ദ്രന്‍, രാഹുല്‍ രാജ്, ഗോപിസുന്ദര്‍ എന്നിവര്‍ ഒന്നിച്ച ചിത്രത്തിന്റെ പശ്ചാത്തല സംഗീതം ഔസേപ്പച്ചനാണ്. അടയാളപ്പെടുത്തേണ്ടത്, ചിത്രത്തിന്റെ ഛായാഗ്രഹണമാണ്. ഗോവന്‍ സൗന്ദര്യം അതിന്റെ എല്ലാ ഭംഗിയോടെയും ഒപ്പിയെടുത്തിട്ടുണ്ട് ഗിരീഷി ഗംഗാധരന്റെ ക്യാമറ. അതിമനോഹരമായ ഫ്രെയിമുകള്‍ ചിത്രത്തിന് മുതല്‍ക്കൂട്ടാകുന്നു. കാര്‍ത്തിക്ക് ജോഗേഷിന്റെതാണ് എഡിറ്റിംഗ്. ഇഴച്ചില്‍ അനുഭവിപ്പിക്കാതെ, കഥയുടെ ഒഴുക്കിനൊപ്പം ചിത്രവും നീങ്ങുന്നുണ്ട്. ചിത്രത്തിന് വേണ്ടി ആര്‍ട്ട് ചെയ്തിരിക്കുന്നത് സന്തോഷ് രാം ആണ്. അമ്പലക്കര ഗ്ലോബല്‍ ഫിലിംസിന്റെ ബാനറില്‍ അനില്‍ കുമാറാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. വിതരണത്തിനെത്തിച്ചിരിക്കുന്നത് ഇ ഫോര്‍ എന്റര്‍ട്ടെയിമെന്റ് ആണ്. നിര്‍മ്മല്‍ സഹദേവന്‍, ജോര്‍ജ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. വ്യത്യസ്ത മാനറിസങ്ങള്‍ ഉള്ള, അല്ലെങ്കില്‍ വ്യത്യസ്തനായ ഒരാളുടെ ജീവിതം ആണ് കഥാപ്രമേയമെങ്കിലും, ചിലയിടങ്ങളില്‍ കഥയുടെ ആഴം നഷ്ടപ്പെട്ട് പോകുന്നുണ്ട്.
ഈ ചിത്രം സമൂഹത്തിനു മുന്നില്‍ തുറന്നു കാട്ടുന്നത് ചില വികലതകളെ തന്നെയാണ്. മക്കളുടെ കഴിവുകള്‍ കണ്ടെത്താതെ, കണ്ടെത്തിയാല്‍ തന്നെ അത് പ്രോത്സാഹിപ്പിക്കാതെ, കുഞ്ഞുങ്ങളെ തങ്ങളുടെ വഴിയെ സഞ്ചരിക്കാന്‍ പ്രേരിപ്പിക്കുന്ന ഒരുപാട് മാതാപിതാക്കള്‍ നമുക്ക് ചുറ്റും ഇന്നുമുണ്ട്. നമ്മള്‍ നിര്‍വചിച്ച അതിരുകളിലേക്ക് അവരുടെ ലോകം ചുരുക്കുന്നവര്‍. അവരുടെ കഴിവോ, പരിമിതികളോ, ആവശ്യങ്ങളോ മനസ്സിലാക്കാന്‍ ശ്രമിക്കാതെ അവരുടെ കഴിവുകേടുകളെ മാത്രം കണ്ടെത്തി കുറ്റവും കുറവും നിരത്തുന്നവര്‍. ഈ ചിത്രം എല്ലാ രക്ഷിതാക്കളും കണ്ടിരിക്കേണ്ട ഒന്നാണ്. ഭിന്നശേഷിക്കരായ, ഓട്ടിസം ബാധിച്ച, സ്പെഷ്യല്‍ അറ്റന്‍ഷന്‍ വേണ്ട മക്കളുടെ മാതാപിതാക്കള്‍ മാത്രമല്ല, എല്ലാ രക്ഷിതാക്കളും ഈ ചിത്രം കാണണം. ഒരുപാട് ചിരിക്കാനും, ഇടക്ക് കരയാനും അതിലേറെ ചിന്തിക്കാനുമുണ്ട് ചിത്രത്തില്‍.