M.A.Latheef

റാഷമോണ്‍

ലോകസിനിമയില്‍ എണ്ണപ്പെട്ട പ്രധാന സിനിമകളില്‍ ഒന്നാണ് അകിരാ കുറോസാവയുടെ "റാഷമോണ്‍". കറുപ്പും വെളുപ്പും പശ്ചാത്തലത്തില്‍ 1950 ല്‍ നിര്‍മ്മിച്ച ഈ ജപ്പാന്‍ ചിത്രം 88 മിനുട്ട് ദൈര്‍ഘ്യം ആണുള്ളത്. ചിത്രകലയില്‍ തല്പരനായ കുറോസാവയെ ദസ്തയേവ്‌സ്കിയുടെ കൃതികള്‍ സ്വാധീനിച്ചിട്ടുണ്ട്. ഒപ്പം വിശാലമായ കമ്മ്യൂണിസ്റ്റ്‌ വീക്ഷണവും. അദ്ദേഹത്തിന്റെ ഏറ്റവും മികച്ച സിനിമയായും പാശ്ചാത്യലോകത്ത് ജപ്പാന്‍ സിനിമക്ക് മേല്‍വിലാസം ഉണ്ടാക്കിക്കൊടുത്തതുമായ സിനിമയെന്നാണ് റാഷമോണ്‍ അറിയപ്പെടുന്നത്. അദ്ദേഹത്തിന്റെ സിനിമകള്‍ എല്ലാം തികച്ചും വ്യത്യസ്തവും പരീക്ഷണാത്മകവും ആണ്. ഒരു സംഭവത്തെ വ്യത്യസ്ത ദൃക്ഷാക്ഷികള്‍ വിവരിക്കുന്നത്തിലൂടെയാണ് സിനിമ മുന്നേറുന്നത്. എന്നാല്‍ പരസ്പരം പൊരുത്തമില്ലാത്ത വിവരണങ്ങള്‍ കോര്‍ത്തിണക്കാനോ യാഥാര്‍ത്ഥ സത്യത്തിലേക്ക് എത്താനോ കഴിയാതെ പ്രേക്ഷകന്‍ ആശയക്കുഴപ്പത്തില്‍ ആകുന്നു. ആഖ്യാനശൈലിയില്‍ നിലനിന്ന വാര്‍പ്പ് മാതൃകകളെ പൊളിച്ചെഴുതുക മാത്രമല്ല കുറോസാവ ചെയ്തത്. ഒപ്പം പരീക്ഷണാത്മക ശൈലി പിന്തുടരുകയും ചെയ്തുവന്നതിന്റെ ഉദാഹരണങ്ങളാണ് ഓരോ സിനിമയും. ചെറുകഥാസമാഹാരം പോലെയുള്ള ഡ്രീംസ് എന്ന സൃഷ്ടി പലരും മാതൃകയാക്കിയിട്ടുണ്ട്.

വനത്തിനുള്ളിലൂടെ യാത്ര ചെയ്യുന്ന നവദമ്പതികളില്‍ വരന്‍ വധിക്കപ്പെടുകയും വധു ബലാല്‍സംഗം ചെയ്യപ്പെടുകയും ചെയ്യുന്നു. കൊലയാളി, വധു, വരന്റെ പ്രേതം, ദൃക്സാക്ഷിയായ മരം വെട്ടുകാരന്‍ എന്നിവര്‍ അവരുടെ കാഴ്ചയിലൂടെ സംഭവം വിവരിക്കുകയാണ്. തജോമാറു എന്ന കൊലയാളി പറയുന്നത് , താന്‍ സൂത്രത്തില്‍ അവരെ വശീകരിച്ചു കൊണ്ടുപോയി വരനെ ഒരു മരത്തില്‍ കെട്ടിയിടുകയും, ശേഷം വധുവിനെ മാനഭംഗപ്പെടുത്തുകയും ചെയ്തെന്നാണ്. ആദ്യഘട്ടത്തില്‍ എതിര്‍പ്പ് പ്രകടിപ്പിച്ചെങ്കിലും പിന്നീട് സഹകരിച്ചു.ഭര്‍ത്താവിന്റെ മുന്നില്‍ അപമാനിതയായതിന്റെ സങ്കടത്താല്‍ ഭര്‍ത്താവിനെ കൊല്ലാന്‍ അവള്‍ തന്നെ തജോമാരുവിനോട് ആവശ്യപ്പെട്ടു. പക്ഷെ തജോമാറു അയാളെ കെട്ടഴിച്ചു വിട്ടു മല്ലയുദ്ധത്തില്‍ പരാജരാജയപ്പെടുതിയാണ് കൊന്നത് എന്നാണ്. സ്ത്രീ ഓടി രക്ഷപ്പെടുകയും ചെയ്തു.

ബലാല്‍സംഗം ചെയ്യപ്പെട്ടവളായ മസാഗോ പറയുന്നത് മറ്റൊന്നാണ്. അപമാനിതയായ താന്‍ ഭര്‍ത്താവിന്റെ കാല്‍ക്കല്‍ വീണു താന്‍ തെറ്റുകാരിയല്ലെന്നും ക്ഷമിക്കണമെന്നും അപേക്ഷിച്ചു. എന്നാല്‍ തണുപ്പന്‍ മനോഭാവത്തോടെ അയാള്‍ അവഗണിച്ചു. ഉടന്‍ അവള്‍ അയാളുടെ കെട്ടഴിച്ചു വിട്ട് തന്നെ കൊന്നു കളയാന്‍ പറഞ്ഞു.അയാള്‍ നിസ്സംഗനായി നിന്നപ്പോള്‍ കയ്യില്‍ വാളും പിടിച്ചു താന്‍ കുഴഞ്ഞു വീഴുകയാണ് ചെയ്തത്. ബോധം തെളിഞ്ഞപ്പോള്‍ നെഞ്ചില്‍ വാള്‍ തറച്ചു ഭര്‍ത്താവ് മരണപ്പെട്ടു കിടക്കുന്നു. ഒരു പക്ഷെ താന്‍ കുഴഞ്ഞു വീണപ്പോള്‍ വാള്‍ ഭര്‍ത്താവിന്റെ ദേഹത്ത് തറച്ചതാവാമെന്നാണ് അവള്‍ കരുതുന്നത്.

ഭര്‍ത്താവിന്റെ പ്രേതം പറയുന്നത് തികച്ചും വ്യത്യസ്തമാണ്. ബലാല്‍സംഗത്തിന് ശേഷം തന്നെ കൊല്ലാന്‍ തജോമാറവിനോട് ഭാര്യ ആവശ്യപ്പെട്ടു. രണ്ടു പുരുഷന്മാരോടോത്ത് ശയിച്ചവള്‍ എന്ന ദുഷ്പേര് ഒഴിവാക്കാനാണവള്‍ അങ്ങിനെ ചെയ്തത്. ഇത് കോട്ട് പേടിച്ച തജോമാറു അവളെ ബന്ധിക്കുകയും തന്നോട് അവളെ കൊല്ലുവാനോ അല്ലെങ്കില്‍ വിട്ടയക്കുവാനോ പറഞ്ഞു. അത് കേട്ട താന്‍ അയാളോട് ക്ഷമിച്ചു. ഭാര്യ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോള്‍ തജോമാറു വീണ്ടും അവളെ പിടികൂടുകയും തന്നെ കെട്ടഴിച്ചു വിടുകയും ചെയ്തു. അപ്പോള്‍ താന്‍ സ്വയം കുത്തി മരിക്കുകയായിരുന്നു.

ഈ ഘട്ടത്തില്‍ മരംവെട്ടുകാരന്‍ വീണ്ടും രംഗത്ത്‌ വരികയും മറ്റൊരു വിവരണം നല്‍കുകയും ചെയ്യുന്നു. ബലാല്‍സംഗത്തിന് ശേഷം തജോമാറുസ്ത്രീയോട് തന്നെ വിവാഹം കഴിക്കാന്‍ ആവശ്യപ്പെട്ടു. അവള്‍ ഉത്തരം പറയാതെ കരഞ്ഞു കൊണ്ട് ഭര്‍ത്താവിനെ കെട്ടഴിച്ചു വിടുകയും ചെയ്തു. ഇത്തരം ഒരു സ്ത്രീക്ക് വേണ്ടി താന്‍ മരിക്കുകയില്ലെന്നും, വേണമെങ്കില്‍ തന്റെ കുതിരക്ക് വേണ്ടി മരിക്കാമെന്നുമാണ് ഭര്‍ത്താവ്‌ പറഞ്ഞത്. ഇത് കേട്ടപ്പോള്‍ തജോമാറവിനു അവളിലുള്ള താല്പര്യം നഷ്ടപ്പെടുന്നു. ഈ പ്രശ്നത്തില്‍ അവര്‍ മൂന്നു പേരും വാക്തര്‍ക്കത്തില്‍ ഏര്‍പ്പെടുന്നു. അവള്‍ ആവശ്യപ്പെട്ട പ്രകാരം മല്ലയുദ്ധം നടത്തിയ അവരില്‍ ഒരാള്‍ കൊല്ലപ്പെട്ടു. ഭര്‍ത്താവാണ് മരിച്ചതെന്ന് അറിഞ്ഞ അവള്‍ കരഞ്ഞു കൊണ്ട് ഓടിപ്പോകുന്നു.

 

ഒരു സംഭവം ഓരോ വ്യക്തിയിലും ഉളവാക്കുന്ന വ്യത്യസ്ത മൂല്യ സങ്കല്പങ്ങളെ സ്വതന്ത്രമായി അവതരിപ്പിക്കുന്നതിലൂടെ പ്രേക്ഷകനും തന്റെതായ യുക്തിക്ക് ഇടം നല്‍കുന്ന പുതുമയാര്‍ന്ന ആഖ്യാന ശൈലി സ്വീകരിക്കാന്‍ കാണിച്ച കുറോസാവയുടെ തന്റേടം മറ്റു സൃഷ്ടികളിലും അദ്ദേഹം തുടരുന്നുണ്ട്. നല്ല ചിത്രങ്ങള്‍ സംവിധാനം ചെയ്തു ലോക പ്രശസ്തിയുടെ നെറുകയില്‍ എത്തി നില്‍ക്കുമ്പോള്‍ അദ്ദേഹം ആത്മഹത്യക്ക് ശ്രമിച്ചു എന്നതും സിനിമകളെ പോലെ അത്ഭുതം ഉളവാക്കുന്നതായിരുന്നു.