സാമൂഹ്യജീവി എന്ന നിലയില്‍ മനുഷ്യന്റെ വ്യക്തിബന്ധങ്ങളുടേയും സൌഹൃദങ്ങളുടേയും നാള്‍വഴികളില്‍ അശേഷം ഒഴിവാക്കാനാകാത്ത ചില സന്ദര്‍ഭങ്ങളുണ്ട്. താത്ക്കാലികമോ സ്ഥായിയോ ആയ ചില വേര്‍പിരിയലുകള്‍ അത്തരം ഘടകങ്ങളില്‍ ഒന്നാണ്. വേര്‍പാടുകള്‍ ചെറുതോ വലുതോ ആകട്ടെ, അവയോരോന്നും ഓരോ മുറിവുകളാണ്. പരുക്കിന്റെ ആഴം / വ്യാപ്തി / ഉണങ്ങലിന്റെ കാലദൈര്‍ഘ്യം തുടങ്ങിയവയെല്ലാം വ്യക്തിയുടെ അള്‍ഷിമേഴ്സ് ശേഷിക്കാനുസൃതമായി ഏറിയും കുറഞ്ഞുമിരിക്കും. ചിലര്‍ അതിവേഗം വിടുതല്‍ പ്രാപിക്കുന്നു. മറ്റുള്ളവര്‍ ഓര്‍മ്മകളില്‍ വെറും ഓര്‍മ്മകളായി ജീവിക്കുന്നു. കുടുംബം / കുലം /ഗോത്രം തുടങ്ങിയ സാമൂഹിക ക്രമങ്ങള്‍ രൂപപ്പെടുന്നതിനും, മത ഭരണകൂട ശരീരങ്ങള്‍ക്കുള്ളില്‍ അവ ഉരുവം ചെയ്യപ്പെടുന്നതിനും മുന്‍പുള്ള പ്രാക്ക് കാലഘട്ടങ്ങളില്‍ തന്നെ ഒഴിയലുകള്‍ / പിരിയലുകള്‍ / ഒഴിവാക്കലുകള്‍/ പുറന്തള്ളലുകള്‍ തുടങ്ങിയവയെല്ലാം സ്വാഭാവികമായി നടന്നു പോന്നിട്ടുണ്ട്.
നീതിന്യായ വ്യവസ്ഥയോ / ഭരണകൂടമോ / നിര്‍വഹണസംവിധാനങ്ങളോ ഒന്നുമില്ലാതിരുന്ന അന്നില്‍ നിന്നും ഇന്നിലേക്ക് വേഗത്തില്‍ നടക്കാം.. ഇത് പദ്മനാഭാപുരം. ഒരിക്കല്‍ കേരളത്തിന്റെ ഭാഗമായിരുന്ന സബല്‍സമൃദ്ധമായ കാര്‍ഷിക ഭൂപ്രദേശം. ഭാഷാടിസ്ഥാനത്തില്‍ നടന്ന ഭൂവിഭജങ്ങളുടെ ഭാഗമായി തമിഴ്നാടിനോടു കൂട്ടിച്ചേര്‍ക്കപ്പെട്ട ഒരിടം. കോടതി ആരംഭിക്കാന്‍ പോകുന്നതേയുള്ളൂ. കക്ഷികള്‍ / അഭിഭാഷകര്‍/ ഗുമസ്തന്മാര്‍ തുടങ്ങി പരിസരം മെല്ലെ സജീവമാകാന്‍ തുടങ്ങുന്നു. ഏറെ വിചിത്രവും കാലദൈര്‍ഘ്യം കൊണ്ടു സവിശേഷവുമായ ഒരു വ്യവഹാരത്തിന്റെ വിചാരണ പുരോഗമിക്കുകയാണ്. മധ്യവയസ്ക്കരും പ്രദേശത്തെ പരബരാഗത നായര്‍ കുടുംബങ്ങളിലെ പ്രമുഖരുമായ മീനാക്ഷിയമ്മയും (മല്ലിക) താണുപിള്ളയും (ലാല്‍ ) തമ്മിലുള്ള ഒഴിമുറിയുമായി ബന്ധപ്പെട്ടതാണത്. ഭര്‍ത്താവില്‍ നിന്നും വിവാഹമോചനത്തോടൊപ്പം താന്‍ സ്വമനസ്സാലെ എഴുതി നല്‍കിയ സ്ഥാവരജംഗമ വസ്തുകളും തിരികെ ലഭിക്കണമെന്ന തീര്‍പ്പിലേക്കായാണ് ഹര്‍ജി സമര്‍പ്പിക്കപ്പെട്ടിരിക്കുന്നത്.മീനാക്ഷിയമ്മക്കൊപ്പം അധ്യാപകനും പുരോഗമനവാദിയുമായ മകന്‍ ശരത്ത് (ആസിഫ് അലി) ഉറച്ചു നില്‍ക്കുന്നു. താണുപിള്ളക്കൊപ്പമുള്ളത് ജൂനിയര്‍ അഭിഭാഷക ബാലാമണിയാണ്(ഭാവന). വര്‍ഷങ്ങളുടെ പഴക്കമുള്ള വ്യവഹാരം എന്ന നിലയില്‍ കേസു നടത്തിപ്പ് തികഞ്ഞ സൂക്ഷ്മതയും ഗവേഷണബുദ്ധിയും ആവശ്യപ്പെടുന്നു. അതുകൊണ്ടു തന്നെ കക്ഷികളുടെ സ്വകാര്യ / സാമൂഹ്യ ചരിത്രങ്ങളിലേക്ക് യാത്ര ചെയ്യാന്‍ ബാല തീരുമാനിക്കുന്നു. മാറാല മറഞ്ഞ പ്രമാണങ്ങളിലൂടെയുള്ള ബാലയുടെ സഞ്ചാരം വ്യവഹാരത്തിന്റെ ആഴങ്ങളിലേക്ക് നൂണ്ടിറങ്ങുന്നതിനൊപ്പം നാട്ടാചാരങ്ങള്‍ / മാമൂലുകള്‍ / അനുഷ്ടാനങ്ങള്‍/ പഴമകള്‍ തുടങ്ങിയവയിലൂടെ വികസിക്കുന്ന ഒരു കാലഘട്ടത്തിന്റെ സാമുദായികഘടനയിലേക്കും പൊതുജീവിതങ്ങളിലേക്കും വെളിച്ചം വീശുന്നു.
പ്രധാന കഥാപാത്രം താണുപിള്ള നാടുവാഴി ജന്മിത്ത സംസ്ക്കാരത്തിന്റെ നേരുദാഹരണമാണ്. അദ്ദേഹത്തിലൂടെ അവതരിപ്പിക്കപ്പെടുന്ന നാട്ടുവഴക്കങ്ങള്‍ / പ്രമാണങ്ങള്‍ / നടപ്പുകളുള്‍ തുടങ്ങിയവ ഗൌരവതരമായ ചരിത്രാന്വേഷണങ്ങള്‍ക്കും ആലോചനകള്‍ക്കും പ്രേരകമാകുന്നവയാണ്. പരബരാഗത സ്വത്തവകാശം മക്കള്‍ക്കു പകരം മരുമക്കള്‍ക്കു നല്‍കിപ്പോരുന്ന സബ്രദായമാണ് മരുമക്കത്തായം. സ്ത്രീകള്‍ക്ക് ഉയര്‍ന്ന സ്വാതന്ത്രവും കുടുംബത്തിന്റെ സ്വത്തുവകകള്‍ കൈകാരും ചെയ്യുന്നതിനുള്ള അധികാരവുമാണ് പ്രധാന സവിശേഷത. കേരളത്തില്‍, നായര്‍ / ഒരു വിഭാഗം ഈഴവര്‍/ മാപ്പിളമാര്‍ / ചില രാജകുടുംബങ്ങള്‍/ അമ്പലവാസികള്‍ തുടങ്ങിയ സമുദായങ്ങളില്‍ മരുമക്കത്തായം നിലനിന്നിരുന്നതായി ചില ചരിത്രകാരന്മാര്‍ രേഖപ്പെടുത്തുന്നു. താണുപിള്ള നായര്‍ പ്രാമാണികതയുടെ നേര്‍രൂപമാണ്. ജന്മിത്തത്തിന്റെ അവശേഷിപ്പുകള്‍ ആഘോഷമാക്കുന്ന ഒരൊറ്റയാന്‍. മുന്‍ശുണ്ടിക്കാരനായ ഒരു വെട്ടു പോത്ത് അദ്ദേഹത്തിന്റെ കുടുംബം മരുമക്കത്തായ വ്യവസ്ഥ പിന്‍തുടര്‍ന്നു വരുന്നു. നടപ്പില്‍ / എടുപ്പില്‍/ വസ്ത്രത്തില്‍/ ഭക്ഷണത്തില്‍/ സംഭാഷണങ്ങളില്‍ / ദിനചര്യകളില്‍ / വിശ്വാസങ്ങളില്‍ തുടങ്ങി എന്തിലും ഏതിലും കൃത്യമായൊരു ജന്മിത്തം അദ്ദേഹം കാത്തു സൂക്ഷിക്കുകയും അതില്‍ കാര്യമായി അഭിമാനം കൊള്ളുകയും ചെയ്യുന്നു. സ്ത്രീ , പുരുഷന് അടിമപ്പെടണമെന്ന, തികഞ്ഞ ഫ്യൂഡല്‍/ പുരുഷാധിപത്യ അഹന്ത പിന്തുടരുന്നതിലെ അസാമാന്യ മിടുക്ക് അദ്ദേഹത്തിന്റെ സവിശേഷതകളില്‍ പ്രധാനമാണ്. അതു കൊണ്ടു തന്നെ തൊട്ടതിനും പിടിച്ചതിനുമെല്ലാം മീനാക്ഷിയമ്മക്ക് സാമാന്യം മികച്ച നിലയില്‍ തല്ലുകിട്ടുന്നു. ഇതെല്ലാം കണ്ടു വളരുന്ന മകന്‍ ശരത്ത്. സാമൂഹ്യമായും സാമ്പത്തികമായും തന്നെക്കാള്‍ പിന്നാക്കം നില്‍ക്കുന്ന, മക്കത്തായം പിന്‍തുടരുന്ന കുടുംബത്തിലെ മീനാക്ഷിയമ്മയെ പുടമുറി ചെയ്തതിന്റെ സംഗത്യം സംബന്ധിച്ച അന്വേഷണങ്ങള്‍ ബാലയെ ചില പുതിയ അറിവുകളിലേക്ക് അടുപ്പിക്കുന്നു.
മകനോടൊപ്പമാണ് മീനാക്ഷിയമ്മ കോടതിയിലെത്തുക. അനന്തമായി നീളുന്ന വിചാരണയും/ ഭാര്യാ ഭര്‍തൃ ബന്ധത്തിലെ ആരുമറിയാത്ത സ്നേഹത്തിന്റെ ആഴം സംബന്ധിച്ച പുത്തനറിവുകളും ബാലയെ ശരത്തിനോട് കോടതിക്കു വെളിയില്‍ വെച്ചുള്ള ഒത്തുതീര്‍പ്പു സാധ്യതകളെ സംബന്ധി ച്ച് സംസാരിക്കാന്‍ പ്രേരിപ്പിക്കുന്നു . അമ്മയെ നിരന്തരം വേദനിപ്പിച്ച അച്ഛനോടുള്ള ദേഷ്യം ശരത്തില്‍ ഇതിനകം പകയായി വളര്‍ന്നിരുന്നു. പരാജയഭീതി പൂണ്ട താണുപിള്ളയുടെ അടവുകളിലൊന്നായി ബാലയുടെ ഒത്തുതീര്‍പ്പു ശ്രമങ്ങളെ ശരത്ത് തെറ്റിദ്ധരിക്കുന്നു. അഭിപ്പ്രായഭിന്നതകള്‍ക്കും / കുഞ്ഞുവഴക്കുകള്‍ക്കുമിടയിലൂടെ വളരുന്ന അവരുടെ ആശയവിനിമയം സൌഹൃദത്തിലും ഒടുവില്‍ പ്രണയത്തിലുമാണ് എത്തിച്ചേരുന്നത്. ബാല, വസ്തുതാന്വേഷണങ്ങളുടെ ഭാഗമായി കണ്ടെത്തിയ വിവരങ്ങള്‍ ശരത്തിനോട് പങ്കുവെക്കുന്നു. അങ്ങിനെ മധ്യവസ്സിലും ഒഴിമുറിക്കായി കോടതി കയറുന്ന അമ്മയുടെ മനസ്സിലെ അച്ഛനോടുള്ള നിസ്സീമമായ സ്നേഹം ശരത്ത് തിരിച്ചറിയുന്നു.
താണുപിള്ളയുടെ അമ്മ കാളിപ്പിള്ള (ശ്വേത മേനോന്‍) ആത്മാഭിമാനവും അധികാരവും മുറുക്കെപ്പിടിച്ച മരുമക്കത്തായ കാലത്തിന്റെ സ്ത്രീയടയാളമാണ്. താണുപിള്ളയുടെ അച്ഛന്‍ ശിവന്‍ പിള്ള (ലാല്‍ ഇരട്ട വേഷം ) നാടായ നാടെല്ലാം പുകള്‍ പെറ്റൊരു 'പിടിത്തക്കാരനാണ്' (ഫയല്‍വാന്‍ . അധികാരം സ്ത്രീ കേന്ദ്രീകൃതമായതു കൊണ്ടു തന്നെ താണുപിള്ളയുടെ അച്ഛന്‍ കാര്യസ്ഥന്റെതിനു സമാനമായ നിലയിലെ സ്വഭാവസവിശേഷതകളിലൂടെയാണ് അവതരിപ്പിക്കപ്പെടുന്നത്. വിവാഹ മോചനങ്ങള്‍ അതീവ ലളിതമാകുന്ന പുതിയ കാലത്തിന്റെ വേഗങ്ങളെ അനുസ്മരിപ്പിക്കും വിധം സ്ത്രീ, പടിവാതിലില്‍ പുരുഷന്റെ വെറ്റിലച്ചെല്ലാം പ്രദര്‍ശിപ്പിക്കുന്നതിലൂടെ ഒഴിമുറികള്‍ സാധ്യമാക്കിയിരുന്നു. താണുപിള്ളയുടെ ഓര്‍മ്മകളില്‍ സ്നേഹത്തിന്റേയും പോരാട്ടവീറിന്റേയും നേര്‍രൂപമാണ്, അച്ഛന്‍. ഏതോ 'പിടിത്തം' കഴിഞ്ഞെത്തുന്ന മല്ലനെ വരവേല്‍ക്കുന്നത് മറ്റൊരു പുരുഷന്റെ ഗാനാലാപമാണ്. നിമിഷങ്ങള്‍ക്കകം തന്റെ വെറ്റിലച്ചെല്ലം പടിവാതിലില്‍ കാണേണ്ടി വരുന്നു. ഗദ്ഗദകണ്ഠനായ് പടിയിറങ്ങുന്ന അച്ഛന്‍, താണുപിള്ളയുടെ മനസ്സിലെ നീറുന്ന ഓര്‍മ്മയാണ്. പിന്നീടെപ്പോഴോ ഏതോ പിടിത്തത്തില്‍ ആരോഗ്യം നഷ്ടമായ് അതേ പടിപ്പുരയില്‍ കുരച്ചു മരിച്ച അച്ഛന്റെ മുഖം താണുപിള്ളയെ നിരന്തരം പൊള്ളിക്കുന്നു. തിക്തമായ ഇത്തരം അനുഭവങ്ങള്‍ സമ്പ്രദായമെന്ന നിലയില്‍ മരുമക്കത്തായത്തോടും , സ്ത്രീയോടു തന്നെയും വിഭ്രാന്തി ജനിപ്പിക്കും വിധം ഭയവും അകല്‍ച്ചയും രൂപപ്പെടുത്തുന്നു. അതു മറക്കാനുള്ള പെടാപ്പാടുകളില്‍ മുന്‍ശുണ്ടിയും ദേഷ്യവും താണുപിള്ളയെ കാര്യമായി അനുഗ്രഹിക്കുന്നു.
ഒഴിമുറി ആവശ്യപ്പെട്ട് ഒരിക്കല്‍ നല്‍കിയ ഹര്‍ജി മീനാക്ഷി പിന്‍വലിച്ചിരുന്നു. അതിനുള്ള കാരണം അന്വേഷിക്കുവാനുള്ള ബാലയുടെ ശരതിനോടുള്ള അഭ്യര്‍ത്ഥനായാണ് സ്നേഹമുള്ള തന്റെയച്ഛന്റെ ശരിയായ ചിത്രം അവനിലേക്ക് സംവേദിപ്പിച്ചത് . അസുഖങ്ങള്‍ മരണത്തോളം കൈപിടിച്ച ബാല്യത്തിലെ വിവിധാനുഭവങ്ങള്‍ മീനാക്ഷിയമ്മയിലൂടെ ഇഴ പിരിയുന്നു. മകന്റെ ജീവന്‍ രക്ഷിക്കാന്‍ പെടാപ്പാടുപെടുന്ന അച്ഛന്റെ സങ്കടങ്ങളും സംഘര്‍ഷങ്ങളും മീനക്ഷിയമ്മയിലൂടെ ശരത്തില്‍ ഫ്ലാഷ് ബാക്ക് ചെയ്യുന്നു. പ്രദര്‍ശനത്തിന്റെ ആദ്യപകുതിയില്‍ ക്രൂരതയുടേയും അടിച്ചമര്‍ത്തലുകളുടേയും നെഗറ്റീവ് രൂപമായിരുന്ന താണുപിള്ള ഒരൊറ്റ നിമിഷം കൊണ്ട് സ്നേഹത്തിന്റെയും വാത്സല്യത്തിന്റെയും തണലായി മാറുന്നു.തിക്താനുഭവങ്ങളും ദുര്യോഗങ്ങളും വ്യക്തിത്വരൂപീകരണത്തെ സ്വാധീനിക്കുകയെങ്ങിനെയെന്ന ശക്തമായ അന്വേഷണവും ഓര്‍മ്മപ്പെടുത്താലുമായി പ്രമേയത്തിലെ അസാധാരണമായ ഈ ട്വിസ്റ്റിനെ വിലയിരുത്താം.
സ്വന്തം അച്ഛനോട് അമ്മ സ്വീകരിച്ച കരുണയില്ലാത്ത സമീപനം താണുപിള്ളയെ അമ്മ കാളിപ്പിള്ളയില്‍നിന്നും വല്ലാതെ അകറ്റിയിരുന്നു. അതുകൊണ്ടു തന്നെ മീനാക്ഷിയമ്മയുമായുള്ള വിവാഹത്തെ സംബന്ധിച്ച് കാളിപ്പിള്ളയുമായി ഒരു വിധ ആലോചനകള്‍ക്കും താണുപിള്ള തയാറാകുന്നില്ല. തങ്ങളേക്കാള്‍ ഉയര്‍ന്നതല്ലാത്ത സാമൂഹ്യ സാഹചര്യങ്ങളിലേതെങ്കിലും ഗത്യന്തരമില്ലാതെ കാളിപ്പിള്ളക്ക് മീനാക്ഷിയമ്മയെ അംഗീകരിക്കേണ്ടി വരുന്നു. പിന്നീട് അത് തീവ്രമായൊരു അമ്മ-മകള്‍ സ്നേഹ ബന്ധത്തിലേക്ക് വളരുകയും ചെയ്യുന്നു. കാളിപ്പിള്ള , അധികാരത്തിന്റെയും സ്വഭിമാനത്തിന്റേയും ധിക്കാര ധാര്‍ഷ്ട്യങ്ങളുടേയും സമാനതകളില്ലാത്ത സ്ത്രീ രൂപമാണ്. പുരുഷന്‍ സ്ത്രീക്ക് വിധേയനായിരിക്കണമെന്ന്‍ ഉറച്ചു വിശ്വസിക്കുകയും അതിനനുസരണമായി ജീവിക്കുകയും ചെയ്യുന്നു. മീനാക്ഷിയാകട്ടെ പുരുഷ കേന്ദ്രീകൃത വ്യവസ്ഥിതി വിവക്ഷിക്കുന്ന കുടുംബ/കുല സ്ത്രീ മഹിമകള്‍ യഥേഷ്ടമുള്ള മിതഭാഷിയും ഭര്‍തൃപൂജാതല്‍പ്പരയും തല്ലു കൊല്ലാന്‍ തയ്യാറുള്ളതുമായ പെണ്‍കൊടിയും. ഒരേ സമുദായത്തിലെ ഇരു സാമൂഹ്യ സമ്പ്രദായങ്ങള്‍ (മരുമക്കത്തായം / മക്കത്തായം) പിന്‍തുടരുന്ന രണ്ടു സ്ത്രീകളെ ബിംബവല്‍ക്കരിക്കുന്നത്തിലൂടെ സ്ത്രീയുടെ അധികാരം/ തിരഞ്ഞെടുപ്പുകള്‍ക്കുള്ള സ്വാതന്ത്രം/ ആണ്‍- പെണ്‍ കോയ്മകള്‍/ സദാചാരം / രതി/ തുല്യത / ഉഭയ ലൈംഗികത / സാമൂഹ്യനീതി തുടങ്ങി വിവിധങ്ങളായ സാമൂഹ്യ രാഷ്ട്രീയ സാമ്പത്തിക സമസ്യകളിലേക്ക് ചിത്രം പരിമിതികളില്ലാതെ കടന്നു ചെല്ലുന്നു.
ശരത്ത് ബാല പ്രണയവും ഒത്തുതീര്‍പ്പുകളുടെ സ്നേഹ സമ്മര്‍ദ്ദങ്ങളും മീനാക്ഷിയമ്മ താണുപിള്ള ദമ്പതികളുടെ ഒഴിമുറി ഒഴിവാക്കാന്‍ പര്യാപ്തമാകുമെന്ന ധാരണ പലയിടങ്ങളിലും ചിത്രം സംവേദിപ്പിക്കുന്നുണ്ട്. ഹൃദയാഘാതത്താല്‍ ആശുപത്രിയില്‍ കഴിയുന്ന താണു പിള്ളയെ വ്യവഹാര വേളയിലും ശുശ്രൂഷിക്കാന്‍ മീനാക്ഷിയമ്മ തയ്യാറാകുന്നുവെങ്കിലും, വിധിത്തീര്‍പ്പിന്റെ അന്തിമഘട്ടത്തില്‍, ഉയര്‍ത്തിയ പ്രതീക്ഷകളെ അസ്തമിപ്പിച്ച് മീനാക്ഷിയമ്മ ഒഴിമുറിയില്‍ ഉറച്ചു നില്‍ക്കുന്നു. സ്ത്രീ സ്വാതന്ത്രത്തെക്കുറിച്ചും തെറ്റുകള്‍ക്കെതിരായി നിലകൊള്ളേണ്ട സ്ത്രീയുടെ കടമകളെക്കുറിച്ചും കാളിപ്പിള്ള പകര്‍ന്ന ഉത്തമബോധ്യമാണ് അഭിപ്പ്രായ ഭിന്നതകള്‍ അവസാനിച്ചിട്ടും മീനാക്ഷിയമ്മയെ തന്റെ തീരുമാനത്തില്‍ ഉറച്ചു നില്‍ക്കാന്‍ പ്രേരിപ്പിച്ചത് (ഒടുവില്‍ മധുരമുള്ള പായസവുമായി ശുശ്രൂഷിക്കാന്‍ ചെല്ലുന്നുന്ടെങ്കിലും ). പുരുഷന്റെ ആട്ടും തുപ്പും കൊണ്ട് നുറുങ്ങിപ്പിടയുബോഴും സര്‍വ്വം സഹയായി ത്യാഗത്തിന്റേയും സമര്‍പ്പണത്തിന്റേയും അമ്മ / ദേവീ ബിംബങ്ങളായി മാറേണ്ടവളാണ് സ്ത്രീ എന്ന പതിവു വ്യാകരണത്തില്‍ നിന്നും വ്യതി ചലിക്കാന്‍ തിരക്കഥയിലെ ഇത്തരം ഒരിടപെടലിനാലായി. അതല്ലെങ്കില്‍ , പുരുഷാധിപത്യ കാഴ്ച്ചകളിലേക്ക് കൂട്ടി വെക്കാവുന്ന മറ്റൊരു മുറി മാത്രായി ചിത്രം ചുരുങ്ങിയേനേ. സംവിധാനത്തിന്റെ മികവും തിരക്കഥയുടെ കരുത്തും സിനിമക്ക് മികച്ച ദൃശ്യഭാഷ പകരുന്നുവെങ്കിലും ശരത്ത് - ബാല പ്രണയികളുടെ സ്വകാര്യ ലൈംഗീകാഹ്ലാദ പങ്കിടല്‍ രംഗം (intimate seen) ചിത്രത്തിന്റെ സ്വാഭാവികമായ ഒഴുക്കിനെ വലിയ അളവില്‍ തടസപ്പെടുത്തിയെന്നതില്‍ പക്ഷം രണ്ടില്ല. അതിനു തൊട്ടു മുന്‍പു വരെ നിലനിര്‍ത്തിയിരുന്ന പ്രമേയത്തിന്റെ ഗൌരവം അത്തരം കേവലമൊരു 'പൈങ്കിളി' സന്ദര്‍ഭത്തിലൂടെ നഷ്ടപ്പെട്ടിട്ടുണ്ടോ എന്ന ആത്മപരിശോധനയും സ്വയംവിമര്‍ശനവും തുടര്‍ പ്രവര്‍ത്തങ്ങള്‍ക്ക് ഗുണകരമായ നിലയില്‍ ഊര്‍ജ്ജം പകരും. ആദ്യാന്തം സിനിമക്കൊപ്പം പ്രക്ഷകനെ കൈപിടിക്കാനാകുക എന്നതും, നല്ല സിനിമയുടെ സവിശേഷതകളില്‍ ഒന്നെങ്കില്‍ അര്‍ത്ഥശങ്കക്കിടയില്ലാത്ത വിധം അടിവരയിടാം. ഒഴിമുറി. ഒരൊന്നാന്തരം മുറി തന്നെ. തെക്കന്‍ തിരുവിതാന്‍കൂറിന്‍ന്റെ നാട്ടുപ്പഴക്കത്തില്‍ വിരലൂന്നി സ്ത്രീ പുരുഷ ബന്ധങ്ങളിലേക്കും അവയുടെ വൈവിധ്യങ്ങളിലേക്കും സസൂക്ഷ്മം കടന്നു കയറുന്ന ഇതിവൃത്തങ്ങള്‍ മലയാള സിനിമയില്‍ ഏറെയൊന്നും ഉണ്ടായിട്ടില്ല. കാലഘട്ടത്തിന്‍റെ ചരിത്രം സ്വാഭാവിക സൌന്ദര്യാത്മകതയുള്‍ക്കൊണ്ട് ദൃശ്യവല്‍ക്കരിക്കാനായി എന്നതില്‍ സംവിധായകനഭിമാനിക്കാം.
നല്ല സിനിമ എന്ന പരിപ്രേക്ഷ്യം ലാക്കാക്കുന്നത് ഓഫ് ബീറ്റ് സ്വഭാവം വച്ചു പുലര്‍ത്തുന്ന സിനിമകളെയാണെങ്കില്‍, ഒഴിമുറിയെ ഒരുനിലയിലും ബു:ജി (ബുദ്ധിജീവി) സിനിമകളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി 'അവാര്‍ഡു ' പടമാക്കേണ്ടതില്ല. ഏതര്‍ത്ഥത്തിലും പൊതു പ്രേക്ഷകസമൂഹത്തിന്‍റെ അഭിരുചികളെ തൃപ്തിപ്പെടുത്താന്‍ ചിത്രത്തിനാകുന്നു. ആദ്യ പകുതിക്കു ശേഷം അവസാനത്തിനിടയില്‍ , കൈലേസല്‍പ്പം നനഞ്ഞാലും അധികം ബലം പിടിക്കേണ്ടതില്ല. കാരണം സിനിമ മനുഷ്യന്‍റെ ഉള്ളു തൊടുന്നതു തന്നെയാകണം. മധുപാല്‍ സംവിധാനം ഗംഭീരമായി നിര്‍വ്വഹിച്ചിരിക്കുന്നു.പ്രശസ്ത തമിഴ് - മലയാളം സാഹിത്യകാരനും നിരൂപകനുമായ ബി ജയമോഹനാണ് കാമ്പുള്ള തിരക്കഥ പിന്നില്‍. അതിമനോഹരങ്ങളായ ഫ്രെയ്മുകളിലൂടെ അഴകപ്പന്‍ ഛായാഗ്രഹണം സംഗീതമാക്കിയിരിക്കുന്നു. മികച്ച സംഗീതം (ബിജിബാല്‍) ,ശബ്ദമിശ്രണം തുടങ്ങി എല്ലാ നിലയിലും ഒത്തുതീര്‍പ്പുകളില്ലാത്ത സാങ്കേതിക മികവ്..അഭിനയത്തികവു കൊണ്ട് ലാല്‍ താണുപിള്ളയേയും ശിവന്‍ പിള്ളയെയും (ഇരട്ട വേഷം) അനശ്വരരാക്കുബോള്‍ കാളിപ്പിള്ളയായി ശ്വേതാ മേനോനും മീനാക്ഷിയമ്മയായി മല്ലികയും ശരത്തായി ആസിഫ് അലിയും ബാലയായി ഭാവനയും കഥാപാത്രങ്ങളെ സുരക്ഷിതരാക്കി ക്യാന്‍വാസില്‍ ജീവിക്കുന്നു. ചിത്രം, ആസിഫ് അലിയിലെ മികച്ച അഭിനേതാവിന്റെ പുതിയ മുഖമാണ് പ്രേക്ഷകനു സമ്മാനിക്കുന്നത്. ശ്വേതാ മേനോന്റെ സാധ്യതകളെ നന്നായി പ്രയോജനപ്പെടുത്താന്‍ തിരക്കഥക്കോ സംവിധായകനോ ആയിട്ടുണ്ടോ എന്നത് പരിശോധിക്കപ്പെടേണ്ടതുണ്ട്. കരുത്തുറ്റ കഥാപാത്രങ്ങള്‍ മല്ലികയിലൂടെ ചലച്ചിത്ര ലോകത്തിന് ഉറപ്പായും പ്രതീക്ഷിക്കാനാകും. ജഗദീഷ്, നന്ദു, ബാലാജി, കൊച്ചുപ്രേമന്‍, എം ആര്‍ ഗോപകുമാര്‍, സുധീര്‍ കരമന, രഞ്ചിത്ത് ഗോവിന്ദമംഗലം തുടങ്ങിയവര്‍ ശ്രദ്ധേയകഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു. നല്ല സിനിമകള്‍ ഉണ്ടാകണമെങ്കില്‍ സമര്‍പ്പിതരായ കലാകാരന്മാര്‍ വേണം. അതോടൊപ്പം കലയോടും സിനിമയോടും പ്രതിബ ദ്ധതയുള്ള നിര്‍മ്മാതാക്കളും ഉണ്ടാകണം. ആ നിലയില്‍ പി എന്‍ വേണുഗോപാല്‍ അഭിനന്ദനമര്‍ഹിക്കുന്നു. ടി വിയിലെ ചാറ്റ് ഷോകളിലോ എഫ് എം നിലവിളികളിലോ സോഷ്യല്‍ നെറ്റ് വര്‍ക്കുകളിലോ ഒഴിമുറിപ്പരസ്യങ്ങള്‍ കണ്ടെന്നു വരില്ല.. പക്ഷേ , കണ്ട പ്രേക്ഷകര്‍ കാണാത്തവരോട് ഉറപ്പായും പറയുന്നു .കാണണം