Jyothi Tagore

മോളിയാന്റി കണ്ട കേരളവും കൊറോണക്കാലത്തെ കേരളവും

ഏറെ ചര്‍ച്ച ചെയ്യപ്പെട്ട ” അയ്യപ്പനും കോശിയും ” സിനിമയ്ക്കും തൊട്ടുമുമ്പിറങ്ങിയ ” ഡ്രൈവിംഗ് ലൈസന്‍സ് ” സിനിമയ്ക്കുമുള്ള സമാനത രണ്ടു വ്യക്തികള്‍ തമ്മിലുടലെടുത്ത ഈഗോ ക്ലാഷ് പ്രമേയമാകുന്നു എന്നതും പൃഥ്വിരാജ് എന്ന നടന്റെ  സാന്നിദ്ധ്യവുമായിരുന്നു. എന്നാല്‍ ഇതേ സമാനതകള്‍ പേറുന്ന ഒരു പഴയ സിനിമയുണ്ട് – മോളിയാന്റി റോക്സ്. ഉള്‍ച്ചേര്‍ന്നിരിക്കുന്ന രാഷ്ട്രീയ പശ്ചാത്തലം പരിഗണിച്ചാലും പൃഥ്വിരാജ് തന്റെ  കഥാപാത്രത്തിന് വേണ്ടി മാറ്റിവെച്ച താരഈഗോ നോക്കിയാലും AKയും മോളിയാന്റിയും സാമ്യങ്ങളേറെയുള്ള ചിത്രങ്ങളാണ്. കൊറോണക്കാലത്ത് മലയാളി കണ്ടിരിക്കേണ്ട ചിത്രങ്ങളിലൊന്നാണ് പിന്തിരിപ്പനായ ജനപ്രിയാശയങ്ങളാല്‍ തോറ്റുപോയ ഈ സിനിമ.


11


ഏതാണ്ട് മോളിയാന്റി  റോക്ക്സ് ഇറങ്ങുന്ന സമയത്ത് തന്നെയാണ് “വേണം മറ്റൊരു കേരളം” എന്ന മുദ്രാവാക്യമുയര്‍ത്തി ,കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ഒരു ജനകീയ വികസനക്യാമ്പയിന്‍ ആരംഭിച്ചത്. അത് ജനങ്ങളോട് സംവദിച്ച് തുടങ്ങുന്നത് തന്നെ കേരളം ഇപ്പോഴും ഇതര ഇന്ത്യന്‍ സംസ്ഥാനങ്ങളെ അപേക്ഷിച്ച് ബഹുകാതം മുന്നിലാണ് എന്ന ആമുഖത്തോടെയാണ്. ലോകശ്രദ്ധയാകര്‍ഷിച്ചതും വേറിട്ടതുമായ ആ വികസനപ്രയാണം എത്തിനില്‍ക്കുന്ന സമസ്യകളെയും വികസനത്തിന്റെ  ഭാഗമായി ഉല്‍പ്പാദിപ്പിക്കപ്പെട്ട ചില അപചയങ്ങളെയും വിമര്‍ശനബുദ്ധ്യാ ചര്‍ച്ചയ്ക്ക് വെയ്ക്കുകയും അവയ്ക്ക് ജനകീയമായ പോംവഴികള്‍ തേടുകയുമായിരുന്നു പരിഷത്ത് ക്യാമ്പയിനിന്റെ  അന്തസത്ത. സിനിമയാകട്ടെ മുന്നോട്ടു വെയ്ക്കുന്നത് കടകവിരുദ്ധമായ ചില ദര്‍ശനങ്ങളും.


13


യൂറോപ്യന്‍ രാജ്യങ്ങളോട് കിടപിടിക്കുന്ന ജീവിതഗുണത കൈവരിക്കാന്‍ നമുക്ക് കഴിഞ്ഞത് ഉയര്‍ന്ന വരുമാനം നേടിക്കൊണ്ടല്ല, വരുമാനത്തിന്റെ നീതിപൂര്‍വമായ വിതരണം ഉറപ്പ് വരുത്തിയും വികസനരംഗത്തും സേവനമേഖലയിലും സര്‍ക്കാര്‍ സംവിധാനങ്ങളുടെ ഇടപെടല്‍ വര്‍ദ്ധിപ്പിച്ചു കൊണ്ടുമാണ് . മറ്റ് പ്രദേശങ്ങളില്‍ ജനിച്ച് ജീവിക്കുന്ന ഇന്ത്യക്കാരേക്കാള്‍ ശരാശരി 10 വര്‍ഷങ്ങള്‍ അധികം (അതും കൂടുതല്‍ മെച്ചപ്പെട്ട ) ജീവിതം മലയാളിക്ക് സാധ്യമാക്കി തീര്‍ത്തു എന്നതാണ് കേരള മോഡലെന്ന് പുകള്‍പെറ്റ ആ വികസനതന്ത്രത്തിന്റെ നീക്ക് ബാക്കി. ഇത്തരം ഒരു ബദലിന്റെ നിര്‍മ്മിതിയിലും മുന്നേറ്റത്തിലും ഇവിടുത്തെ രാഷ്ട്രീയപാര്‍ട്ടികളും സാമൂഹികപ്രസ്ഥാനങ്ങളും സാമുദായികസംഘടനകളുമൊക്കെ തങ്ങളുടെ പങ്ക് വഹിച്ചിട്ടുണ്ട് എന്ന വസ്തുത പ്രത്യേകം വായിക്കപ്പെടേണ്ട ഒന്നാണ്. പ്രബുദ്ധമായ ഒരു രാഷ്ട്രീയബോധം പ്രസരിപ്പിക്കപ്പെട്ടു എന്നതാണ് നിര്‍ണ്ണായകം .മുന്‍പേ ആരംഭിച്ചതെങ്കിലും തികച്ചും അനുപൂരകമായ ഒരു മുന്നേറ്റം സാംസ്കാരികമായി നടക്കുന്നുണ്ടായിരുന്നു. വിവേകാനന്ദന്‍ പറഞ്ഞ ഭ്രാന്താലയത്തില്‍ നിന്നും നാരായണഗുരു ചൂണ്ടിക്കാണിച്ച മാതൃകാസ്ഥാനത്തേക്കുള്ള പരിവര്‍ത്തനം ,സാംസ്കാരിക ഭൂമിക വികസിപ്പിച്ചു. നവോത്ഥാന ശക്തികള്‍ കലയെ പുരോഗമനപരമായി ഉപയോഗിച്ചതും നിര്‍ണ്ണായകമായി. നാടകം, കഥാപ്രസംഗം, സിനിമ തുടങ്ങിയവയ്ക്കൊക്കെ ജനകീയമുഖം കൂടി കൈവന്നു. ഇവയൊക്കെ ചേര്‍ന്ന് കേരളത്തെ സമാനതകള്‍ ഇല്ലാത്ത ജനവാസകേന്ദ്രം ആക്കി മാറ്റിത്തീര്‍ത്തു . പരിഷത്ത് ക്യാമ്പയിന്‍ നടക്കുന്ന സമയത്ത് ഏറെ മുന്‍തൂക്കം നേടിയ വാദഗതികളില്‍ ഒന്ന് സാമൂഹിക കൂട്ടായ്മ എന്ന ഘടകം കുറഞ്ഞുവരുന്നു എന്നതാണ്. നവോത്ഥാനത്തിലൂടെ നാം കൈവരിച്ച നേട്ടങ്ങള്‍ തമസ്ക്കരിക്കപ്പെടുന്നു എന്നതാണ് മറ്റൊന്ന്. പ്രളയവും ഇപ്പോള്‍ കൊറോണയും ഒന്നാമത്തെ ചര്‍ച്ചയെ അപ്രസക്തമാക്കിയെങ്കില്‍ ശബരിമല വിവാദവും മറ്റ് മതവിശ്വാസകോലാഹലങ്ങളും രണ്ടാമത്തെ സംവാദത്തെ പുതിയൊരു തലത്തിലേയ്ക്ക് ഉയര്‍ത്തിയിട്ടുണ്ട്. എന്തായാലും കടലും പശ്ചിമഘട്ടവും കടന്ന് എത്തുന്ന രണ്ടുതരംആശയങ്ങള്‍ നമ്മെ പിന്നോട്ടോ മുന്നോട്ടോ നടത്തുന്നതെന്ന ചര്‍ച്ചയ്ക്ക് എന്നും സാംഗത്യമുണ്ട്. മോളിയാന്റി റോക്ക്സ് നമുക്ക് മുന്നില്‍ അവതരിപ്പിക്കുന്ന വ്യാമോഹങ്ങളെ മുന്‍നിര്‍ത്തി ഇവയെ ഒന്ന് വിലയിരുത്തിനോക്കാം.


14


നവോത്ഥാനം സൃഷ്ടിച്ച തുറസ്സുകളിലൂടെയാണ് കേരളം മുന്നോട്ടുനടന്നത്. സങ്കീര്‍ണ്ണവും നൂതനവുമായ ഒരു വികസന പരീക്ഷണത്തിലൂടെയാണ് കേരളം ഇന്നീ കാണുന്ന കേരളമായത്. നവോത്ഥാനം മുന്നോട്ടുവെച്ച ഉണര്‍വിനെ കെടാതെ കാക്കാനും സമസ്തമേഖലയിലും ജനകീയ ഇടപെടലായി അത് പരിവര്‍ത്തനപ്പെടുത്താനും പ്രാപ്തിയുള്ള ഒരു രാഷ്ട്രീയ നേതൃത്വം ഇവിടെ ഉയര്‍ന്നുവന്നു. എന്നാല്‍ വിതരണനീതിയിലൂന്നിയ വികസനപ്രക്രിയയയെ താങ്ങി നിര്‍ത്താന്‍ പ്രാപ്തമായ ബദല്‍ സാമ്പത്തിക അടിത്തറ രൂപപ്പെടുത്താന്‍ നമുക്ക് കഴിയാതെ പോയി. ഫലത്തില്‍, മുതലാളിത്തരീതിയിലുള്ള ഉല്‍പ്പാദന ബന്ധങ്ങളെ തന്നെയാണ് പിന്‍പറ്റിയത്. സ്വാഭാവികമായും അതിനനുസൃതമായി മൂല്യബോധം സൃഷ്ടിക്കപ്പെടുകയും അത് പൊതുബോധമായി പുനരുല്‍പ്പാദിപ്പിക്കപ്പെടുകയും ചെയ്തു. വിഭാവന ചെയ്യപ്പെട്ട സാമൂഹിക ക്രമത്തോട് ചേര്‍ന്നുപോകാത്തതായിരുന്നു ആ പൊതുബോധം.ഒരു സമൂഹം എന്ന നിലയില്‍ ക്രമേണ സംഭവിച്ച ഈ അപചയം കലയുടെ ജനകീയസ്വഭാവത്തെയും അട്ടിമറിച്ചു . ചരക്കുവല്‍ക്കരണം കൂടുതലായ സിനിമയിലാണിത് ഏറെ പ്രകടമായത്. മുതലാളിത്തത്തിന് അനുകൂലമായ സമ്മതങ്ങള്‍ സൃഷ്ടിക്കുകയോ അത്തരം കപടനിര്‍മ്മിതികള്‍ക്ക് മറ തീര്‍ക്കുകയോ ആണ് പിന്നീട് മുഖ്യധാര മലയാളസിനിമകള്‍ ചെയ്തു പോന്നത്. ശരിയായ മുന്‍ഗണനകളെ അട്ടിമറിക്കുകയും പകരം വ്യാജ മുന്‍ഗണനകള്‍ മുന്നോട്ട് വെയ്ക്കുകയും വഴി കേരളസമൂഹത്തിന്റെ പുരോഗമന സ്വഭാവത്തെ അത് നിരന്തരം വെല്ലുവിളിച്ച് കൊണ്ടേയിരിക്കുന്നു. ദൗത്യത്തില്‍ വിജയിച്ചു എന്നല്ല, ആ ചതിപ്രയോഗത്തിനായുള്ള കൂട്ടായ്മയില്‍ സ്വന്തം റോള്‍ ഭംഗിയാക്കുന്നു എന്ന് പറഞ്ഞാല്‍ നിരീക്ഷണം ശരിയായേക്കും.


അത്തരം ഒരു ശ്രമത്തിന്റെ അപഹാസ്യമായിപ്പോയ അഭ്രപരീക്ഷണം എന്ന നിലയില്‍ ചര്‍ച്ച ചെയ്യപ്പെടേണ്ട സിനിമയാണ് “മോളിയാന്റി  റോക്സ്”. അമേരിക്കന്‍ സംസ്കാരത്തിന്റെ  പൊങ്ങച്ചമൂല്യങ്ങള്‍ എന്ന പഴകി പുളിച്ച വിഷവീഞ്ഞിന്റെ പുതിയ വില്‍പ്പന എന്ന നിലയ്ക്ക് മാത്രമല്ല, N.G.O.രാഷ്ട്രീയം നമ്മുടെ മുന്‍ഗണനയിലേക്ക് നിര്‍ദേശിക്കുന്ന കൗശലത്തിന്റെ പേരില്‍ക്കൂടി അത് സ്വയം അടയാളപ്പെടുത്തുന്നുമുണ്ട്. പ്രണയത്തിലൂടെ, വിവാഹത്തിലൂടെ അമേരിക്ക എന്ന പറുദീസയിലേയ്ക്ക് ഉയര്‍ത്തപ്പെട്ട ഒരു പാവപ്പെട്ട കമ്മ്യൂണിസ്റ്റ്കാരന്റെ മകള്‍ ആണ് ഇന്നത്തെ മോളിയാന്റി. അവര്‍ കാണിക്കുന്ന തന്റെടത്തിന്റെ കാരണവും മറ്റൊന്നല്ല. (കേരളത്തിന്റെ ഇടത് മനസിനെ ലാക്കാക്കിയുള്ള ഒരു സോപ്പ് പതിപ്പിക്കല്‍ )അയാള്‍ കമ്മ്യൂണിസ്റ്റ്‌കാരന്‍ മാത്രമല്ല നല്ലവനും കൂടിയാണ്. ദൈവഭയമുള്ളവനായിരുന്നു എന്ന് വികാരിയച്ചന്‍ വക സാക്ഷ്യപത്രം സംവിധായകന്‍ പ്രത്യേകം ഹാജരാക്കുന്നുമുണ്ട്.


21


മലയാളിമധ്യവര്‍ഗത്തെ സമരസപ്പെടുത്താനാകണം ഹര്‍ത്താല്‍ അടക്കമുള്ള ഘോരവിപത്തുകള്‍ക്കെതിരെയുള്ള ഒരു ധര്‍മ്മയുദ്ധം തന്നെയാണ് ടൈറ്റില്‍ കാര്‍ഡുകളുടെ ഘോഷയാത്ര. ജീവിതച്ചെലവ് ഏറുന്നതോ, ജീവിതം സാധാരണക്കാരന് ദുസ്സഹമാകുന്നതോ ഒന്നും പക്ഷെ സിനിമയില്‍ ചര്‍ച്ച ചെയ്യപ്പെടുന്നുമില്ല. ജീവിതം വളരെ ഉയര്‍ന്ന ചിലവില്‍ ഉപഭോഗിച്ച് തീര്‍ക്കേണ്ടതാണെന്നും അപ്പോള്‍ സ്വാഭാവികമായി പാര്‍ശ്വങ്ങളിലേക്ക് തള്ളിമാറ്റപ്പെടുന്നവര്‍ക്ക് ജീവകാരുണ്യം പോലുള്ള പരാശ്രയങ്ങള്‍ നല്‍കാം എന്നും പറഞ്ഞു വെയ്ക്കുന്നിടത്താണ് സിനിമ NEW GENERATION രാഷ്ട്രീയത്തിന്റെ വ്യക്താവാകുന്നത്. യുദ്ധങ്ങള്‍ വിറ്റ് ജീവിക്കുന്ന , അത് വഴി ലോകത്തെമ്പാടും ദുരിതവും വിദ്വേഷവും പ്രചരിപ്പിക്കുന്ന ഒരു സംസ്കാരത്തെ മാതൃകാസ്ഥാനത്ത് പ്രതിഷ്ഠിച്ചും കേരളീയ ജീവിതത്തെ ഇകഴ്ത്തിക്കാണിച്ചുമാണ് സിനിമ വികസിക്കുന്നത്. ബാങ്കിലെ ക്യൂ , അഴിമതിക്കാരനായ സര്‍ക്കാര്‍ ജീവനക്കാരന്‍ , ഞരമ്പ്‌ രോഗികള്‍ , ഇടനിലക്കാര്‍ , കൂലി പറഞ്ഞു തര്‍ക്കിക്കുന്ന പെട്ടി ഓട്ടോക്കാരന്‍ , വാടകക്കാര്യത്തില്‍ കര്‍ക്കശക്കാരനായ വീട്ടുടമ അങ്ങനെയങ്ങനെ കേരളം മഹാമോശം. ( അങ്ങ് അമേരിക്കയില്‍ ആയിരുന്നെങ്കില്‍ ….) ആന്റിയും കൂട്ടുകാരിയായ അദ്ധ്യാപികയും പ്രഭാത സവാരിക്കിറങ്ങുന്ന രംഗം നോക്കുക – തൈക്കിളവന്മാര്‍ മുതല്‍ കൂട്ടുകാരിയുടെ ശിഷ്യന്മാര്‍ വരെ കൗതുകവസ്തുക്കളെപ്പോലെ അവരെ നോക്കുന്നു. bloody malayali യെ സൃഷ്ടിച്ചെടുക്കുന്ന തിരക്കില്‍ , സ്ത്രീകളുടെ പ്രഭാത സവാരി ഇന്ന് കേരളത്തിലെ ഏത് കുഗ്രാമങ്ങളിലും പതിവ് കാഴ്ചയാണ് എന്ന വസ്തുത രഞ്ജിത്ത് ശങ്കര്‍ വിസ്മരിക്കുന്നു.


മോളിയാന്റി എന്ന കഥാപാത്രത്തിന്റെ അസംഖ്യം അവതരണരംഗങ്ങളിലൊന്ന് മേല്‍സൂചിപ്പിച്ച നിരീക്ഷണത്തെ സാധൂകരിക്കുന്നുണ്ട് . കൃഷ്ണകുമാര്‍ അവതരിപ്പിക്കുന്ന ദന്തിസ്റ്റിനെ കാണാന്‍ മോളി ചെല്ലുന്ന ഭാഗം അവരുടെ സ്വഭാവത്തിന്റെ മേന്മ പ്രകടമാക്കാന്‍ ഉദ്ദേശിച്ച് സൃഷ്ടിച്ചതാണ്. സഹോദരതുല്യ ബന്ധമുള്ള അയാള്‍ , താന്‍ മോളിയ്ക്ക് നല്കുന്ന സേവനത്തിന് പ്രതിഫലം പറ്റാന്‍ മടിക്കുന്നുണ്ട്. നിത്യജീവിതത്തില്‍ നാമൊക്കെ ഇത്തരം സന്ദര്‍ഭങ്ങളെ അഭിമുഖീകരിക്കുകയും, പണത്തേക്കാള്‍ വില സ്നേഹബന്ധങ്ങള്‍ക്കാണെന്ന മൂല്യബോധത്തെ കൂടുതല്‍ ഉറപ്പിക്കുകയും ചെയ്തിട്ടുണ്ട്. പ്രളയ – കൊറോണക്കാലത്ത് കേരളത്തിന്റെ  കരുത്തും അത്തരം മൂല്യങ്ങളാണ്. എന്നാല്‍ മോളിയാന്റി ഉപഭോക്താവിന്റെ ഉത്തരവാദിത്തതോടെ പേയ്മെന്റ് നടത്തി ഇത്തരം സാമൂഹിക വഴക്കങ്ങള്‍ നിരാകരിക്കുകയാണ്. എന്തും വില്പ്പനയ്ക്കുള്ളതാണെന്ന പ്രമാണം വിനിമയം ചെയ്യുന്നതിലൂടെ ദൃശ്യത്തിന് ഒരു സാരോപദേശ സ്വഭാവം കൈവരുന്നുണ്ട്.


aksharam (1)


കൊറോണക്കാലത്ത് കേരളം അതിജീവിക്കാന്‍ ശ്രമിക്കുന്ന വഴികള്‍ക്ക് ”ശാരീരിക അകലം, സാമൂഹിക ഒരുമ” എന്ന് പേരിട്ടതിലും നാം പിന്‍തുടര്‍ന്ന് പോരുന്ന വികസനവഴിയുടെ രാഷ്ട്രീയമുണ്ട്. സൗജന്യമായി, സ്റ്റേറ്റിന്റെ  ഉത്തരവാദിത്തത്തിലും സാമൂഹിക പങ്കാളിത്തത്തിലും പ്രതിരോധപ്രവര്‍ത്തനങ്ങള്‍ നടക്കുന്ന കേരളവും സ്വകാര്യവത്ക്കരണവും ലാഭകൊതിയും വര്‍ദ്ധിച്ച ചികിത്സ ചെലവും ഇത്തരം സാഹചര്യങ്ങള്‍ നേരിടാന്‍ പരിശീലിക്കപ്പെട്ട പൊതുആരോഗ്യ സംവിധാനങ്ങളുടെ അഭാവവുമുള്ള അമേരിക്കയും ദുരന്തകാലത്തിന്റെ  രണ്ടറ്റങ്ങളാണ്. ക്യൂബ മുകുന്ദന്മാരെ സൃഷ്ടിച്ച സിനിമ കോമാളികള്‍ക്കും അല്ലാത്ത കോമാളികള്‍ക്കും കൊറോണക്കാലം ഇങ്ങനെ പല അറിവുകളും പകരാന്‍ ശ്രമിക്കുന്നുണ്ട്. സര്‍വ്വജ്ഞരായതിനാല്‍ മനസിലാക്കുമോ എന്തോ!!


സിനിമയുടെ കേന്ദ്രപ്രമേയമാണ് കുറെക്കൂടി ഗൗരവമായ വിലയിരുത്തല്‍ അര്‍ഹിക്കുന്നത്. മധ്യവര്‍ഗ്ഗസുഷുപ്തിയില്‍ ജീവിക്കുന്ന മലയാളിയുടെ വലിയ അലട്ടലുകളിലൊന്ന് ഇന്‍കംടാക്സ് ആണെന്ന് അറിയാവുന്ന ആര്‍ക്കും ചിരിയോടെ കണ്ടിരിക്കാവുന്ന രംഗങ്ങളിലൂടെയാണ് ചിത്രം സജീവമാകുന്നത്. കേരളസര്‍വീസിലെയും അസംഖ്യം ജീവനക്കാരും ബിസിനസുകാരും മാന്യതയുള്ള സിനിമക്കാരുമൊക്കെ കൃത്യമായി ഒടുക്കുകയോ , നിയമവിധേയമായ മാര്‍ഗങ്ങളിലൂടെ കിഴിവ് നേടുകയോ ചെയ്യുന്ന തുകയ്ക്ക് വേണ്ടി ഒരു അമേരിക്കന്‍ മലയാളി യുദ്ധത്തിന് ഇറങ്ങുന്ന കാഴ്ചയാണ് പിന്നെ നാം കാണുന്നത്. പലവിധ സൗകര്യങ്ങള്‍ക്ക് വേണ്ടി വിദ്യാസമ്പന്നനായ മലയാളി വെള്ളവും വളവും കൊടുത്തു പുലര്‍ത്തുന്ന അഴിമതി എന്ന നരിമടയില്‍ മോളിയാന്റി ചെന്ന് കയറുകയും ഒരു നരി അവരെ കടിക്കുകയും ചെയ്യുന്നുണ്ട്. എന്നാല്‍ അവരുടെ യുദ്ധം തുടര്‍ന്ന് നടക്കുന്നത് അഴിമതിക്കാരനല്ലാത്ത , കാര്യക്ഷമത ഉണ്ടെന്നു സിനിമ തന്നെ പറയുന്ന ചെറുപ്പക്കാരനായ ഒരു ഉദ്യോഗസ്ഥനെതിരെയാണ്. പള്ളിയിലും അരമനയിലും ബാങ്കിലും ഓഫീസിലും ടെന്നീസ് കോര്‍ട്ടിലും തെരുവിലും ഒക്കെ തന്നെ നേരിടാന്‍ ഉറഞ്ഞു തുള്ളിയടുക്കുന്ന മോളിയാന്റിയോട് അയാള്‍ പറയുന്നുണ്ട് – ഇതെന്റെ ജോലിയാണ് , നികുതി വെട്ടിപ്പ് തടയാനാണ് സര്‍ക്കാര്‍ തന്നെപ്പോലെയുള്ളവര്‍ക്ക് ശമ്പളം തരുന്നതെന്ന്.


download


എങ്കിലും അയാള്‍ തോറ്റ് പോകുന്നിടത്ത് ഉന്നയിക്കപ്പെടുന്ന ഒരു ചോദ്യവും ഉത്തരവുമുണ്ട്. നടപ്പ് സിനിമാ ശീലങ്ങളില്‍ നിന്ന് വിരുദ്ധമായി നായകനടന്‍ പരാജിതന്‍ ആകുന്നത് എന്തിന് ? കച്ചവടസിനിമകളില്‍ ഇത് പതിവില്ലാത്തതാണ്. അയ്യപ്പനും കോശിയും തമ്മിലുള്ള പോരില്‍ അയ്യപ്പനെന്ന രാഷ്ട്രീയ പ്രതിനിധാനത്തിന് കേരളചരിത്രത്തിലെ പോരാട്ടങ്ങളുടെ ബാക്ക് അപ്പ് ഉണ്ടായിരുന്നു. ജനകീയ രാഷ്ട്രീയത്തെ പിന്നില്‍ നിന്ന് കുത്തിയ സവര്‍ണ്ണ ജാടകള്‍ക്ക് മുന്നില്‍ അയ്യപ്പന് സന്ധി ചെയ്യാനാവില്ലയെന്നത് കേരളചരിത്രത്തോട് ചെയ്യുന്ന നീതിയാണ്. ( സത്യം പൂര്‍ണ്ണമായി അതല്ലെങ്കിലും ) മോളിയാന്റി റോക്സില്‍ സംഗതി വലിയ തമാശയാണ്, അപഹാസ്യവുമാണ്. സര്‍ക്കാരിലേക്ക് ചെന്ന് ചേരേണ്ടുന്ന നികുതി അടപ്പിക്കാന്‍ ശ്രമിക്കുന്ന ആ ഉദ്യോഗസ്ഥന് ഈഗോ ആണത്രേ ചിരിക്കല്ലേ ചിരിക്കല്ലേ….. ജഗതിക്ക് ചേരുന്ന കുപ്പായവുമിട്ട് മാമുക്കോയ വരുമ്പോള്‍ പിന്നെ നിങ്ങള്‍ക്ക് ചിരിക്കുകയോ കരയുകയോ ഏതെങ്കിലും ഒന്ന് ചെയ്യാം. പക്ഷെ, നിങ്ങള്‍ എന്ത് തന്നെ ചെയ്താലും അദ്ദേഹം കണ്ടുപിടിച്ചു കളഞ്ഞു, മോളി നികുതി വെട്ടിച്ചത് മുഴുവന്‍ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്ക് ആയിരുന്നത്രെ…. മോളിയാന്റി നിരുദ്ധകണ്ഠയാകുന്നു – ഇന്ത്യയില്‍ ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടത്ര അവസരം ഇല്ല പോലും. ഈഗോക്കാരന്‍ എതിരാളി പശ്ചാത്താപവിവശനാകുന്നു. പിന്നെ ടാക്സ് ഒഴിവാക്കല്‍ ശ്രമങ്ങളുടെ ഭാഗമായി കുറെ അമച്വര്‍ സീനുകള്‍. ശേഷം ശുഭം.(അത് എഴുതിക്കാണിക്കാതിരുന്നത് മോശമായിപ്പോയി.) ഒരു സംശയം പാവം പ്രേക്ഷകന്‍ വശം മിച്ചം. ഏത് പ്രവര്‍ത്തനങ്ങള്‍ക്കാണ് ഇന്ത്യയില്‍ വേണ്ടത്ര അവസരമില്ലാത്തത് -നികുതി വെട്ടിപ്പിനൊ അതോ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കോ? രണ്ടിന്റെ പേരിലും ഇത്രയേറെ തട്ടിപ്പുകള്‍ നടക്കുന്ന സ്ഥലം വേറെ ഏതുണ്ടാകും? സര്‍ക്കാര്‍ ആശുപത്രിയോ സ്‌കൂളോ മറ്റ് രാഷ്ട്രീയ പ്രവര്‍ത്തനങ്ങളോ പരാമര്‍ശിക്കാതെ , സര്‍ക്കാര്‍ ഓഫീസുകളെ പ്രാതിനിധ്യസ്വഭാവത്തോടെ അവതരിപ്പിക്കുന്ന സിനിമയ്ക്ക് പക്ഷെ, അവയുടെ നവീകരണത്തെ കുറിച്ച് കാതലായ വേവലാതികള്‍ ഒന്നും തന്നെയില്ല. മോളിയാന്റി അമേരിക്കയ്ക്ക് മടങ്ങും വരെയെങ്കിലും നന്നായതായി ഒന്ന് നടിക്കണം – അത്രമാത്രം.


“മനുഷ്യദൈവങ്ങളുടെ പേരില്‍ നടക്കുന്ന വിവിധങ്ങളായ പ്രവര്‍ത്തനങ്ങള്‍ക്കോ അതോ താരദൈവങ്ങളുടെ നികുതി വെട്ടിപ്പിനോ; ഏതിന് കുട പിടിക്കാനാണ് മോളിയാന്റിയുടെ ചാവേര്‍ യുദ്ധം ” എന്ന ലളിതമായി ചോദിക്കുന്ന സുഹൃത്തുക്കളോട് ഒന്നേ പറയാനുള്ളൂ – തടി കേടാകാതെ നോക്കുക. “ഈ സിനിമയ്ക്ക് inspiration നമ്മുടെ മച്ചാന്‍ അല്ലെ, ഞാന്‍ അങ്ങോരെ പൊക്കി പറഞ്ഞതല്ലേ?” എന്നൊക്കെ പറഞ്ഞാല്‍ ഫാന്‍സ്‌ പയ്യന്‍മാരുടെ കയ്യില്‍ നിന്നു ചിലപ്പോള്‍ ഊരിപ്പോരാം. പക്ഷെ ഭക്തന്മാര്‍ അങ്ങനെ ബുദ്ധിയില്ലാത്ത ഇനം അല്ല, കുറഞ്ഞത് നിങ്ങള്‍ക്ക് മെന്റല്‍ ഹോസ്പിറ്റലെങ്കിലും ഉറപ്പ്. ദൈവം കനിഞ്ഞാല്‍ മരണദണ്ഡനവും. കൊറോണയെ പേടിച്ച് ഓടിപ്പോകുന്നതിന് മുമ്പ് ആളെക്കൊല്ലികളായ വിവാദമനുഷ്യര്‍ മനുഷ്യദൈവങ്ങളായ നാടാണിത്.


disease-326x245


ദൈവസങ്കല്പങ്ങള്‍ നിലനില്‍ക്കുന്ന വ്യവസ്ഥിതിക്ക് അനുപൂരകമായി രൂപപ്പെട്ടു വരുകയോ , വ്യവസ്ഥിതി അവയെ രൂപപ്പെടുത്തുകയോ ആകട്ടെ, പുതിയ ദൈവങ്ങള്‍ക്ക് പുതിയ പണികള്‍ ആണ് കല്‍പ്പിക്കപ്പെട്ടിരിക്കുന്നത് . ആരോഗ്യവും വിദ്യാഭ്യാസവും വികസനവും അടക്കമുള്ള രംഗങ്ങളില്‍ നിന്ന് സര്‍ക്കാര്‍ പിന്‍വാങ്ങുകയും ആ ഇടത്തേയ്ക്ക് വിവിധ സര്‍ക്കാരേതര, ജനകീയേതര സംഘങ്ങളെ നിര്‍ദേശിക്കുകയും ചെയ്യുന്ന പുതിയ രാഷ്ട്രീയ പ്രയോഗത്തില്‍ B.O.T.,P.P.P. തുടങ്ങിയ പദപ്രയോഗങ്ങള്‍ ഉള്‍പ്പെട്ട ഒരു വികസനനിഘണ്ടു പോലെ തന്നെ സ്വന്തം ദൈവങ്ങളുമുണ്ട് .തികച്ചും മാനസിക തലങ്ങളില്‍ പിറവി കൊണ്ട്, നിലനില്‍ക്കുന്ന ഈശ്വര സങ്കല്‍പ്പങ്ങളല്ല പുതിയ വ്യവസ്ഥിതി മുന്നോട്ട് വെയ്ക്കുന്നത്. നിങ്ങളെ പുണര്‍ന്ന് നിര്‍വൃതി പകരുന്ന പുതുതലമുറ ദൈവങ്ങള്‍ ആണിന്നത്തെ ഫാഷന്‍ .( കൊറോണ സമയത്ത് അത്തരം സേവനങ്ങള്‍ ലഭ്യമല്ലയെന്നതും കസ്റ്റമൈസ്ഡ് ദൈവങ്ങളുടെ സവിശേഷതയാണ്.


ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ നികുതി മുക്തമാക്കണം എന്ന “ജീവല്‍പ്രശ്നം” ഉയര്‍ത്തുന്ന സിനിമ ചാരിറ്റിയെ നിര്‍വചിക്കാതെ വിടുന്നുമുണ്ട് . സിനിമയില്‍ സൂചിപ്പിക്കപ്പെടുന്ന സുനാമി പുനരധിവാസം തന്നെ നോക്കുക – സര്‍ക്കാര്‍ വഴി നടത്തപ്പെട്ട പുനരധിവാസം , കൈകാര്യം ചെയ്ത ഫണ്ടുകള്‍ എന്നിവയൊക്കെ ഇഴകീറി വിമര്‍ശിക്കപ്പെടുമ്പോള്‍, ഈ പേരില്‍ വിവിധ എന്‍.ജി.ഒ .കളും ആള്‍ദൈവപ്രസ്ഥാനങ്ങളും ഒക്കെ നടത്തിയ പ്രവര്‍ത്തനങ്ങളോ പണത്തിന്റെ കണക്കോ സ്രോതസ്സോ സമൂഹത്തിന്റെ പരിഗണനയില്‍ വരുന്നില്ല . ഇടപെട്ട് മെച്ചപ്പെടുത്താന്‍ ഇപ്പോഴും സാധ്യതകള്‍ ഉള്ള; നാം കൂടി ഉള്‍പ്പെടുന്ന ജനായത്ത ഭരണകൂടങ്ങളുടെ നവീകരണശ്രമങ്ങളെ സ്വപ്നം കാണാതെ ,ചാരിറ്റി പ്രവര്‍ത്തങ്ങള്‍ എന്ന പേരില്‍ നടത്തുന്ന ദുരൂഹശ്രമങ്ങളുടെ കണക്ക് സമൂഹം പരിശോധിക്കരുത് എന്ന ആവശ്യം മുന്നോട്ട് വെയ്ക്കുന്ന സിനിമ ആര്‍ക്ക് വേണ്ടിയാണ് ശബ്ദമുയര്‍ത്തുന്നത് ?ചാരിറ്റി ചെയ്യുന്നു എന്നത് കൊണ്ട് മാത്രം മോളിയാന്റിയുടെ വരുമാനത്തെ നികുതിവിമുക്തം ആക്കണം എന്ന് പറയുമ്പോള്‍ , തങ്ങള്‍ ചെയ്യുന്ന യുദ്ധങ്ങളാലും തങ്ങള്‍ മുന്നോട്ട് വെയ്ക്കുന്ന ജീവിതവീക്ഷണത്താലും ദുരിതപ്പെടുന്ന മഹാഭൂരിപക്ഷത്തിന് ഔദാര്യത്തിന്റെ അപ്പകഷ്ണങ്ങള്‍ നല്‍കുക എന്ന ഏകധ്രുവലോകത്തിന്റെ തിട്ടൂരം ആണ് വിനിമയം ചെയ്യപ്പെടുന്നത്. അത് കൊണ്ട് തന്നെ കലയോ കലാപമോ ആകാതെ കച്ചവടം മാത്രമായി മോളിയാന്റി റോക്ക്സ് അവസാനിക്കുന്നു.


Novel-Coronavirus-780x515-1


കച്ചവട ചേരുവകളില്‍ പ്രധാനം രേവതിയുടെ സാന്നിദ്ധ്യമാണ് .സിനിമയുടെ നിലവാരത്തേക്കാള്‍ ഉയര്‍ന്നു നില്‍ക്കുന്ന പ്രകടനവുമായി അവര്‍ പ്രതീക്ഷ കാത്തു. അത് മാത്രമാണ് സിനിമയില്‍ എടുത്ത് പറയേണ്ട ഒരു ഘടകം. പൃഥ്വിരാജ് എന്ന നടന്‍ കുറഞ്ഞപക്ഷം സ്വന്തം കഴിവെങ്കിലും തിരിച്ചറിയാന്‍ ശ്രമിക്കണം.സംവിധായകന്‍ എന്ന നിലയില്‍ പാസ്സഞ്ചറില്‍ നിന്ന് മോളിയാന്റിയിലേക്ക് എത്തുമ്പോള്‍ രഞ്ജിത്ത് ശങ്കര്‍ നിരാശപ്പെടുത്തുന്നു.


കൊറോണക്കാലം ക്യൂബ മുകുന്ദന്മാരെയും മോളിയാന്റിമാരെയും അവര്‍ മുന്നോട്ടുവെച്ച വ്യാമോഹങ്ങളെയും നിശിതമായ പുനര്‍വായനയ്ക്ക് വിധേയമാക്കുന്നുണ്ട്. ഇന്ത്യയില്‍ ക്ഷേമരാഷ്ട്ര സങ്കല്‍പ്പമായും വിപുലമായ അര്‍ത്ഥത്തില്‍ ലോക രാഷ്ട്രീയത്തില്‍ സോഷ്യലിസമെന്നും വിവക്ഷിക്കപ്പെട്ട സ്വപ്‌നങ്ങള്‍ വീണ്ടും പ്രതീക്ഷ നല്‍കുകയാണ്. അമേരിക്കയാണ് മാതൃകയെന്നും ഗുജറാത്തും യൂ പിയുമാണ് മാതൃകയെന്നും പറഞ്ഞ വായാടികള്‍ക്കിടിയില്‍ കേരളവും ക്യൂബയും പ്രവര്‍ത്തിച്ചു കാണിക്കുന്നത് ഒന്നുതന്നെയാണ്, രാഷ്ട്രീയമെന്നാല്‍ വാക്കോ, വാഗ്ദാനമോ അല്ല പ്രവര്‍ത്തനമാണ് എന്ന്. മോളിയാന്റിയും ക്യൂബ മുകുന്ദനും കണ്ട കേരളമല്ല, ജനകീയകേരളം. മോളിയാന്‍റി കണ്ട കേരളത്തിന് പ്രതിസന്ധിഘട്ടങ്ങളില്‍ ഇങ്ങനെ കര്‍മ്മനിരതമാകാനും മറ്റുള്ളവര്‍ക്ക് മാതൃകയാകാനും മറ്റുള്ളവരില്‍ നിന്ന് പാഠങ്ങളുള്‍ക്കൊള്ളാനും കഴിയില്ല. ആ അര്‍ത്ഥത്തില്‍ ഈ കൊറോണക്കാലത്ത് വീണ്ടും കാണേണ്ട സിനിമയാണ് മോളിയാന്റി  റോക്ക്സ്.