Jigish K

അന്നയും റസൂലും; സ്വപ്നം പോലെ ഒരു സത്യം

നല്ല സിനിമയ്ക്ക് കാലദേശഭേദങ്ങളില്ല. ഏതു കാലത്തും സ്ഥലത്തും അത് സ്വയം അപ്ഡേറ്റ് ചെയ്തുകൊണ്ടിരിക്കും. അറിവില്ലായ്മ കൊണ്ട് നമ്മള്‍ പലപ്പോഴും പല പേരില്‍ വിളിക്കുമെങ്കിലും പുതിയ തലമുറയെന്നോ പുതിയ തരംഗമെന്നോ അതിനില്ല. നല്ല സിനിമ സംവിധായകന്റെ വിധിയാണ്. അയാള്‍ക്ക് അതു നിറവേറ്റിയേ പറ്റൂ. ചുരുക്കം ചിലര്‍ സ്തുതിക്കും. പലരും തെറി പറയും. പോയ കാലത്തിന്റെ വക്താക്കള്‍ അയാളെ കുരിശിലേറ്റും. കലയെന്തെന്നറിയാത്ത തീയറ്ററുടമകള്‍ അയാളുടെ സിനിമ വെട്ടിമുറിക്കും. നിര്‍മ്മാതാക്കള്‍ അയാളില്‍ നിന്ന് ഓടിയൊളിക്കും. പക്ഷേ, അയാള്‍ക്ക് സിനിമയില്‍ നിന്നു രക്ഷപ്പെടാനാവില്ല. സിനിമയ്ക്ക് അയാളില്‍ നിന്നും. കാരണം, സിനിമ കാലാതിവര്‍ത്തിയായ, ലോകാതിവര്‍ത്തിയായ കലയാണ്. അതിന് സംഭവിക്കാതിരിക്കാനാവില്ല.

പുതിയ കാലത്തിന്റെ പ്രതിനിധിയായ രാജീവ് രവിയെന്ന സിനിമറ്റോഗ്രാഫര്‍ ആദ്യമായി ഒരു സിനിമ സംവിധാനം ചെയ്യാനൊരുങ്ങുമ്പോള്‍ നേരിടുന്ന വെല്ലുവിളികള്‍ എന്തൊക്കെയാവാം? എങ്ങനെയാണയാള്‍ നവസിനിമയില്‍ തന്റെ മുദ്ര പതിപ്പിക്കുക.? ഈ ജീവല്‍ പ്രപഞ്ചത്തില്‍ ഇതുവരെയായി കണ്ടെടുത്ത പ്രമേയപരിസരങ്ങളെല്ലാം തിരശ്ശീലയില്‍ വന്നുപോയിരിക്കുന്നു. ഗ്രാമവും നഗരവും പ്രണയവും വിരഹവും ജീവിതവും മരണവുമെല്ലാം പല കോണുകളില്‍ എന്നേ മുഖം കാണിച്ചുമടങ്ങി. സ്വയംവരവും ഉത്തരായനവുമൊക്കെ എഴുപതുകളില്‍ത്തന്നെ സംഭവിച്ചു. കൊച്ചിയുടെ ഭൂമികയില്‍ ഒരു പ്രണയകഥ എന്ന ടാഗ് ലൈനാവട്ടെ, പണ്ടേ ക്ലീഷേ ആയിക്കഴിഞ്ഞു. അപ്പോള്‍പ്പിന്നെ, അയാള്‍ക്കു ചെയ്യാനുള്ളത് നടപ്പുകാലത്തിന്റെ സ്പന്ദനങ്ങള്‍ പുതിയ രീതിയില്‍ രേഖപ്പെടുത്തുകയാണ്. ദൃശ്യത്തിലും ശില്പത്തിലും പുതിയ ശൈലികള്‍ ആവിഷ്കരിക്കുകയാണ്. അതുതന്നെയാണ് അന്നയും റസൂലും എന്ന പുതിയ സിനിമയിലൂടെ ഇയാള്‍ ചെയ്യുന്നതും.

ഏവര്‍ക്കും സുപരിചിതമായ തീരദേശകൊച്ചിയുടെ പശ്ചാത്തലത്തില്‍ ആരും പറയാത്ത പ്രണയകഥ പറയാനല്ല; മറിച്ച് ആരും പറയാത്ത രീതിയില്‍ അതു പറയാനാണ് രാജീവ് രവി ശ്രമിക്കുന്നത് അഥവാ ശ്രമിച്ചു വിജയിക്കുന്നത്. നല്ല മനുഷ്യപ്പറ്റുള്ള കലാകാരന്‍ ഒരു ദേശത്തെ അതിസൂക്ഷ്മമായി വാ‍യിക്കുന്ന, വരയ്ക്കുന്ന രീതി കാഴ്ചയുടെ ഓരോ നിമിഷത്തിലും എന്നെ ആവേശം കൊള്ളിച്ചു. റസൂലിനെയും അന്നയെയും അവരുടെ പ്രണയത്തെയും സിനിമയുടെ കേന്ദ്രത്തില്‍ത്തന്നെ പ്രതിഷ്ഠിക്കുമ്പോഴും അവര്‍ ജീവിക്കുന്ന ദേശത്തിന്റെ സ്പന്ദനങ്ങള്‍ അയാള്‍ അവഗണിക്കുന്നില്ല. നമ്മള്‍ പതിവായി കാണാറുള്ളതുപോലെ, സ്ഥലത്തില്‍ നിന്നും കാലത്തില്‍ നിന്നും അടര്‍ത്തിമാറ്റി അവരെക്കൊണ്ടു പാട്ടുപാടിക്കുകയോ നൃത്തം ചെയ്യിക്കുകയോ ചെയ്യുന്നില്ല. പകരം ക്യാമറയുടെ ഫീല്‍ഡ് അല്പം കൂടി വിശാലമാക്കി, അവര്‍ നില്‍ക്കുന്ന പരിസരത്തെക്കൂടി സിനിമയുടെ ഫ്രെയിമിലേക്കു കൊണ്ടുവരുന്നു. അന്നയും റസൂലും അവര്‍ ജീവിക്കുന്ന സ്ഥലത്തും കാലത്തിലും ഉറച്ചു നില്‍ക്കുന്നു; ഒരുവേള ഉഴറി നില്‍ക്കുന്നു. ഒട്ടേറെ പ്രതിസന്ധികളിലൂടെ തുഴഞ്ഞു നീങ്ങുമ്പോഴും അവരുടെ മനസ്സുകള്‍ ഗാഢമായി പ്രണയിക്കുന്നു. ജീവിതത്തിന്റെ ആരും കാണാത്ത ദുരന്തമുഖങ്ങളിലേക്ക് പതിയെപ്പതിയെ ഒഴുകിപ്പോകുന്നു.

മാസങ്ങള്‍ക്കു മുന്‍പ് വേണു ബാലകൃഷ്ണന്‍ എന്ന റിപ്പോര്‍ട്ടര്‍ ഫഹദ് ഫാസിലിനോട് തന്റെ നാടകീയശൈലിയില്‍ ചോദിച്ചു: താങ്കള്‍ മനസ്സില്‍ കൊണ്ടുനടക്കുന്ന ഏറ്റവും വലിയ സ്വപ്നമെന്താണ്.?’ അല്പമൊന്നാലോചിച്ച് ഒരു കള്ളച്ചിരിയോടെ ഫഹദ് പറഞ്ഞു: ‘എനിക്ക് ഇങ്ങനെയിരുന്നാല്‍ മതി. ഞാന്‍ എന്റെ സ്വപ്നത്തിലാണ്. ഫഹദിന്റെ മാത്രമല്ല, റസൂലിന്റെയും ആത്മാവിലേക്കു തുറക്കുന്ന വാക്കുകള്‍ . റസൂലും ഇങ്ങനെത്തന്നെയാണ്. ആകസ്മികമായി വഴിയരികില്‍ കണ്ടുമുട്ടിയ അന്നയെന്ന സ്വപ്നത്തിലൂടെ അയാള്‍ ഒഴുകിയൊഴുകിപ്പോകുന്നു. ഒഴിവാക്കാനാവാത്തതുപോലെ, ഒടുവിലത് ഒരു വലിയ ദുരന്തത്തിലേക്കു ചെന്നുപതിക്കുന്നതു കണ്ട് തകര്‍ന്നുപോയി. കണ്ണുകള്‍ നിറഞ്ഞുപോയി. കണ്ടിറങ്ങുമ്പോഴും, സിനിമയോ ജീവിതമോ എന്നു തീര്‍ച്ചയില്ലായിരുന്നു. അല്പനേരത്തേയ്ക്ക് ആ ഒരു സ്വപ്നാവസ്ഥയിലായിരുന്നു. ഇപ്പോള്‍ , ഈ സിനിമയെപ്പറ്റി എന്തുപറഞ്ഞാലും അധികമാവില്ല. പറഞ്ഞില്ലെങ്കില്‍ സമാധാനവുമില്ല. ഒന്നുമാത്രം പറയാം. നല്ല സിനിമ ഒരിക്കലും അവസാനിക്കുകയില്ല; നല്ല മനുഷ്യനും.

അന്നയും റസൂലും നല്ല സിനിമയാകുന്നത് എവിടൊക്കെയാണെന്നു നോക്കാം. നാട്ടിലെ ജനങ്ങളുടെ ജാടയില്ലാത്ത സാന്നിധ്യമാണ് ഒന്നാമത്തെ വിജയഘടകം. ദേശത്തെ എഴുതുന്നതാണ് മികച്ച കലയെന്ന് ഈ സിനിമയുടെ റിയല്‍ വിഷ്വലുകള്‍ വിളിച്ചുപറയുന്നു. ഫോര്‍ട്ടുകൊച്ചിയുടെയും മട്ടാഞ്ചേരിയുടെയും വൈപ്പിന്‍കരയുടെയും പുരാതനമായ തെരുവുകള്‍ , വീടുകള്‍ , ഇടവഴികള്‍ ഒക്കെയും ഒരു മേക്കപ്പുമില്ലാതെ ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നു. കായലും ബോട്ടും ബോട്ടുജെട്ടിയും പള്ളിയും പെരുന്നാളുമായി ആടയാഭരണങ്ങളില്ലാത്ത പച്ചജീവിതത്തിന്റെ കാഴ്ചകള്‍. കൃത്രിമമായി വെളിച്ചപ്പെടുത്താത്ത ഫ്രെയിമുകളുടെ ഈ അസംസ്കൃതസൌന്ദര്യം സിനിമയുടെ പുതിയ മുഖമാണ്. മാര്‍ക്കറ്റ്സിനിമയുടെ ഭ്രമാത്മകമായ നിറക്കൂട്ടുകള്‍ക്കിടയില്‍ , ഒട്ടും പൊലിപ്പിക്കാത്ത യാഥാര്‍ത്ഥ്യത്തിന്റെ ഈ നിറം അഥവാ നിറമില്ലായ്മ ഭാവിയില്‍ പുതിയൊരു ദൃശ്യശൈലിയായി, ശീലമായി വളരുമെന്നു തീര്‍ച്ചയാണ്.

നാട്ടിലേക്കു മടങ്ങിയെത്തിയ ആഷ് ലി യെന്ന പ്രവാസിയുടെ മനോഗതങ്ങളിലൂടെ സിനിമ സഞ്ചരിക്കുന്നു. തന്റെ നാട്ടുകാരായ റസൂല്‍ , അബു, ഫസീല, ഹൈദര്‍ , ഉസ്മാന്‍ , റഷീദ് തുടങ്ങിയവരുടെ അനുഭവങ്ങളിലൂടെ ഒരു ദേശത്തിന്റെ പുതിയ കഥ അയാള്‍ പറയുകയാണ്. വൈപ്പിന്‍കാരിയായ അന്നയെ റസൂല്‍ പ്രണയിച്ചുതുടങ്ങുന്നതോടെ ആ പരിസരവും അവിടെ ജീവിക്കുന്നവരും കൂടി ഫ്രെയിമിലേക്കു കടന്നുവരുന്നു. പെട്ടെന്നു പ്രതികരിക്കുന്ന, വികാരവിചാരങ്ങള്‍ നീറ്റുന്ന എന്നാല്‍ നിരുപാധികമായി സ്നേഹിക്കുന്ന കുറെ മനുഷ്യര്‍ . അനുദിനം സംഘര്‍ഷങ്ങളില്‍ പുലരുന്നവര്‍ . ഒരു പെരുന്നാള്‍രാത്രിയില്‍ ആകസ്മികമായുണ്ടായ അടിപിടി അപ്രതീക്ഷിതമായി വലിയ അക്രമത്തിലേയ്ക്കു വളരുകയാണ്. നിനച്ചിരിക്കാത്ത സമയങ്ങളില്‍ , സ്ഥലങ്ങളില്‍ കീഴ്മേല്‍ മറിയുന്ന നിസ്സഹായജീവിതങ്ങള്‍ . അതിവൈകാരികതയില്‍ , അതിസാഹസികതയില്‍ ജീവിതം നഷ്ടപ്പെടുത്തുന്ന സാധാരണ മട്ടാഞ്ചേരിക്കാരനെപ്പറ്റി ഈ സിനിമ പരിതപിക്കുന്നു. ‘അബുവിനെ ആരോ കൊന്നു’വെന്നു കേള്‍ക്കുമ്പോള്‍ , കൊലപാതകിയായിട്ടുപോലും സഹോദരന്റെ മരണത്തിലെന്നതുപോലെ നമ്മുടെ ഹൃദയം നുറുങ്ങിപ്പോവുന്നു..

കഥാപാത്രങ്ങളിലും അവരുടെ ഭാഷണങ്ങളിലും നാടകമില്ല; ജീവിതം മാത്രം. വെടിക്കെട്ടു സ്പീഡില്‍ സീനുകള്‍ മിന്നിമറയുന്നില്ല. ഇടയ്ക്കിടെ പൊട്ടിവീഴുന്ന പാട്ടുകളില്ല. പല ട്രാക്കില്‍ തീയറ്റര്‍ നിറഞ്ഞുകവിയുന്ന ശബ്ദപഥമില്ല. പകരം ജീവിതത്തില്‍ നാം കേള്‍ക്കുന്ന, ചിലപ്പോള്‍ കേള്‍ക്കാതെ പോകുന്ന ശബ്ദങ്ങള്‍, ഭാഷണങ്ങള്‍ അതേപടി. പ്രേക്ഷകന്റെ മുന്‍വിധികള്‍ തീരുമാനിച്ച വഴിയിലൂടെ ഈ സംവിധായകന്‍ നടക്കുന്നില്ല. പകരം ഇതാ മറ്റൊരു പുതിയ വഴി, ഇതിലേ നടക്കൂ എന്നയാള്‍ പ്രേക്ഷകനെ ക്ഷണിക്കുന്നു.

നല്ലൊരു മെലോഡ്രാമ പ്രതീക്ഷിച്ചു കയറിയ ചില കുടുംബസ്ത്രീകള്‍ അയ്യോ, ഇതെന്ത് അടൂരിന്റെ പടമോ എന്ന് ഇടയ്ക്കിടെ കോട്ടുവായിടുന്നു. എന്നാല്‍ , പിന്നീട് റസൂലിനൊപ്പം അവരും ചിരിക്കുന്നു, സ്വയമറിയാതെ ഒന്നു പ്രണയിച്ചുപോകുന്നു. അയ്യേ, ഒട്ടും സ്പീഡില്ല എന്നു ബോറടിച്ച പുതിയ കുട്ടികളും ചിന്തയെ ഉണര്‍ത്തുന്ന യാഥാര്‍ത്ഥ്യത്തിന്റെ തല്ലും തലോടലുമേറ്റ് ക്രമത്തില്‍ നിശ്ശബ്ദരാവുന്നു; ‘ദൊരു പുതിയ സംഭവം തന്നെ‘യെന്നു തല കുലുക്കുന്നു. സത്യം പറയാലോ; സിനിമയുടെ വേഗത അതില്‍ വിടരുന്ന ജീവിതത്തിന്റെ വേഗതയുമായി ചേര്‍ന്നു പോകുന്നതിനാല്‍ , 2 മണിക്കൂര്‍ 47 മിനിറ്റെന്നത് അമിതദൈര്‍ഘ്യമായി ഒരിക്കല്‍പ്പോലും എനിക്കനുഭവപ്പെട്ടില്ല.

സിനിമയുടെ ആത്മാവ് റസൂല്‍ തന്നെ. അന്നയെന്ന സ്വപ്നത്തിലൂടെ റസൂല്‍ സഞ്ചരിക്കുമ്പോള്‍ അയാള്‍ക്കൊപ്പം ഒരു സിനിമ മുഴുവന്‍ സഞ്ചരിക്കുന്നു. റസൂല്‍ പ്രണയത്താല്‍ ജ്ഞാനസ്നാനം ചെയ്യപ്പെട്ട ഒരു ടാക്സിഡ്രൈവര്‍ . അന്നയാകട്ടെ, ധര്‍മ്മസങ്കടങ്ങള്‍ ഘനീഭവിച്ചുണ്ടായ ഒരു സെയില്‍സ് ഗേള്‍ . വിഷാദത്തിന്റെ നൂറു മെഴുതിരികളെരിയുന്ന ഒരു ഹൃദയം. ഫഹദും ആംഗ്ലോ ഇന്ത്യക്കാരി ആന്‍ഡ്രിയയും ചേര്‍ന്ന് ഇവരെ തങ്ങളുടെ ശരീരത്തിലേക്കും മനസ്സിലേക്കും ആവാഹിച്ചെടുത്തിരിക്കുന്നു. ഇവര്‍ക്കൊപ്പം രഞ്ജിത്തും ആഷിക്ക് അബുവും പി.ബാലചന്ദ്രനും ജോയ് മാത്യുവും കൂടിച്ചേര്‍ന്നപ്പോള്‍ കൊച്ചിയുടെ മുഖമുദ്രകളായ കുറെ കഥാപാത്രങ്ങള്‍ നമുക്കു ലഭിച്ചു. റസൂലിന്റെ സുഹൃത്തുക്കളായി വേഷമിട്ട ഷൈന്‍ ടോമിന്റെയും സുബിന്റെയും പ്രകടനം എടുത്തുപറയണം.

എല്ലാത്തിനും അതിന്റേതായ ഒരു സമയമുണ്ട് എന്നു പറഞ്ഞപോലെ, ഇത് ഫഹദിന്റെ സമയം. കഥാപാത്രത്തിന്റെ ഭാഷയും ഭാവവും അനായാസമായി സ്വന്തം ശരീരത്തിലേക്കു കടത്തിവിടുന്ന ഫഹദിന്റെ പ്രതിഭ തിരിച്ചറിയപ്പെടുന്നു. ഈ മനുഷ്യന്‍ റസൂലിന്റെ ഹൃദയം കണ്ടിരിക്കുന്നു. നഗരകുമാരനില്‍ നിന്ന് പ്രണയപരവശനായ ഒരു ടാക്സിഡ്രൈവറായി അയാള്‍ പരിണമിക്കുന്നതു നോക്കിയിരിക്കാന്‍ രസമുണ്ട്. പ്രണയത്തിന്റെ കാര്യത്തില്‍ ഇയാളൊരു ഉസ്താദ് തന്നെ. അവസാന സീക്വന്‍സുകളില്‍ ഫഹദ് പൂര്‍ണ്ണമായും റസൂലായി മാറിപ്പോയി എന്നു സംശയിക്കണം. Outstanding എന്ന വാക്കിന്റെ അര്‍ത്ഥം വ്യക്തമാക്കുന്ന ആ ദുരന്തമുഹൂര്‍ത്തങ്ങള്‍ . ഫഹദ് ഒരു ചെറിയ മീനല്ല; റസൂലില്‍ നിന്ന് ചങ്ങമ്പുഴയിലേക്കുള്ള ഇയാളുടെ പകര്‍ന്നാട്ടം കാണാന്‍ കേരളം കാത്തിരിക്കുന്നു.

അന്നയുടെ പരാജയത്തെ, അവളുടെ നിശ്ശബ്ദതയെ സ്ത്രീയുടെ പിന്‍വാങ്ങലായും സിനിമയുടെ പ്രത്യയശാസ്ത്രമായിത്തന്നെയും വായിക്കുന്ന ചില കുറിപ്പുകള്‍ കാണാനിടയായി. എന്നാല്‍ , നിവൃത്തികേടുകളില്‍ പുലരുന്ന ഒരുവളുടെ മൌനം മാത്രമാണത് എന്നു കരുതാനാണ് എനിക്കിഷ്ടം. സ്വയം തെരഞ്ഞെടുപ്പുകള്‍ നടത്താന്‍ കെല്‍പ്പുള്ളവര്‍ തന്നെയാണ് അന്ന. അന്യമതസ്ഥനായ റസൂലിനൊപ്പം ഇറങ്ങിപ്പുറപ്പെടുന്നതിലെ അവളുടെ ധൈര്യം ഒട്ടും ചെറുതല്ല. പ്രണയം മാത്രമല്ല, ഒടുവിലവള്‍ തെരഞ്ഞെടുത്ത മരണം പോലും ആ ഗഹനമൌനത്തിന്റെ ഒരു extension മാത്രമത്രേ. ചിലര്‍ അങ്ങനെയാണ്. ജീവിതത്തിലും മരണത്തില്‍പ്പോലും ആര്‍ക്കും പിടികൊടുക്കാത്തവര്‍ .

മുഖ്യപരിസരം പ്രണയമെങ്കിലും ഈ സിനിമ റസൂല്‍/അന്ന പ്രണയത്തില്‍ തുടങ്ങി അതില്‍ത്തന്നെ അവസാനിക്കുന്നില്ല. കൊച്ചീക്കാരന്റെ നിരവധി പരാധീനതകള്‍ അത് തുറന്നുകാട്ടുന്നുണ്ട്. മാനവികതയുടെ ഭാഗത്തുനിന്ന് അവയെ നോക്കിക്കാണുന്നുണ്ട്. പരമ്പരാഗതമതത്തിന്റെ ചങ്ങലക്കെട്ടുകള്‍ , തീവ്രവാദത്തിന്റെ ഇരകളാവാന്‍ വിധിക്കപ്പെട്ടവര്‍ , തൊഴിലില്ലായ്മ, കുഴല്‍പ്പണ മാഫിയ തുടങ്ങി പലതിലൂടെയും സിനിമ കടന്നുപോകുന്നുണ്ട്. ഒരു കാല്പനികപ്രണയം വെറുതെ പറഞ്ഞുപോവുകയല്ല; മറിച്ച് ഒരു ടാക്സിഡ്രൈവറുടെ വരുമാനം ഒന്നിനും തികയില്ലെന്നും ഒരു സെയില്‍സ് ഗേളിന്റെ പണി ഏതു നിമിഷവും പോകാമെന്നും അത് തിരിച്ചറിയുന്നു. സീമാസിന്റെ വര്‍ണ്ണപ്രപഞ്ചത്തിനു പിന്നിലിരുന്നു കാലിച്ചായ കുടിക്കുന്ന നിറം നഷ്ടപ്പെട്ടവരെയും രാത്രി വൈകിയും അരക്ഷിതമായ തെരുവുകളിലൂടെ വീട്ടിലേയ്ക്കു തുഴയുന്നവരെയും നമുക്കു കാട്ടിത്തരുന്നു.

ഗാനങ്ങളെ അന്നയുടെയും റസൂലിന്റെയും ആത്മാലാപങ്ങളാക്കി മാറ്റാന്‍ സിനിമയുടെ ശില്‍പ്പികള്‍ക്കു കഴിഞ്ഞിരിക്കുന്നു. അവ കഥാപാത്രങ്ങളുടെ ഹൃദയത്തില്‍ നിന്ന് പ്രേക്ഷകന്റെ ഹൃദയത്തിലേക്ക് ഒഴുകിനിറയുന്നു. പ്രണയത്തെയും മരണത്തെയും പര്യായങ്ങളാക്കുന്ന റഫീക്കിന്റെ സമ്മിലൂനി‘ എന്ന ഗാനം സിനിമയുടെ ഹൃദയതാളമായിത്തന്നെ മാറിയിരിക്കുന്നു. അന്‍വര്‍ അലി എഴുതിയ 3 ഗാനങ്ങളും മെഹബൂബിന്റെ 2 പഴയ ഗാനങ്ങളുടെ റീമിക്സും മനോഹരമായി സിനിമയില്‍ ഉള്‍ച്ചേര്‍ത്തിട്ടുണ്ട്. കെ എന്ന പേരിലറിയപ്പെടുന്ന കൃഷ്ണകുമാര്‍ അന്നയുടെയും റസൂലിന്റെയും പ്രണയത്തിന് സുന്ദരമായ ശബ്ദഭാഷ്യം ചമയ്ക്കുന്നതില്‍ വിജയിച്ചിട്ടുണ്ട്. സിനിമറ്റോഗ്രഫിയാണ് ഈ സിനിമയുടെ മുഖ്യസൌന്ദര്യം. മധു നീലകണ്ഠനെന്ന പുതിയ സിനിമറ്റോഗ്രാഫറുടെ പേര്‍ കൂടി ഈ ഘട്ടത്തില്‍ ഓര്‍മ്മിക്കുന്നു.

അമിതമായ ഉപയോഗത്താല്‍ , ഏതൊരു ശൈലിയും സങ്കേതവും അതിവേഗം ക്ലീഷേയായി മാറുന്ന ഒരു കാലത്ത് നവസിനിമകളുടെ പുതിയ മാതൃകകള്‍ക്കും ഇതേ അവസ്ഥയെ നേരിടേണ്ടതുണ്ട്. സത്യത്തില്‍ , ഈയൊരു വാര്‍പ്പുമാതൃക പ്രതീക്ഷിച്ച് തീയറ്ററിലിരിപ്പുറപ്പിച്ച എന്നെ, അന്നയും റസൂലും ഞെട്ടിക്കുക തന്നെ ചെയ്തു. നവസിനിമയെ വീണ്ടും പുതുക്കേണ്ടതെങ്ങനെയെന്നുള്ള ഒരു പാഠം സിനിമയില്‍ അടങ്ങിയിരിക്കുന്നു. നല്ല സിനിമയെന്നാല്‍ നല്ല സങ്കേതമല്ലെന്നും വിപ്ലവമെന്നാല്‍ മുദ്രാവാക്യങ്ങളല്ലെന്നും ഈ സിനിമ നിശ്ശബ്ദമായി അഹങ്കരിക്കുന്നു. എല്ലാ സങ്കേതങ്ങളെയും ടോട്ടല്‍ സിനിമയിലേക്കുള്ള മുതല്‍ക്കൂട്ടുകളായി മാത്രം ഉപയോഗിക്കുന്ന ഒരു കാലത്തിലേക്ക്, വിപ്ലവകരമായ ഒരു റിയാലിറ്റിയിലേക്ക് നാം വളരുകയാണ്.

വ്യവസ്ഥാപിതമായ ഭാഷയെ തകര്‍ത്ത് പുതിയ ഭാഷ സൃഷ്ടിക്കുന്നവനാണ് മികച്ച കലാകാരന്‍ . അന്നയും റസൂലും മലയാളത്തിനു നഷ്ടമായിക്കൊണ്ടിരിക്കുന്ന ഒരു ദൃശ്യഭാഷയെ, സംസ്കാരത്തെ സിനിമയിലേക്കു മടക്കിവിളിക്കുന്നു. ഒപ്പം അതിനെ കാലാനുസൃതമായി പുതുക്കിനിശ്ചയിക്കുകയും ചെയ്യുന്നു. റിയലിസത്തിന്റെ വഴിവിളക്കുകളായ റേ, അരവിന്ദന്‍ , അടൂര്‍ , ഷാജി തുടങ്ങിയ മഹാരഥന്മാരെ നന്ദിപൂര്‍വം സ്മരിക്കുക. ആഷിക്, സമീര്‍ , അന്‍വര്‍ തുടങ്ങിയ എല്ലാ പുതുമുറക്കാരുടെയും ദൃശ്യപരിചരണരീതികളെ കലാപരമായിത്തന്നെ മറികടക്കാന്‍ രാജീവ് രവിയ്ക്കു കഴിഞ്ഞിരിക്കുന്നു. ഇത് തീര്‍ച്ചയായും ഭാവിയിലേക്കുള്ള ഒരു മുതല്‍മുടക്കാണ്. കലാപവുമാണ്. അന്നയെയും റസൂലിനെയും വെട്ടി മുറിച്ചവര്‍ , തള്ളിപ്പറഞ്ഞവര്‍ രാജീവ് രവിയുടെ മധുരപ്രതികാരങ്ങള്‍ക്കായി കാത്തിരിക്കുക.