ലോക്ക് ഡൗണ്‍ കാലത്തെ ടെലി കൗണ്‍സിലിംഗ്
“നോട്ട് നിരോധനം, നിപ്പ, പ്രളയം…. ഇപ്പോ ദാ ഒരു കൊറോണയും .. ആലോചിക്കുമ്പോള്‍ നെഞ്ചിലൊരു കല്ലെടുത്ത് വെച്ച പോലെയാ ഡോക്ടറേ “
” മക്കളൊരിടത്തും ഞങ്ങള്‍ വേറൊരിടത്തുമായിപ്പോയി ഒറ്റയ്ക്കിരിക്കുമ്പോള്‍ വല്ലാണ്ട് പേടിയാവുന്നു.. വയസ്സായ വരെയല്ലേ കൊറോണ കൂടുതല്‍ പിടിക്കുന്നെ .. “..
” ഉറക്കമേയില്ല ഡോക്ടറേ.. എന്നെ കൊറോണ പിടിക്കുമെന്നാ തോന്നുന്നെ… കൈ കഴുകുന്നത് നിര്‍ത്താ നേ പറ്റുന്നില്ല .. രാത്രി യൊക്കെ എണീറ്റ് കഴുകി കൊണ്ടിരിക്കുയാ “
ലോക്ക് ഡൗണിന് ശേഷം ഭാരതീയ ചികിത്സാ വകുപ്പിന്റെ കീഴില്‍ “ആര്‍ യു ഒക്കെ ” ?എന്ന പേരില്‍ തുടങ്ങിയ ടെലി കൗണ്‍സിലിംഗിലേക്ക് വന്ന ചില കാളുകളാണിത്. പാലക്കാട് ഡി.എം. ഓ ഡോക്ടര്‍ ഷിബു വിന്റെ നിര്‍ദ്ദേശപ്രകാരം തുടങ്ങിയ ടെലി കൗണ്‍സിലിംഗിന്റെ ഭാഗമായി നിരവധി ആളുകളോട് സംസാരിക്കേണ്ടി വന്നപ്പോള്‍ ഒരു കാര്യം തീര്‍ച്ചയായി….. സാമൂഹ്യ അകലം പാലിക്കുമ്പോള്‍ തന്നെ വാക്കു നീട്ടി അവരെ തൊടേണ്ടത എത്ര അനിവാര്യമാണെന്ന്. ഓരോ കാളിലും നിറയുന്ന ആധിയും ആകുലതകളും, നമുക്ക് സ്വരത്തില്‍ തന്നെ അറിയാം.
ലോക്ക്ഡാണ്‍ കാലത്തെ മാനസിക ആരോഗ്യത്തെ ശ്രദ്ധിക്കണമെന്ന് വേള്‍ഡ് ഹെല്‍ത്ത് ഓര്‍ഗനൈസേഷന്‍അടിവരയിട്ട് പറഞ്ഞിട്ടുണ്ട്. സമഗ്രമായ വീക്ഷണത്തോടെ മുഖ്യമന്ത്രി പിണറായി വിജയന്‍എന്നും നടത്തുന്ന പ്രസ്സ് മീറ്റിംഗില്‍ ടെലി കൗണ്‍സിലിംഗിന്റെ ആവശ്യകതയെ ഊന്നി പറഞ്ഞിരിക്കുന്നതും മാനസികാരോഗ്യ സംരക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് പൊതുജനങ്ങളില്‍ അവബോധമുണ്ടാക്കാന്‍ സഹായകമായി.
വീടുകളില്‍ കുടുങ്ങിയ നമ്മുടെ ജീവിതത്തിലേക്ക്, ഇനിയെന്ത് ?എന്നാണ് ഇതൊക്കെ ശരിയായി സാധാരണ ജീവിതത്തിലേക്കു പോവാന്‍പറ്റുക? എന്നിങ്ങനെ നെഞ്ചിന്റെ താളം തെറ്റിച്ചുയരുന്ന ആകുലതകളിലേക്ക് .. വിഭ്രാന്തിയോള മെത്തുന്ന ഉറക്കമില്ലാത്ത രാവുകളുടെ പരിഭ്രാന്തിയിലേക്ക്… വിഷാദത്തിലേക്ക് കൂപ്പുകുത്തുന്ന നിസ്സഹായതയിലേക്ക് .. ആശ്വാസമായി എത്തിപ്പെടാന്‍വാക്ക് എന്ന മഹാ ഔഷധത്തെ വേണ്ട വിധത്തില്‍ ഉപയോഗപ്പെടുത്തുവാന്‍വിദഗ്ധര്‍ നയിക്കുന്ന ടെലി കൗണ്‍സിലിംഗിലൂടെ സാധിക്കും.
പെട്ടെന്ന് ചെയ്തുകൊണ്ടിരിക്കുന്ന ജോലികള്‍ എല്ലാം നിര്‍ത്തി വീട്ടില്‍ ഇരിക്കേണ്ടി വരിക. ക്വാറന്റൈനില്‍ അസുഖം വരുമോ ഇല്ലയോ എന്ന് നിരീക്ഷിച്ചു ഇരിക്കേണ്ടി വരിക. സ്കൂളുകള്‍ പരീക്ഷകള്‍എല്ലാം അനിശ്ചിതത്വത്തില്‍ ആവുക…. ഇങ്ങനെ ആകസ്മികമായി ഉണ്ടാവുന്ന മാറ്റങ്ങളെ അതിജീവിക്കാന്‍എല്ലാവര്‍ക്കും ഒരു പോലെ കഴിയണമെന്നില്ല. ഇത്തരം വിപരീത സാഹചര്യങ്ങളില്‍ ഉണ്ടാകുന്ന ഭയം ആശങ്ക, വിഷമങ്ങള്‍ ഒക്കെ ഒരു പരിധിവരെ സാധാരണമാണ്.
എന്നാല്‍ യാഥാര്‍ത്ഥ്യങ്ങളെ അഭിമുഖീകരിച്ച് ജീവിതം മുന്നോട്ടു കൊണ്ടുപോകുന്നതിന് വിഘാതമാകുന്ന തരത്തില്‍ ആകുലതകളും ആശങ്കകളും നമ്മെ ബാധിക്കുന്നുവെങ്കില്‍ വിദഗ്ധരുടെ സേവനം ആവശ്യമാണ്. ടെലി കൗണ്‍സിലിങ്ങിലൂടെ അതാണ് പ്രദാനം ചെയ്യുന്നത്.
വിവിധ വിഭാഗം ആളുകള്‍ക്ക് വ്യത്യസ്ത പ്രശ്നങ്ങള്‍ ഇക്കാലത്തിലുണ്ടാവാം. ക്വാറന്റൈനില്‍ ഇരിക്കുന്നവരെ സംബന്ധിച്ചിടത്തോളം അസുഖം വരുമോയെന്ന അമിത ഭയം, തങ്ങള്‍ കാരണം മറ്റുള്ള വര്‍ക്കു വരുമോയെന്ന ഭീതി. ഇതിനു ശേഷം പുറത്തു വന്നാലും ഒറ്റപ്പെടുത്തപ്പെടുമോയെന്ന ആധി. ഇവയെല്ലാം ഡിപ്രഷന്‍,ആങ്ങ് ക്സൈറ്റി, ഉറക്കമില്ലായ്മ, വിശപ്പില്ലായ്മ എന്നിവയിലേക്ക് നയിക്കാം. ഇതെല്ലാം തന്നെ വ്യക്തിയുടെ സ്വഭാവിക പ്രതിരോധശകതിയെ ബാധിക്കും.
ലോക്ക് ഡൗണിന് ശേഷം ഏറ്റവും ശ്രദ്ധ വേണ്ട മറ്റൊരു വിഭാഗം കുഞ്ഞുങ്ങളാണ്. കൂട്ടുകൂടലിന്റെ ലോകത്ത് നിന്ന് സത്യത്തില്‍ വീട്ടില്‍ മാത്രം ആയിരിക്കുകയും.. മുതിര്‍ന്നവര്‍ മുതിര്‍ന്നവരുടെ കോ വിഡ് ആശങ്കകള്‍ എപ്പോഴും പങ്കുവെക്കുകയും ചെയ്യുമ്പോള്‍ .. കുട്ടികള്‍ ഭീതിയിലാവുക എളുപ്പമാണ്.. കുഞ്ഞുങ്ങളുടെ വിഷാദം മനസ്സിലാക്കിയെടുക്കലും ബുദ്ധിമുട്ടാണ് അമിത വികൃതി, വാശി, ശാരീരിക അസുഖങ്ങള്‍ എന്നിവയൊക്കെയായാവും പലപ്പോഴും കുഞ്ഞു വിഷാദങ്ങള്‍ പ്രകടമാവാറ്.
ഇനി മറ്റൊരു കൂട്ടര്‍ സ്ത്രീകള്‍… ചിലര്‍ ജോലിക്ക് പോയിരുന്നവരാവാം.. അല്ലെങ്കില്‍ വീട്ടില്‍ തന്നെ ചില വഴിച്ചവരാകാം .. പക്ഷേ മുഴുവന്‍സമയം കുടുംബാംഗങ്ങള്‍ നിറഞ്ഞ വീട്ടില്‍ എല്ലാരെയും മാനേജ് ചെയ്യല്‍ ,അടുക്കള മാനേജ് ചെയ്യല്‍ എല്ലാം സ്ത്രീയുടെ മാത്രം തലയില്‍ വരാനുള്ള സാധ്യത കൂടുതലാണ്… ഗാര്‍ഹിക പീഡനങ്ങള്‍ വര്‍ദ്ധിക്കാനും ഇടയുണ്ട്.., ഗര്‍ഭിണികളെയും മുലയൂട്ടുന്ന അമ്മമാര്‍ക്കും പ്രത്യേക ശ്രദ്ധ ആവശ്യമാണ് .
വയോജനങ്ങളെ സംബന്ധിച്ച് തങ്ങള്‍ ഹൈ റിസ്ക് ഗ്രൂപ്പാണെന്ന അറിവ് ആശങ്കയുണ്ടാക്കാം നിരന്തരം വാര്‍ത്തകളില്‍ ഇത് കാണുമ്പോള്‍ അവരുടെ മാനസികാരോഗ്യത്തെ ബാധിക്കാം.
എല്ലാ മേഘലകളെയും ബാധിച്ചിരിക്കുന്ന അനിശ്ചിതത്വം. ജോലി ഒന്നും ചെയ്യാനില്ലാതിരിക്കുക, ഇവയൊക്കെ പുരുഷന്‍മാരിലും പ്രശ്നമാകാം.
വളരെ ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ട മറ്റൊരു കാര്യമാണ് മദ്യപാനാസകതി.മദ്യപാനാസക്തി ഒരു രോഗമായി തന്നെ കാണണം. മദ്യം പെട്ടെന്ന് ലഭ്യമാകാത്ത സാഹചര്യം .. ആല്‍ക്കഹോള്‍ വിത്ത്ഡ്രാവല്‍ സിംപ്റ്റംമ്സ് ,പ്രത്യക്ഷപ്പെടാനും .. ആത്മഹത്യ ,മരണം തുടങ്ങിയവയിലേക്ക് നയിക്കാനുമിടയാക്കുന്നതാണ്.
ഇങ്ങനെയുള്ള ബുദ്ധിമുട്ടുകള്‍ തങ്ങള്‍ അനുഭവിക്കുന്നുണ്ടെങ്കില്‍, അല്ലെങ്കില്‍ നമ്മുടെ പ്രിയപ്പെട്ടവര്‍ അതിലൂടെ കടന്നു പോവുന്നുണ്ടെന്ന് തോന്നുന്നെങ്കില്‍ ടെലി കൗണ്‍സിലിംഗിനായി വിളിയ്ക്കാം.
മനസ്സും ശരീരവും ഒരു പോലെ സ്പര്‍ശിക്കാത്ത ഒരു വരിയോ ഒരു ഔഷധയോഗമോ ആയുര്‍വേദത്തില്‍ കണ്ടെത്താനാവില്ല. അതു കൊണ്ട് തന്നെ ആയുര്‍വേദിക് സൈക്യാട്രിയില്‍ ബിരുദാനന്തര ബിരുദമുള്ള ഒരു കൂട്ടം ഡോക്ടര്‍മാരാണ് ഇത്തരമൊരു അനിവാര്യ ഘട്ടത്തില്‍ ഈ പ്രവര്‍ത്തനങ്ങള്‍ക്ക് നേത്യത്വം നല്‍കുന്നത്. കോട്ടക്കല്‍ മാനസികരോഗാശുപത്രി സൂപ്രണ്ട് ഡോ. പാര്‍വതിയുടെ ഗൈഡന്‍സില്‍ ആണ് ടെലി കൗണ്‍സിലിംഗ് ഏകോപിപ്പിച്ചിരിക്കുന്നത്.
കൃത്യമായി വ്യക്തിയുടെ മാനസികാവസ്ഥ തിരിച്ചറിഞ്ഞ് കൗണ്‍സിലിംഗ് ചെയ്യുക.
ചെയ്യാന്‍കഴിയുന്ന റിലാക്സേഷന്‍ടെക് നിക്ക്സ് ,പറഞ്ഞു കൊടുക്കുക
ജീവിത ശൈലി ചോദിച്ചറിഞ്ഞ് അനുയോജ്യമായ മാറ്റങ്ങള്‍ നിര്‍ദ്ദേശിക്കുക.
പെട്ടെന്നുണ്ടായ സാഹചര്യങ്ങളോട് വ്യക്തിയ്ക്കുണ്ടാവുന്ന കാഴ്ചപ്പാടുകളെ പോസിറ്റീവ് ആയി റീസ്ട്രക്ചര്‍ ചെയ്യാന്‍സഹായിക്കുക.
മാനസികവും ശാരീരികവും ആയ ആരോഗ്യ സംരക്ഷണത്തിനുതകുന്ന ഹെല്‍ത്തി ഡയറ്റ് സാധാരണ ല ലഭ്യമായ സാധനങ്ങള്‍ കൊണ്ട് നിര്‍മിക്കാനുള്ള പ്രചോദനം നല്‍കുക
അടുക്കള ഒരു ‘ ഔഷധശാലയെന്ന തിരിച്ചറിവ് നല്‍കുക.
ക്വാറന്റൈനില്‍ ഇരിക്കുന്നവര്‍ക്ക് കൃത്യമായ നിര്‍ദ്ദേശങ്ങള്‍ കൈമാറുക.
ദിശ, വിമുക്തി ഇവയുടെ സേവനങ്ങള്‍ ആവശ്യമുള്ള ഘട്ടങ്ങളാണെങ്കില്‍ കൃത്യമായി അവയെ ബന്ധപ്പെടാനുള്ള ഗൈഡ് ലൈന്‍സ് കൊടുക്കുക.
മരുന്നു കഴിക്കേണ്ടതായ മാനസിക പ്രശ്നങ്ങള്‍ ഉണ്ടെന്ന് കണ്ടെത്തിയാല്‍ അതിനാവശ്യമായ കാര്യങ്ങള്‍ ചെയ്യുക.
ഒരാളുടെ ആശങ്കയ്ക്ക് ഭൗതിക മായ എന്തെങ്കിലും ബുദ്ധിമുട്ടുകളോ സേവനമില്ലായ്മയോ ഒരു കാരണ മാവുന്നുണ്ടെങ്കില്‍ ബന്ധപ്പെട്ട അതോറിറ്റികള്‍ക്ക് വിവരം നല്‍കുക.
ഇങ്ങനെ വിവിധ തലത്തിലുള്ള സപ്പോര്‍ട്ട് ആണ് ടെലി കൗണ്‍സിലിംഗിലൂടെ ഉദ്ദേശിക്കുന്നത്.
ശരിക്കും നമ്മള്‍ ഒരു ഞാണിന്‍മേല്‍ കളിയിലാണ്.
ജീവിതത്തിനും രോഗത്തിനുമിടയില്‍ ..
അകലത്തിനും അടുപ്പത്തിനുമിടയില്‍ ..
ഭയത്തിനും ജാഗ്രതയ്ക്കുമിടയില്‍
ഭ്രാന്തിനും യാഥാര്‍ ത്ഥ്യത്തിനുമിടയില്‍ ..
കണ്ണൊന്ന് തെറ്റിയാല്‍ ..
കാല്‍ വഴുതിയാല്‍ ഏതാഴമെന്ന് അറിയില്ല.
പക്ഷേ..
നമുക്ക് ബാലന്‍സ് ചെയ്തേ പറ്റൂ..
നമുക്ക് അതിജീവിച്ചേ പറ്റൂ..
ഈ വൈറസ് കാലത്തെയും കടന്നു പോയി ….
ഈ ഗുഹാ വഴികള്‍ക്കപ്പുറം..
തിളങ്ങുന്ന പ്രഭാതത്തിലേക്കിറങ്ങി ….
മറന്നു വെച്ച സ്പര്‍ശങ്ങളാല്‍ നമുക്ക് ചേര്‍ന്നു നില്‍ക്കേണ്ടതുണ്ട്.
നമ്മുടേതായ എല്ലാ ഇടങ്ങളെയും വീണ്ടെടുക്കേണ്ടതുണ്ട്……
തിരക്കേറിയ ജീവിതത്തില്‍ നല്‍കാന്‍മറന്നു പോയ ഉമ്മകള്‍ നമ്മുടെ പ്രിയപെട്ടവര്‍ക്ക് നല്‍കേണ്ടതുണ്ട്…
അവിടെയെത്താന്‍
നമുക്കിക്കാലം കടന്നു പോയേ പറ്റൂ..
സമസ്ത മേഖലകളെയും ഏകോപിച്ചു മുന്നില്‍ നില്‍ക്കാന്‍ആര്‍ജ്ജവമുളള ഒരു ഭരണകൂടം തന്നെയാണ് അരക്ഷിതത്വത്തിലേക്ക് വീഴാതെ ഒരു ജനതയുടെ സാമൂഹിക മാനസികാരോഗ്യത്തിന്റെ കാതല്‍ എന്നത് ഈ അതിജീവന പോരാട്ടത്തില്‍ കരുത്തു പകരുന്നു.
Are u ok ?യിലേയ്ക്ക് വിളിയ്ക്കാനുള്ള നമ്പറുകള്‍ താഴെ ചേര്‍ക്കുന്നു.
ഡോ.ജയന്തി വിജയന്‍ – 9447 845 230 ( രാവിലെ 10-12 am)
ഡോ. ഷമീന ജസീല്‍ – 9526 942 342 (രാവിലെ 10-12 am)
ഡോ. നിഖില ചന്ദ്രന്‍ – 9249 819279 ( ഉച്ചയ്ക്ക് 2-5 pm)
ഡോ. മുഹമ്മദ് അനീസ് - (ഉച്ചയ്ക്ക് 2-5 pm)