Dr Maya Madhavan

കോവിഡ് 19 : റാപ്പിഡ് ടെസ്റ്റ് എന്നാല്‍ എന്ത് 

കേരളത്തില്‍ കോവിഡ് 19 രോഗബാധിതരുടെ എണ്ണം കൂടി വരുന്ന സാഹചര്യത്തില്‍ സാമൂഹ്യവ്യാപനം തടയുക എന്ന ലക്ഷ്യത്തോടെയാണ് റാപിഡ് ടെസ്റ്റ് നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചത്. വേഗത്തില്‍ ഫലം അറിയാനാവുന്ന ഒരു പരിശോധനയാണ് റാപിഡ് ടെസ്റ്റ് എന്നത് പലര്‍ക്കും മനസ്സിലായിക്കാണും. എന്നാല്‍, റാപിഡ് ടെസ്റ്റ് എന്താണെന്ന് വിശദമായി ഒന്ന് നോക്കിയാലോ.


Novel-Coronavirus-780x515-1


നിലവില്‍ കോവിഡ് 19 എന്ന രോഗത്തിന് മരുന്നുകളോ പ്രതിരോധകുത്തിവയ്പ്പുകളോ കണ്ടെത്തിയിട്ടില്ലാത്തത് കൊണ്ട് തന്നെ, രോഗമുള്ളവരെ കണ്ടെത്തുകയും അവരെ രോഗം ബാധിക്കാത്ത പൊതുസമൂഹത്തില്‍ നിന്നും മാറ്റിനിര്‍ത്തുകയുമാണ് അടിയന്തര പ്രാധാന്യം അര്‍ഹിക്കുന്ന നടപടി.


കോവിഡ് 19 നിലവില്‍ എങ്ങനെ തിരിച്ചറിയുന്നു


രോഗലക്ഷണങ്ങള്‍ കൊണ്ട് മാത്രം കോവിഡ് 19 എന്ന രോഗത്തെ തിരിച്ചറിയാന്‍ കഴിയില്ല എന്നത് നമുക്ക് അറിയുന്നതാണ്. പനി , ചുമ, തൊണ്ട വേദന, ശരീരവേദന, ക്ഷീണം എന്നീ ലക്ഷണങ്ങള്‍ കോവിഡ് 19 നുണ്ടെങ്കിലും അവ സാധാരണ ഫ്ലൂ പോലുള്ള രോഗാള്‍ക്കും ഉള്ളതാണല്ലോ. അപ്പോള്‍ ലക്ഷണങ്ങള്‍ കൊണ്ട് ഈ രോഗത്തെ തിരിച്ചറിയുക എന്നത് ബുദ്ധിമുട്ടാണ്.


images


കോവിഡ് 19 എന്ന രോഗവും അതിനു കാരണമായ SARS CoV എന്ന വൈറസിനെയും കണ്ടെത്താന്‍ രണ്ട് സമീപനങ്ങളാണ് പ്രയോഗിക്കപ്പെടുന്നത്. വൈറസിന്റെ സാന്നിധ്യം പരിശോധിക്കുക, വൈറസിനെതിരെയുള്ള പ്രതിരോധം നിര്‍മിച്ച ആന്റിബോഡികളുടെ സാന്നിധ്യം പരിശോധിക്കുക എന്നിവയാണ് അവ.


RT -PCR


ലോകമെമ്പാടും കോവിഡ് 19 രോഗനിര്‍ണയത്തിന് ഏറ്റവും കൂടുതല്‍ പ്രചാരത്തിലുള്ള പരിശോധനാരീതിയാണ് ഇത് .എന്താണ് ഇതിന്റെ സാരമെന്ന് നോക്കാം. സ്വാബ് (തൊണ്ടയില്‍ നിന്നും മറ്റും സ്രവം പരിശോധനയ്ക്ക് എടുക്കുന്ന രീതി) , കഫം തുടങ്ങിയവയില്‍ വൈറസ് ഉണ്ടാകുമല്ലോ. SARS CoV 2 എന്നത് ഒരു RNA വൈറസ് ആയത് കൊണ്ട് ഈ സ്രവങ്ങളില്‍ വൈറസിന്റെ RNA ഉണ്ടാവും. RNA കണ്ടെത്താനുള്ള പരിശോധനകളില്‍ പ്രധാനപ്പെട്ടതാണ് RT -PCR (റിവേഴ്‌സ് ട്രാന്‍സ്‌ക്രിപ്റ്റേസ് പോളിമെറേസ് ചെയിന്‍ റിയാക്ഷന്‍ ). ഈ പരിശോധനയ്ക്ക് ഏകദേശം മൂന്ന് മുതല്‍ നാല് മണിക്കൂര്‍ വരെ മാത്രമേ വേണ്ടി വരുന്നുള്ളൂ. എന്നാല്‍ RT -PCR പോലുള്ള പരിശോധനകള്‍ക്ക് സെര്‍ട്ടിഫൈഡ് ആയ ലബോറട്ടറികളും വിലയേറിയ ഉപകരണങ്ങളും വേണം. പോരാത്തതിന് പരിശീലനം സിദ്ധിച്ച സാങ്കേതികവിദഗ്ധരുടെ സഹായത്തോടെ മാത്രമേ ഇത് ചെയ്യാനാവൂ. കുറച്ച് കേസുകള്‍ നെഗറ്റീവ് എന്ന് തെറ്റായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു (false negative) എന്നതും ഈ പരിശോധനയുടെ ഒരു പോരായ്മയായി പറയാം.


download


നെഞ്ചിന്റെ CT സ്കാന്‍ എന്നത് ന്യൂമോണിയയുടെ നിര്‍ണയത്തിന് ഉപയോഗത്തിലുള്ളതാണ്. വളരെ വേഗത്തിലും എളുപ്പത്തിലും ചെയ്യാവുന്നതുമാണ്. ഈ പരിശോധന ചെയ്യുന്നത് RT -PCR നോടൊപ്പമോ അതിനേക്കാളേറെയോ രോഗികളെ , അതും രോഗത്തിന്റെ പ്രാരംഭഘട്ടങ്ങളില്‍ തന്നെ കണ്ടെത്താന്‍ സഹായിക്കുമെന്ന് ഫെബ്രുവരി അവസാനം റേഡിയോളജി ജേര്‍ണലില്‍ പ്രസിദ്ധീകരിച്ച പഠനം സൂചിപ്പിക്കുന്നു.


റാപ്പിഡ് ടെസ്റ്റ്


ഇപ്പോഴുള്ള പരിശോധനാരീതികളിലെ പരിമിതികളെ ഒക്കെ മനസിലാക്കികൊണ്ടും ഒരു ജനതയെ മുഴുവന്‍ രോഗത്തിന് വേണ്ടി പരിശോധിക്കേണ്ടി വരുമ്പോഴും (screening ) കൂടുതല്‍ ഉപകാരപ്രദമാവുക രക്തപരിശോധനകളാവും ( serological tests ) എന്ന ചിന്ത ഉടലെടുക്കുന്നത് അങ്ങനെയാണ്. രോഗാണു ശരീരത്തിനുള്ളില്‍ പ്രവേശിച്ചു കഴിഞ്ഞാലുടന്‍ തന്നെ പ്രതിരോധസംവിധാനം ആന്റിബോഡികള്‍ നിര്‍മിച്ചു തുടങ്ങും. അപ്പോള്‍ ഈ ആന്റിബോഡികളുടെ സാന്നിധ്യം പരിശോധിച്ചാല്‍ രോഗബാധ ഉണ്ടായിട്ടുണ്ടോ എന്നും രോഗബാധയില്‍ നിന്ന് എത്രത്തോളം പ്രതിരോധം ആര്‍ജ്ജിച്ചിട്ടുണ്ടെന്നും കൃത്യമായി മനസിലാക്കാനാവുമല്ലോ . മാര്‍ച്ച് ആദ്യവാരം വികസപ്പിച്ച ഒരു രക്തപരിശോധനയിലൂടെ ശരീരത്തില്‍ ഉണ്ടാവുന്ന IgM , IgG ആന്റിബോഡികളുടെ സാന്നിധ്യം കേവലം അര മണിക്കൂറില്‍ തിരിച്ചറിഞ്ഞ് എന്നെങ്കിലും രോഗം ബാധിച്ചിട്ടുണ്ടോ എന്ന് മനസിലാക്കാനാവുന്നതാണ്. രോഗലക്ഷണങ്ങളുടെ അഭാവത്തിലും ഇത് സാധ്യമാവുന്നു എന്നതാണ് ഇതിന്റെ സവിശേഷത. ഒരു മണിക്കൂറില്‍ അനേകം സാമ്പിളുകള്‍ പരിശോധനയ്ക്ക് വിധേയമാക്കാനാവും എന്നത് രോഗപര്യവേക്ഷണത്തിനെ (surveillance)  മുന്‍നിര്‍ത്തി ചിന്തിക്കുമ്പോള്‍ മറ്റൊരു പ്രത്യേകതയാണ്.


hqdefault


സാമൂഹ്യവ്യാപനം നടന്നിട്ടുണ്ടോ എന്ന് വിലയിരുത്താനും ജനതയില്‍ എത്രത്തോളം പേര്‍ക്ക് രോഗപ്രതിരോധം (herd immunity)ഉണ്ടെന്ന് അറിയാനും ഈ രക്തപരിശോധനയ്ക്ക് കഴിയും. അത് കൊണ്ട് തന്നെയാണ് കോവിഡ് 19 നെതിരെയുള്ള ജാഗ്രതയോടെയുള്ള പ്രവര്‍ത്തനങ്ങളില്‍ ഇത്തരം പരിശോധനകള്‍ വളരെ അത്യന്താപേക്ഷിതമെന്ന് തിരിച്ചറിഞ്ഞു കേരള സര്‍ക്കാര്‍ സ്വാഗതാര്‍ഹമായ ഒരു തീരുമാനമെടുത്തിട്ടുള്ളത്. കേരളം നേരത്തെ തന്നെ നിപ്പ ,ഡെങ്കി , സാര്‍സ് തുടങ്ങിയ വൈറല്‍ രോഗങ്ങള്‍ക്ക് ഇത്തരം റാപ്പിഡ് ടെസ്റ്റുകള്‍ ഉപയോഗിച്ച് ലോകത്തിന് തന്നെ മാതൃക സൃഷ്ടിച്ചിട്ടുണ്ട്. ഈ ഉദ്യമം കേരളം നടത്തുന്ന കോവിഡ് 19 യുദ്ധത്തില്‍ വലിയൊരു നാഴികക്കല്ലായി മാറുമെന്നതില്‍ സംശയമില്ല .