Dr Deepak Das

കോവിഡ് 19 ഉം ആധുനിക ചികിത്സയും

കോവിഡ് 19 ഒരു RNA വൈറസാണ്.കോശനിര്‍മ്മിതിയിലെ ഘടനാപരമായ പ്രത്യേകത കൊണ്ട് വൈറസുകളെ പൊതുവില്‍ ഏകകോശജീവികളായി പരിഗണിക്കാറില്ല.ജീവനുള്ളതും ജീവനില്ലാത്തതുമായ വസ്തുക്കളുടെ ഒരു ഇടരൂപമാണ് യഥാര്‍ത്ഥത്തില്‍ വൈറസുകള്‍.അവയ്ക്ക് കോശദ്രവ്യമില്ല. ന്യൂക്ളിക്ക് അമ്ളമായി ഒന്നുകില്‍ DNA അല്ലെങ്കില്‍ RNA മാത്രമേ കാണുകയുള്ളൂ.പ്രോട്ടീനുകളും ന്യൂക്ളിക്ക് അമ്ളങ്ങളും സ്വന്തമായി നിര്‍മ്മിക്കാനുള്ള എന്‍സൈമുകള്‍ വൈറസുകളൂടെ പക്കല്‍ ഇല്ല. അതിനാല്‍ അവയ്ക്ക് പകര്‍പ്പുണ്ടാക്കാന്‍(replication) ആതിഥേയ കോശത്തിന്റെ സഹായം ആവശ്യമാകുന്നു. ആതിഥേയ കോശങ്ങളെ സ്വന്തം പ്രതിരൂപങ്ങളും ഇച്ഛാനുസരണമുള്ള പ്രോട്ടീനുകളും നിര്‍മ്മിക്കാന്‍ സജ്ജമാക്കുക വഴി വൈറസ് സ്വന്തം നിലനില്‍പ്പ് ഉറപ്പിക്കുകയാണ് ചെയ്യുന്നത്.വൈറസിന് ജീവചൈതന്യം കൈവരുന്നത് ആതിഥേയ കോശങ്ങളില്‍ ആയിരിക്കുമ്പോള്‍മാത്രമാണ്.


Novel-Coronavirus-780x515-1


കേവലം മൂന്ന് മാസം മാത്രം പ്രായമുള്ള ഈ വൈറസ്സിനെ ആധുനിക വൈദ്യശാസ്ത്രം വരുതിയിലാക്കാന്‍ ശ്രമിക്കുന്നത് എങ്ങനെയാണെന്ന് നമുക്ക് പരിശോധിക്കാം.


മറ്റുരോഗങ്ങള്‍ക്ക് മുന്‍പേ ഉപയോഗിച്ചുകൊണ്ടിരുന്ന ചില മരുന്നുകളാണ് വൈറസ്സിനെതിരേ ഇപ്പോള്‍ പ്രധാനമായും പ്രയോഗിച്ചുനോക്കുന്നത്. ഇതില്‍ പല മരുന്നുകളും പരിപൂര്‍ണ്ണമായി ഫലപ്രദമല്ലെങ്കിലും പ്രതീക്ഷക്ക് വകനല്‍കുന്നുണ്ട്.


മലേറിയയ്ക്ക് എതിരേ ഉപയോഗിക്കുന്ന ഹൈഡ്രോക്സി ക്ളോറോക്വിന്‍ എന്ന മരുന്നാണ് ഇതില്‍ പ്രധാനി. രോഗം ഉള്ളവരെയോ, രോഗം ഉണ്ടെന്ന് സംശയിക്കുന്നവരെയൊ പരിചരിക്കുന്ന ആരോഗ്യപ്രവര്‍ത്തകരും, പരിശോധനയില്‍ രോഗം സ്ഥിരീകരിക്കപ്പെട്ട ആളുകളുടെ കുടുംബാംഗങ്ങള്‍ക്കും പ്രതിരോധമരുന്നായി ഇത് ഉപയോഗിക്കാന്‍ ICMR ശുപാര്‍ശ ചെയ്യ്തിട്ടുണ്ട്. പതിനഞ്ച് വയസ്സില്‍ താഴെയുള്ള കുട്ടികളും റെറ്റിനോപ്പതി രോഗാവസ്ഥ ഉള്ളവരും ഈ മരുന്ന് ഉപയോഗിക്കാന്‍ പാടില്ല.


HIV ക്കെതിരെ ഉപയോഗിക്കുന്ന ലോപിനാവില്‍, റിറ്റോനാവിര്‍ എന്നീ ആന്റി വൈറസ് മരുന്നുകളും ഗുരുതരമായ കോവിഡ് 19 രോഗികളില്‍ ആശാവഹമായ പുരോഗതി ഉണ്ടാക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. ചില രാജ്യങ്ങളില്‍ ഈ മരുന്നുകള്‍ അപകടാവസ്ഥയിലുള്ള രോഗികളില്‍ പ്രയോഗിക്കാന്‍ അനുമതിയുമുണ്ട്.


download


ഏറെ പ്രതീക്ഷ നല്‍കുന്ന മറ്റൊരു മരുന്നാണ് റൊംഡെസീവിര്‍.വൈറസിന് അതിന്റെ പകര്‍പ്പുണ്ടാക്കാന്‍ തടസ്സമുണ്ടാക്കിയാണ് ഈ മരുന്ന് പ്രവര്‍ത്തിക്കുന്നത്.അമേരിക്ക‌യില്‍ ഈ മരുന്ന് ഉപയോഗിച്ച ആശുപത്രികളില്‍ പ്രതീക്ഷിച്ചതിലും അപ്പുറത്തുള്ള വിജയം നേടിയിരിക്കുന്നു. എബോള വൈറസിനെതിരേ കണ്ടുപിടിച്ച മരുന്നാണിത്. ഉയര്‍ന്ന മാത്രയില്‍ ഉപയോഗിക്കുമ്പോള്‍ പോലും കാര്യമായ പാര്‍ശ്വഫലങ്ങളൊന്നും ഈ മരുന്നിനില്ല.


ഏതെങ്കിലും ഒരു രോഗത്തിനെതിരെ മറ്റൊരു ജീവിയില്‍ ഉത്പാദിക്കപ്പെട്ട പ്രതിവസ്തുക്കള്‍ (antibodies) കുത്തിവയ്ക്കുന്ന പ്രതിരോധ രീതിയാണ് passive immunity അഥവാ നിഷ്ക്രിയ രോഗപ്രതിരോധം.രോഗം പൂര്‍ണ്ണമായും ഭേദപ്പെട്ട രോഗികളില്‍ നിന്നും ശേഖരിക്കുന്ന പ്ളാസ്മ (രക്തദ്രാവകം) കുത്തിവച്ചാണ് ഈ വൈറസിനെതിരെ നിഷ്ക്രിയ പ്രതിരോധം ഉണ്ടാക്കുന്നത്.ഈ ‘റെഡിമെയ് ഡ് ‘ പ്രതിരോധം ഉടനെ തന്നെ ഉണ്ടാകുന്നു എന്നതാണ് ഇതിന്റെ ഏറ്റവും വലിയ ആകര്‍ഷണം.പക്ഷെ ഇങ്ങനെ നേടുന്ന പ്രതിരോധം ശാശ്വതമല്ല; അത് ഏതാനും ദിവസങ്ങളോ ആഴ്ച്ചകളോ മാത്രമേ നിലനില്‍ക്കൂ.നമ്മള്‍ നല്‍കുന്ന പ്രതിവസ്തു ശരീരത്തില്‍ പരിവര്‍ത്തനം ചെയ്ത് പുറംതള്ളുന്നത് വരെയേ ഈ പ്രതിരോധം പ്രാബല്യത്തിലുണ്ടാകൂ.


vz1af5d4d630c547cdaa69649b370ea315 copy


മറ്റൊരു ചികിത്സാമാര്‍ഗ്ഗമാണ് B cell ക്ളോണിംഗ്.ഒരു ആന്‍റ്റിജനോട്(പ്രതിരക്ഷോത്തേജക വസ്തു) ശരീരം പ്രതികരിക്കുന്നത് പ്രധാനമായും മൂന്ന് തരം കോശങ്ങളിലൂടെയാണ്.അതില്‍ പ്രധാനപ്പെട്ട ഒരു കോശമാണ് B cell.രോഗികളുടെ Bcell ക്ളോണ്‍ ചെയ്ത് ചികിത്സയ്ക്ക് ഉപയോഗിക്കാവുന്ന പ്രതിവസ്തു(antibody) നിര്‍മ്മിക്കുന്നു.ഇതിനുള്ള പരീക്ഷണങ്ങള്‍ ലോകത്ത് പലയിടങ്ങളിലും പുരോഗമിക്കുന്നു.


ഈ വൈറസ് ബാധിച്ചവരില്‍ നിന്നും ഇതിന്റെ ജീനോം വേര്‍തിരിച്ചെടുത്തിട്ടുണ്ട്.ജീന്‍ സീക്വെന്‍സിംഗ് മുഖേന ഇതിന്റെ ന്യൂക്ളിയോറ്റെഡികളുടെ ക്രമീകരണം കണ്ടുപിടിച്ചിട്ടുമുണ്ട്.ഈ ജീനോം സീക്വന്‍സിംഗ് അറിവാണ് വൈറസിനെതിരെയുള്ള മരുന്നുകളും വാക്സിനുകളും വികസിപ്പിച്ചെടുക്കാന്‍ നമ്മെ സഹായിക്കുന്നത്.ദ്രുതഗതിയിലുള്ള ഉല്‍പ്പരിവര്‍ത്തനത്തിന് (mutation) ഈ വൈറസ് വിധേയമാകുന്നുണ്ട് എന്നാണ് വ്യത്യസ്ത രാജ്യങ്ങളില്‍ നിന്നുമുള്ള പഠനങ്ങള്‍ സൂചിപ്പിക്കുന്നത്.വൈറസിനെതിരേ ഫലപ്രദമായ ഒരു മരുന്നിന്റെ തന്മാത്ര ഉത്പാദിപ്പിച്ച് കഴിഞ്ഞാല്‍ മ്യഗങ്ങളില്‍ ആദ്യം പ്രീ ക്ളിനിക്കല്‍ പരീക്ഷണങ്ങള്‍ നടത്തണം. അധികാരകേന്ദ്രങ്ങളില്‍ നിന്നും ആവശ്യമായ അനുമതി ലഭിച്ചു കഴിഞ്ഞാല്‍ 3 ഘട്ടങ്ങളിലായുള്ള ക്ളിനിക്കല്‍ പഠനങ്ങള്‍ നടത്തേണ്ടതുണ്ട്.ഇതെല്ലാം വിജയകരമായതിന് ശേഷം മാത്രമേ മരുന്ന് നിര്‍മ്മിക്കാനും ഉപയോഗിക്കാനുമുള്ള അനുമതി ലഭ്യമാകൂ.ഈ പ്രക്രിയയ്ക്ക് വര്‍ഷങ്ങളോളം കാലതാമസം നേരിടാം.


aksharam (1)


എല്ലാ ലോകരാജ്യങ്ങളുടെയും പൊതുവായ ശത്രു ആണ് ഈ വൈറസ് .ഇതിനെ ഫലപ്രദമായി നേരിടാന്‍ എല്ലാ രാജ്യങ്ങളും സങ്കുചിത ചിന്തകള്‍ മാറ്റി വച്ച് ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ തയ്യാറാവണം.മാനവരാശിയുടെ നിലനില്‍പ്പ് തന്നെ ചോദ്യം ചെയ്യപ്പെടുന്ന ഈ ഘട്ടത്തില്‍ ചികിത്സാഅറിവുകളും,മരുന്നുകളുടെയും വാക്സിന്റെയും കണ്ടുപിടിത്തവും ഉത്പാദനവും,വ്യക്തിഗതസുരക്ഷാ ഉപകരണങ്ങളുടെ നിര്‍മ്മാണവും,ആരോഗ്യ പ്രവര്‍ത്തകരുടെ മാനവവിഭവശേഷിയും എല്ലാം പങ്ക് വച്ച് കൊണ്ട് ലോകരാജ്യങ്ങള്‍ മുന്നോട്ട് പോകേണ്ടിയിരിക്കുന്നു.


ഈ ലോക്ഡൗണ്‍ കാലഘട്ടം വൈറസിനെ പ്രതിരോധിക്കാനുള്ള പുത്തന്‍ അറിവുകള്‍ നേടാനും,നവീന യുദ്ധതന്ത്രങ്ങള്‍ മെനയാനും,സമൂഹവ്യാപനം നീട്ടിവയ്ക്കാനും ,ഒരുമിച്ചുള്ള പ്രവര്‍ത്തനങ്ങളിലൂടെ വൈറസിനെ കീഴ്പ്പെടുത്തുവാനും നമുക്ക് അധിസമയം നല്‍കുന്നു.