ഗാസക്കെതിരെയുള്ള യുദ്ധം ഇസ്രായേല്‍ ഇപ്പോഴും തുടരുകയാണ് . മൂന്ന് പ്രധാന കാര്യങ്ങളാണ് ഇതെപ്പറ്റി ഉന്നയിക്കാറുള്ളത് . ഒന്ന് , പ്രകൊപനമുണ്ടായത് ഗാസയില്‍ നിന്നാണ് , ഹമാസില്‍ നിന്നാണ്. ഗാസയില്‍ നിന്നും ഇസ്രായേല്‍ പിന്മാറിയപ്പോള് മുതല്‍ ഗാസയെ നശിപ്പിക്കുന്നതിനുള്ള ശ്രമമാണ് ഇസ്രായേല്‍ നടത്തിയത്. നീതിപൂര്‍വ്വമെന്നും സ്വതന്ത്രമെന്നും അന്താരാഷ്ട്ര നിരീക്ഷകര്‍ വിശേഷിപ്പിച്ച 2008 ലെ തിരഞ്ഞെടുപ്പില്‍ വിജയിച്ച ഹമാസിനെതിരെ ബഹിഷ്ക്കരണവും / ബ്ലോക്കേടും / ക്രൂരമായ ഉപരോധവും ഏര്‍പ്പെടുത്തിയിരിക്കുന്നു.
ഗാസക്കെതിരെ ഇസ്രായേല്‍ തുടരുന്ന സ്ഥിരമായ പ്രകോപനമാണ് പ്രശ്നം. പ്രകോപനമുണ്ടാക്കിയത് ഇസ്രായേല്‍ തന്നെയാണ്. 2009 ആരംഭത്തിലെ വെടിനിര്‍ത്തല്‍ കരാര്‍ 2012 മുതല്‍ ഇസ്രായേല്‍ ലംഘിച്ചു. അതിനെതിരെ പലഘട്ടങ്ങളിലും ഹമാസ് പ്രതികരിച്ചു. എന്നാല്‍ സ്ഥിരമായ പ്രകോപനം ഇസ്രായേലിന്റെ ഭാഗത്തു നിന്നു തന്നെയാണ്. രണ്ടാമതായി പറയുന്നത്, ഇസ്രായേലിന് സ്വയം പ്രതിരോധത്തിനുള്ള അവകാശമുണ്ടെന്നാണ്. ഈ അര്‍ത്ഥത്തിലാണ് പ്രസിഡന്റ് ഒബാമ പുതിയ ഗാസാ യുദ്ധത്തിന് പിന്തുണ പ്രഖ്യാപിച്ചത്. എന്തിനെതിരെ ആര്‍ക്കെതിരെ പ്രതിരോധം എന്ന ചോദ്യമാണ് ഇവിടെ പ്രസക്തം.
ശത്രു രാജ്യത്തിനെതിരെ സ്വീകരിക്കുന്ന നടപടിയാണ് പ്രതിരോധം. ഇവിടെ മറുപക്ഷത്തുള്ളത് ശത്രു രാജ്യമല്ല . അധിനിവേശ പ്രദേശമാണ്. അധിനിവേശ ജനതയുടെ ചെറുത്തുനില്‍പ്പിനെ ക്രൂരമായി അടിച്ചമര്‍ത്തുന്നതിനെ സ്വയം പ്രതിരോധമെന്ന് ദുര്‍വ്യാഖ്യാനം ചെയ്യുകയാണ്. ഇവിടെ യഥാര്‍ത്ഥത്തില്‍ സ്വയം പ്രതിരോധം നടത്തുന്നത് ഫലസ്തീന് ജനതയാണ്. മൂന്നാമതായി പറയുന്നത് ഈ സംഘട്ടനത്തില്‍ ലോകരാഷ്ട്രങ്ങള്‍ നിഷ്പക്ഷത പാലിക്കണമെന്നാണ്. രണ്ടുകൂട്ടരും തെറ്റുചെയ്തു എന്ന മട്ടിലാണ് ഈ സമീപനം.
ഇന്ത്യാ ഗവണ്മെന്റിന്റെ നിലപാടും ഇതുതന്നെ. അധിനിവേശമാണ് അടിസ്ഥാന പ്രശ്നമെന്നത് വിസ്മരിക്കപ്പെടുകയാണ് ഇവിടെ. ഈ യുദ്ധത്തില്‍ നിഷ്പക്ഷതയുടെ അര്‍ഥം ഇസ്രായേലിനെ പിന്തുണക്കുക എന്നതാണ്. ഇസ്രായേലുമായുള്ള സൈനിക ബന്ധം ഇന്ത്യ പുനരവലോകനം ചെയ്യേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.