കവിതേ , പ്രിയപ്പെട്ട ശൈലപുത്രീ
നിള പോലെ പ്രിയം എന്റെ
നെയ്യാറുപോലെ നീ
നീ ഒഴുകിപ്പരക്കുകി -
ന്നവനിലും, ഇവനിലും, പതിരിലും,
പിന്നെയീ എന്നിലും ....
എല്ലാം ശ്രേഷ്ഠമാകുന്ന കാലമാണിത്. പദവികള്‍ ഉണ്ടായതു കൊണ്ടു മാത്രം ഭാഷ നിലനില്‍ക്കില്ല. ഭാഷ ഹൃദയത്തില്‍ ഉണ്ടാകണം. കഥയും കവിതയുമെല്ലാം എല്ലാവര്‍ക്കും സ്വീകാര്യമാകണം. ദുഖത്തിലും സന്തോഷത്തിലും ഒരുപോലെ കവിത ഉണ്ടാകണമെങ്കില്‍ ഭാഷ സാധാരണക്കാരന്റേതായിരിക്കണം. ഭാഷക്ക് നഷ്ടം സംഭവിക്കുന്നു എങ്കില്‍ അത് എഴുതുന്നവരുടെ കൂടി പ്രശ്നമാണ്. ബുദ്ധിജീവികളാണ് ഭാഷയെ വരേണ്യമായ അക്കാദമിക്ക് വ്യവഹാരമാക്കി ചുരുക്കുന്നത്.
പി എസ് സി പരീക്ഷ ആര്‍ക്കും എഴുതാം, ജയിക്കാം, തൊഴില്‍ നേടാം. പോസ്റ്റിങ്ങിനു ശേഷം പ്രൊബഷന്‍ കാലാവധി അവസാനിച്ചതായി പ്രഖ്യാപിക്കപ്പെടണമെങ്കില്‍ ഭാഷാ പരീക്ഷ വിജയിക്കണമെന്ന സദുദ്ദേശപരമായ നിയമ നിയമ നിര്‍മ്മാണത്തെ അട്ടിമറിക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നത്. ഐ എ എസ് പരീക്ഷ പാസാകണമെങ്കില്‍ പോലും ഏതു കേഡറിലാണോ തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത് ബന്ധപ്പെട്ട പ്രദേശത്തെ പ്രാദേശിക ഭാഷ പഠിച്ചിരിക്കണമെന്നും പരീക്ഷ ജയിച്ചിരിക്കണമെന്നും വ്യവസ്ഥയുണ്ട്. എന്നാല്‍ കേരളത്തിലെ സാഹചര്യങ്ങളില്‍ ഇതൊന്നും ബാധകമാകുന്നില്ല. മലയാള ഭാഷയോടുള്ള ചിറ്റമ്മനയം ഇംഗ്ലീഷ് ലോബിയിങ്ങിന്റെ ഭാഗമായി സംഭവിക്കുന്നതാണ്.
ചില്ലുമേടയിലല്ല മറിച്ച് ഭാഷ സാധാരണക്കാരന്‍ ജൈവ സന്ധാരണത്തിനു വേണ്ടി ഉപയോഗിക്കുമ്പോഴാണ് ആ ഭാഷ വ്യവഹാര ഭാഷയായി മാറുന്നത്. സാധാരണക്കാരന്‍ കവിത ചൊല്ലുന്നതും കവിതയില്‍ ഇടപെടുന്നതുമെല്ലാംഅകാരണ മായി ബുദ്ധിജീവികളെ അസ്വസ്ഥരാക്കുന്നു.ചുവരുണ്ടെങ്കിലേ ചിത്രം വരയ്ക്കാന്‍ കഴിയൂ. ആദ്യം ഭാഷ, പിന്നെ കവിത. സാധരണക്കാരന്റെ ഹൃദയഭാഷയായി കവിത നിലനിന്നില്ലെങ്കില്‍ ഭാഷ നഷ്ടമാകുമെന്നത് അവര്‍ ഓര്‍ക്കുന്നതേയില്ല. മലയാളിക്ക് ആദ്യം മലയാളമാണു വേണ്ടത് ജാടകള്‍ അതിനുശേഷം ഉണ്ടാകട്ടെ.
നവമാധ്യമ രംഗം ഭാഷക്കും സാഹിത്യത്തിനും സ്തുസ്തര്‍ഹ്യമായ സംഭാവനകളാണ് നല്‍കിക്കൊണ്ടിരിക്കുന്നത്. ബ്ലോഗുകള്‍ ആത്മപ്രകാശനത്തിന്റെ അനന്ത സാധ്യതകളിലേക്കാണ് വഴിതുറന്നത്. പത്രാധിപന്മാരുടെ അഭിരുചിക്കിണങ്ങും വിധം എഴുത്തു നടത്താന്‍ നിര്‍ബന്ധിതമായൊരു കാലഘട്ടം ഉണ്ടായിരുന്നു. അവര്‍ കവിതകളില്‍ വൃത്തത്തിനും അലങ്കാരത്തിനുമായി ശാഠ്യം പിടിച്ചു. താളമുള്ള കവിതയെ / കവിയെ കൊന്നു തള്ളണമെന്ന നിലയില്‍ പോലും നിലപാടുള്ള പത്രാധിപന്മാര്‍ ഉണ്ടായിരുന്നു. അവര്‍ക്ക് പാശ്ചാത്യ മുറി ഗദ്യമായിരുന്നു പഥ്യം.വിവര സാങ്കേതിക വിദ്യയുടെ അനുബന്ധ സൌകര്യങ്ങളായ ബ്ലോഗുകളിലൂടെ പത്രാധിപരുടെ നിബന്ധനകളും നിര്‍ബന്ധങ്ങളും തകര്‍ക്കപ്പെടുകയായിരുന്നു. ഇഷ്ടമുള്ളത് സ്വതന്ത്രമായി എഴുതുന്നതിനും പ്രകാശനം നടത്തുന്നതിനുമുള്ള വിശാലസാധ്യതയിലൂടെ ഭാഷ ; ലിംഗ ദേശ പരിമിതികളെ ഭേദിച്ച് ഹൃദ്യയവും ജനാധിപത്യപരവുമാകുകയാണ്.
ഫേസ് ബുക്ക് അടക്കമുള്ള സാമൂഹ്യ ശൃംഖലകളും ദൃശ്യ മാധ്യമങ്ങളും മലയാള ഭാഷയ്ക്കു പൊതുവിലും കവിതാശാഖക്ക് വിശേഷിച്ചും മികവുറ്റ സംഭാവനകളാണ് നല്‍കിക്കൊണ്ടിരിക്കുന്നത് . നവമാധ്യമങ്ങളില്‍ മനോഹരമായി കവിതകളെഴുതുന്ന ധാരാളം പ്രതിഭാധനരെ എനിക്കറിയാം. ഇപ്പോള്‍ ചില അച്ചടി മാധ്യമങ്ങളും ഫേസ് ബുക്ക് പോലുള്ള സോഷ്യല്‍ മീഡിയകളിലെ എഴുത്തുകാര്‍ക്കായി പേജുകള്‍ മാറ്റി വെയ്ക്കുന്നു. സോഷ്യല്‍ മീഡിയയില്‍ സജീവമായി ഇടപെടുന്ന എഴുത്തുകാര്‍ അങ്ങോട്ടു പോകുകയല്ല, മറിച്ച് അച്ചടി മാധ്യമം അവരെ അങ്ങോട്ടു തേടി ചെല്ലുന്നു എന്നത് വലിയൊരു മാറ്റമാണ്. ബ്ലൊഗെഴുത്തുകളെ തേടിച്ചെല്ലുന്നു. എന്നാല്‍ ബ്ലോഗെഴുത്തുകാര്‍ അച്ചടിമാധ്യമങ്ങളെത്തേടിച്ചെല്ലുന്നില്ല.
ഉപാധികളില്ലാത്ത സൌഹൃദങ്ങളുടേയും സര്‍ഗ്ഗാത്മകതയുടേയും സേവനതത്പ്പരതയുടേയും ഊര്‍ജ്ജവും ഉന്‍മേഷവുമാണ് പൊതുവില്‍ ഫേസ് ബുക്ക് കൂട്ടായ്മകള്‍. ഡിജിറ്റല്‍ ചുമരുകളിലൂടെ പരിചയപ്പെട്ട് ഒത്തുചേരപ്പെടുന്ന നിരവധി കൂട്ടായ്മകളില്‍ പങ്കു ചേരാന്‍ അവസരമുണ്ടായിട്ടുണ്ട്. നിരാലംബര്‍ക്കും നിരാശ്രയര്‍ക്കും രോഗപീഡക ളനുഭവിക്കുന്നവര്‍ക്കടക്കം നിരവധി പേര്‍ക്ക് ഇത്തരം കൂട്ടായ്മകള്‍ താങ്ങും തണലുമാകുന്നു. സാഹിത്യത്തിന്റെ മേഖലയിലും ഇത്തരം ചെറുതും വലുതുമായ കൂട്ടായ്മകള്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധേയമാണ്. ചെറതുകകള്‍ ചേര്‍ത്തു വെച്ച് മനോഹരമായി അണിയിച്ചൊരുക്കപ്പെടുന്ന കവിതാസമാഹാരങ്ങള്‍ പ്രതിഭാധനരായ കവികളെയാണ് മലയാളത്തിനു സമ്മാനിച്ചത്. നാടും വീടും അന്യമാകുന്ന പ്രവാസത്തിന്റെ വൈഷ്യമ്മങ്ങളെ സചേതനമായ ഫേസ് ബുക്ക് കൂട്ടായ്മകളിലൂടെ അതിജീവിക്കുന്ന ഒട്ടനവധി കൂടായ്മകള്‍ വിദേശങ്ങളിലുണ്ട്. അതു പകരുന്ന സന്തോഷം ചെറുതല്ല.
പൊതു ജീവിതത്തിന്റെ ഏതു മേഖലയിലുമെന്ന പോലെ മികച്ച നിലയില്‍ ഇടപെടലുകള്‍ സംഘടിപ്പിക്കുന്ന കൂട്ടായ്മകള്‍ക്കപമാനമായി സംഘാടകരുടെ അറിവോടെയല്ലെങ്കില്‍പ്പോലും ചിലര്‍ കടന്നു ,കയറ്റം നടത്താറുണ്ട്. എണ്ണത്തില്‍ ചെറുതെങ്കിലും ഇവര്‍ക്കു വ്യക്തമായ ദുരുദ്ദേശങ്ങളുണ്ട്. ഇല്ലാത്ത സാഹിത്യ ബോധത്തെ ബൂസ്റ്റ് ചെയ്ത് തങ്ങളുടെ ചില കാമനകളെ തൃപ്തിപ്പെടുത്തുക മാത്രമാണ് ഇവരുടെ പ്രധാന ഉദ്ദേശ്യം. അടുത്തിടെ വ്യക്തിപരമായുണ്ടായൊരനുഭവം ഇത്തരം നിഗമനങ്ങളെ ശരി വെക്കുന്നു. സംഘാടകരില്‍ പലരും അടുത്ത സുഹൃത്തുക്കളായതിനാല്‍ മറ്റസൗകര്യങ്ങള്‍ അവഗണിച്ച് ഒരു ഫേസ് ബുക്ക് കൂട്ടായ്മയില്‍ പങ്കെടുത്തു. സംഘാടകനെന്നു തോന്നിപ്പിച്ച ഒരാള്‍ കാറില്‍ നിന്നിറങ്ങുന്നതു മുതല്‍ പ്രഭാഷണം തുടങ്ങി, തുടരുമ്പോഴും പാട്ടുകവി എന്ന നിലയില്‍ വ്യക്തിപരമായി അധിഷേപിച്ചു കൊണ്ടേയിരുന്നു, ഉച്ചത്തില്‍ തന്നെ. സംഘാടകര്‍ ഇടപെടുകയോ പിന്‍തിരിപ്പിക്കുകയോ ചെയ്തില്ല. ബോധപൂര്‍വ്വം ഒരാളെ അതിനായി നിയോഗിച്ചിരുന്നതായി തോന്നി. സ്വയം ഇടപെട്ട് അദ്ദേഹത്തെ പിന്‍തിരിപ്പിക്കേണ്ടി വന്നു എനിക്ക്. കടന്നെത്തി പാട്ടുകവി എന്ന രൂപത്തില്‍ ആക്ഷേപിക്കുകയും ഒരുതരം വരേണ്യ സ്വഭാവം കാട്ടുകയും ചെയ്തു. കവികള്‍ പാവങ്ങളാണ് ; അതിവൈകാരികമായി എന്തിനോടും പ്രതികരിക്കുന്നവര്‍. പാട്ടു കവിയെന്ന പ്രയോഗം എനിക്കന്യമല്ല. അക്കാദമിക്ക് ബുദ്ധി ജീവിക്കവികള്‍ എന്നെ അടയാളപ്പെടുത്തുന്നത് അങ്ങിനെയാണ്.
വി മധുസൂദനന്‍ നായര്‍ സാര്‍ എല്ലാം ഇതനുഭവിച്ചിട്ടുണ്ട്. ഞാനിപ്പോള്‍ അനുഭവിക്കുന്നതും അതാണ്. കടമ്മനിട്ട സാറെല്ലാം അതു ശക്തമായവഗണിച്ച് മുന്നോക്കം പോയി. മലയാള ഭാഷ അറിയാത്ത കുട്ടികള്‍ പോലും എന്റെ കവിത ചൊല്ലുന്നു എന്നതാണ് "അപരാധം" ഞാനീപ്പറയുന്നത് ഫേസ് ബുക്ക് കൂട്ടായ്മയുടെ സംഘാടകരെക്കുറിച്ചാകെയല്ല.തങ്ങളുടെ ഗോപ്യ കാമനകളെ തൃപ്തിപ്പെടുത്തുന്നതിനു മാത്രം ഇത്തരം വേദികളെ ഉപയോഗപ്പെടുത്തുന്നവരെ സംഘാടകര്‍ തിരിച്ചറിയണം.
കൂട്ടായ്മകളിലേക്ക് കടന്നെത്തുന്ന 40% വും തികഞ്ഞ പ്രതിഭാധനരാണ്. അവര്‍ സര്‍ഗ്ഗസംവാദം ആഗ്രഹിക്കുന്നു. സമൂഹത്തോട് കടപ്പാടും സ്നേഹവും പ്രകടിപ്പിക്കുന്നു. അഭിപ്പ്രായങ്ങളും വ്യത്യാസങ്ങളും കൃത്യമായി അടയാളപ്പെടുത്തുന്നു. 20% തങ്ങളുടെ കവിത അവതരിപ്പിക്കുകയും അനുബന്ധാഭിപ്പ്രായങ്ങള്‍ അറിഞ്ഞു മടങ്ങുകയും ചെയ്യുന്നു. 10% വാക്കിന്റെ വിരുതിനാല്‍ തീര്‍ത്ത പ്രതിഛായയാല്‍ വരുന്നവരാണ്. പൊതുവേദിയില്‍ വിരുതു കാട്ടാനാകാതാകുമ്പോള്‍ സ്വാഭാവികമായ നിരാശയില്‍ നിന്നും അപരരെ അപഹസിച്ചു മടങ്ങുന്നു. ബാക്കി വരുന്ന 30% മാണ് കവിതയെ വല്ലാതെ ദുരുപയോഗപ്പെടുത്തുന്നത്. പരസ്പ്പരം കാണാതെ വാക്കിന്റെ വിരുതു കൊണ്ട് സൌഹൃദത്തിന്റെ സ്ഫടിക സൗധം മെനയുന്നവാരാണവര്‍. ആദ്യമായാകും അവര്‍ നേരില്‍ കണ്ടിട്ടുണ്ടാകുക. ഉദ്ദേശിച്ച ആള്‍ അല്ല എന്നു വരുമ്പോള്‍ അസ്വസ്ഥരാകുന്നു. ഗോപ്യകാമനകളെ മധുരം പുരട്ടലാണ് അവരുടെ സാഹിത്യ തല്‍പ്പര ലക്‌ഷ്യം.
മേല്‍ സൂചിപ്പിച്ച 10%+30% നുമുന്നില്‍ കവിത ചൊല്ലുന്നത് നിര്‍ഭാഗ്യകരവും വേദനാജനകവുമാണ്. ഇത്തരം കൂറകളെ കണ്ടെത്തി അവരെ അവരെത്തന്നെ ബോധ്യപ്പെടുത്തി ഫേസ് ബുക്ക് കൂട്ടായ്മകളുടെ അന്തസ്സു കാത്തു സൂക്ഷിക്കേണ്ട കടമ കൂടി പ്രിയപ്പെട്ട സംഘാടക സുഹൃത്തുക്കള്‍ നടത്തണം എന്ന് ഒരു കവിയെന്ന നിലയില്‍ (കവിയെന്നു വിളിക്കാന്‍ ബുദ്ധിമുട്ടുള്ളവര്‍ ഒരു മലയാളി എന്ന നിലയില്‍ അഭ്യര്‍ഥിക്കുകയാണ്. അവരുടെ മാനസിക വ്യവഹാരങ്ങള്‍ മറ്റിടങ്ങളിലായിരിക്കും. ആ 40 % എല്ലായിടങ്ങളിലുമുണ്ട്. ഇതു മുന്‍പു തന്നെ സൂചിപ്പിച്ചിട്ടുമുണ്ട്. കവി എന്ന നിലയില്‍ എന്നെ ഇഷ്ടമല്ലാത്ത ചില ഫ്യൂഡല്‍ മനസ്സുള്ളവരുണ്ട്. ഇയ്യാളെ ' ഡി വൈ എഫ് ഐ , 'എസ് എഫ് ഐ വേദികളില്‍ മാത്രമേ കവി എന്ന് അംഗീകരിക്കുന്നുള്ളൂ എന്നാണവരുടെ ന്യായം .
" ബുദ്ധിജീവിക്കവിതകള്‍ വിജയിക്കട്ടെ !
സാധാരണ മലയാളിക്ക് ആസ്വദിക്കാന്‍ കഴിയാത്ത ഒന്നായി ഭാഷാ സാഹിത്യം മാറട്ടെ !
അവരുടെ ഹൃദയങ്ങളില്‍ നിന്ന് ഭാഷ അകന്നു പോയി ശ്രേഷ്ഠഭാഷയായി മാറട്ടെ ..!
സംസ്കൃതം ദേവഭാഷയയതു പോലെ " !
.