K R Ajayan

പി ജി : അറിവിന്‍റെ അക്ഷയഖനി

ഇസങ്ങള്‍ക്കപ്പുറവും ഇപ്പുറവും കണ്ട ഒരാളിന്റെ മുന്നിലാണ് ഞാനിരിക്കുന്നത്. മുറിക്കയ്യന്‍ ഷര്‍ട്ടും കുത്തിപ്പിടിച്ചുകെട്ടിയ കള്ളിമുണ്ടും ധരിച്ച ഈ വൃദ്ധനുമുന്നിലിരിക്കുമ്പോള്‍ അക്ഷരങ്ങളുടെ അപൂര്‍വ്വ ചൈതന്യം നമ്മളറിയാതെ നമ്മളിലേക്ക് ഒഴുകിത്തുടങ്ങുന്നു. കീഴ്ച്ചുണ്ട് വളച്ച്, കറുത്ത ഫ്രൈമിനുള്ളിലെ കട്ടിക്കണ്ണട മൂക്കിന്റെ സ്വാഭാവിക ചലിപ്പിക്കലിലൂടെ മുകളിലേക്ക് കയറ്റിവച്ച് നെറ്റിയിലേക്ക് ഇടയ്ക്കിടെ വീഴുന്ന വെള്ളിമുടിയിഴകള്‍ അലസമായി പിന്നോട്ടൊതുക്കി ചാരുകസേരയില്‍ നിവര്‍ന്നുകിടപ്പാണ്. കാഴ്ചയും കേള്‍വിയും കാലമെടുത്തെങ്കിലും ചിന്തകള്‍ക്കിപ്പോഴും നവയൗവ്വനം. നവതിയുടെ ആധിക്യമൊന്നും ചിന്തകളെ അലട്ടുന്നില്ല. പക്ഷെ മനസ്സിനൊപ്പം ശരീരമെത്താത്തതിന്റെ വ്യാകുലത ഇല്ലാതെയുമില്ല. ഇത് പി ജി. ഒരു വിശേഷണവും വേണ്ടാത്തയാള്‍. അല്ലെങ്കില്‍ എന്തുവിശേഷണവും ഇണങ്ങുന്നയാള്‍. അന്തോണിയോ ഗ്രാംഷിയുടെ പ്രശസ്തമായ പ്രയോഗമുണ്ടല്ലോ-'ജൈവ ബുദ്ധിജീവി'.

'കെനിയയില്‍ കോപ്ടര്‍ തകര്‍ന്ന് രണ്ട് മന്ത്രിമാരടക്കം ആറുപേര്‍ മരിച്ചു'. അന്നത്തെ മലയാള പത്രത്തിന്റെ വിദേശപേജിലെ പ്രധാന തലക്കെട്ട് വായിച്ചുകൊടുക്കുമ്പോള്‍ പി ജി ഒന്നിളകിയിരുന്നു. കെനിയന്‍ രാഷ്ട്രീയത്തിലെ പ്രമുഖനായ ആഭ്യന്തര സുരക്ഷാ മന്ത്രി ജോര്‍ജ് സയ്‌ട്ടോടിയും സഹമന്ത്രി ഓര്‍ ഒജോദയുമാണ് അപകടത്തില്‍ കൊല്ലപ്പെട്ടത്. വാര്‍ത്ത കേള്‍ക്കുന്നതിനിടെ ഒരുനിമിഷം പി ജി കണ്ണടച്ചു. അത് ഓര്‍മ്മയെ വാക്കുകളാക്കുന്ന അതീന്ദ്രിയതയാവാം. പിന്നെ ഒന്നുംനോക്കാതെ ഒരിടവും പരതാതെ സംസാരിച്ചുതുടങ്ങുന്നു.

'മുന്‍ പ്രസിഡന്റ് ഡാനിയല്‍ അറബ്‌മോയിക്ക് കീഴില്‍ കെനിയയുടെ വൈസ് പ്രസിഡന്റായിരുന്നു ജോര്‍ജ് സയ്‌ട്ടോടി. അടുത്ത വര്‍ഷം മാര്‍ച്ചില്‍ നടക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയാകുമെന്നും കേട്ടിരുന്നു. സൊമാലിയയില്‍നിന്നുള്ള ഇസ്ലാമിക തീവ്രവാദികള്‍ക്കെതിരെ കടുത്ത നിലപാടെടുത്ത അദ്ദേഹത്തിന്റെ മരണത്തിനുപിന്നില്‍ ദുരൂഹതയുണ്ടാവും. ആഫ്രിക്കന്‍ വന്‍കരയില്‍ താന്‍സാനിയക്കും ഉഗാണ്ടക്കും സുഡാനും എത്യോപ്യക്കും സൊമാലിയക്കുമിടയില്‍ ഇന്ത്യന്‍ മഹാ സമുദ്രത്തിലേക്ക് ഇറങ്ങിനില്‍ക്കുന്ന കെനിയയില്‍ നാലുകോടിയോളം മാത്രമേ ജനസംഖ്യയുള്ളൂ...'

അന്തംവിട്ടിരിക്കുക എന്ന പ്രയോഗമുണ്ടല്ലോ. സത്യത്തില്‍ അങ്ങനെയിരിക്കുകയാണ് ഞാന്‍. തൊട്ടുമുമ്പ് വായിച്ച പുസ്തകത്താളിലെപ്പോലും ഒരുവരി ഓര്‍ത്തുവയ്ക്കാന്‍ കെല്‍പ്പില്ലാത്ത എന്നെയും എന്റെ തലമുറയെയും ഓര്‍ത്ത്. നീരുവന്നുവീര്‍ത്ത ആ കാലുകളില്‍ ഒന്നു തൊട്ടു. ഊറിക്കൂടിയ കണ്ണീര് ആരും കാണാതെ തുടച്ചു. ഇത് എന്റെ തലമുറയുടെ ഗുരുദക്ഷിണ.

സുകുമാര്‍ അഴിക്കോട് പി ജിയെക്കുറിച്ച് മുമ്പൊരിക്കല്‍ എഴുതിയതാണ് ഓര്‍മ്മയിലെത്തുന്നത്. ആശയലോകത്തിലെ നിത്യ സഞ്ചാരിയും നിത്യ ഭടനുമെന്ന്. 'ആശയലോകത്തെ സഞ്ചാരിയാകാന്‍ മനുഷ്യ ചിന്തയുടെയും ഭാവനയുടെയും എല്ലാ പ്രകാശങ്ങളും അദ്ദേഹത്തെ ആകര്‍ഷിക്കുന്നു. സാഹിത്യവും കലകളും വിദ്യാഭ്യാസവും തത്വചിന്തയും മത വിജ്ഞാനീയവും രാഷ്ട്രതന്ത്രവും ഭൗതിക ശാസ്ത്രങ്ങളും എല്ലാം അദ്ദേഹം സൈ്വരവിഹാരം ചെയ്യുന്ന മനുഷ്യചിന്തയുടെ ഭാസുരവേദികളാണ്.' കേരളീയ സമൂഹത്തിന്റെ ഇന്നുകാണുന്ന ചരിത്രബോധത്തിന്റെ ശാസ്ത്രീയ വികാസം ഉണ്ടാക്കുന്നതില്‍ പ്രത്യേകിച്ചും ശാസ്ത്രീയ രചന സമൂഹത്തിന് പരിചയപ്പെടുത്തിക്കൊടുക്കുന്നതില്‍ ഈ കുറിയ മനുഷ്യന്‍ വഹിച്ച പങ്ക് പഠനവിധേയമാകുന്ന കാലം ഇതുവരെയെത്താത്തതെന്താവുമെന്ന ചോദ്യം മനസ്സില്‍ തലകീഴായി വീണു. ഭാഷ അതിന്റെ എല്ലാ ചാരുതയോടെയും ഈ മനുഷ്യനുമുന്നില്‍ നൃത്തംചെയ്യുന്നു.

'ഹേ കേണല്‍, കൈനിശ്ചയം തീരെയില്ലാത്തവരെയാണ് നിങ്ങള്‍ ഇന്നുരാവിലെ വെടിവയ്ക്കാന്‍ വിളിച്ചുകൊണ്ടുവന്നത്. നിങ്ങളേക്കാള്‍ ഭേദമായി അവരെക്കൊണ്ട് കാര്യം ചെയ്യിക്കാന്‍ എന്നേക്കൊണ്ട് കഴിയുമോ എന്നുനോക്കട്ടെ. നോക്കൂ കൂട്ടരെ, അവിടെ ആ തോക്ക് അല്‍പ്പം ഉയര്‍ത്തിപ്പിടിക്കൂ. ഇവിടെ അല്‍പ്പം ഇടത്തോട്ട് മാറ്റൂ. എന്താണിത് മനുഷ്യാ, നിന്റെ കയ്യിലിരിക്കുന്നത് ഒരു കാര്‍ബൈന്‍ തോക്കാണ്, വറവുചട്ടിയല്ല. നേരേപിടിക്കൂ, നിങ്ങളെല്ലാം തയ്യാറായോ? എന്നാല്‍ ശരി, റെഡി....പ്രസന്റ്.....ഫയര്‍....

ചിട്ടയും ക്രമവുമില്ലാതെ വീണ്ടും ഏതാനും വെടിപൊട്ടി, പരിഭ്രാന്തമായി തുറിച്ചുനോക്കിക്കൊണ്ട് വിറകൊള്ളുന്ന മനുഷ്യക്കോലങ്ങള്‍ ഇടമുറിഞ്ഞ് വഴിതെറ്റിയുഴയുന്നു. ഒരു ഭടന്‍ കാഞ്ചി വലിച്ചതേയില്ല. അയാള്‍ തോക്ക് വലിച്ചെറിഞ്ഞ് തലയ്ക്ക് കൈയുംകൊടുത്ത് നിലത്ത് കുനിഞ്ഞിരുന്നുപോയി. അയാള്‍ വിങ്ങിവിങ്ങി പിറുപിറുത്തു, എനിക്ക് വയ്യ....എനിക്ക് വയ്യ....'

വായനക്കാരന്റെ സര്‍വ്വ നിയന്ത്രണവും അണപൊട്ടിപ്പോവുന്ന വൈകാരിക മുഹൂര്‍ത്തം. ഒരു രക്തസാക്ഷിത്വത്തിന്റെ വാങ്മയചിത്രം മലയാളത്തിലേക്ക് കോറിയിടുന്നത് പി ജിയാണ്. എഥ്ല്‍ലിലിയന്‍ വോയ്‌നിച്ചിന്റെ 'ഗാഡ്ഫ്‌ളൈ' എന്ന നോവലിന്റെ 'കാട്ടുകടന്നല്‍' എന്ന പരിഭാഷയിലൂടെ.

വാര്‍ധക്യം പിജിയെയും പിടികൂടിയിരിക്കുന്നു. പഴയതുപോലെ ഓടിച്ചാടി നടക്കാനാകുന്നില്ല. സൂര്യനുകീഴിലെ എന്തിനെയുംകുറിച്ച് ഇടതടവില്ലാതെ സംസാരിക്കാനാവുന്നില്ല. കട്ടിക്കണ്ണടയ്‌ക്കൊപ്പം കൈയ്യില്‍ പ്രത്യേക ലെന്‍സുകൂടി പിടിച്ച് വായിക്കാനാകുന്നില്ല. കേള്‍വിയുപകരണം ചെവിയില്‍ ഉറ്റതോഴനായിട്ടും കേള്‍ക്കുന്നതിന് വ്യക്തത പോര. ഇതിനിടെ വീട്ടില്‍ തട്ടിവീണ് കൈക്ക് ഒടിവുകൂടി വന്നതോടെ പരസഹായമില്ലാതെ ഒന്നിനുമാവുന്നില്ല. എന്നാല്‍ പിജിയുടെ ചിന്തകള്‍ക്കും അതിന്റെ സൗന്ദര്യത്തിനും ഇപ്പോഴും മാറ്റമൊന്നുമില്ല. കൂടുതല്‍ തെളിമയേറിയെന്നുമാത്രം. അത് പ്രകൃതിയുടെ പ്രത്യേക പ്രതിഭാസമാകാമെന്ന് പിജിതന്നെ സമ്മതിക്കുന്നു. കാഴ്ചയും കേള്‍വിയും സഞ്ചാര സ്വാതന്ത്രൃവുമെല്ലാം നഷ്ടപ്പെടുമ്പോള്‍ അതില്‍നിന്ന് കിട്ടിയിരുന്ന ഊര്‍ജവും ശക്തിയും മറ്റെവിടെയെങ്കിലും കേന്ദ്രീകരിക്കപ്പെടും. അത് ചിലര്‍ക്ക് ചിന്താ മണ്ഡലത്തിലാവാം, അല്ലെങ്കില്‍ മറ്റേതെങ്കിലും ശരീര ഭാഗത്തുമാവാം.

ജീവിതത്തിന്റെ ഭൂരിഭാഗവും യാത്രയും പ്രഭാഷണങ്ങളുമായി ചുറ്റിത്തിരിഞ്ഞ പിജി അടുത്ത കുറേ വര്‍ഷങ്ങളായി വീട്ടില്‍തന്നെയാണ്. ആയിരക്കണക്കിന് പുസ്തകങ്ങള്‍ മതിലുകെട്ടിയ മുറിക്കുള്ളില്‍ അക്ഷരങ്ങളെ പ്രണയിച്ചും ചിലപ്പോള്‍ അവയോട് കലഹിച്ചും. വാഹനാപകടത്തിന്റെയും പ്രമേഹത്തിന്റെയും എറ്റവുമൊടുവില്‍ മഹോദരത്തിന്റെയുമൊക്കെ രൂപത്തില്‍ കാലം പിജിയെ ഈ അക്ഷരപ്പുരയില്‍ തളച്ചിട്ടു. അതിന് കാലത്തിന് ഗുണമുണ്ടായി. മാസ്റ്റര്‍പീസുകളെന്ന് എക്കാലവും ഓര്‍ക്കാനുളള നിരവധി ഗ്രന്ഥങ്ങളാണ് പിജിയിലൂടെ ഇക്കാലത്ത് പുറത്തുവന്നത്. കവി ഏഴാച്ചേരി രാമചന്ദ്രന്റെ ഭാഷയില്‍ പറഞ്ഞാല്‍,' ലാറ്റിനമേരിക്കന്‍ നാടുകളിലെ പുരോഗമന മുന്നേറ്റം മുതല്‍ നാട്ടുപച്ചിലകളുടെ വംശ പുരാണം വരെ'.

കേരള ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ട് അടുത്തിടെ പുറത്തിറക്കിയ 'വൈജ്ഞാനികവിപ്ലവം, ഒരു സാംസ്‌കാരിക ചരിത്രം' പി ജിയുടെ ഇപ്പോഴത്തെ വീടുവാസത്തിന്റെ സുപ്രധാന ഉല്‍പ്പന്നമാകുന്നു. അറുന്നൂറിലേറെ പേജുകളില്‍ 42 വിഷയങ്ങളുടെ അദ്ഭുത വിളക്കുകളാണ് ഒളിച്ചിരിക്കുന്നത്. ഓരോ സ്പര്‍ശത്തിലും ഒരായിരം ചിന്തകളും ചിന്താതീതമായ ലോകങ്ങളും വായനക്കാരനായി തുറക്കുന്ന അദ്ഭുതവിളക്ക്. ചരിത്രം, സംസ്‌കാരം, പ്രകൃതിശാസ്ത്രം, ധര്‍മശാസ്ത്രം, കപടശാസ്ത്രം, വിജ്ഞാനം...ഇങ്ങനെപോകുന്നു വിഷയങ്ങളുടെ ചിട്ടപ്പെടുത്തല്‍. പുസ്തകത്തിന്റെ രണ്ടാം ഭാഗം യൂറോ വീക്ഷണവും മൂന്നാം ഭാഗം നവോത്ഥാനവുമാണ് അടിവരയിടുന്നത്. മതനവീകരണവും, വിവിധ പ്രസ്ഥാനങ്ങളും വ്യക്തികളും സംഭവങ്ങളുമൊക്കെയാണ് അടുത്ത ഭാഗം. പിന്നെ കോപ്പര്‍നിക്കസും തൊട്ടടുത്ത് ഗലീലിയോയും എറ്റവുമൊടുവില്‍ ഐസക്‌ന്യൂട്ടനുമെത്തുന്നു. ലോകചരിത്രവും അതിന്റെ തിരുത്തലുകളും തിരുത്തിക്കലുമെല്ലാം ലളിതമായ ഭാഷയില്‍ പി ജി വിലയിരുത്തുമ്പോള്‍ അതിനൊപ്പം കൂടുന്ന വായനക്കാരന് ആദിപുരാതന കാലംമുതലിങ്ങോട്ടുള്ള ഒരു തീര്‍ഥാടനം കൂടിയാകുന്നു. അതിന് തുണയാകുന്നത് പി ജിയുടെ നിലയ്ക്കാത്ത വായനയും വായനയോടുള്ള സമീപനവുമാണെന്ന് ആര്‍ക്കാണ് അറിഞ്ഞുകൂടാത്തത്.

കാല്‍നൂറ്റാണ്ടുമുമ്പ് ഒരു മഴക്കാലത്ത് വിദ്യാര്‍ഥി പ്രസ്ഥാനത്തിന്റെ ഒരു പഠനക്യാമ്പ് നെയ്യാര്‍ഡാമില്‍ നടക്കുന്നു. ആദ്യദിവസത്തെ രണ്ടാമത്തെ ക്ലാസ് പി ജിയുടേതാണ്. വിഷയം രാഷ്ട്രീയ ഭൂമിശാസ്ത്രം. തിരുവനന്തപുരത്തെ സുഭാഷ്‌നഗറില്‍ വള്ളക്കടവ് പോസ്‌റ്റോഫീസിനരികിലെ വീട്ടില്‍ ടാക്‌സിയുമായി എത്തുമ്പോള്‍ പി ജി തയ്യാറായി നില്‍ക്കുന്നു. മുറിക്കയ്യന്‍ ഷര്‍ട്ടും മാടിക്കുത്തിയ മുണ്ടും തോളൊടിയും ഭാരമുള്ള പുസ്തകങ്ങള്‍ കുത്തിനിറച്ച സഞ്ചിയുമായി. വാഹനം നഗരാതിര്‍ത്തി പിന്നിടുമ്പോള്‍ ചെറിയൊരു കുഴപ്പം. പെട്രോള്‍ തീര്‍ന്നുപോയി. തൊട്ടടുത്തൊന്നും പമ്പുമില്ല. എങ്ങനെയും കുറേ പെട്രോള്‍ സംഘടിച്ചുവരാമെന്നായി ഡ്രൈവര്‍. പി ജി സമ്മതിച്ചു. കുറേക്കഴിഞ്ഞപ്പോള്‍ പുസ്തകസഞ്ചിയും തോളിലിട്ട് പി ജി കാറിന് പുറത്തിറങ്ങി. തൊട്ടടുത്ത് ബസ്‌റ്റോപ്പ് എന്നു തോന്നിച്ച വെയ്റ്റിംഗ്‌ഷെഡിനരികിലേക്ക് മാറിനിന്ന് നെഞ്ചോട് പിടിച്ചിരുന്ന പുസ്തകം നിവര്‍ത്തി വായന തുടങ്ങി. ഒരുമണിക്കൂറിലേറെ നീണ്ടിട്ടും ഡ്രൈവറെ കാണാനില്ല. തൊട്ടടുത്ത് മറ്റൊരു വാഹനം കിട്ടാന്‍ വല്ല രക്ഷയുമുണ്ടോയെന്ന അന്വേഷണം നടത്തുന്നതിനിടെ എതിരെ ഒരു ട്രാന്‍സ്‌പോര്‍ട്ട് ബസ് വന്നുനിന്നു. എല്ലാവരും കയറുന്ന കൂട്ടത്തില്‍ പി ജിയും അതില്‍ കയറി. നമുക്ക് പോകേണ്ടത് ആ വഴിക്കല്ലെന്ന് പറയാനടുക്കുംമുമ്പ് ബസ് വിട്ടുപോയിരുന്നു. എതോഒക്കെ വഴികളിലൂടെ ചുറ്റിത്തിരിഞ്ഞ് ബസ് തമ്പാനൂരെത്തുമ്പോഴാണ് പിജി പുസ്തകത്തില്‍നിന്നുണര്‍ന്നത്.

സുഭാഷ് നഗറില്‍നിന്ന് എ കെ ജി സെന്ററിലേക്കുള്ള പി ജിയുടെ പ്രതിദിന യാത്രയെക്കുറിച്ച് പലരും തമാശ പറയാറുണ്ട്. രാവിലെ ബസ്‌റ്റോപ്പില്‍ വന്ന്‌നിന്ന് പുസ്തകം തുറന്നാല്‍ രക്ഷയില്ല. എല്ലാ ബസും വന്നുപോയശേഷമാവും അദ്ദേഹം യാത്രയെകുറിച്ച് ഓര്‍ക്കുന്നതുപോലും.

ജര്‍മനിയില്‍ ഗുണ്ടര്‍ട്ട് സമ്മേളനത്തില്‍ പങ്കെടുക്കാന്‍ പി ജിക്കൊപ്പം പോയ കഥ ഒഎന്‍വി കുറുപ്പ് എഴുതിയിട്ടുണ്ട്. സ്റ്റുട്ഗര്‍ട്ട് നഗറിലെ റെയില്‍വേസ്‌റ്റേഷനിലാണ് കഥ നടക്കുന്നത്. സ്‌റ്റേഷനില്‍നിന്ന് സമ്മേളനവേദിയിലേക്ക് നടന്നുപോകാനുള്ള ദൂരമേയുള്ളൂ. സ്‌റ്റേഷനിലെത്തി നിമിഷങ്ങള്‍ക്കുള്ളില്‍ പി ജി അപ്രത്യക്ഷനായി. സംഘാടകര്‍ നെട്ടോട്ടം. പലേടത്തും പരതിയിട്ടൊന്നും രക്ഷയില്ല. അവസാനം ഒഎന്‍വിയുടെ മനോമുകുരത്തില്‍ സ്‌റ്റേഷനിലെ ഒരു സ്റ്റാള്‍ തെളിഞ്ഞുവന്നു. വിവിധ യൂറോപ്യന്‍ ഭാഷയിലുള്ള വര്‍ത്തമാന പത്രങ്ങളും ആനുകാലികങ്ങളും മറ്റും വില്‍ക്കുന്ന സ്റ്റാളിലേക്ക്. ചെന്നുനോക്കുമ്പോള്‍ എല്ലാം മറന്ന് അവിടെ അക്ഷരങ്ങളോട് കൂട്ടുകൂടി നില്‍ക്കുകയാണ് പി ജി. 'ഗ്രാമചന്തയില്‍ തനിക്കേറ്റവും ഇഷ്ടപ്പെട്ടതിന്റെയെല്ലാം മുമ്പില്‍ കൗതുകത്തോടും ജിജ്ഞാസയോടുംകൂടി നില്‍ക്കുന്ന, ഒടുവില്‍ അച്ഛന്റെ പിടിവിട്ടുപോകുന്ന ആ കുട്ടിയെ-മുള്‍ക്‌രാജ് ആനന്ദിന്റെ ദ ലോസ്റ്റ് ചൈല്‍ഡ് എന്ന പ്രസിദ്ധ കഥയിലെ നായകനായ ആ കുട്ടിയെ-ആണ് ഞാന്‍ പെട്ടെന്ന് ഓര്‍ത്തുപോയതെന്ന് ഒഎന്‍വി രേഖപ്പെടുത്തുമ്പോള്‍ ഈ ജ്ഞാനവൃദ്ധനോട് നമുക്ക് തോന്നുക അസൂയയോ അതോ വേച്ചുവേച്ചുപോകുന്ന ആ പാദങ്ങളില്‍ വീണുള്ള സാഷ്ടാംഗ പ്രണാമമോ.

കഴിഞ്ഞ ദിവസം ഫെയ്‌സ്ബുക്കില്‍ സുഹൃത്തുക്കളുടെ കുറിപ്പുകളില്‍ കണ്ണോടിക്കുമ്പോള്‍ പഴയ പത്രപ്രവര്‍ത്തകന്‍ കൂടിയായ മുസാഫിര്‍ ഏലംകുളത്ത് പി ജിക്കൊപ്പം കടലിന്റെ പശ്ചാത്തലത്തില്‍ നില്‍ക്കുന്ന ചിത്രം. സ്ഥലം സൗദി അറേബ്യയാണെന്ന് വ്യക്തമാണ്. ചിത്രത്തിനു താഴെ മുസാഫിര്‍ എഴുതിയിരിക്കുന്നു. 'ചെങ്കടല്‍ പശ്ചാത്തലം. ധിഷണയുടെ സ്ഫുലിംഗം സഖാവ് പിജിയോടൊപ്പം ചില അനര്‍ഘ നിമിഷങ്ങളുടെ ഓര്‍മചിത്രം. സൗദി സംസ്‌കാരം ചരിത്രം ഇവയൊക്കെ ചോദിച്ചറിയുന്നതിനിടെ കലാകൗമുദിയുടെ കഥ മാസികയില്‍ പണ്ട് അദ്ദേഹമെഴുതിയിരുന്ന പുസ്തകലോകം എന്ന കോളത്തെക്കുറിച്ച് ഞാന്‍ ഓര്‍മിപ്പിച്ചു. സെനഗലിസ് എഴുത്തുകാരന്‍ സെസേനെ ഉസ്മാന്‍ എഴുതിയ ചില അറേബ്യന്‍ സ്‌കെച്ചുകള്‍ പിജി പരാമര്‍ശിച്ച കാര്യം ഞാന്‍ ഓര്‍ത്തെടുത്തപ്പോള്‍ കൊച്ചുകുട്ടിയെപ്പോലെ അദ്ദേഹം കണ്ണുകള്‍ വിടര്‍ത്തി. ആ ക്ലിപ്പിംഗുകള്‍ മുഴുവന്‍ സൂക്ഷിച്ച കാര്യം പറയവേ അദ്ദേഹം ചോദിച്ചു,'അതെനിക്ക് തരാമോ? ആ ലേഖനങ്ങള്‍ പലതും നഷ്ടപ്പെട്ടുപോയതുകൊണ്ടാണ്.' സ്‌നേഹപൂര്‍വ്വം ആ ഫയലുകള്‍ ഏല്‍പ്പിച്ചപ്പോള്‍ തിരിച്ചും മറിച്ചും നോക്കി അദ്ദേഹം എനിക്ക് നന്ദി പറഞ്ഞു. അന്നേരം ആ കോളങ്ങളില്‍നിന്ന് ടോണി മോറിസനും ഇലി വീസലും മാര്‍സല്‍ പ്രൂസ്ടുമൊക്കെ ചിരിതൂകി തലയാട്ടി.'

കാഴ്ച തോല്‍പ്പിച്ചുതുടങ്ങിയ കാലം മുതല്‍ പിജിക്ക് സഹായിമാരുണ്ട്. വായിച്ചുകൊടുക്കാനും പറയുന്നത് കുറിച്ചെടുക്കാനും. പുസ്തകപ്പുരയിലെ'രണ്ടാം അലമാരയില്‍ മൂന്നാം തട്ടില്‍ ഇടത്തുനിന്ന് പത്താം പുസ്തകം' എന്ന് പിജി പറഞ്ഞാല്‍ അത് ഒരിക്കലും തെറ്റില്ല. പുസ്തകമെടുത്ത് മുന്നില്‍ വന്നിരുന്നാല്‍ പിജിക്ക് ആവശ്യമെന്തോ അത് എവിടെയാണുള്ളതെന്ന് പേജ് നമ്പര്‍ ഉള്‍പ്പെടെ പറയും. ഒന്നു തുറന്നു വായിക്കുകയേ വേണ്ടൂ. വിശകലാത്മകമായ രചനക്ക് പിന്നെ ഊനം തട്ടില്ല. എന്നാലിപ്പോള്‍ സഹായികളെന്നുപറയാന്‍ വിരലിലെണ്ണാവുന്നവര്‍ മാത്രം. പരമേശ്വരന്‍ നായരെപ്പോലെ വാര്‍ധക്യത്തിന്റെ ഉമ്മറപ്പടിയില്‍ നില്‍ക്കുന്നവര്‍ക്കൊന്നും പിജിയെ കാര്യമായി സഹായിക്കാനാകുന്നില്ല. പത്രംപോലും പൂര്‍ണ്ണമായി വായിച്ചുകൊടുക്കാന്‍ മക്കളായ രാധാകൃഷ്ണനോ, പാര്‍വതിക്കോ കഴിയുന്നില്ല.മുന്നില്‍ മടക്കിക്കൂട്ടി വച്ചിരിക്കുന്ന പത്രങ്ങളിലെ അക്ഷരങ്ങളില്‍ വിരലോട്ടിയിരിക്കുന്ന പിജിയോട് രാജമ്മ ടീച്ചര്‍ ഇട്ക്കിടെ തമാശപറയും, 'ഈ പത്രമെല്ലാം നെറ്റിയിലോട്ടൊന്ന് മുട്ടിച്ചാല്‍ മതിയോ..' നല്ലൊരു വായനക്കാരികൂടിയായ ടീച്ചറോട് പിജി ഇടയ്ക്കിടെ സൗന്ദര്യപിണക്കത്തിലാവും. സംഗതി നിസ്സാരം, പക്ഷെ പിജിക്ക് നിസ്സാരമല്ല. 'രാജമ്മയ്ക്ക് ഇപ്പോഴും നന്നായി വായിക്കാനാവുന്നല്ലോ'യെന്ന പ്രശ്‌നം.

മകള്‍ പാര്‍വ്വതിയുടെ മകന്‍ അപ്പു ബംഗളുരുവിലാണ് പഠിക്കുന്നത്. ഇടയ്ക്കിടെ മകന്‍ വരുമ്പോള്‍ അമ്മയും മകനുമായി പുറത്തിറങ്ങും. പിജിക്ക് ശ്വാസംവീഴുന്നത് അപ്പോഴാണ്. നടക്കാനുള്ള ബുദ്ധിമുട്ടും മറ്റും കാരണം പിജിക്കൊപ്പമാണ് പാര്‍വതി മിയ്ക്കപ്പോഴും. പാര്‍വതി പുറത്തിറങ്ങിയാല്‍ പിജിയുടെ മട്ടുമാറും. ആരുംകാണാതെ വീടിന്റെ മുകളിലത്തെ നിലയിലേക്ക് വേച്ചുവേച്ച് കയറും. അവിടെയാണല്ലോ തന്റെ പ്രിയപ്പെട്ടവര്‍ അലമാരകളിലിരിക്കുന്നത്. ചിലരെ തൊട്ടുനോക്കും, ചിലരെ പുറത്തെടുത്ത് തലോടും. പഴകിയ കടലാസുമണത്തിനൊപ്പം അതിലെ അക്ഷരങ്ങളും പി ജിയെ പുണരുന്നു, പ്രണയാതുരമായ ആവേശത്തോടെ. ആരുമില്ലാത്ത നേരത്ത് മുകളിലത്തെ നിലയിലേക്ക് എങ്ങനെ ഈ മനുഷ്യന്‍ നടന്നുകയറിയെന്ന വ്യാകുലതയിലേക്ക് പാര്‍വതി ശബ്ദമുയര്‍ത്തുമ്പോള്‍ പിജി ചിരിക്കും.

'തിരുവനന്തപുരത്ത് കുറേക്കൂടി സ്ഥലങ്ങളിലൊക്കെ പോയിട്ട് വന്നാല്‍ പോരായിരുന്നോ...'

പിന്നെ പടിയിറങ്ങി കിടപ്പുമുറിയിലേക്ക്. കാലില്‍ വന്നുവീര്‍ത്ത നീരൊഴുക്കിക്കളയാന്‍ ചില കുഴമ്പും തൈലങ്ങളും പുരട്ടി ഇത്തിരി വിശ്രമം. കൂര്‍ക്കം വലിച്ചുള്ള ഉറക്കം. പ്രത്യേകിച്ചൊന്നും ചെയ്യാനില്ലെങ്കിലും മൂന്നുമണിയോടെ ഞെട്ടിയുണരും. ഇത്രനേരം ഉറങ്ങിപ്പോയത് എന്തോ പാതകമായിപ്പോയതുപോലെ. വേച്ചുവേച്ച് ഉമ്മറത്തെ ചാരുകസേരയില്‍ വന്നിരിക്കും. ചിലപ്പോള്‍ വീണ്ടും ഉറക്കത്തിലേക്ക്. അല്ലെങ്കില്‍ വാര്‍ധക്യത്തിലെ പ്രാര്‍ഥനപോലെ കവിതാ ശകലങ്ങള്‍ ചൊല്ലിക്കൊണ്ടിരിക്കും. കുമാരനാശാന്‍, വൈലോപ്പിള്ളി, ചെറുശ്ശേരി, എഴുത്തച്ഛന്‍....

തലേന്നു പെയളത മഴയുടെ ചെറിയ തണുപ്പുണ്ടഎ പുറത്ത്. രാവിലെ പത്രങ്ങള്‍ നിവര്‍ത്തിവച്ച് ചാരുകസേരയില്‍ പി ജി ഇരിക്കുന്നു. അസുഖമാണെന്ന് പുറംലോകം അറിഞ്ഞതോടെ സന്ദര്‍ളകരുഴട പ്രവാഹമാണ് വീട്ടിലേക്ക്. സഖാക്കര്‍, സതീര്‍ഥ്യര്‍, സുഹൃത്തുക്കള്‍, ബന്ധുക്കള്‍ ഇങ്ങനെ പലരും. ചിന്ത പത്രാധിപരായ സി പി നാരായണനൊപ്പം വീടിന്റെ ഉമ്മറത്തേക്ക് കയറുമ്പോര്‍ പിജിക്ക് ആദ്യം ആരെയും മനസിലായില്ല. പൊതുവെ ശബ്ദം താഴത്തി സംസാരിക്കുന്ന സി പി പരമാവധി ഉച്ചത്തില്‍ സംസാരിച്ചുതുടങ്ങി. ശബ്ദത്തില്‍നിന്ന് ആളെ തിരിച്ചറിഞ്ഞ പി ജി സന്തോഷത്താല്‍ മതിമറന്നു. പിന്നെ ആരോഗ്യപ്രശ്‌നങ്ങള്‍, രാഷ്ട്രീയം, സാഹിത്യം ഇങ്ങനെ പലതിലേക്കും സംസാരം ഒഴുകിപ്പോയി. 'വായിക്കാനാവുന്നില്ല, അതുതന്നെയാണ് പ്രശ്‌നം' പിജി പറഞ്ഞു. പ്രമേഹം അളക്കാനുള്ള ഉപകരണവുമായി പാര്‍വതി എത്തി. ഇടതു കൈവിരല്‍ മുന്നിലേക്ക് നീട്ടി കൊച്ചുകുട്ടികള്‍ വേദന ഭാവിക്കുമ്പോലെ ഒരു മുഖംചുളിക്കല്‍. ഷുഗര്‍ എത്രയുണ്ടെന്ന് പി ജിക്ക് അറിയണം. 250 (സത്യത്തില്‍ 450) എന്നുകേട്ടപ്പോള്‍ മുഖംതെളിഞ്ഞു. വയറ്റിലേക്ക് മൃദുവായി ഇന്‍സുലിന്‍ കുത്തിക്കയറ്റുമ്പോള്‍ പിന്നെ പരിഭവമില്ല. വീണ്ടും സംസാരത്തിലേക്ക്. വായിച്ചുകൊടുക്കാനും എഴുതാനും ആരെയെങ്കിലും സംഘടിപ്പിച്ചുകൊടുക്കണമെന്ന അദ്ദേഹത്തിന്റെ ആവള്യം സിപി അംഗീകരിച്ചു. പകുതിയെഴുതിവച്ച നിരവധി പുസതകങ്ങള്‍ പൂര്‍ത്തിയാക്കാനുണ്ട്. ആത്മകഥ, സുന്ദരയ്യ, സ്വര്‍ണ്ണത്തിന്റെ ജാതകമെഴുതുന്ന പൊന്നും പണവും ഇങ്ങനെ പലതും. ദില്ലയിലെ ആകാര്‍ പബ്ലിക്കേഷന്‍സ് പി ജിയുടെ ആദ്യ ഇംഗ്ലീഷ് പുസതകം പ്രസിദ്ധീകരിക്കുന്നു.' ഭക്തി മൂവ്‌മെന്റ് ഇന്‍ ഇന്ത്യ'. അച്ചടിജോലികള്‍ ഏതാണ്ട് പൂര്‍ത്തിയായി. ഇന്ത്യന്‍ വായനാ സമൂഹത്തില്‍ ഒരുപക്ഷേ നിരവധി വാദകോലാഹലങ്ങള്‍ക്ക് വഴിമരുന്നിടുന്ന പലതും ഈ പുസ്തകത്തില്‍ പിജി ഒളിപ്പിച്ചുവച്ചിട്ടുണ്ടാവും.

സംസാരത്തിനിടെ സിപിയുടെ സത്യപ്രതിജ്ഞയെക്കുറിച്ച് അറിയണം. രാജ്യസഭാ സ്ഥാനാര്‍ഥിയായി പത്രിക നലകിയിട്ടേയുള്ളൂവെന്നും തെരഞ്ഞെടുപ്പ് കഴിഞ്ഞിട്ടില്ലെന്നും പറയുമ്പോള്‍ സംസാരം ദേശീയ രാഷ്ട്രീയത്തിലേക്ക് മാറി. കോണ്‍ഗ്രസിനെറയും ബിജെപിയുടെയും തകര്‍ച്ച, പ്രാദേശിക പാര്‍ട്ടികളുടെ വളര്‍ച്ചയും വിലപേശലും, രാഷ്ട്രപതി തെരഞ്ഞെടുപ്പ്..ഇങ്ങനെ നീണ്ടു സംസാരം.

സിപി പോയിക്കഴിഞ്ഞപ്പോള്‍ തൊട്ടുത്തിരുന്ന എന്നിലേക്ക് പത്രങ്ങള്‍ ഓരോന്നായി നീട്ടി. തലക്കെട്ടുകളിലൂടെ ഓടിക്കൊണ്ടിരിക്കുമ്പോള്‍ ഇടയ്ക്കിടെ വര്‍ത്ത പൂര്‍ണ്ണമായി വായിക്കാന്‍ ആവശ്യപ്പെടുന്നു. പിന്നെ പ്രഭാഷകനായി സുവ്യക്തമായ ഭാഷയില്‍ വാര്‍ത്തയെക്കുറിച്ച് സംസാരിക്കുന്നു.

പ്രകാശവേഗത്തെക്കുറിച്ചുള്ള ആര്‍ല്‍ബര്‍ട്ട് ഐന്‍സ്റ്റീന്റെ കണ്ടെത്തല്‍ ശരിയെന്ന ശാസ്ത്രലോകത്തിന്റെ ഏറ്റുപറച്ചിലിനെക്കുററിച്ച് വായിക്കുമ്പോര്‍ പിജി പറഞ്ഞു, 'ഐന്‍സ്റ്റീന്‍ പരാജയപ്പെടുന്നില്ല. വീണ്ടുംവീണ്ടും വിജയിച്ചുകൊണ്ടിരിക്കുന്നു.' പ്രകാശത്തേക്കാള്‍ വേഗത ടാക്കിയോണിനാണെന്ന് കണ്ടെത്തിയ ഇസിജി സുദര്‍ശന് തന്റെ സംശയം ദുരീകരിക്കാന്‍ കഴിയാതെപോയതിനെക്കുറിച്ചായി പിജി. 'ഇതേക്കുറിച്ച് അത്ര കാര്യവിവരമില്ലാത്ത ഞാന്‍ അദ്ദേഹത്തോട് വിസ്തരിച്ച് സംസാരിച്ചിട്ടുണ്ട്. എന്നാല്‍ എനിക്ക് ബോധ്യംവരുന്ന തരത്തില്‍ ഒരു ഉത്തരം നല്‍കാന്‍ അദ്ദേഹത്തിന് കഴിഞ്ഞില്ല. സാധ്യത ഒരിക്കലും തെളിവല്ല. വസ്തുനിഷ്ഠമായി തെളിയിക്കുന്നതിലാണ് സത്യമിരിക്കുന്നത്.'

പിന്നെ പിജി പോയത് മാര്‍ക്‌സിയന്‍ സൗന്ദര്യ ശാസ്ത്രത്തിലേക്കാണ്. എക്കാലവും അതിന്റെ പ്രസക്തിക്ക് കോട്ടം വരുന്നില്ലെന്ന് സമര്‍ഥിക്കാന്‍ വാദമുഖങ്ങള്‍ തുറക്കുകയാണ് അദ്ദേഹം. 'ജീവിതത്തിന്റെ നാനാമുധത്തും ചലനമുണ്ടാക്കി വ്യത്യസ്തതയുണ്ടാക്കുന്ന പ്രതിഭാസമാണ് വിവര സാങ്കേതിക വിദ്യ. അതിന്റെ അതിപ്രസരമുള്ള ഇക്കാലത്തെ സൈബര്‍ യുഗമെന്നോ സൈബര്‍ പ്രതിഭാസമെന്നോ വിളിക്കാം. പുതിയ ശാസ്ത്ര സാങ്കേതിക വികസനം ഇന്നത്തെ ലോകജീവിതത്തിന്റെ പ്രധാന ഭാഗമാണ്. പെന്റോസിനെപ്പോലുള്ളവര്‍ ഇതിന് പുതിയ വ്യാഖ്യാനം കൊടുത്ത് യാഥാര്‍ഥ്യവും സ്വപ്‌നവും തമ്മിലുള്ള വ്യതിരേകത്തെപ്പറ്റി എഴുതിയിട്ടുണ്ട്. എന്നാല്‍ മാര്‍ക്‌സിസ്റ്റ് വീക്ഷണം സമഗ്രമായ ഒരു ലോകവീക്ഷണം തന്നെയാണ്. സൗന്ദര്യം പ്രത്യേകം അടര്‍ത്തിയെടുക്കാവുന്ന ഒന്നല്ല. പ്രപഞ്ചത്തെ സംബന്ധിച്ച് മനുഷ്യന്റെ ചിന്തകളില്‍ ഉണ്ടാകുന്ന ചലനങ്ങളാണ് സൗന്ദര്യബോധം. അതേസമയം കമ്പ്യൂട്ടറുകളുടേതൊന്നും കൃത്രിമമല്ല. യാഥാര്‍ഥ്യത്തിന്റെ മറ്റ് രൂപമെന്നുമാത്രം'

സമയമെത്രയായി, പിജി ചോദിക്കുന്നു. ഒന്നുകിടക്കണം. കസേരയില്‍നിന്ന് പാര്‍വതി താങ്ങിഉയര്‍ത്തി നിര്‍ത്തി. വിറയ്ക്കുന്ന ഇടത്തേ കൈ എന്റെ തോളില്‍ മൃദുവായി തലോടുന്നു. പിതൃതുല്യമായ വാല്‍സല്യത്തിന്റെ നേര്‍ത്ത കുളിര് കണ്ണുകളില്‍ ഉരുണ്ടുകൂടി. വേച്ചുവേച്ച് അകത്തെ മുറിയിലേക്ക് നടക്കാന്‍ തുടങ്ങുമ്പോള്‍ പറഞ്ഞു, 'ഇനി മറ്റൊരിക്കലാവാം'. പുറത്ത് ചാറ്റല്‍മഴ തുടങ്ങുന്നു. എന്റെയുള്ളില്‍ അപ്പോള്‍ പി ജി കോരിച്ചൊരിയുകയാണ്.

 

'യുവത്വം സന്തോഷഭരിതമാണ്.

എന്തെന്നാല്‍ ഇതിന്

സൗന്ദര്യത്തെ ഉള്‍ക്കൊള്ളാനുള്ള ശേഷിയുണ്ട്.

ഇതുള്ള ആരും ഒരിക്കലും വൃദ്ധനാവില്ല'.

-ഫ്രാന്‍സിസ് കാഫ്ക.