കാലപ്രവാഹത്തിനനുസരിച്ച് സാമൂഹ്യജീവിതത്തില്‍ മാറ്റങ്ങള്‍ സംഭവിക്കുന്നത് ലോകസാധാരണവും സ്വാഭാവികവുമാണ്. എന്നാല്‍ അതില്‍നിന്നും തികച്ചും വ്യത്യസ്തമായ രീതിയില്‍ ഏതാണ്ട് ആയിരം കൊല്ലത്തോളം മലയാളനാട്ടില്‍ കാലം തളംകെട്ടി കിടന്നു. വളര്‍ച്ചാ വികാസങ്ങളൊന്നുമില്ലാതെ ഒരു ജനത ഒരു സഹസ്രാബ്ദം മരവിച്ചു കിടന്നതെന്തുകൊണ്ട്? ഊഹാപോഹങ്ങളുടെ അടിസ്ഥാനത്തിലോ ആത്മനിഷ്ഠമായോ നടത്തിയ ഒരു പ്രസ്താവനയല്ല ഇത് . ക്രി. വ .849- ലെ തരിസാപ്പള്ളി ശാസനം മുതല്‍ ക്രി. വ . 1862-ലെ സിവില്‍ പ്രൊസീജിയര്‍ കോഡ് വരെയുള്ള രേഖകളും ലുഡോവിക്കോഡിവര്‍ത്തേമ(1503), കമയോണ്‍സ് (1500), ഷെയ്ക്ക് സെയ്‌നൂദ്ദീന്‍(1580), ഫ്രാങ്കോയ്പീറ്റര്‍ഡ് (1600), ടവേണിയര്‍ (1670), വിഷര്‍പാതിരി(1720),ബാര്‍ബോസ് (1790), ഹെന്റ്രി ബേക്കര്‍(1847) ഫ്രാന്‍സിസ് ഡേ (1860), വില്യം ലോഗന്‍ (1887)മുതലായ വിദേശികളുടെ സഞ്ചാരക്കുറിപ്പുകളും മുകളില്‍ കൊടുത്ത പ്രസ്താവനയെ സാധൂകരിക്കുന്നു.
‘മുമ്പോട്ടുകാലം കടന്നുപോയീടാതെ മുമ്പേ സ്മൃതികളാല്‍ കോട്ട കെട്ടി’യതാരെന്ന് അന്വേഷിക്കേണ്ടത് ഇവിടെ അനിവാര്യമായി മാറുന്നു. പലരും അതേക്കുറിച്ച് അന്വേഷിച്ചിട്ടുണ്ട്. മിക്കവരുടെയും അന്വേഷണം ശങ്കരാചാര്യരില്‍ ചെന്നെത്തി നില്‍ക്കുന്നു.ബ്രഹ്മ സൂത്രത്തിനും ഭഗവത്ഗീതയ്ക്കും ഉപനിഷത്തുകള്‍ക്കും ഭാഷ്യമെഴുതി അദൈ്വത വേദാന്തത്തെ ഒരു സ്ഥിര നിയമത്തിന്റെ പദവിയിലെത്തിച്ചത് ശങ്കരാചാര്യരാണല്ലോ. അദൈ്വത വേദാന്തത്തിന്റെ കാതലായി വേദാന്തികള്‍ എടുത്ത് കാട്ടുന്നത് ‘ബ്രഹ്മസത്യം ജഗന്മിഥ്യ’ എന്ന വാക്യമാണ്.ബ്രഹ്മം സത്യവും ജഗത്ത് മിഥ്യയുമാണ്. ലോകം മിഥ്യയെങ്കില്‍ ഈ ലോകജീവിതത്തിന് ഒരു അര്‍ത്ഥവുമില്ല. ഭൗതിക പരീക്ഷണങ്ങളും നീരീക്ഷണങ്ങളും ഗവേഷണങ്ങളും നിര്‍മാണപ്രവര്‍ത്തനങ്ങളും നടത്തേണ്ട ഒരു കാര്യവുമില്ല.
അത് തന്നെ സംഭവിച്ചു.
ബുദ്ധ ജൈന കാലഘട്ടങ്ങളില്‍ ഉണ്ടായിരുന്ന നല്ലതെല്ലാം നശിപ്പിക്കപ്പെട്ടു. പുതിയതൊന്നും ഉണ്ടായതുമില്ല. ബ്രാഹ്മണര്‍ക്ക് സുഖലോലുപരായി ശരീരമനങ്ങാതെ ജീവിക്കാനുള്ള അവസരമൊരുങ്ങി. രതിലീലകളിലേര്‍പ്പെട്ടും, രാജാക്കന്മാരുടെ ഉപദേശിമാരായി കൊട്ടാരങ്ങളില്‍ കുടികൊണ്ടും അമ്പലങ്ങളും അമ്പലസ്വത്തും അടക്കിവാണും അവര്‍ കാലംകഴിച്ചു. ആ അവസ്ഥ ആയിരം വര്‍ഷത്തോളം മാറ്റമില്ലാതെ തുടര്‍ന്നു. കേരളത്തിനപ്പുറത്തുള്ള സംഭവമാണെങ്കിലും, കുംഭമേളയില്‍ ഒഴുകിയെത്തുന്ന പതിനായിരക്കണക്കായ നഗ്നസന്യാസിമാരും ‘ബ്രഹ്മസത്യം ജഗന്മിഥ്യ’യുടെ സൃഷ്ടികളല്ലേ? ഉടുതുണിയെന്തിന്? ജഗത് മിഥ്യയാണല്ലോ. ഈ നഗ്നസന്യാസിപ്പടയും ആള്‍ദൈവങ്ങളും നൂറുകണക്കിന് ആശ്രമങ്ങളും കപടസ്വാമിമാരും ഉണ്ടായിട്ടും ഇന്ത്യക്ക് ഒരു തരത്തിലുള്ള ആത്മീയവളര്‍ച്ചയും ഉണ്ടായില്ല എന്ന് വിവേകാനന്ദന്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
കൊല്ലവര്‍ഷം ആരംഭിക്കുന്നതിന് അഞ്ചു വര്‍ഷം മുമ്പ്, എ. ഡി 820-ല്‍ ശങ്കരാചാര്യര്‍ അന്തരിച്ചു. അതിനുശേഷം 29 വര്‍ഷം കഴിഞ്ഞപ്പോഴാണ് കേരളത്തില്‍ കണ്ടെടുത്തിട്ടുള്ളതില്‍വച്ച് ഏറ്റവും പഴക്കമുള്ള ശാസനമായ തരിസാപ്പള്ളി ശാസനം ഉണ്ടായത്. അതില്‍ അടിമക്കാശിനെപ്പറ്റി പറയുന്നു. അടിമകളെ വാങ്ങുന്നവരും വില്‍ക്കുന്നവരും രാജാവിനു കൊടുത്തിരുന്ന നികുതിയാണ് അടിമക്കാശ്. ആയിരം വര്‍ഷം കൂടി കഴിഞ്ഞ്, എ ഡി 1847 ആയപ്പോള്‍, ഇന്ത്യ സ്വാതന്ത്ര്യം നേടുന്നതിന് നൂറു കൊല്ലം മുമ്പ് കേരളത്തില്‍ താമസിച്ചിരുന്ന യുറോപ്യനായ റവ.ഫാദര്‍ ഹെന്റ്രി ബേക്കര്‍ തിരുവിതാംകൂര്‍ സര്‍ക്കാരിന് 15000 പുലയ അടിമകള്‍ ഉണ്ടായിരുന്നെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. ആയിരം വര്‍ഷമായി, നമ്മുടെ സാമൂഹ്യവ്യവസ്ഥിതി , മനുഷ്യന്റെ അടിമവ്യവസ്ഥ നിശ്ചലമായി പിടിച്ചു നിര്‍ത്താന്‍ ബ്രാഹ്മണ്യത്തിന് കഴിഞ്ഞിരുന്നു.
എ. ഡി 1850-60 കാലത്ത് ഡോ.ഫ്രാന്‍സിസ് ഡേ കേരളത്തില്‍ താമസിച്ച് ഇവിടത്തെ സാമൂഹ്യവ്യവസ്ഥയെപ്പറ്റി പഠിക്കുകയായിരുന്നു. അദ്ദേഹത്തിന്റെ The land of perumals എന്ന കൃതി പലതുകൊണ്ടും വളരെപ്പെട്ടെന്ന് തന്നെ ലോകശ്രദ്ധ നേടുകയുണ്ടായി. അതില്‍ അദ്ദേഹം കൊച്ചിയിലെ അച്ചന്‍മാരുടെ അടിമക്കച്ചവടത്തെക്കുറിച്ച് പറയുന്നുണ്ട്. കൊച്ചിയിലെ പള്ളികള്‍ ആഴ്ചയില്‍ ആറുദിവസം അടിമകളെ പൂട്ടിയിടാനുള്ള ഗോഡൗണുകളായും ഞായറാഴ്ച മാത്രം പ്രാര്‍ത്ഥനപ്പുരയായും ഉപയോഗിച്ചിരുന്നുവെന്നാണ് അദ്ദേഹം എഴുതിയത്.
എ. ഡി. 1864 ല്‍ സിനോര്‍ പെട്രഡെല്ലവല്ല (Signore petra Della valla) എന്ന റോമന്‍ പ്രഭു കേരളത്തിലെത്തി. തന്റെ Into East India ) എന്ന കൃതിയില്‍ താന്‍ കണ്ട കേരളത്തെക്കുറിച്ചെഴുതി.“പ്രൗഢസുഖജീവിതം നയിക്കാന്‍ ശേഷിയില്ലാത്ത വര്‍ഗ്ഗമായിരുന്നു മലബാറിലെ രാജാക്കന്മാര്‍. ലോകസാമന്യമായ തോതില്‍ പ്രൗഢിയോ ഉല്ലാസജീവിതമോ സങ്കല്പിക്കാന്‍ അവര്‍ക്ക് കഴിഞ്ഞിരുന്നില്ല’’.
എ. ഡി 1816 മുതല്‍ 18 വരെ തിരുവീതാംകൂര്‍ കൊച്ചി പ്രദേശങ്ങളില്‍ സര്‍വ്വെ നടത്തിയ യൂറോപ്യന്മാരാണ് വാര്‍ഡും കൊണറും. കേരളത്തിന്റെ അക്കാലത്തെ സാമൂഹ്യചരിത്രത്തെപ്പറ്റി പഠിക്കാന്‍ ഇന്നു കിട്ടാവുന്നതില്‍ ഏറ്റവും വിലപ്പെട്ട രേഖയാണ് അവരുടെ മെമ്മൊയര്‍ (Memoir) ഇന്നാട്ടിലെ രാജകൊട്ടാരങ്ങളെപ്പറ്റി അവര്‍ എഴുതിയത് ഇങ്ങനെയാണ്.:
രാജാവിന്റെ കൊട്ടാരത്തിന് ഒരുമൈല്‍ ചുറ്റളവുണ്ട്. ഭിത്തികള്‍ തീരെ പൊക്കം കുറഞ്ഞവയാണ്.എന്നാല്‍ ചുവരുകളില്‍ ചെകുത്താന്‍മാരുടെ രൂപങ്ങള്‍ സംഭൃത ശില്പങ്ങളായി കൊത്തിയിട്ടുള്ള വീടിന്റെ തിണ്ണ മുഴുവനും പശുവിന്റെ ചാണകം കൊണ്ട് അലങ്കരിച്ചിരുന്നു.’’
അലക്‌സാണ്ടര്‍ ഹാമില്‍ട്ടന്‍ 1695-ല്‍ കുറുമ്പനാട്ട് രാജാവിനെക്കുറിച്ച് എഴുതിയതില്‍ നിന്നൊരു ഭാഗം.
“എത്രയും ശോച്യമായ രീതിയില്‍ മുളകൊണ്ടു നിര്‍മ്മിച്ച് ഓലമേഞ്ഞ ഒരുവീട്. ശൂചിത്വമുണ്ട്. ഞാന്‍ രാജാവുമൊത്ത് കൊട്ടാരത്തോടു ചേര്‍ന്നു നടന്നപ്പോള്‍ എന്റെ തൊപ്പി ഇഖയില്‍ മുട്ടി . അതൊടെ മേല്‍ക്കൂര അയിത്തപ്പെട്ടു. എന്നാല്‍ ഞാന്‍ നിന്ന തറ അയിത്തപ്പെട്ടില്ല, അശുദ്ധമായില്ല. ആ വിഡ്ഢി രാജാവ് മേല്‍ക്കൂരയാകെ പൊളിച്ചുമാറ്റി പുതിയത് പണിതു.”
എ.ഡി 1860 -ല്‍ മാധവറാവു തിരുവിതാംകൂറില്‍ പൊതുമരാമത്ത് വകുപ്പ് ആരംഭിച്ചു. അതുവരെ ഇവിടെ റോഡുകളില്ലായിരുന്നു, പാലങ്ങളില്ലായിരുന്നു, നല്ല കെട്ടിടങ്ങള്‍പോലും ഇല്ലായിരുന്നു. അവയാക്കെ പണിയേണ്ടിവന്നപ്പോഴാണ് ആയിരത്തിലധികം വര്‍ഷങ്ങളായി നാട് നിശ്ചലാവസ്തയില്‍. ജഗന്മിഥ്യയായി നില്‍ക്കുകയായിരുന്നെന്ന് മനസ്സിലായത്. 1862-63 -ലെ Travancore Administration Report - ല്‍ അന്നത്തെ അവസ്ഥയെന്തന്ന് മാധാവറാവു വ്യക്തമാക്കിയിട്ടുണ്ട്. ശങ്കര ദര്‍ശനങ്ങളുടെ പേരില്‍ അഭിമാനപുളകിതരാകുന്നവര്‍ ആ റിപ്പോര്‍ട്ട് ഒരു പ്രാവശ്യമെങ്കിലും വായിച്ചു നോക്കണം. നിത്യജീവിതത്തിലെ ചട്ടവട്ടങ്ങളെ സംബന്ധിക്കുന്ന തലത്തില്‍ സാങ്കേതിക വൈവിദ്ധ്യത്തിലെ ദാരിദ്ര്യം ഒരു തരം സാമൂഹ്യമരവിപ്പു തന്നെയായിരുന്നു അന്ന് കാണാന്‍ കഴിഞ്ഞത്. മരമറുപ്പ് കല്ലുവെട്ട്, ചുടുകട്ട നിര്‍മ്മാണം തുടങ്ങിയ തൊഴിലുകള്‍ ചെയ്യാന്‍ വൈദഗ്ദ്യമുള്ളവരുടെ എണ്ണം തിരുവിതാംകൂറില്‍ തീരെ കുറവായിരുന്നു. അത്തരം വിദഗ്ധത്തൊഴിലാളികളുടെ ആവശ്യംതന്നെ അതുവരെ ഇവിടെ തീരെ പരിമിതമായിരുന്നു എന്നല്ലേ മനസ്സിലാക്കേണ്ടത്.? ചുടുകട്ടയുണ്ടാക്കാനും കുമ്മായം നീറ്റാനും ആണികളും നട്ടുംബോള്‍ട്ടും ഉണ്ടാക്കാനും എന്നുവേണ്ട ഒരു തൊഴില്‍ ചെയ്യാനും വേണ്ടത്ര ആളുകളെ ഇവിടെ കിട്ടാനുണ്ടായിരുന്നില്ല. ഭൂമി ജീവിതം തന്നെ മിഥ്യയല്ലേ? അത്തരം ജീവിതത്തിന് ചുടുകല്ലും ചുണ്ണാമ്പും നട്ടും ബോള്‍ട്ടുമൊക്കെ എന്തിനാണ്.!
നാല്പതിനായിരത്തില്‍ താഴെ ചതുരശ്രമൈല്‍ വിസ്തീര്‍ണ്ണമുള്ള മലയാള നാട്ടില്‍ നാല്പതോളം രാജ്യങ്ങളും അത്രത്തന്നെ രാജാക്കന്മാരും അവരില്‍ ആരുടെയെങ്കിലും മേല്‍ക്കോയ്മ അംഗീകരിക്കുന്ന എണ്‍പത് മാടമ്പി നാടുവാഴികളും ഉണ്ടായിരുന്നു ആയിരം വര്‍ഷം നിര്‍വിഘ്‌നം ഇവിടെ ഭരണം തുടര്‍ന്നു. ഒരു രാജാവ് നാല്‍പതു വര്‍ഷം ഭരിച്ചു എന്നു കണക്കുകൂട്ടിയാല്‍ തന്നെ ആയിരം കൊല്ലത്തിനിടയില്‍ നാല്പ്പതോളം രാജ്യങ്ങളിലായി രണ്ടായിരത്തോളം രാജാക്കന്മാര്‍ നാടുവാണിരുന്നു എന്നു കണ്ടെത്താം. അതില്‍ ഒരാളെങ്കിലും ചരിത്രത്തില്‍ ഇടം പിടിക്കാതെ പോയതെന്തേ?.
ഈ രാജാക്കന്മാര്‍ക്ക് എന്തായിരുന്നു പണി? അമ്പലങ്ങളില്‍ ഉത്സവം നടത്തുക, ബ്രാഹ്മണകന്യകകള്‍ പിഴച്ചുപോയെന്ന് ഏതെങ്കിലും വിടനായ വൃദ്ധബ്രാഹ്മണന്‍ അറിയിച്ചാല്‍ അവളെ സ്മാര്‍ത്തവിചാരം നടത്തി പുറത്താക്കുക, പുരോഹിതന്മാര്‍ക്കും പുജാരികള്‍ക്കും ആവശ്യ മായതൊക്കെ ചെയ്തുകൊടുക്കുക, ഉന്നതകുലജാതകളായ ദേവദാസികളുമായോ നക്ഷത്രപദവിയുള്ള വേശ്യകളുമായോ രമിക്കുക, അവര്‍ക്കു വേണ്ട വീടും സൗകര്യങ്ങളും ഒരുക്കികൊടുക്കുക, ജാത്യാചരങ്ങള്‍ പാലിക്കപ്പെടുന്നുവെന്ന് ഉറപ്പു് വരുത്തുക, ആചാര ലംഘനത്തിന്റെ പേരില്‍ അവര്‍ണരെത്തന്നെ വധിക്കുക, താണ ജാതിക്കാരെ അടിമകളാക്കി ധനികര്‍ക്ക് പാട്ടത്തിനു നല്‍കുകയോ വിദേശികള്‍ക്ക് വില്‍ക്കുകയോ ചെയ്യുക തുടങ്ങിയ ഭാരിച്ച ഉത്തരവാദിത്തങ്ങള്‍ നിര്‍വ്വഹി ക്കാനുണ്ടായിരുന്നു.
ഭരണത്തിന്റെ നിര്‍വ്വഹണ ചുമതല ആയുധധാരികളായ നായന്മാര്‍ക്കായിരുന്നു. ആയുധം ചുമന്ന് നടന്നുവെങ്കിലും അവരുടെ ജീവിതാവസ്ഥ പരമ ദയനീയമായിരുന്നുവെന്നാണ് വാര്‍ഡും കോണറും രേഖപ്പെടുത്തിയിട്ടുള്ളത്.
‘ഈ പ്രവിശ്യയുടെ (മലയാളനാട്) ഭരണപരവും സൈനികവുമായ സംഘടനയില്‍ ശതാബ്ദങ്ങള്‍ക്കുമേല്‍ ശതാബ്ദങ്ങളായി നായര്‍ സമൂഹം വഹിച്ചുപോന്നത് അദൃശവും അതിശക്തവുമായ ഒരു പങ്കാണ്. അവരായിരുന്നു രാജാവിന്റെ കായികശക്തി. അവര്‍ക്കായിരുന്നു ഭരണത്തിന്റെ നടത്തിപ്പുചുമതല. വിദേശീയഇടപെടലുകള്‍ ഉണ്ടായിരുന്നില്ലെങ്കില്‍ പി്‌ന്നെയും വരാനിരിക്കുന്ന പല ശതാബ്ദക്കാലം നിലനില്‍ക്കാന്‍ കഴിയുമായിരുന്നത്ര ഈടുറ്റതും കിടയറ്റതുമായ ഒരു പദവിയായിരുന്നു സമൂഹത്തില്‍, ഭരണത്തില്‍ നായന്മാര്‍ക്കുണ്ടായിരുന്നത്.”
ഒരുതരത്തിലുളള നിയമവും അന്നിവിടെ നിലവിലിരുന്നില്ല. ബ്രാഹ്മണര്‍ എന്താണോ പറയുന്നത് അതുതന്നെയായിരുന്നു നിയമം. 1862-ല്‍ ബ്രിട്ടീഷ് ഗവണ്‍മെന്റ് ഇവിടെ സിവില്‍ പ്രൊസീജിയര്‍ കോഡ് നടപ്പിലാക്കി. അതോടെ തെറ്റുചെയ്താല്‍ ബ്രാഹ്മണനായാലും ശിക്ഷിക്കപ്പെടും എന്ന അവസഥ വന്നെങ്കിലും ഏതാണ്ട് ഒരു നൂറ്റാണ്ടുകാലം ബ്രാഹ്മണര്‍ ശിക്ഷിക്കപ്പെട്ടില്ല കാരണം ജഡ്ജിമാരെല്ലാം ബ്രാഹ്മണരായിരുന്നു.
നെല്‍കൃഷിയൊഴിച്ച് ഒരു തരം കൃഷിയും ഇന്നാട്ടിലുണ്ടായിരുന്നില്ല. കൃഷി ഹീനമായ പ്രവൃത്തിയായി സവര്‍ണര്‍ കരുതിയിരുന്നു. വ്യവസായമോ വ്യവസാശാലകളോ ഉണ്ടായിരുന്നില്ല. നെയ്ത്ത് ഉണ്ടായിരുന്നെങ്കിലും ആവശ്യത്തിന് ഉടുമുണ്ടുപോലും തികഞ്ഞിരുന്നില്ല. 17-ാം നൂറ്റാണ്ടില്‍ കാപ്പിയും തേയിലയും ഡച്ചുകാര്‍ കൊണ്ടുവന്നു. തെങ്ങ് ഉണ്ടായിരുന്നെങ്കിലും തോട്ടവിളയായി കൃഷി ചെയ്യുന്ന രീതി ഡച്ചുകാരാണ് ഇവിടെ നടപ്പിലാക്കിയത്. പോര്‍ച്ചുഗീസുകാര്‍ ബ്രസീലില്‍ നിന്നും മരച്ചിനിയും റബ്ബറും ഇവിടെ കൊണ്ടുവന്നു. അവര്‍തന്നെ കശുവണ്ടി കൊണ്ടുവന്നു. ശങ്കരനോ ശങ്കരദര്‍ശനമോ അല്ല മലയാളികളുടെ വിശപ്പകറ്റിയത്. പോര്‍ച്ചുഗീസുകാര്‍ കൊണ്ടുവന്ന മരച്ചീനിയും അവര്‍ണന്മാര്‍ കൃഷിചെയ്തുണ്ടാക്കുന്ന നെല്ലുമാണ് നാടിന്റെ പട്ടിണിയകറ്റിയത്.
കാലവും ചരിത്രവും നിശ്ചലമായിക്കിടന്ന അക്കാലത്താണ് 1888-ല്‍ അരുവിപ്പുറത്ത് ശിവപ്രതിഷ്ഠ നടത്തിക്കൊണ്ട് ആയിരമാണ്ടായി തടഞ്ഞുവച്ചിരുന്ന മനുഷ്യനെ നാരായണഗുരു അറിവിന്റെ ലോകത്തേക്ക്, സ്വാതന്ത്ര്യത്തിന്റ ലോകത്തേക്ക് തുറന്നുവിട്ടത്. അതിലൂടെ അവമാനവീകരിക്കപ്പെട്ടുകിടന്ന ലക്ഷകണക്കിന് മനുഷ്യര്‍ മാനവനായി ,അറിവുള്ളവനായി ഉയര്‍ത്തപ്പെട്ടു. ആ അറിവിന്റെ ജ്വാല അയ്യന്‍കാളി ഏറ്റുവാങ്ങി. വിദ്യാഭ്യാസഅവകാശത്തിനുവേണ്ടി ചരിത്രത്തില്‍ ആദ്യമായി തിരുവിതാംകൂറില്‍ നെല്പാടങ്ങള്‍ തരിശിട്ടുകൊണ്ട് പണിമുടക്കു നടന്നു. അന്തസ്സിന്റെ തലയില്‍കെട്ടുമായി വില്ലുവണ്ടി യാത്ര നടത്തിക്കൊണ്ട് അയ്യന്‍കാളി അവര്‍ണന്റെ സഞ്ചാരസ്വാതന്ത്ര്യം നേടിയെടുത്തു. പുലയമഹാസഭയുണ്ടായി, അതിനുശേഷം നായര്‍ സര്‍വീസ് സൊസൈറ്റിയുമുണ്ടായി. ഏറ്റവും ഒടുവിലായി ബ്രാഹ്മണനെ മനുഷ്യനാക്കാന്‍വേണ്ടി വി ടി.ഭട്ടതിരിപ്പാടും മറ്റും രംഗത്തിറങ്ങി. അതുകൊണ്ടാണ് കേരളനവോത്ഥാനത്തിന്റെ നായകന്‍ ശ്രീ നാരായണ ഗുരുവാണെന്ന് എല്ലാവരും പറയുന്നത്.
ശങ്കരനും അനുയായികളായ ബ്രാഹ്മണനും കൂടി സ്മൃതികള്‍ കൊണ്ട് കോട്ടകെട്ടി കാലത്തെ മുമ്പോട്ട് പോകാന്‍ കഴിയാത്തവിധം തടഞ്ഞിട്ടിരിക്കുകയായിരുന്നു. ആ കോട്ടകള്‍ ഗുരു എങ്ങനെ തകര്‍ത്തെന്നും ആരൊക്കെ അതിന് അദ്ദേഹത്തെ സഹായിച്ചെന്നും പിന്നീട് കേരളത്തിലുണ്ടായ സാംസ്‌കാരികവും വിദ്യാഭ്യാസപരവും അതുവഴി സാമ്പത്തികവുമായ മുന്നേറ്റത്തിന്റെ ചരിത്രവും ആര്‍ക്കും തമസ്‌കരിക്കാന്‍ കഴിയാത്തവിധം സുവ്യക്തമാണ്. ഗുരു ഈ സമൂഹത്തില്‍ എന്താണ് ചെയ്തതെന്ന് വായിക്കുകയും ചിന്തിക്കുകയും ചെയ്യുന്നവര്‍ക്കൊക്കെ ഇന്നറിയാം. പക്ഷെ സമൂഹം ഇന്നത്തെ നിലയിലെത്തിയതെങ്ങനെയെന്നറിയണമെങ്കില്‍, ഗുരുവിന്റെ കര്‍മകാണ്ഡത്തിന്റെ യഥാര്‍ത്ഥ മൂല്യം അറിയണമെങ്കില്‍ കുറഞ്ഞപക്ഷം 9-ാം നൂറ്റാണ്ടിന്റെ ആരംഭം മുതല്‍ 19-ാം നൂറ്റാണ്ടിന്റെ അവസാനം വരെയുള്ള മലയാളനാട് എന്തായിരുന്നെന്ന് തിരിച്ചറിയണം. വായിച്ചറിയേണ്ട ചരിത്രരേഖകള്‍ അനവധിയാണ്. അതില്‍ ചിലതിനെക്കുറിച്ചൊരു സൂചനമാത്രമേ ഇവിടെ തന്നിട്ടുള്ളു ചരിത്രരേഖകള്‍ വായിക്കുക ശങ്കരന്‍ ഇരുട്ടില്‍ തളച്ചിട്ടിരുന്ന കേരളത്തെ ശ്രീനാരായണഗുരു വെളിച്ചത്തിലേക്ക് നയിച്ചതെങ്ങനെയെന്ന് അപ്പോഴാണ് മനസ്സിലാവുക.