E M Radha

ഇ എം എസ് : എന്റെ അച്ഛന്‍

ഹൈസ്കൂള്‍ പഠനകാലത്ത് അവധിദിവസങ്ങളില്‍ അച്ഛനോടൊപ്പം സമ്മേളനസ്ഥലങ്ങളില്‍ ഞാന്‍ പോകുമായിരുന്നു. കുട്ടിക്കാലത്ത് ഇങ്ങനെ പോയിരുന്നതില്‍ നിന്ന് വ്യത്യസ്തമായി ഇപ്പോള്‍ സമ്മേളനത്തിന്റെ ഗൌരവവും പ്രസംഗത്തിന്റെ അര്‍ത്ഥവുമൊക്കെ ഉള്‍ക്കൊള്ളാന്‍ സാധിക്കുന്നു എന്നതാണ് പ്രത്യേകത. വീട്ടിലും സുഹൃദ്സദസ്സിലും അച്ഛന്‍ നന്നായി ഫലിതം പറയുമായിരുന്നെങ്കിലും പ്രസംഗത്തില്‍ അതൊന്നും കടന്നുവരാത്തത് ഞാന്‍ ശ്രദ്ധിച്ചു. ആവേശത്തിന്റെ അലകള്‍ ഇരമ്പുന്ന സാധാരണ രാഷ്ട്രീപ്രസംഗത്തിന്റെ ചേരുവകളൊന്നും അതില്‍ കേള്‍ക്കുകയില്ല. അക്കമിട്ടു നിരത്തുന്ന കുറെ കാര്യകാരണങ്ങളായിരിക്കും പ്രസംഗത്തിലുടനീളം. എന്നിട്ടും ആ പ്രസംഗം കേള്‍ക്കാന്‍ ജനം തടിച്ചുകൂടിയിരുന്നത് എന്നെ അദ്ഭുതപ്പെടുത്തി.



കേരളം വിട്ടുള്ള പാര്‍ട്ടി പരിപാടികളില്‍ പോകുമ്പോള്‍ ഞാന്‍ കൂടെ പോകാറില്ല. അച്ഛന്‍ വിലക്കിയതുകൊണ്ടല്ല. വീട്ടില്‍ നിന്നും കൂടുതല്‍ ദിവസം വിട്ടുനില്‍ക്കുന്നത് അമ്മയ്ക്ക് ഇഷ്ടമില്ലായിരുന്നു. ഇവിടെ എന്നെ അത്ഭുതപ്പെടുത്തിയ ഒരു കാര്യം പെണ്‍കുട്ടിയെന്ന നിലയില്‍ ഒരു കാര്യത്തിലും അച്ഛന്‍ എന്നെ മാറ്റിനിര്‍ത്തിയിട്ടില്ല എന്നുള്ളതാണ്. കേരളത്തില്‍ ഏതെങ്കിലും ഒരു രാഷ്ട്രീയ നേതാവിന്റെ പെണ്‍കുട്ടിക്ക് ഇങ്ങനെയൊരവസരം കൈവന്നിരിക്കാന്‍ സാധ്യതയില്ല. അങ്ങനെയുണ്ടെങ്കില്‍ത്തന്നെ അവരെ തന്റെ പിന്തുടര്‍ച്ചക്കാരാക്കാനുള്ള സ്വാര്‍ഥചിന്തയുടെ പേരിലായിരിക്കുമെന്നും ഉറപ്പാണ്. ഇ.എം.എസിന് അങ്ങനെയൊരു സ്വാര്‍ഥചിന്ത ഒരിക്കലും ഉണ്ടായിരുന്നില്ലെന്ന് എനിക്കറിയാം. അനിയേട്ടന്റെ രാഷ്ട്രീയ പ്രവേശത്തെച്ചൊല്ലി രാഷ്ട്രീയ എതിരാളികള്‍ ഒട്ടേറെ വിമര്‍ശനങ്ങളുയര്‍ത്തിയ കാര്യം ഇവിടെ ചേര്‍ത്തു വായിക്കേണ്ടതുണ്ട്. ഇ.എം.എസിന്റെ കയ്യില്‍ അതിനു വ്യക്തമായ മറുപടിയുമുണ്ടായിരുന്നു. അച്ഛന്റെ പാതയിലേക്ക് മക്കള്‍ പ്രവേശിക്കുന്നത് ഏതു രംഗത്തും കണ്ടുവരുന്ന മനുഷ്യസഹജമായ ഒരു സ്വാഭാവിക പ്രതിഭാസമാണ്. രാഷ്ട്രീയ നേതാവായ ഒരു അച്ഛന്റെ മകന്‍ രാഷ്ട്രീയത്തിലേക്കു വരണമെന്നുള്ള ആഗ്രഹം പ്രകടിപ്പിച്ചപ്പോള്‍ അതു നിഷേധിക്കാന്‍ തയ്യാറാവാത്തത് ഇ.എമ്മിലെ നിസ്വാര്‍ത്ഥതയായിട്ടേ കാണാനാവൂ. രാഷ്ട്രീയത്തില്‍ അനിയേട്ടന്റെ വളര്‍ച്ചയ്ക്കുവേണ്ടി അച്ഛന്‍ എന്തെങ്കിലും ചെയ്തിട്ടുള്ളതായി ഞാന്‍ കേട്ടിട്ടില്ല. അനിയേട്ടന്റേത് ആത്മാര്‍ത്ഥമായ രാഷ്ട്രീയ പ്രവര്‍ത്തനമായിരുന്നു.


അനിയേട്ടന്‍ രാഷ്ട്രീയത്തിലേക്കു പ്രവേശിക്കുന്നതിനു മുന്‍പ് അച്ഛനുമായി പലവട്ടം ചര്‍ച്ച നടത്തിയിരുന്നു. തൊഴിലാളിവര്‍ഗത്തോടുള്ള പ്രതിബദ്ധതയാണ് കമ്മ്യൂണിസ്റുകാരന്റെ ഹൃദയത്തില്‍ ഊടും പാവുമായി നില്‍ക്കേണ്ടതെന്ന ബോധമുണ്ടാവണം. അതിന് ഒരുതരം ഡീക്ളാസിഫിക്കേഷന്‍ (വര്‍ഗനിരാസപ്രക്രിയ) രക്തത്തില്‍ അലിയിപ്പിക്കണം. ബോധത്തിന്റെ ശക്തിധമനികളില്‍ പ്രതിഭാസമായിത്തീരണം. പാര്‍ട്ടി മെമ്പറാവാനും അതിന്റെ ആദ്യപടിയായി ഗ്രുപ്പ് മെമ്പര്‍ ആയി ബ്രാഞ്ചിലേക്ക് പ്രവേശിക്കുന്ന പ്രക്രിയ കൊണ്ടുനടക്കാനുള്ള ഉള്‍ക്കരുത്തും ഉള്‍ക്കൊള്ളണം. ഈ സാധനാപാഠം അച്ഛനില്‍നിന്ന് അനിയേട്ടന്‍ ഉള്‍ക്കൊണ്ടിരുന്നു എന്ന് എനിക്കു തോന്നുന്നു.ബ്രാഞ്ചുമുതല്‍ സംസ്ഥാനക്കമ്മറ്റിവരെയുള്ള യാത്രയിലും ധനകാര്യമന്ത്രിയുടെ സ്പെഷ്യല്‍ പ്രൈവറ്റ് സെക്രട്ടറി മുതല്‍ പ്ളാനിംഗ് ബോര്‍ഡ് മെമ്പര്‍വരെയുമുള്ള ഔദ്യോഗിക ജീവിതത്തിലും കര്‍ഷക സംഘത്തിന്റെ സംസ്ഥാന ജോയിന്റെ സെക്രട്ടറി എന്ന നിലയിലുള്ള വര്‍ഗസംഘടനാപ്രവര്‍ത്തനത്തിലും അസംബ്ളി പാര്‍ലമെന്റ് മണ്ഡലങ്ങളിലെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളിലും ഒക്കെ അനിയേട്ടന് അനിതരസാധാരണമായ സ്വയം പ്രത്യയ സ്ഥൈര്യം കൈവരിക്കാനായത് അന്ന് നേടിയ സാധനാപാടവം കൊണ്ടുതന്നെയായിരുന്നു.



അച്ഛനും മകളും തമ്മിലുള്ള ബന്ധം യാന്ത്രികമായിരുന്നോ എന്ന സംശയം പലര്‍ക്കുമുണ്ടായിരുന്നോ എന്ന് എനിക്ക് തോന്നിയിരുന്നു. ഒരിക്കലും അങ്ങനെയല്ല. അച്ഛനും മകളും തമ്മില്‍, അമ്മയും അച്ഛനും തമ്മില്‍, സുഹൃത്തുക്കളപ്പോലെയായിരുന്നു ബന്ധം. അമ്മയ്ക്ക് അങ്ങനെയായിരുന്നില്ല എന്നും എനിക്കു തോന്നുന്നു. അമ്മയ്ക്ക് ലോകത്ത് ജീവിക്കുന്ന ദൈവമായിരുന്നു അച്ഛന്‍. അതിനാല്‍ അച്ഛന്റെ വിയോഗം അമ്മയ്ക്ക് ഉള്‍ക്കൊള്ളുന്നതിനുമപ്പുറത്തായിരുന്നു. അച്ഛന്റെ മരണത്തിനുശേഷം ഒരുതരം മരവിപ്പ് അമ്മയെ ബാധിച്ചിരുന്നു. ഏടത്തി (അനിയേട്ടന്റെ സഹധര്‍മിണി, ഡോ. യമുന) മരിച്ച് വിവരം അറിഞ്ഞപ്പോള്‍ അമ്മയ്ക്കുണ്ടായ മരവിപ്പ് ഞാന്‍ നേരിട്ട് കണ്ടതാണ്. ഇത് പലപ്പോഴും അനിയേട്ടനെയും എന്നെയും വ്യാകുലപ്പെടുത്തിയിരുന്നു.


മീറ്റിങ്ങുകള്‍ക്കു കൊണ്ടുപോയിരുന്നപ്പോഴും ഒരു രാഷ്ട്രീയക്കാരിയായി എന്നെ ഉയര്‍ത്തിക്കൊണ്ടുവരണമെന്ന സ്വപ്നമൊന്നും അച്ഛനില്‍ ഇല്ലായിരുന്നു. എന്തെങ്കിലും ലക്ഷ്യം വച്ചിട്ടായിരുന്നില്ല ആ നടപടി. എനിക്കു താല്‍പ്പര്യമാണെന്ന് മനസ്സിലാക്കിയതിന്റെ പേരില്‍ കൂട്ടിക്കൊണ്ടുപോയി എന്നുമാത്രം. പാര്‍ട്ടിയില്‍ സ്ത്രീകളും പങ്ക് എന്തായിരിക്കണം എന്നെ ചിന്തയാവാം അതിനു കാരണം.


സ്ത്രീ, ലെനിനിസ്റ് സങ്കല്‍പ്പത്തില്‍


സ്ത്രീപുരഷസമത്വത്തെക്കുറിച്ച് വളരെ മുന്‍പുതന്നെ ഇ.എമ്മിന് വ്യക്തമായ കാഴ്ചപ്പാടുണ്ടായിരുന്നു എന്നതിന് നിരവധി ഉദാഹരണങ്ങളുണ്ട്. അതില്‍ ഒന്നാമത്തേതായിരുന്നു സ്വന്തം അമ്മയോടുള്ള സ്നേഹവും ബഹുമാനവും. വെറും മാതൃസ്നേഹത്തിലൊതുങ്ങുന്നതായിരുന്നില്ല ആ ബന്ധം. അമ്മയിലെ കഴിവുകള്‍, അറിവ്, സഹിഷ്ണുത, യുക്തി തുടങ്ങി ആ വ്യക്തിത്വത്തിലെ ഓരോ അംശങ്ങളും അദ്ദേഹം കണ്ടെത്തിയിരുന്നു. അതുകൊണ്ടൊക്കെയാണ് പൊതുജീവിതത്തിന്റെ സങ്കീര്‍ണതകളില്‍ അറ്റം കാണാതെ നില്‍ക്കുമ്പോഴും അമ്മയോടുള്ള വിധേയത്വവും കടപ്പാടും അവരുടെ അന്ത്യംവരെയും കാണിച്ചത്. തറവാട് ഭാഗം വച്ചപ്പോള്‍ സഹോദരിമാര്‍ക്ക് അവര്‍ അര്‍ഹിക്കുന്ന വീതം കൊടുക്കണമെന്നുള്ള അമ്മയുടെ അഭിപ്രായത്തെ അഭിമാനത്തോടെയാണ് മകന്‍ സ്വാഗതം ചെയ്തത്. സമത്വത്തിന്റെ സൂര്യോദയം കാണാന്‍ കൊതിച്ചു നടന്ന ഒരു യുവാവെന്ന നിലയില്‍ അമ്മയെ മകന്‍ ബോധവല്‍ക്കരിച്ചതിന്റെ ഫലമായിരുന്നു ആ തീരുമാനം.



കേരളീയ സമൂഹത്തില്‍ ഇന്നും കുടുംബത്തിലെ പെണ്‍കുട്ടികള്‍ക്ക് ഏതു കാര്യത്തിലും രണ്ടാംസ്ഥാനമാണ് നല്‍കുന്നത്. പ്രത്യേകിച്ച് വിദ്യാഭ്യാസത്തിന്റേയും കുടുംബത്തിന്റേയും കാര്യത്തില്‍ ന്യൂക്ളിയര്‍ കുടുംബങ്ങളിലും ഈ വ്യത്യാസം കാണാം. സാധാരണക്കാര്‍ക്കിടയിലെ രണ്ടു കുട്ടികളുള്ള അച്ഛനമ്മമാര്‍ ആണ്‍കുട്ടിയെ ഡോക്ടറാക്കാനും പെണ്‍കുട്ടിയെ ടീച്ചറാക്കാനും ശ്രമിക്കുന്നു. പഠിപ്പിക്കാന്‍ തിരഞ്ഞെടുക്കുന്ന സ്കൂളിന്റെ കാര്യത്തില്‍പ്പോലും ഈ വേര്‍തിരിവുണ്ട്. നിലവാരമുള്ള സ്കൂളിലേക്ക് ആണ്‍കുട്ടിയെ അയയ്ക്കുന്നു. പെണ്‍കുട്ടിക്ക് താരതമ്യേന നിലവാരം കുറഞ്ഞ, ചെലവു കുറഞ്ഞ വിദ്യാഭ്യാസം മതി എന്ന ചിന്താഗതിയാണ്. എന്നാല്‍ പെണ്‍കുട്ടികളെ അക്ഷരംപോലും പഠിക്കാന്‍ അനുവദിക്കാതിരുന്ന കാലത്താണ് സ്വത്തു വീതം കൊടുത്തുകൊണ്ടുള്ള മുത്തശ്ശ്യമ്മയുടെ നടപടിയുണ്ടായത്. പെണ്‍കുട്ടികള്‍ക്ക് കുടുംബസ്വത്തിന്റെ ഭാഗം നല്‍കുന്ന സമ്പ്രദായം അന്നും ഇന്നും പതിവില്ല.



ഇ.എമ്മിന്റെ സ്ത്രീശാക്തീകരണ ചിന്തകളുടെ മറ്റൊരു ഉദാഹരണം കാണാനാകുന്നത് അന്തര്‍ജനങ്ങളുടെ ദയനീയമായ ജീവിതാവസ്ഥയ്ക്ക് മാറ്റം വന്നേ തീരു എന്ന നിലപാടില്‍നിന്നുകൊണ്ട് എഴുതിയ ലേഖനങ്ങളും 'തിരിഞ്ഞു നോക്കുമ്പോള്‍' എന്ന പുസ്തകത്തില്‍ വിധവാ വിവാഹത്തിന്റെ ആവശ്യകതയെക്കുറിച്ച് തുറന്നു കാട്ടുന്നുണ്ട്. 'അധിനിവേദ'ത്തിന്റെ ഫലമായി ഓരോ തലമുറയിലും സപത്നികളായ സ്ത്രീകള്‍ ധാരാളമുണ്ടായിരുന്നു. ഇതില്ലാതാക്കണമെങ്കില്‍ 'അധിനിവേദം' നിരോധിക്കുകയും കനിഷ്ഠസഹോദരന്മാരുടെ സ്വജാതിവിവാഹം സര്‍വസാധാരണമാക്കുകയും വേണം. 'അധിനിവേദം' 'അതിവേദന' മായിത്തീരുന്നതെങ്ങനെയെന്നത് സ്വന്തം സമുദായത്തിനും അന്യസമുദായത്തിനും വി.ടി.യോടൊപ്പം അച്ഛനും നെയ്ത്തിരി കത്തിച്ചു കാണിച്ചു കൊടുത്തു. ആ നെയ്ത്തിരിയില്‍ നിന്നാണ് അച്ഛന്‍ തൊഴിലാളിവര്‍ഗ സംസ്കാരത്തിന്റെ തീപ്പന്തം കൊളുത്തിയത്; പി.കൃഷ്ണപിള്ളയ്ക്കും എ.കെ.ജിയ്ക്കും ഒപ്പം.


"ഈ ദുരാചാരങ്ങളുടെയെല്ലാം ഫലമായി വൈധവ്യം പൊതുവില്‍ മാത്രമല്ല, ബാലവിധവകളുടെ പ്രശ്നം വിശേഷിച്ചും വ്യാപകമായിരുന്നു. ഒരു ഭര്‍ത്താവ് മരിച്ചാല്‍ രണ്ടോ മൂന്നോ വിധവകളുണ്ടാകും. അതില്‍ത്തന്നെ ഒന്നെങ്കിലും ബാലവിധവയായിരിക്കും. ലളിതാംബികാ അന്തര്‍ജ്ജനം എഴുതിയ നാടകത്തില്‍ ചിത്രീകരിച്ചതുപോലെ, ഷഷ്ടിപൂര്‍ത്തി കഴിഞ്ഞ ഒരു വൃദ്ധന്റെ ഭാര്യയായി പോകാന്‍ നിര്‍ബന്ധിക്കപ്പെട്ട ഒരു യുവതി വിവാഹത്തിന്റെ ക്രിയ കഴിഞ്ഞ് മണിക്കൂറുകള്‍ക്കിടയില്‍ വിധവയായിത്തീരുകയും തന്റെ പുതിയ കുടുംബത്തിലെ കാരണവത്തികളുടെയും സപത്നികളുടെയും പീഡനത്തിനിരയാവുകയും വിധവാ വിവാഹം അനുവദിക്കുകയാണ്.''


ഇന്ന് സ്ത്രീശാക്തീകരണ ചിന്തകള്‍ നാടെങ്ങും അതിശക്തമായി ഉയര്‍ന്നുവരുന്നതു കാണുമ്പോള്‍ സ്ത്രീ-പുരുഷ സമത്വം സംബന്ധിച്ച അച്ഛന്റെ കാഴ്ചപ്പാടുകളെക്കുറിച്ച് ഓര്‍ത്തുപോവുകയാണ്. ഈ.എം. ഇന്നുണ്ടെങ്കില്‍ സ്ത്രീസംവരണത്തിനായി ഉയരുന്ന ഏറ്റവും ശക്തമായ ശബ്ദം അതാവുമായിരുന്നു എന്നതില്‍ സംശയമില്ല.