ഡിസംബര്‍ 6 ഇന്ത്യന്‍ ജനാധിപത്യത്തെ സംബന്ധിച്ചിടത്തോളം ഏറ്റവും കറുത്ത ഒരോര്‍മ്മ ദിവസമാണ്. പക്ഷേ ആ ഓര്‍മ്മകളേയെല്ലാം അപ്രസക്തമാക്കും വിധം രാജ്യമൊട്ടാകെയുള്ള മാധ്യമങ്ങളും കാമറകളും ചെന്നൈയിലെ രാജാജി ഭവനിലേക്ക് കേന്ദ്രീകരിക്കപ്പെടുന്നു. ഈ കേന്ദ്രീകരണം ജയലളിത എന്ന രാഷ്ട്രീയ ബിംബത്തേയും ഭരണാധികാരിയേയും അക്ഷരാര്‍ത്ഥത്തില്‍ പ്രതിനിധീകരിക്കുന്നുണ്ട്. ദ്രാവിഡരാഷ്ട്രീയത്തിന്‍റെ കളിയരങ്ങായ തമിഴകത്ത് ഒട്ടും ദ്രാവിഡീയമല്ലാത്ത രൂപഭാവാദികളുമായി നിറഞ്ഞുവാണ അധികാരകേന്ദ്രമായിരുന്നു ജയലളിത എന്ന സ്ത്രീ. അതെ സ്ത്രീ എന്ന വിശേഷണം കൃത്യമായി തന്നെ അവര്‍ക്കൊപ്പം ചേര്‍ക്കപ്പെടേണ്ടതുണ്ട്, അവര്‍ മറികടന്ന പ്രതിസന്ധികളും സൃഷ്ടിച്ചെടുത്ത രാഷ്ട്രീയ വ്യക്തിത്വവും അവരുടെ സ്ത്രീഎന്ന സ്വത്വവുമായി പ്രത്യക്ഷത്തില്‍ ബന്ധപ്പെട്ടിരിക്കുന്നില്ലെങ്കിലും.
ജയലളിത എന്ന സ്ത്രീയുടെ ജീവിതത്തെ രണ്ടായി തരാം തിരിക്കാം, ഒരു ഗ്ലാമര്‍ താരവും, ആ സമയത്ത് ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന അഭിനേത്രിയുമായി അവര്‍ നിറഞ്ഞുനിന്ന ഒന്നാം പകുതിയും, തമിഴകത്തിന്റെ രാഷ്ട്രീയത്തെ മുഴുവന്‍ നിയന്ത്രിക്കുന്ന ഏക അധികാര കേന്ദ്രവും ജനങ്ങളുടെ അമ്മയുമായി അവര്‍ മാറിയ രണ്ടാം പകുതിയും. ഈ രണ്ട് പകുതികളിലും സ്വന്തമായ വ്യക്തിപ്രഭാവവും ബൗദ്ധികശേഷിയും ഭാഷാപാടവവും കൊണ്ട് തനിക്ക് ചുറ്റുമുള്ള ലോകത്തെ തന്‍റെ വരുതിയില്‍ നിര്‍ത്താന്‍ അവര്‍ക്ക് കഴിഞ്ഞിട്ടുണ്ട്. ഗായികയും, അഭിനേത്രിയും വിവിധ ക്ലാസിക്കല്‍ നൃത്തരൂപങ്ങളില്‍ പ്രാവീണ്യം നേടിയ നര്ത്തകിയുമായി നിറഞ്ഞാടിയ ഒന്നാം പകുതിയിലെ സുന്ദര സ്ത്രീ ശരീരത്തില്‍ നിന്നും തികച്ചും വിഭിന്നമായ ഒരു മാതൃപ്രതീകമായി മാറാന്‍ രണ്ടാം പകുതിയില്‍ അവര്‍ക്ക് കഴിഞ്ഞു എന്നത് തന്നെയാണ് ജയലളിതയുടെ രാഷ്ട്രീയവിജയവും. രാഷ്ട്രീയത്തില്‍ നിലനില്‍ക്കാന്‍ ഗ്ലാമര്‍ താരം എന്ന നിലക്കുള്ള തന്‍റെ ഇമേജ് തിരുത്തി എഴുതപ്പെടേണ്ടതുണ്ടെന്ന് അവര്‍ തിരിച്ചറിയുന്നത് നിയമസഭയില്‍ ആദ്യമായി അപമാനിക്കപ്പെട്ട അവസരത്തിലാവണം. ശരീരം ഒട്ടാകെ മൂടും വിധം വസ്ത്രം ധരിച്ചും ആഭരണങ്ങള്‍ ഉപേക്ഷിച്ചും തന്‍റെ താരശരീരത്തിന്‍റെ ദൃശ്യഭാഷയെ അവര്‍ മാറ്റിയെഴുതി. തുടര്‍ന്ന് പതുക്കെ തമിഴരെ സംബന്ധിച്ചിടത്തോളം മറ്റാരെക്കാള്‍ ബഹുമാനം നല്‍കുന്ന ‘തായ്’ ബിംബത്തിലേക്ക് സ്വയം അമ്മയാകാതെ തന്നെ അവര്‍ കൂടുമാറി.
ജയലളിതയുടെ രാഷ്ട്രീയ ജീവിതം തീര്‍ച്ചയായും കൂടുതല്‍ ഓര്‍മ്മിക്കപ്പെടുന്നത് അവരുടെ ഭരണത്തിന്റെ അവസാനപാദത്തിന്റെ പേരിലാണ്. 1991 മുതല്‍ 1996 വരെ നീണ്ടുനിന്ന ആദ്യ ഭരണകാലത്ത് അഴിമതിആരോപണങ്ങളുടെ കറ ഏറെ പുരണ്ട ഒരു സാധാരണ രാഷ്ട്രീയക്കാരി മാത്രമായിരുന്നു അവര്‍. 2001 മുതല്‍ 2006 വരെ നീണ്ട രണ്ടാം വരവിലും ഒട്ടേറെ ആരോപണങ്ങള്‍ അവര്‍ക്കെതിരെ ഉയര്‍ന്നു. ഈ കാലയളവില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ സമരം പിരിച്ചുവിടല്‍ അടക്കമുള്ള കടുത്തനടപടികളിലൂടെ അടിച്ചമര്‍ത്തി എതിരില്ലാത്ത അധികാരകേന്ദ്രമാണ് താനെന്ന് തെളിയിച്ചു. എന്നാല്‍ ആദ്യരണ്ട് ഊഴങ്ങളില്‍ നിന്ന് കൃത്യമായ പാഠങ്ങള്‍ പഠിച്ച നടപ്പാക്കുന്ന ജയലളിതയെയാണ് അവസാന ഘട്ടം കണ്ടത്. ഒരു രൂപക്ക് അരി, സൈക്കിള്‍, ലാപ്ടോപ് എന്നിവയടക്കം വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കിയ സൌജന്യങ്ങള്‍, പോലീസ് സേനയില്‍ 30 % സ്ത്രീസംവരണം, സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്ക്കുമായുള്ള പ്രത്യേക ആനുകൂല്യങ്ങള്‍ എന്നിവയിലൂടെ തമിഴ്നാട്ടിലെ സാധാരണക്കാരുടെ പ്രിയനേതാവായി അവര്‍ വളര്‍ന്നു. ഇന്ത്യയില്‍ തന്നെ ഏറ്റവും കുറഞ്ഞ ചിലവില്‍ ഭക്ഷണവും വെള്ളവും സര്‍ക്കാര്‍ ശൃംഖലയിലൂടെ ലഭ്യമാക്കി അവര്‍ ചരിത്രം സൃഷ്ടിച്ചു.കരുണാനിധി തുടങ്ങിവെച്ച ക്ഷേമ പദ്ധതികളെപ്പോലും സ്വന്തം പേരില്‍ അറിയപ്പെടും വിധം മാറ്റിയെടുക്കാന്‍ അവര്‍ക്കായി.കരുണാനിധി കുടുംബത്തിന്‍റെ അധികാര കേന്ദ്രീകരണവും അഴിമതിയുമാണ് ഇതേ ആരോപണങ്ങള്‍ ഉന്നയിക്കാവുന്ന ജയലളിതയെ ശക്തികേന്ദ്രമാക്കിയത് എന്നത് ജനാധിപത്യത്തിന്‍റെ മറ്റൊരു തമാശ.
ഒരു രാഷ്ട്രീയ നേതാവ് എന്ന നിലക്ക് ഒരു ജനാധിപത്യ രാജ്യത്തെ സംബന്ധിച്ചിടത്തോളം ഉചിതമായ ഒരു ബിംബം അല്ല തന്നെ ജയലളിത. കരുണാനിധിക്ക് അധികാരത്തിലെത്താന്‍ പാര്‍ട്ടി ആവശ്യമായിരുന്നെങ്കില്‍ ജയലളിതക്ക് അവര്‍ മാത്രം മതിയായിരുന്നു എന്ന് ശിവ് നാരായണന്‍ നിരീക്ഷിച്ചിട്ടുണ്ട്. ഇത്തരം ഏകാധിപത്യപ്രവണതയുള്ള ബിംബങ്ങളെ സൃഷ്ടിച്ചെടുക്കുന്നത് ജനാധിപത്യം തന്നെ എന്നതാണ് ഏറ്റവും വലിയ വൈരുദ്ധ്യവും. യുക്തിവാദത്തില്‍ അധിഷ്ഠിതമായ ദ്രാവീഡിയന്‍ രാഷ്ട്രീയത്തെ വിശ്വാസിയായ ജയലളിത അപ്രസക്തമാക്കുന്നുണ്ട്. എങ്കിലും വഴിമുടക്കുന്ന ക്ഷേത്രങ്ങള്‍ പൊളിച്ചുമാറ്റാനും കാഞ്ചി മഠധിപതിയെപ്പോലും അറസ്റ്റ് ചെയ്യാനും അവര്‍ മടിച്ചതുമില്ല. ഈ വൈരുധ്യങ്ങളാണ് അഗ്നിയുടേയും മഞ്ഞിന്റെയും മിശ്രണം എന്ന വിശേഷണത്തെ സാധുവാക്കുന്നതും.
ജനങ്ങളുടെ അടിസ്ഥാനജീവിതസാഹചര്യങ്ങള്‍ മെച്ചപ്പെടുത്തേണ്ടതിനു പകരം സൌജന്യങ്ങള്‍ക്കായി സര്‍ക്കാരിനെ കാത്തിരിക്കുന്നവരെ സൃഷ്ടിച്ചു എന്നത് അവര്‍ നടപ്പാക്കിയ ക്ഷേമപദ്ധതികളുടെ മറുപുറം. ഫാനിലും ടിവിയിലും ഗ്രൈന്‍ഡറിലും സ്വന്തം ചിത്രം പതിപ്പിച്ച് അതെല്ലാം തന്‍റെ വ്യക്തിഗത ക്രെഡിറ്റിലേക്ക് മാറ്റുകയും ചെയ്തു. പ്രത്യയശാസ്ത്ര പ്രതിബദ്ധതകളില്ലാത്ത ഒരു നേതാവില്‍ നിന്നും ഭരണാധികാരിയില്‍ നിന്നും അതിലേറെ ഉള്‍ക്കാഴ്ച പ്രതീക്ഷിക്കാനുമാവില്ല. എങ്കിലും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമായി നടപ്പാക്കിയ ക്ഷേമപദ്ധതികള്‍ ഒരളവുവരെ സ്ത്രീകളുടെ സാമൂഹ്യാന്തസും കുടുംബാന്തരീക്ഷവും മെച്ചപ്പെടുത്താന്‍ സഹായിച്ചിട്ടുമുണ്ട്. ജനങ്ങളുടെ പ്രിയങ്കരിയായിരിക്കുമ്പോഴും ജനങ്ങളോട് ജയലളിത ഒരിക്കലും അടുത്തുനിന്നിട്ടില്ല.
ജനങ്ങള്‍ അവരെ കണ്ടത് ജയലളിത തന്നെ നല്‍കിയ സൗജന്യ ടെലിവിഷനിലൂടെ. തമിഴരെ സംബന്ധിച്ചിടത്തോളം മീനാക്ഷിയേയോ രാജരാജേശ്വരിയേയോ പോലെ അദൃശ്യമായ ഒരു കോവിലില്‍ പ്രതിഷ്ഠിക്കപ്പെട്ട ഒരു വിഗ്രഹമായിരുന്നു അവര്‍. നടിയായിട്ടും ജനങ്ങളോടുള്ള തന്‍റെ ഇടപെടലില്‍ അവര്‍ അതിവൈകാരികത പ്രകടിപ്പിട്ടുമില്ല. തനിക്കപ്പുറം മറ്റൊരാളില്ലാത്ത വിധം പാര്‍ട്ടിയെ ചുരുക്കിയതും അവസാനകാലത്തെങ്കിലും ഒരു പിന്‍ഗാമിയെ വളര്‍ത്തിയെടുക്കാതിരുന്നതും നേതാവ് എന്ന നിലക്ക് പരിമിതികള്‍ തന്നെ. അത് കൊണ്ട് തന്നെയാണ് തീവ്രവലതുപക്ഷ രാഷ്ട്രീയം ജയലളിതയുടെ നിര്യാണത്തില്‍ തമിഴകത്തേക്ക് പ്രതീക്ഷയോടെ നോക്കാന്‍ ഇടയാകുന്നതും. അവരുടെ നിര്യാണം തമിഴകരാഷ്ട്രീയത്തില്‍ ഉണ്ടാക്കുന്ന ദൂരവ്യാപക ഫലങ്ങള്‍ കാത്തിരുന്നു തന്നെ കാണേണ്ടതുണ്ട്.
എങ്കിലും സ്ത്രീ എന്ന നിലക്ക് അവര്‍ നേരിട്ട യുദ്ധങ്ങളെല്ലാം വിജയിച്ചവരാണ്, അല്ലെങ്കില്‍ അതിനായി അങ്ങേയറ്റം പൊരുതിയയാളെങ്കിലുമാണ്. തമിഴ്‌നാട് പോലെ പരമ്പരാഗത പുരുഷാധിപത്യ മൂല്യങ്ങളും സദാചാരസംഹിതകളും പിന്തുടരുന്ന സമൂഹത്തില്‍ അവയെയെല്ലാം വെല്ലുവിളിച്ച് സ്വയം എതിരില്ലാത്ത അധികാര കേന്ദ്രമായി മാറിയ സ്ത്രീ. വിഹിതം അവിഹിതം എന്ന് ബന്ധങ്ങളെ തരംതിരിച്ച് അവയുടെ ഉത്തരവാദിത്വവും പഴിയും സ്ത്രീയുടെ തലയില്‍ ചാരുന്ന സമൂഹത്തിനുമുന്നില്‍ തലയുയര്‍ത്തിപ്പിടിച്ചു തന്നെ നിന്ന തന്റേടത്തെ അംഗീകരിക്കാതെ വയ്യ. രാഷ്ട്രീയഗുരുവും തമിഴ്നാട് ദൈവതുല്യം ബഹുമാനിക്കുന്നയാളുമായ എംജി ആറിന് മുന്നില്‍പ്പോലും അവര്‍ തലകുനിച്ചുനിനിട്ടില്ല. തന്‍റെ അറിവും ബുദ്ധിവൈഭവവും വേണ്ടയിടത്ത് വേണ്ടപോലെ ഉപയോഗിക്കാനും അവര്‍ക്കായി. അഴിമതിക്കഥകള്‍ക്കിടയിലും ജനങ്ങള്‍ക്ക് വേണ്ടിയാണ് താന്‍ നില്‍ക്കുന്നത് എന്ന കൃത്യമായ പ്രതീതി ജനിപ്പിക്കാന്‍ അവര്‍ക്ക് കഴിഞ്ഞുഎന്നതാണ് ജയലളിതയുടെ ജനപ്രീതിയുടെ രഹസ്യവും. മികച്ച ഒരു ഭരണാധികാരി എന്ന നിലക്ക് അവരെ ഒരിക്കലും വിലയിരുത്താന്‍ ആയേക്കില്ല എങ്കിലും ഭരണാധികാരി എന്ന നിലക്കും വ്യക്തി എന്ന നിലക്കും അവര്‍ ഉളവാക്കിയ പ്രഭാവം ഒരിക്കലും അംഗീകരിക്കാതിരിക്കാനാവില്ല.