Adv Anima Muyarath - Lisha V N

സ്ത്രീകള്‍ സ്വതന്ത്രമായി ചിന്തിക്കുകയും വിഷയങ്ങളില്‍ സുധീരം നിലപാടെടുക്കുകയും വേണം: അഡ്വ. അനിമ മുയാരത്ത്

സംഭാഷണം : അഡ്വ. അനിമ മുയാരത്ത് / ലിഷ വി ന്‍


നീതിരാഹിത്വത്തിനെതിരായി സുധീരം പ്രതികരിക്കുന്ന സ്ത്രീകള്‍ വസ്ഥാപിത പുരുഷ ലോകത്തിന് അത്ര പരിചിതരാകാന്‍ ഇടയില്ല . അവര്‍ അവരെ 'അമ്മ ' പെങ്ങള്‍ ' ' ദേവി ' ടാഗ് ലൈനുകള്‍ക്കുള്ളില്‍ അതിസമര്‍ത്ഥം അടയിരിപ്പിക്കുന്നു. അടങ്ങാത്തവരെ ഒരുമ്പെട്ടവള്‍ / മരംചാടി/ മതിലുകേറി തുടങ്ങി എണ്ണിയാലൊതുങ്ങാത്ത കള്ളികളിലേക്ക് അടിച്ചു ചേര്‍ക്കുന്നു. ആണധികാര രാഷ്ട്രീയ പ്രയോഗങ്ങള്‍ക്കും ഊരുവിലക്കിനു സമാനമായ വേട്ടയാടലിനും വിധേയരാക്കുന്നു. എന്നിട്ടും വഴങ്ങുന്നില്ലെങ്കില്‍ അഭിസാരികയോ മാനസികരോഗിയോ ആക്കി ഒറ്റപ്പെടുത്തി ആക്ക്രമിക്കുന്നു. കുറിയേടത്ത് താത്രി മുതല്‍ കോഴിക്കോട്ടെ അഭിഭാഷക അനിമ വരെയുള്ളവരുടെ അനുഭവപാഠങ്ങള്‍ചരിത്രത്തിന്റെ പുനരാവിഷ്ക്കരണമല്ലാതെ മറ്റൊന്നുമാകുന്നില്ല . സ്ത്രീ പാചകവും പുരുഷന്‍ അധ്വാനവുമെന്ന 'ഓള്‍ഡ് മങ്കി' സിദ്ധാന്തം എന്നേ കാലഹരണപ്പെട്ടിരിക്കുന്നു. പുതിയ തൊഴില്‍ സാഹചര്യങ്ങള്‍ / വിവരസാങ്കേതിക വിദ്യയുടെ വളര്‍ച്ച , വികാസം ഇവയെല്ലാം സ്ത്രീയവസ്ഥകളില്‍ / നടപ്പു ശീലങ്ങളില്‍ അടിമുടി മാറ്റം വരുത്തിയിരിക്കുന്നു. അഭ്യസ്തവിദ്യരും സ്വതന്ത്രബോധവുമുള്ള സ്ത്രീകളുടെ യുഗമാണിത്. 'സാധന' പ്രയോഗത്തിലൂടെ മൂലക്കിരുത്താനോ 'ചൂരല്‍ പ്രയോഗങ്ങളേറ്റു വാങ്ങാനോ' ജലപാനം മുടക്കി 'പരിക്കേല്‍പ്പിക്കാനോ ' ഇനിയാകില്ല തന്നെ.


സ്ത്രീ ശാക്തീകരണത്തിന്റേയും തൊഴിലിടങ്ങളിലെ സ്ത്രീ സുരക്ഷ സംബന്ധിച്ചും വിപുലവും വിചിത്രവും വൈവിധ്യവുമാര്‍ന്ന ചര്‍ച്ചകള്‍ 'ഇടിവെട്ടുന്ന' സമകാലീനതയിലാണ് കോഴിക്കോടു ജില്ലയിലെ അഭിഭാഷക അനിമ മുയാരത്ത് സങ്കീര്‍ണ്ണവും സവിശേഷവുമായൊരു സാമൂഹ്യ പ്രശ്നത്തെ ഒത്തുതീര്‍പ്പുകളി ല്‍ലാതെ അതിസംബോധ ചെയ്യുന്നത് . 2013 ഒക്ടോബര്‍ 25 ന് പ്രമുഖ സാമൂഹ്യ ശൃംഖലയായ ഫേസ് ബുക്കിലെ തന്റെ ഇടത്തി ല്‍ റിച്ച വരികളാണ് ഒരു വിഭാഗം പുരുഷ കേസരികളെ അസ്വസ്ഥരും ക്ഷുഭിതരുമാക്കിയത്. പ്രതികരണാനുബന്ധമെന്നോണം കോഴിക്കോട്ടെ ബാര്‍ അസോസിയേഷന്‍ അനിമയെ തങ്ങളുടെ അംഗത്വത്തി ല്‍നിന്നും പുറത്താക്കുന്നതടക്കമുള്ള ഏകപക്ഷീയവും ജനാധിപത്യവിരുദ്ധവുമായ നടപടികള്‍സ്വീകരിക്കുകയാണുണ്ടായത്.


വിശദാംശങ്ങള്‍ചുവടെ





കോഴിക്കോട് BAR ഇല് വക്കീലായി practice ചെയ്യാന്‍ തുടങ്ങിയിട്ട് 5 മാസമാവുന്നു. ലോകത്തെ എല്ലാ ഇടങ്ങളിലെയും work space ഇങ്ങനെ ആയിരിക്കുമോ എന്നെനിക്കറിയില്ല. എന്നാല് കോഴിക്കോട് BARലും officeലും ഏതാണ്ട് സമപ്രായക്കാരായ നിരവധി പോങ്ങന്മാരെ കണ്ടുമുട്ടാനിടയായി. 'നീ ഒരു സുന്ദരിയാണ്' 'പൊന്നുമോളെ ' 'പഞ്ചാരകട്ടി ' എന്നൊക്കെയുള്ള ഒരു പ്രേം നസീര് ലൈന്‍ ഇവന്മാര് പുതിയ സിനിമകളൊന്നും കാണാറില്ലെന്ന് തോന്നുന്നു, പെണ്ണുങ്ങളെ പെങ്ങളാക്കിയും കാമുകിയാക്കിയും care ചെയ്തു കീപ്‌ ചെയ്തു നശിപിക്കുന്ന അതെ പഴയ രീതി തന്നെയാണ് അവരിപ്പോഴും പിന്തുടരുന്നത് . ഈ 5 മാസത്തിനിടയില്‍കണ്ടുമുട്ടിയ മേല്പറഞ്ഞ പ്രകാരമുള്ള എല്ലാ പോങ്ങന്മാരോടും എന്റെ പുച്ഛം അറിയിച്ചു കൊള്ളുന്നു.മറ്റൊരു തമാശ ഒരു പുതിയ പെണ്ണിനെ കാണുമ്പോള് ചിലര്ക്കുണ്ടാവുന്ന ഞരമ്പ്‌ രോഗമാണ് ഇവള്കൊരു കല്യാണമാലോചിച്ചു കളഞ്ഞാലോ എന്ന് ചിന്ദിക്കുന്ന ഞരമ്പ്‌ രോഗികളായ കാരണവ വൃന്ദം.ഇവരൊക്കെ ബ്രോകേര്‍മാരും മാമന്മാരുമാണോ?



തങ്ങളുടെ അഭീഷ്ടങ്ങള്‍ക്കോ ആശയങ്ങള്‍ക്കോ വിധേയമാകാതെ സ്വതന്ത്രമായി അഭിപ്പ്രായം അവതരിപ്പിച്ചതിന്റെ പാശ്ചാത്തലത്തില്‍നടപടിക്രമങ്ങളൊന്നും പാലിക്കാതെ നടത്തിയ പുറത്താക്കല്‍നടപടിയോടും ചില കേന്ദ്രങ്ങള്‍സംഘടിപ്പിക്കുന്ന നുണപ്രചാര വേലകളോടും അനിമ തികഞ്ഞ അനുധാവനതയോടെയാണ് പ്രതികരിച്ചത്.



കോഴിക്കോട് ബാര്‍ അസോസിയേഷനിലെ ചില സഹപ്രവര്‍ത്തകരുടെ ഇടപെടലുകളുമായി ബന്ധപ്പെട്ട് താങ്കള്‍ നടത്തിയ ഫേസ് ബുക്ക് പ്രതികരണം വിപുലമായ സംവാദങ്ങള്‍ക്കു തുടക്കം കുറിച്ചിരിക്കുകയാണല്ലോ. വിശദാംശങ്ങള്‍ വ്യക്തമാക്കാമോ.


ഒക്ടോബര്‍ മാസം ഫെയ്സ്ബുക്കില്‍ നടത്തിയ പരാമര്‍ശവുമായി ബന്ധപ്പെട്ട് ഒന്നരമാസത്തിനു ശേഷമാണ് ഒരു കാരണം കാണിക്കല്‍ നോട്ടീസ് ലഭിച്ചത് . നോട്ടീസിലെ ആരോപണം അഭിഭാഷക വൃന്ദത്തെ ഒന്നാകെ ആക്ഷേപിച്ചു എന്ന നിലയിലാണ്.അത്തരമൊരു ഉദ്ദേശം ബന്ധപ്പെട്ട കമന്റിനില്ല എന്ന് വിശദീകരണം നല്‍കുകയും ചെയ്തു. എന്നാല്‍അതിലവര്‍ തൃപ്തരായിരുന്നില്ല. ഇത് സംബന്ധിച്ച് എന്‍റെ മുതിര്‍ന്ന അഭിഭാഷകനോട് അഭിപ്രായം ആരാഞ്ഞപ്പോഴും ഇത് നിലനില്‍ക്കത്തക്ക വിധത്തിലുള്ള ഒരു ആരോപണം അല്ലെന്നും ഇതൊരു പ്രശ്നമാക്കേണ്ട കാര്യമായി തോന്നുന്നില്ല എന്നുമാണ്. മറുപടി അവര്‍ക്ക് തൃപ്തികരമല്ലാത്തതിനാല്‍ വാദം കേള്‍ക്കുന്നതിനായി വിളിപ്പിക്കപ്പെട്ടു. പ്രസ്തുത സമയം ഒരു പരീക്ഷ എഴുതുന്നതിനായി ബാംഗ്ലൂരിലേക്ക് പോകേണ്ടതുണ്ടായിരുന്നു. ഈ വിവരം പരീക്ഷയുടെ ഹാള്‍ടിക്കറ്റിന്‍റെ പകര്‍പ്പ് സഹിതം രേഖാമൂലം ബന്ധപ്പെട്ടവരെ ധരിപ്പിക്കുകയും ചെയ്തിരുന്നു. എന്നാല്‍ എന്‍റെ അസാന്നിധ്യത്തില്‍ അവര്‍ അച്ചടക്ക നടപടികളുമായി മുന്നോട്ട് പോവുകയാണുണ്ടായത്. നിലപാട് വ്യക്തമാക്കാനുള്ള അവസരം പൂര്‍ണ്ണമായും നിഷേധിക്കപ്പെട്ടു. സ്വന്തം ഭാഗം വ്യക്തമാക്കുവാനുള്ള ഏതൊരു പൌരന്‍റെയും മൌലിക അവകാശമാണ് അതിലംഘിക്കപ്പെട്ടിരിക്കുന്നത്. എന്‍റെ അഭിപ്രായം മാത്രമേ ഞാന്‍ ആ കമന്‍റിലൂടെ തുറന്നുപറഞ്ഞിരുന്നുള്ളൂ. അതില്‍ പരിപൂര്‍ണ്ണമായും ഉറച്ചു നില്‍ക്കുകയും ചെയ്യുന്നു.



നിയമ- പരിരക്ഷ, സാമൂഹ്യ നീതി , തുടങ്ങിയവ ഉറപ്പു നല്‍കേണ്ട അഭിഭാഷക സമൂഹത്തില്‍ നിന്നു തന്നെ ഉണ്ടാകുന്ന ഇത്തരം സ്ത്രീവിരുദ്ധ സമീപനങ്ങള്‍ ; നീതി - ന്യായ വ്യവസ്ഥയെ പ്രായോഗികവല്‍ക്കരിക്കുന്നവര്‍ എന്ന നിലയില്‍ ; നിഗമനങ്ങളില്‍ / നിരീക്ഷണങ്ങളില്‍ / ഉത്തരവുകളില്‍ എല്ലാം സ്ത്രീവിരുദ്ധത കടന്നു വരുവാന്‍ ഇടയാക്കില്ലേ. അതു തന്നെയാകുമോ സ്ത്രീകളെ കച്ചവടച്ചരക്കാക്കി വാണിഭം നടത്തിയ വിവിധ കേസുകളില്‍ (സൂര്യനെല്ലിയടക്കം) പ്രതികള്‍ രക്ഷപ്പെടുന്നതിനു കാരണം?


സ്ത്രീകള്‍ക്കെതിരായ ചൂഷണങ്ങള്‍ക്ക് എതിരെ പലതരത്തിലുള്ള നിയമനിര്‍മ്മാണങ്ങള്‍ നടക്കുന്ന ഒരു സമയമാണിത്‌. അത്തരമൊരു സാഹചര്യത്തില്‍തന്നെയാണ് കാലിക്കറ്റ് ബാര്‍ അസോസിയേഷനിലെ ഒരു വിഭാഗം അഭിപ്പ്രായ സ്വാതന്ത്രം പ്രയോജനപ്പെടുത്തി എന്നതിന്റെ പേരില്‍ഒറ്റപ്പെടുത്തി ആക്ക്രമിക്കുന്നത് .ഒരു സ്ത്രീയുടെ അഭിപ്രയസ്വാതന്ത്രത്തെ ഇത്രമാത്രം മോശമായി ചിത്രീകരിക്കുന്ന / വര്‍ക്ക്‌ സ്പേസില്‍ അവളെ ഡിഗ്നിറ്റിയോടുകൂടി ജീവിക്കാന്‍ അനുവദിക്കാത്ത , തരത്തിലുള്ള എന്തു പാതകമാണ് ഞാന്‍ ചെയ്തത്. അതില്‍കക്ഷികളാക്കിയവരുടെ പേരുകളൊന്നും ഒന്നും പരസ്യമാക്കാന്‍ ഉദ്ദേശിക്കുന്നില്ല. സ്ത്രീകളോട് പഞ്ചാര വര്‍ത്തമാനം മാത്രം എഴുന്നെള്ളിക്കുന്ന കുഞ്ചുക്കള്‍ക്കെതിരാണ് എന്റെ നിലപാടുകള്‍. അതുകൊണ്ടു തന്നെ അവര്‍ മാത്രം ഇതില്‍ക്ഷോഭിച്ചാല്‍മതിയാകും.


ഇത്തരക്കാരെ വിമര്‍ശിക്കുന്നതിനുള്ള സ്വാതന്ത്രം പോലും സ്ത്രീകള്‍ക്കില്ലേ ? രസകരമാണ് കാര്യങ്ങള്‍, ഇവിടെ പല അഭിഭാഷകരും എന്റെ ഫേസ് ബുക്ക് കമന്റ് പ്രിന്റ്‌ ഔട്ട്‌ എടുത്ത് വിതരണം നടത്തുകയായിരുന്നു. അങ്ങനെ പല തരത്തിലുള്ള ഹരാസ്മെന്റും ഉണ്ടായിട്ടുണ്ട്. ബഹുമാന്യരും പ്രായം കൊണ്ട് ഏറെ ഉയരമുള്ളവരുമായ ഒരു എക്സിക്യൂട്ടീവ് കമ്മറ്റിയാണ് പ്രാക്ടീസ് തുടങ്ങി അധിക നാളാകാത്ത , പ്രായം കൊണ്ട് ഇരുപതുകളില്‍ മാത്രമെത്തിയ എന്നോട് ഇങ്ങനെ പക തീര്‍ക്കുന്നതെങ്കില്‍ അവരെക്കുറിച്ചുള്ള സങ്കല്‍പ്പങ്ങള്‍ അസ്ഥാനത്താകുകയാണ്. അവര്‍ ഷോക്കോസും രെജിസ്ട്രേടയക്കലും തുടരുകയാണ്.



സ്ത്രീ സുരക്ഷ / ലിംഗ - അവസര സമത്വങ്ങള്‍ തുടങ്ങിയവ സംബന്ധിച്ച് നിരവധിയായ ആശങ്കകള്‍ പങ്കുവെക്കപ്പെടുന്നുണ്ട്. ഇത്തരമൊരു സമകാലീനതയില്‍ ഇന്ത്യന്‍ സ്ത്രീയവസ്ഥകള്‍ പൊതുവിലും അതിന്റെ കേരളീയ പശ്ചാത്തലം വിശേഷിച്ചും എതുനിലയിലാണ് താങ്കള്‍ വിലയിരുത്തുന്നത്.


ഇതുസംബന്ധിച്ചെല്ലാം ആധികാരികമായി പറയാന്‍ ഞാന്‍ ആളല്ല. ഇവിടത്തെ തൊഴില്‍ പശ്ചാത്തലത്തില്‍ സ്ത്രീകള്‍ക്ക് സുരക്ഷയാണോ വേണ്ടത്,സമത്വമാണോ വേണ്ടത്, അതോ സ്വാതന്ത്ര്യമാണോ വേണ്ടത് എന്നതൊക്കെ ഓരോ ചോദ്യങ്ങളാണ്. തൊഴില്‍ പശ്ചാത്തലങ്ങളില്‍ സ്ത്രീകള്‍ക്ക് സുരക്ഷ ഉറപ്പുവരുത്താന്‍ ഇപ്പോള്‍ വിശാഖ ഗൈഡ്ലൈന്‍സ് വന്നിട്ടുണ്ടല്ലോ.വര്‍ക്ക് പ്ലേസില്‍ ശരിക്കും ഇന്റെര്‍ണല്‍ കമ്മറ്റികള്‍ ആവശ്യമാണ്.ബാര്‍ അസോസിയേഷന്‍ എത്രത്തോളം ഒരു വര്‍ക്ക് സ്പേസ് ആവുന്നു എന്നെനിക്കറിയില്ല.പക്ഷേ എന്തു തന്നെയായാലും ജോലിയുടെ ഭാഗമായി ഒരുപാട് സമയം ചെലവഴിക്കുന്ന ഒരു സ്ഥലമാണ് അസോസിയേഷന്‍ റൂമും പരിസരപ്രദേശങ്ങളും.അവിടെ തീര്‍ച്ചയായും ഒരു ഇന്റെര്‍ണല്‍ കമ്മറ്റി രൂപപ്പെടെണ്ടാത് ആവശ്യമാണ്‌. അത്തരത്തില്‍ ഒരു കമ്മറ്റി ഇല്ല . ഇപ്പോള്‍ എന്‍റെ കാര്യത്തില്‍ നോക്കുകയാണെങ്കില്‍ ഞാന്‍ എന്തുകൊണ്ട് അവരോടു സങ്കടം പറയുന്നില്ല എന്നാണു അവരുടെ ചോദ്യം. ഞാന്‍ അവരോടു എന്തു സങ്കടം പറ വെറുമൊയാനാണ് ? എനിക്കു സങ്കടം ഇല്ല ,അവരോടു സങ്കടം പറയാനായിട്ട്എനിക്ക് സങ്കടം വന്നിട്ടല്ല ഞാന്‍ അങ്ങനെ എഴുതിയത്.അതെന്‍റെ അഭിപ്രായസ്വാതന്ത്ര്യമാണ്. എന്റെ അഭിപ്രായം മാത്രമാണ് ഞാന്‍ അവിടെ രേഖപ്പെടുത്തിയത്. എന്നോടോ അല്ലെങ്കില്‍ എന്‍റെ കൂടെ ഉള്ള പെണ്‍കുട്ടികളോടോ പഞ്ചാര അടിക്കാന്‍ വന്ന ചിലരെ ഞാന്‍ പോങ്ങന്മാര്‍ എന്ന് വിളിച്ചു.ഇപ്പഴും അതില്‍ തന്നെ ഉറച്ചു നില്‍ക്കുന്നു. ആ പോസ്റ്റില്‍ എന്തെഴുതി എന്നതല്ല, എന്തു തന്നെ എഴുതിയാലും അത് എന്‍റെ അഭിപ്രായ സ്വാതന്ത്ര്യമാണ്.അതില്‍ രാജ്യത്തിന്റെ ഇന്റെഗ്രിറ്റി യെ ബാധിക്കുന്ന ഒന്നും ഇല്ല.ചിലരുടെ രീതികളെപ്പറ്റി മാത്രമേ ഞാന്‍ എഴുതിയുള്ളൂ. അതും എല്ലാവരെ പറ്റിയും എഴുതിയിട്ടില്ല. അവരെ ആരെയും പേരെടുത്തു പറഞ്ഞിട്ടില്ല. അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചിട്ട് പോലുമില്ല. അങ്ങനെ അപകീര്‍ത്തിപ്പെടുത്തണമെന്ന് ഇപ്പോള്‍ പോലും ആഗ്രഹിക്കുന്നില്ല. പക്ഷേ അവര്‍ അതില്‍ ഒഫെന്‍ന്റഡാകുന്നു. അങ്ങനെ ആവുന്നെങ്കില്‍ ഞാനെന്തു പറയാനാണ് ?അവര്‍ പറയുന്നത് അവരെ ഓരോരുത്തരെയും പറ്റിയാണ് ഞാന്‍ പറഞ്ഞതെന്നാണ്. അവര്‍ക്ക് അങ്ങനെ തോന്നുന്നുണ്ടെങ്കില്‍ പിന്നെ ഞാന്‍ എന്തു ചെയ്യാനാണ്. എനിക്കതില്‍ ഒന്നും ചെയ്യാന്‍ ഇല്ല.



പുരുഷന്‍ തൊഴില്‍ ചെയ്ത് കുടുംബം പോറ്റുകയും സ്ത്രീ വീട്ടുകാര്യം മാത്രം നോക്കിയിരിക്കുകയും ചെയ്യുക എന്ന നില പഴഞ്ചനായിരിക്കുന്നു. സ്ത്രീയും പുരുഷനും ഒരുപോലെ ജോലി ചെയ്യാന്‍ തുടങ്ങിയതോടെ അത് സ്ത്രീ - പുരുഷ ബന്ധങ്ങളിലെ ഘടനകളില്‍ മാത്രമല്ല തൊഴില്‍ സാഹചര്യങ്ങളില്‍ അടക്കം വലിയ മാറ്റങ്ങള്‍ക്കാണ് വഴിയൊരുക്കിയത്. ഇത്തരമൊരു മാറ്റത്തെ പൊതുസമൂഹം പൂര്‍ണ്ണാര്‍ത്ഥത്തില്‍ അര്‍ത്ഥവത്തായി സ്വാഗതം ചെയ്യുന്നുണ്ടോ.


പരിചയപ്പെട്ട ഇടങ്ങളില്‍ ഭൂരിപക്ഷത്തിലും പുരുഷന്‍, സ്ത്രീഎന്ന നിലയിലെ വിവേചനം നന്നായി കണ്ടിട്ടുണ്ട്.അതു രണ്ടും രണ്ടു തരത്തിലാണ്. നമ്മളെ ട്രീറ്റ് ചെയ്യുന്നതിലായാലും ഒക്കെ സ്ത്രീയെ സബ്ജുഗേറ്റഡാക്കാനും രണ്ടാം തരം ആക്കാനും തന്നെയാണ് പൊതു ശ്രമം. വക്കീലന്മാര്‍ അതില്‍ നിന്ന് വ്യത്യസ്തരാണ് എന്നൊരഭിപ്രായം എനിക്കില്ല.ഭൂരിഭാഗവും അങ്ങനൊക്കെ തന്നെയാണ് നടക്കുന്നത്.ഒന്നുകില്‍നീയെന്റെ കീഴിലാണ്, അല്ലെങ്കില്‍ നിന്നെ ഞാന്‍ പെങ്ങള്‍ ആക്കിക്കോളാമെന്നും അമ്മയാക്കിക്കോളാ മെന്നൊക്കെയുള്ള രീതികളിലാണ് പെണ്‍കുട്ടികളെ തൊഴിലിടങ്ങളില്‍ ആണുങ്ങള്‍ സമീപിക്കുന്നത്. പക്ഷേ അങ്ങനെ അല്ലാത്തവരും ഉണ്ട്. എന്‍റെ സീനിയര്‍ തന്നെ വളരെ നന്നായി എന്നെ സപ്പോര്‍ട്ട് ചെയ്ത ഒരു മനുഷ്യനാണ്. അദ്ദേഹം എന്നോട് ഒരിക്കല്‍ പോലും മോശമായി പെരുമാറിയിട്ടില്ല .


കേരളീയ സാമൂഹ്യ പശ്ചാത്തലം പരിശോധനയ്ക്കു വിധേയമാക്കിയാല്‍ തൊഴിലിടത്തിലെ സ്ത്രീ (വിദഗ്ധം / അവിദഗ്ധം) സുരക്ഷിതയാണോ .


സുരക്ഷയെക്കാളേറെ സ്വാതന്ത്രമാണ് വേണ്ടത്. ഭൂരിപക്ഷം വരുന്ന തൊഴിലിടങ്ങളിലും രണ്ടു തരത്തിലുള്ള അവഹേളനങ്ങള്‍നടക്കുന്നുണ്ട്. ഒന്ന് നേരിലുള്ളതും മറ്റൊന്ന് അല്ലാത്ത നിലയിലും. അശ്ളീല സംഭാഷണങ്ങള്‍/ ചില തരം 'തമാശകള്‍' , മറിച്ചു ചൊല്ലലുകള്‍ഈ നിലകളിലെല്ലാം സ്ത്രീയുടെ സ്വത്വത്തെ നിരന്തരം അവഹേളിക്കുന്നു. വിദഗ്ധമെന്നോ അവിദഗ്ധമെന്നോ ഉള്ള വ്യത്യാസങ്ങളില്ലാതെ കാലാകാലങ്ങളായി തുടരുന്ന 'രീതികളാണിവ'.



സ്ത്രീകള്‍ സ്വതന്ത്രമായി ചിന്തിക്കുകയും വിവിധ വിഷയങ്ങളിള്‍ സുധീരം നിലപാടെടുക്കുകയും ചെയ്യുന്നത് ആരെയാണ് അസ്വസ്ഥപ്പെടുത്തുന്നത് . നിര്‍ഭയ , ഈറോം ശര്‍മ്മിള , സോണി സോറി , ഏറണാകുളത്തെ പോലീസ് ട്രാഫിക്ക് വാര്‍ഡന്‍ പത്മിനി , മണല്‍ മാഫിയക്കെതിരെ പൊരുതുന്ന ജസീറ , സൂര്യനെല്ലിയിലെ പെണ്‍കുട്ടി .. ; ഭരണകൂടത്തിന്റെയും പുരുഷാധിപത്യ വ്യവസ്ഥിതിയുടേയും 'ഇരകള്‍ / രക്തസാക്ഷികള്‍ ...പൊതു സമൂഹത്തെ അപനിര്‍മ്മിക്കാന്‍ (Deconstruct) എന്തെല്ലാം ചെയ്യണം.


സമൂഹം മാറുക തന്നെ ചെയ്യണം. ശരിയെന്നു തോന്നുന്നത് ഉറക്കെപ്പറയണം . നിര്‍ഭയ , ഈറോം ശര്‍മ്മിള , സോണി സോറി , ഏറണാകുളത്തെ പോലീസ് ട്രാഫിക്ക് വാര്‍ഡന്‍ പത്മിനി , മണല്‍ മാഫിയക്കെതിരെ പൊരുതുന്ന ജസീറ , സൂര്യനെല്ലിയിലെ പെണ്‍കുട്ടി ..ഇവരെല്ലാം പുരുഷാധിപത്യ വ്യവസ്ഥയാല്‍താലോലിക്കപ്പെടുന്ന ഭരണകൂടത്തിന്റെ സ്ത്രീ/ മാനവിക വിരുദ്ധമായ സ്ട്രക്ക്ച്ചറിന്റെ ഇരകളാണ്. വ്യവസ്ഥയുടെ പുനര്‍വായനയും നിര്‍മ്മാണവും നിര്‍ബന്ധം നടക്കേണ്ടതുണ്ട്. അതിന് ആഘോഷിക്കപ്പെടുന്ന കപട മൂല്യങ്ങളെ അതിജീവിക്കുക തന്നെ വേണം. അത്തരം പോരാട്ടങ്ങള്‍സജീവമായെങ്കില്‍മാത്രമേ വെറ്റു വീണ കൈക്കുഞ്ഞുഞ്ഞുങ്ങള്‍ക്രൂരതകള്‍ക്കിരയാകാതിരിക്കൂ. ഇന്ത്യന്‍ സ്വാതന്ത്ര സമരത്തിന്റെ ഭാഗമായി നിരവധി പേര്‍ക്ക് ജീവത്യാഗം ചെയ്യേണ്ടി വന്നിട്ടുണ്ട്. അറിയപ്പെടുന്നവരും അറിയപ്പെടാത്തവരും അവരിലുണ്ട്‌. അവരുടെയെല്ലാം ത്യാഗത്തിന്റെ ഫലമാണ് വൈദേശികാധിപത്യത്തില്‍നിന്നുള്ള മോചനം. അതു പോലെ കപട സദാചാരത്തിനും വ്യവസ്ഥാപിതവല്‍ക്കരണത്തിനുമെതിരായ സഹനങ്ങളില്‍ഒറ്റപ്പെട്ടിട്ടാണെങ്കിലും നാളെയുടെ കുട്ടികള്‍ക്കായ് ചിലരെങ്കിലും പഴി കേള്‍ക്കേണ്ടി വന്നേക്കാം. അതു കൊണ്ടു തന്നെ ഈ പോരാട്ടത്തെ തികച്ചും വ്യക്തിപരമായ അര്‍ത്ഥത്തില്‍കാണുന്നില്ല. നീതി ലഭ്യമാകും വരെ സഹനം തുടരും . പിന്തുണയുണ്ടാകുമല്ലോ.