A A Rahim

മോഡി സ്‌കൂള്‍ ഓഫ് പൊളിറ്റിക്‌സ്

നരേന്ദ്ര മോഡിക്ക് അനുകൂലമായ അഭിപ്രായ പ്രകടനങ്ങളില്‍ അപകടം പതിയിരിപ്പുണ്ട്. ഗുജറാത്ത്, സംഘപരിവാറിന്റെ പരീക്ഷണശാലയായിരുന്നു; മോഡിയുടെയും. മോഡിയ്ക്ക് , ഗുജറാത്തിലെ മുസ്ലീം വേട്ട ഇസ്ലാം വിരുദ്ധ കലാപം മാത്രമായിരുന്നില്ല; തന്റെ രാഷ്ട്രീയ സിംഹാസനം ഊട്ടിയുറപ്പിക്കുന്നതിനുള്ള പദ്ധതി കൂടിയായിരുന്നു. അളന്നു കുറിച്ച ചാണക്യ തന്ത്രം ഗുജറാത്തിലെ വംശ ഹത്യാ ദിനങ്ങള്‍ അവശേഷിപ്പിച്ചത് കണ്ണുനീരും ചോരയും നിലവിളികളും മാത്രമായിരുന്നില്ല,മോഡിയ്ക്കനുകൂലമായ ആരവങ്ങള്‍ കൂടിയായിരുന്നു.

ഗുജറാത്തിലെ കബന്ധങ്ങള്‍ നാം നേരില്‍ കണ്ടവരാണ്. നമ്മുടെ കണ്‍ മുമ്പിലായുരുന്നു നിസ്സഹായരായ ജനതയെ അവര്‍ വേട്ടയാടിയത്. എന്നിട്ടും വേട്ടക്കാരനു വേണ്ടി ജയ് വിളിക്കാന്‍ ആളുണ്ടായി. ഗുജറാത്തില്‍ മോഡിയ്ക്കു തുടര്‍ച്ചയായി വിജയം ആഘോഷിക്കുവാന്‍ സാധിച്ചു. ഇപ്പോഴിതാ മുകേഷ് അം ബാനി മുതല്‍ കെ.എം ഷാജി വരെ മോഡിയ്ക്ക് പ്രധാന മന്ത്രിയാകാനുള്ള സര്‍ട്ടിഫിക്കറ്റും നല്‍കിയിരിക്കുന്നു. അതായത് ലീഗുകാരനുപോലും തുണയ്ക്കുവാന്‍ സാധിക്കുന്ന ഒരാളായി മോഡി മാറിയിരിക്കുന്നു. ഇത് ഒരര്‍ത്ഥത്തില്‍ മോഡിയുടെ വിജയം തന്നെ കെ.എം ഷാജി ഗുജറാത്തിലെ വോട്ടറായിരുന്നു എങ്കില്‍ മോഡിയ്ക്ക് അദ്ദേഹവും വോട്ടുചെയ്‌തേനെ പിന്നെയല്ലെ അവിടത്തെ നിസ്സഹായരായ ജനങ്ങള്‍.

ഗുജറാത്തില്‍ നടന്ന മുസ്ലീം വേട്ടയെ മോഡി നാളിതുവരെ തള്ളിപ്പറഞ്ഞിട്ടില്ല.സംഘപരിവാറിന്റെ ഫാസിസ്റ്റ് പ്രത്യയ ശാസ്ത്രത്തെ ഒരിയ്ക്കല്‍ പോലും അദ്ദേഹം വിമര്‍ശിച്ചിട്ടുമില്ല.എന്നിട്ടുമെന്തേ അദ്ദേഹത്തെ പിന്തുണയ്ക്കാന്‍ 'മതേതരവാദികളായവര്‍'ക്കും മുസ്ലീം രാഷ്ട്രീയമുയര്‍ത്തിപ്പിടിക്കുന്നവര്‍ക്കും സാധിക്കുന്നു? മോഡിയുടെ വികസന നയമാണത്രേ ഇവരെ ഊറ്റം കൊള്ളിക്കുന്നത്. പ്രചരോപാധികള്‍ കൊണ്ട് നരേന്ദ്രമോഡി കെട്ടിപ്പൊക്കിയ വികസനമെന്ന ചീട്ടു കൊട്ടാരത്തിന്റെ അര്‍ത്ഥശൂന്യത വെളിപ്പെട്ടു തുടങ്ങിയിട്ടുണ്ട് . വികസനത്തിന്റെ വായ്ത്താരികള്‍ക്കു മുന്‍പില്‍ കബന്ധങ്ങളുടെ കണക്കു പുസ്തകം അടച്ചുവയ്ക്കാന്‍ സാധിക്കുമോ? മറ്റേതൊരു മുഖ്യമന്ത്രിയെയും പോലെ ഒരാള്‍ മാത്രമല്ലേ മോഡി എന്നു ചോദിക്കുന്നവരുണ്ട് ശിവഗിരിയിലെന്നല്ല,എവിടെയും മോഡി ക്ഷണിക്കപ്പെടുന്നതില്‍, സന്ദര്‍ശിക്കുന്നതില്‍ എന്തു പിശകാണുള്ളതെന്ന് അവര്‍ ചോദിക്കുന്നു. മോഡിയുടെ ശിവഗിരി സന്ദര്‍ശനത്തെത്തുടര്‍ന്ന് സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകളില്‍ നടന്ന ചര്‍ച്ചകളില്‍ ഈ അഭിപ്രായ പ്രകടനം കാണാമായിരുന്നു.

ആര്‍. എസ്സ്.എസ്സുകാര്‍ പ്രകടിപ്പിക്കുന്ന പിന്തുണയ്ക്കപ്പുറത്ത് ലീഗുകാരനായ കെ.എം ഷാജിയുടെയും കോണ്‍ഗ്രസ്സുകാരനായ അബ്ദുള്ളക്കുട്ടിയുടെയും 'സോഷ്യലിസം'സ്വപ്നം കാണുന്ന ഷിബു ബേബി ജോണിന്റെയും കൂടാതെ, സംഘപരിവാര്‍ രാഷ്ട്രീയത്തെ പൊതുവില്‍ പിന്തുണയ്ക്കാത്ത ഒരു വിഭാഗത്തിന്റെയും പിന്തുണ മോഡിയ്ക്ക് സമ്പാദിക്കാനായതെന്തുകൊണ്ട് ? 'എന്തുകൊണ്ടാണ് പൊതുജനം എളുപ്പം കബളിപ്പിക്കലിനും വഞ്ചനയ്ക്കും ഇടയാകുന്നത് ?പൊതുജനം എന്നാലെന്തെന്ന് കാര്യമായി മനസ്സിലാക്കാതെ ഈ പ്രശ്‌നം പരിഹരിക്കാനാകില്ല.ഹിറ്റ്‌ലറുടെ പ്രസ്ഥാനം കേവലം ഒരു പിന്തിരിപ്പന്‍ പ്രസ്ഥാനമാണെന്നു മാത്രം ഗ്രഹിച്ചിട്ടു കാര്യമില്ല. ലക്ഷോപലക്ഷം ജനങ്ങള്‍ എന്തുകൊണ്ടാണ് പ്രതിലോമകാരികളുടെ കയ്യില്‍ പാവകളായി ചലിക്കുകയും പീഡനങ്ങള്‍ അവരില്‍നിന്ന് ഏറ്റുവങ്ങുകയും ചെയ്യുന്നത് ? (ഫാസിസത്തിന്റെ ആള്‍ക്കൂട്ട മന:ശാസ്ത്രം,വില്‍ഹം റീഹ്)

ഹിറ്റ്‌ലര്‍ ബാലറ്റിലൂടെടെയായിരുന്നു അധികാരത്തില്‍ വന്നത് .ആറു ലക്ഷം മനുഷ്യരെ അയാള്‍ ചുട്ടുകൊല്ലുന്നത് കണ്മുന്നില്‍ കണ്ടുനിന്നവരില്‍ നിന്നും ഹിറ്റ്‌ലര്‍ക്ക് ജയ് വിളികള്‍ മുഴങ്ങി. ഒരു രാഷ്ട്രത്തിന്റെ 'രണകര്‍ത്താവായ ഹിറ്റ്‌ലര്‍ക്ക് എന്തിനയിത്തം കല്‍പ്പിക്കണം എന്നു ചോദിച്ചവര്‍ അന്നുമുണ്ടായിരുന്നു. ഹിറ്റ്‌ലറുടെയും മോഡിയുടെയും രാഷ്ട്രീയ സഞ്ചാരം തമ്മില്‍ അസാധാരണമായ സാദ്യശ്യം കാണാനാകും. 'നാസികള്‍ തങ്ങളുടെ കാലത്ത് വ്യത്യസ്ത വിഭാഗങ്ങളെ ത്യപ്തിപ്പെടുത്തുവാന്‍ പല വാഗ്ദാനങ്ങളും നടത്തുകയുണ്ടായി. 1933 ലെ ശിശിരകാലത്ത് വ്യവസായ തൊഴിലാളികളുടെ അനുഭാവം പിടിച്ചുപറ്റുക എന്ന ലക്ഷ്യത്തില്‍ മെയ് ദിനം ആചരിക്കുകയും തൊഴിലാളികളെ പ്രീണിപ്പിക്കുന്ന പ്രചരണങ്ങള്‍ നടത്തുകയും ചെയ്തു, എന്നാല്‍ പോര്‍ട്ടഡാമില്‍ താമസ്സിയാതെ തന്നെ കുലീന വാഴ്ചയുടെ പ്രീതി നേടിയെടുക്കുന്നതിനും ഹിറ്റ്‌ലര്‍ക്കു കഴിഞ്ഞു. രാഷ്ട്രീയമായ കബളിപ്പിക്കലാണ് ഈ വിജയത്തിന്റെയൊക്കെ പിന്നില്‍.എന്തു കൊണ്ടാണ് രാഷ്ട്രീയമായി കബളിപ്പിക്കപ്പെടുന്നതിന് പൊതുജനങ്ങള്‍ നിന്നുകൊടുക്കുന്നു എന്ന ചോദ്യം ഇവിടെ വീണ്ടും പ്രസക്തമാകുന്നു.

വിവിധ രാഷ്ട്രീയ കക്ഷികളുടെ പ്രവര്‍ത്തനങ്ങളെ വിലയിരുത്താന്‍ പൊതുജനത്തിന് ധാരാളം അവസരം ലഭിക്കുന്നതാണ്. എന്നിട്ടും എന്താണ് ഹിറ്റ്‌ലറുടെ പ്രചരണത്തിന്റെ ദ്വിമുഖം തിരിച്ചറിയാന്‍ ജനങ്ങള്‍ക്കു കഴിയാതിരിക്കുന്നത്? . തൊഴിലാളികളുടെ ഉല്‍പാദനോപകരണങ്ങള്‍ സാമൂഹ്യ വല്‍ക്കരിക്കുകയും തദ്വാരാ സോഷ്യലിസം നടപ്പില്‍ വരുത്തുമെന്നു പറയുകയും, മുതലാളിമാരോട് അവരുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കിക്കുമെന്ന് ഉറപ്പു കൊടുക്കുകയും ചെയ്യുന്ന ഒരു 'ഭരണാധികാരിയുടെ കാപട്യം വ്യക്തമല്ലേ? ഈ കാപട്യം എന്തുകൊണ്ട് ജനങ്ങള്‍ തിരിച്ചറി യുന്നില്ല എന്നിടത്താണു പ്രശ്‌നം.' (വില്‍ഹം റീഹ്—, ഫാസിസത്തിന്റെ ആള്‍ക്കൂട്ട മന:ശാസ്ത്രം) മോഡിയെയും അദ്ദേഹത്തിന്റെ രാഷ്ട്രീയത്തിന്റെയും കാപട്യം അഭ്യസ്തവിദ്യരായവര്‍ക്കു പോലും തിരിച്ചറിയാനാകുന്നില്ല എന്നതാണു പ്രശ്‌നം. മോഡിയെ പിന്തുണയ്ക്കുന്നവരില്‍ ഒരു ചെറിയ വി'ഭാഗമെങ്കിലും വര്‍ഗ്ഗീയ ഫാസിസത്തെ മനസാല്‍ ഇഷ്ടപ്പെടുന്നവരാകില്ല. എന്നിട്ടും മോഡിയെ ന്യായീകരിക്കുന്നിടത്തേയ്ക്ക് അവരുടെ മനസ്സെത്തുന്നു.മനുഷ്യനെ നിര്‍ദയം ചുട്ടു കൊല്ലുന്നു,വികസനത്തിന്റെ പൊടിക്കൈ പ്രയോഗത്തിലൂടെ കയ്യടി നേടുന്നു. ക്രൂരനായ മോഡി വികസന നായകനായ,സ്വീകാര്യതയുള്ള മഹാനായി പൊതു ബോധത്തില്‍ പ്രതിഷ്ടിക്കപ്പെടുന്നു. മോഡിയ്ക്ക് ലഭിക്കുന്ന ഈ സ്വീകാര്യത മന:ശാസ്ത്രയുദ്ധത്തില്‍ മോഡിയ്ക്ക് കീഴടക്കാനായ ഇന്ത്യന്‍ മനസ്സുകളെയാണ് അടയാളപ്പെടുത്തുന്നത്.

പ്രചരണത്തിന് വലിയ പ്രാധാന്യമായിരുന്നു ഹിറ്റ്‌ലര്‍ കല്‍പ്പിച്ചിരുന്നത്, ഗീബല്‍സിന്റെ പ്രചരണ തന്ത്രങ്ങളും ഹിറ്റ്‌ലര്‍ അവലമ്പിച്ച രീതിയും സാധാരണ വിശകലനം ചെയ്യപ്പെടുന്നവയാണ്. നരേന്ദ്രമോഡി ആധുനിക കാലത്തെ പ്രചരണോപാധികളെ ഫലപ്രദമായി ഉപയോഗിക്കുന്നുണ്ട് .വാര്‍ത്താ ദ്യശ്യ മാധ്യമങ്ങളില്‍ ഒതുങ്ങുന്നതല്ല മോഡിയുടെ പ്രചരണം. വിശാലമായ സൈബര്‍ ഹൈവേകളില്‍ മോഡിയുടെ ചുവരെഴുത്തുകള്‍ സജീവമാണ്. യൂ റ്റ്യൂബിലേക്കു കയറി നരേന്ദ്രമോഡിയെന്നോ ,മോഡിയെന്നോ സെര്‍ച്ചു ചെയ്താല്‍ മോഡിയുടെ അപദാനങ്ങള്‍ ആഘോഷപൂര്‍വം തെളിയും. സമൂഹത്തെ സാരമായി സ്വാധീനിക്ന്‍ക്കാന്‍ കഴിയുന്ന നവ മാധ്യമങ്ങളെ മോഡി വളരെ ഫലപ്രദമായി ഉപയോഗിക്കുന്നു. മോഡിയുടെ പ്രഭാഷണങ്ങള്‍, കാഴ്ച്ചപ്പാടുകള്‍ ഇങ്ങനെ സര്‍വതും ഈ സൈറ്റുകളില്‍ സജീവമാണ്. ജനങ്ങളുടെ പൊതു ബോധത്തെ നിര്‍മ്മിക്കുവാന്‍ സമര്‍ത്ഥമായ ഇടപെടലാണ് മോഡി നടത്തുന്നത് .ഇതില്‍ മോഡിയ്ക്കു നേടാനായ വിജയമാണ് നം കേള്‍ക്കുന്ന 'മോഡി ആരവങ്ങള്‍' സമൂഹത്തിന്റെ ഈ മാനസ്സികാവസ്ഥയെ മേല്‍ സൂചിപ്പിച്ച പുസ്തകത്തില്‍ വില്‍ഹം റീഹ് പ്രതിപാദിക്കുന്നുണ്ട്. പ്രതിലോമകരമായ ആശയത്തിനും വ്യക്തിയ്ക്കും കീഴില്‍ ജനങ്ങള്‍ അന്ധമായി അണിനിരക്കുന്നതെന്തുകൊണ്ട്?

(ജനങ്ങളുടെ നിലപാട് എപ്പോഴും, മുകളില്‍ നിന്നും പകര്‍ന്നു കൊടുക്കുന്ന ആശയങ്ങളാണു രൂപപ്പെടുത്തുന്നത് ) എന്ന് റീഹ് വിലയിരുത്തുന്നു. ഹിറ്റ്‌ലര്‍ പൊതു സമൂഹത്തിന്റെ നിലപാടിനെ തനിയ്ക്കനുകൂലമാക്കി മാറ്റാനുപയോഗിച്ച മന:ശാസ്ത്ര തന്ത്രങ്ങള്‍ തന്നെയാണ് മോഡിയും പ്രയോജനപ്പെടുത്തുന്നത്. സംഘപരിവാര്‍ പ്രത്യയശാസ്ത്രത്തിന്റെയും നാസിസത്തിന്റെയും പൊക്കിള്‍ക്കൊടി ബന്ധം നിരവധി തവണ അനാവരണം ചെയ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ മോഡിയുടെ ചാണക്യ തന്ത്രങ്ങള്‍ക്കും 'ഹിറ്റ്‌ലര്‍ സ്‌കൂളി'നോട് കടപ്പാടുണ്ടെന്ന് പുതിയ സംഭവ വികാസങ്ങള്‍ ശരിവയ്ക്കുന്നു. വിമര്‍ശിക്കേണ്ടവരെക്കൂടി തനിയ്ക്കനുകൂലമാക്കി മാറ്റുന്ന ഈ ചാണക്യ തന്ത്രം ജനിയ്ക്കുന്നത് പ്രധാനമന്ത്രി പദത്തിലേയ് ക്കുള്ള മോഡിയുടെ അടങ്ങാത്ത ആഗ്രഹത്തിലാണ്.മോഡിയുടെ പ്രധാനമന്ത്രിയാകാനുള്ള ആഗ്രഹം ഇല്ലായിരുന്നു എങ്കില്‍ ഒരു പക്ഷേ അദ്ദേഹം ഗുജറാത്ത് കലാപം ആസൂത്രണം ചെയ്യുമായിരുന്നില്ല. താന്‍ തീവ്ര ഹൈന്ദ രാഷ്ട്രീയത്തിന്റെ പ്രതീകമാണെന്ന് അടയാളപ്പെടുത്തുക മോഡിയുടെ ആവശ്യമായിരുന്നു. ഇന്ത്യന്‍ രാഷ്ട്രീയ ചരിത്രത്തില്‍ സംഘ പരിവാര്‍ നേട്ടം സമ്പാദിച്ചതൊക്കെയും തീവ്ര ഹിന്ദുത്വ അജണ്ട സ്വീകരിച്ചപ്പോഴായിരുന്നു.

1980 കള്‍ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ സംഘപരിവാറിന് ഓര്‍ത്തുവയ്ക്കാന്‍ പലതും നല്‍കിയ പതിറ്റാണ്ടായിരുന്നു. 1980 ല്‍ ഭാരതീയ ജനതാ പാര്‍ട്ടി രൂപീകരിയ്ക്കപ്പെട്ടു. 1985 ല്‍ ഷബാനു ബീഗം കേസ്സില്‍ മുസ്ലീം വ്യക്തി നിയമത്തെ ചോദ്യം ചെയ്ത് സുപ്രീം കോടതി വിധി വന്നു. തുടര്‍ന്ന് മുസ്ലീം സംഘടനകള്‍ വിധി മറികടക്കാനുള്ള നിയമനിര്‍മ്മാണത്തിനായി മുറവിളി കൂട്ടി. കേന്ദ്രം 'രിച്ചിരുന്ന കോണ്‍ഗ്രസ്സ് ഗവണ്മെന്റ് മുസ്ലീം വോട്ട് ബാങ്കില്‍ വിള്ളലുണ്ടാക്കാന്‍ ആഗ്രഹിച്ചില്ല. അവര്‍ സുപ്രീം കോടതി വിധിയെ മറികടക്കാന്‍ നിയമ നിര്‍മ്മാണം കൊണ്ടുവന്നു. ഇതിനെ മുസ്ലീം പ്രീണനമായി ചിത്രീകരിക്കാനും കേന്ദ്ര സര്‍ക്കാരിനെതിരെ സാമുദായിക ധ്രുവീകരണം സ്യഷ്ടിക്കുവാനും സംഘപരിവാര്‍ ശ്രമിച്ചു. കോണ്‍ഗ്രസ്സാകട്ടെ വോട്ടുബാങ്കും അധികാരവും മാത്രം മുന്നില്‍ കണ്ട് , ഹിന്ദു 'ഭൂരിപക്ഷത്തെ അനുകൂലമാക്കി നിര്‍ത്താന്‍ ബാബറി മസ്ജിദിന്റെ കവടം തുറന്നു കൊടുക്കാന്‍ മൗനാനുവാദം നല്‍കി.

ഈ സംഭവവികാസങ്ങള്‍ രാജ്യത്തെ കൂടുതല്‍ അസ്വസ്ഥതയിലേക്ക് തള്ളിവിട്ടു. രാജ്യത്തിന്റെ വിവിധ മേഖലകളില്‍ വര്‍ഗ്ഗീയ കലാപങ്ങളുണ്ടായി. ബി.ജെ.പി യുടെ യും ആര്‍. എസ്സ്.എസ്സിന്റെയും സഹായത്തോടെ വി.എച്.പി രാജ്യത്തുടനീളം ശിലാ ഘോഷയാത്രകള്‍ സംഘടിപ്പിച്ചു. സാമുദായിക സ്പര്‍ദ്ദ വ്യാപകമാക്കി ശില ഘോഷയാത്ര നടന്നു. 1989 ഒക്‌ടോബര്‍ നവമ്പര്‍ മാസങ്ങളില്‍ സ്വതന്ത്ര ഭാരതം കണ്ട വലിയ വര്‍ഗ്ഗീയ കലാപങ്ങള്‍ക്ക് രാജ്യം സാക്ഷ്യം വഹിച്ചു. ഈ കലാപാന്തരീക്ഷത്തിലായിരുന്നു 1989 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ രണ്ടു സീറ്റില്‍ നിന്നും 85 സീറ്റിലേയ്ക്ക് ബിജെപി യ്ക്ക് വളരാനായി . ഈ കാലയളവില്‍ അവര്‍ പ്രതിനിധാനം ചെയ്ത തീവ്ര ഹിന്ദുത്വ രാഷ്ട്രീയതിന്റെ ബലത്തിലായിരുന്നു ഈ നേട്ടം എന്നത് വ്യക്തമാണ്. ഈ വിജയം സഘപരിവാരിനു നല്‍കിയ ആത്മവിശ്വാസത്തിന്റെ നിറവിലായിരുന്നു ബാബറി മസ്ജിദ് തകര്‍ക്കാന്‍ അവര്‍ കോപ്പു കൂട്ടിയത് .

രാജ്യ വ്യാപകമായി തീവ്ര മതവികാരം ഇളക്കി വിട്ടു. 'ഹിസ്റ്റീരിയ പോലെ രാമ ജന്മഭൂമി പ്രശ്‌നം രാജ്യത്ത് കത്തിപ്പടര്‍ന്നു. രാമജന്മ ഭൂമിയെ കുറിച്ചുള്ള വാഗ്വാദത്തില്‍ മുഴച്ചു നില്‍ക്കുന്നത് കറ കളഞ്ഞ ഹിസ്റ്റീരിയയാണ്. ബാബറി മസ്ജിദ് പൊളിക്കുന്നതിനുള്ള എല്ലവിധ അവകാശവും ഹിന്ദുക്കള്‍ക്കുണ്ടെന്നു തെളിയിക്കാന്‍ കടുത്ത വര്‍ഗ്ഗീയ വാദികളും വ്യാജ പണ്ഡിതന്മാരും മൂരത്ത സാംസ്‌കാരിക ശൂന്യരും ഒന്നിച്ച് ചേര്‍ന്നിരിക്കുന്നു'. (ടൈംസ് ഓഫ് ഇന്ത്യയുടെ ഒരു മുതിര്‍ന്ന ലേഖകന്‍ എഴുതിയത്, ഒരു ഇന്ത്യന്‍ മുസ്ലീമിന്റെ സ്വതന്ത്ര ചിന്തകള്‍/ അസ്ഗര്‍ അലി എഞ്ചിനീയര്‍) രാമ ജന്മഭൂമി ഒരു ഹൈന്ദവ പൊതുബോധമായി വളര്‍ന്നതിനെ കുറിച്ചാണ് മേല്‍ ഉദ്ധരണി സൂചിപ്പിക്കുന്നത്. രാജ്യത്തുടനീളം സംഘപരിവാര്‍ കര്‍സേവകരെ സംഘടിപ്പിച്ചു പരിശീലനം നല്‍കി. പരസ്യമായി അയോദ്ധ്യയിലേക്ക് നീങ്ങി. 1992 ഡിസമ്പര്‍ 6 ന് ബാബറി മസ്ജിദ് തകര്‍ത്ത് തരിപ്പണമാക്കി.; ഇന്ത്യന്‍ മതേതരത്വവും. അധികമാര്‍ക്കും യോജിക്കാനാകാത്ത ഈ വിധ്വംസക പ്രവര്‍ത്തനത്തിലൂടെ സംഘപരിവാര്‍, ആരും തൊടാതെ ചിതലരിച്ചു പോയില്ല അവര്‍ വളര്‍ന്നു ഇന്ത്യയുടെ അധികാരത്തിലേയ്ക്ക്…, വിവിധ സംസ്ഥാനങ്ങള്‍ ഭരിച്ചു , ഇന്നും രാജ്യത്തെ പ്രധാന പ്രതിപക്ഷമായി ബിജെപി യ്ക്ക് തുടരാനാകുന്നു.

ബിജെപിയ്ക്ക് വളരാന്‍ സാമുദായിക സ്പര്‍ദ്ദയും തീവ്ര മതവികാരവും അത്യന്താപേക്ഷിതമാണ്. ഈ രസതന്ത്രം നന്നായറിയാം,നരേന്ദ്ര മോഡിയ്ക്ക്. ഗുജറാത്ത് കലാപത്തിനു മുമ്പ് വരെ മോഡി ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ സജീവമായ സ്ഥാനം അടയാളപ്പെടുത്തിയിരുന്നില്ല . വാജ്‌പേയിയേയും അദ്വാനിയേയും സുഷമാ സ്വരാജിനേയും അറിയുന്നതു പോലെ മോഡിയെ ആരുമറിഞ്ഞിരുന്നില്ല ചുരുങ്ങിയ കാലയളവിനുള്ളില്‍ മോഡി ഇവര്‍ക്കെല്ലാം മുകളില്‍ പ്രതിഷ്ടിക്കപ്പെട്ടു.

ഗുജറാത്തില്‍ മോഡി നടത്തിയത് ഭാവിയിലേയ്ക്കുള്ള തന്റെ പട്ടാഭിഷേകത്തിനുള്ള കുരുതിയായിരുന്നുവോ? എന്തുകൊണ്ട് മോഡിയുടെ വികസനം ഗുജറാത്ത് കലാപത്തിനു മുമ്പ് ചര്‍ച്ച ചെയ്യപ്പെട്ടില്ല? അംബാനിമാര്‍ അന്നെന്തുകൊണ്ട് മോഡിയ്ക്കായി ശബ്ദമുയര്‍ത്തിയില്ല ? അനേകം മനുഷ്യരുടെ കുരുതിയ്ക്കു കാരണക്കാരനായ ഒരാള്‍ ആ ചോരയുടെ ചെലവില്‍ വീണ്ടും മുഖ്യമന്ത്രിയാകുന്നു. ഇപ്പോഴിതാ രാജ്യത്തിന്റെ പ്രധാന മന്ത്രി സ്ഥാനാര്‍ഥിയാകാന്‍ കച്ചകെട്ടി നില്‍ക്കുന്നു. ഗുജറാത്ത് കലാപം മോഡിയെന്ന രാഷ്ട്രീയ ചാണക്യന്റെ ദയാരഹിതമായ മൂലധന നിക്ഷേപമായിരുന്നു. സംഘപരിവാറിനും നരേന്ദ്ര മോഡിയ്ക്കും ബാബറി മസ്ജിദും ഗുജറാത്തും രാഷ്ട്രീയക്കുതിപ്പിനുള്ള രാസത്വരകമായിരുന്നു.

ഇതെഴുതിയവസാനിപ്പിക്കുമ്പോള്‍ പണ്ടെപ്പൊഴോ എവിടെയോ വായിച്ച വരികള്‍ ഓര്‍മ വരുന്നു…

'സിംഹാസനത്തിലേയ്ക്കുള്ള വഴിയില്‍ വീണുരുളുന്ന തലകള്‍ ഒരിയ്ക്കലും ശത്രുക്കളുടേതല്ല ; നിസ്സഹായരും നിരപരാധികളുമായ സ്വന്തം പൗരന്മാരുടേതാണ്. ചോരപ്പുഴകള്‍ നീന്തിക്കയറി കിരീടങ്ങള്‍ നേടിയവരെല്ലാം ആ ചരിത്രവും ചാമരവും ചെങ്കോലും നിലനിര്‍ത്താന്‍ കൊടുക്കുന്നതും സ്വന്തം പ്രജകളെത്തന്നെ...ചുരുക്കത്തില്‍ ഓരോ ഏകാധിപതിയും സ്വന്തം ജനങ്ങളുടെ ചോരയില്‍ കിളിര്‍ക്കുന്നു, ആ ചോര കുടിച്ചു ഭരിച്ചു മദിക്കുന്നു, മറ്റൊരു ചോരപ്പുഴയിലേയ്ക്ക് വീണ്ടും ജനതയെ എറിഞ്ഞുകൊടുത്ത് മുങ്ങിച്ചാകുന്നു...'