K G Suraj

അതിജീവനത്തിന്റെ 'കാട്ടാക്കട'പ്പാഠങ്ങള്‍

നിസ്വവര്‍ഗ്ഗത്തിന്റെ വിമോചനപ്പോരാളി ഏണസ്റ്റോ ചെ ഗുവേരയുടെ ചിത്രം കോളേജ് ഗ്രൌണ്ടില്‍ ആലേഖനം ചെയ്തതിന്റെ പേരില്‍ കാട്ടാക്കട കൃസ്ത്യന്‍ കോളേജ് മാനേജ്മെന്റ് എട്ടു വിദ്യാര്‍ത്ഥികളെയാണ് പുറത്താക്കിയത്. ചെ ഗുവേര ഭീകരവാദിയാണെന്നതാണ് നടപടിക്കാധാരമായി മാനേജ്മെന്റ് ഉയര്‍ത്തിയ വാദം. നിരര്‍ത്ഥകവും നീതിരഹിതവും പക്ഷപാതപരവുമായ പുറത്താക്കല്‍ നടപടി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് എസ് എഫ് ഐ യ്യുടെ നേതൃത്വത്തില്‍ സമാധാനപരമായി നടന്ന അനിശ്ചിതകാല നിരാഹാര സത്യാഗ്രഹം പതിനഞ്ചാം ദിവസത്തിലേക്ക് പുരോഗമിക്കവേയാണ് അഭിപ്പ്രായ / ആവിഷ്ക്കാര / പഠന സ്വാതന്ത്രങ്ങള്‍ക്കായുള്ള സാംസ്ക്കാരിക സഹനത്തിനു മുന്‍പില്‍ മാനേജ്മെന്റിനു സമരസപ്പെടേണ്ടി വന്നത്.

വിദ്യാര്‍ത്ഥികളുടെ പഠനാവകാശത്തിനായുള്ള പോരാട്ടത്തെ പുരോഗമന ജനാധിപത്യ പ്രസ്ഥാനം ഹാര്‍ദ്ദവമായാണ്‌ പിന്‍തുണച്ചത്. കക്ഷി രാഷ്ട്രീയഭേദങ്ങള്‍ക്കതീതമായി സാംസ്ക്കാരിക ലോകം ഒന്നാകെ കുട്ടികളോടൈക്യദാര്‍ഢ്യപ്പെട്ടു. സാമൂഹ്യ ശൃംഖലകളിലടക്കം കാട്ടാക്കടയിലെ ചെഗുവേരമാരുടെ ചരിത്ര സമരം വിപുലമായ ചര്‍ച്ചകള്‍ക്കു വിധേയമായി. അടിസ്ഥാന വര്‍ഗ്ഗത്തിന്റെ ആശയപ്രപഞ്ചങ്ങളെ സംവേദിപ്പിക്കുന്ന; കലയും, സാഹിത്യവും, സിനിമയുമെല്ലാം കനത്ത വെല്ലുവിളികള്‍ക്കു വിധേയമാകുന്ന അധിനിവേശത്തിന്റെ സമകാലീനതയില്‍ സാംസ്ക്കാരിക സഹനത്തിലൂടെ 'കാട്ടാക്കട' സംഘടിപ്പിച്ച ധീരമായ അതിജീവനം, ഉജ്വലമായൊരു സമര മാതൃകയെയാണ് വിളംബരം ചെയ്യുന്നത്. ഗാന്ധിയന്‍ സമര മാര്‍ഗ്ഗത്തിലൂടെ ചെ ഗുവേരയെ നെഞ്ചോടു ചേര്‍ത്ത 'കാട്ടക്കട'യുടെ രീതിശാസ്ത്രം കലാകാരന്റെ സ്വാതന്ത്രത്തെ പാടേ നിഷേധിക്കുന്ന സാമ്രാജ്യത്വ ദാസ്യതക്ക് പാഠവും വെളിച്ചവുമാകേണ്ടതുണ്ട്.

സാംസ്ക്കാരിക ഇടപെടലുകളുടെ ചിറകുകളരിയുന്ന ഇന്ത്യന്‍ സാഹചര്യങ്ങളില്‍ , 'കാട്ടാക്കട'യുടെ സവിശേഷ പാശ്ചാത്തലത്തില്‍ , "കലാകാരന്റെ സ്വാതന്ത്രവും മനുഷ്യാവകാശങ്ങളും" എന്ന വിഷയം മുന്‍നിര്‍ത്തി, 'സര്‍ഗ്ഗാത്മകവും സംവാദാത്മകവുമായ ഇടപെടലുകള്‍ , 'അക്ഷരം മാസിക', തുടരുകയാണ്. അന്വേഷണങ്ങളെ, ആശയ - സാംസ്ക്കാരിക വിനിമയങ്ങളാല്‍ സമ്പുഷ്ടമാക്കുമല്ലോ.

സ്നേഹാദരങ്ങളോടെ

കെ ജി സൂരജ്

ചീഫ് എഡിറ്റര്‍