Dr Sofiya Kanneth

പെണ്ണിറച്ചി രുചിച്ചു ഭുജിക്കുന്നവരോട്

 




" പെണ്ണിറച്ചിക്കൊതിയരവരുടെ നാവു ചൂഴ്ന്നെടുക്കണം .


കണ്ണിലിത്തിരി ചോരയുള്ളോരതിനു ചേര്‍ന്നു നില്‍ക്കണം .. "


സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ അതിക്ക്രമണങ്ങള്‍ അനുദിനം വര്‍ദ്ധിക്കുകയാണ് . ഭരണഘടന ഉറപ്പു നല്‍ന്ന തുല്യ നീതിയും അവസര സമത്വവും നിഷേധിക്കപ്പെട്ടുകൊണ്ടേയിരിക്കുന്നു. സ്ത്രീകളുടെ ജീവനും സുരക്ഷയും സമാധാനപൂര്‍ണ്ണമായ ജീവിതവും ഉറപ്പാക്കേണ്ട ഭരണകൂടം അതു ഫലപ്രദമമായി നടപ്പിലാക്കുന്നതില്‍ നിരന്തരം പരാജിതമാകുന്നതിന്റെ ഉദാഹരണങ്ങള്‍ രാജ്യമാസകലം സ്ത്രീകള്‍ക്കു നേരെ നടക്കുന്ന കടന്നാക്ക്രമണളുടെ പാശ്ചാത്തലത്തില്‍ പൊതു ലോകം തിരിച്ചറിയുന്നു. അതീവ സങ്കീര്‍ണ്ണവും ഗുരുതരവുമായ പ്രസ്തുത സാഹചര്യം വ്യവസ്ഥിതിയുടെ പുനരവലോകനവും പുനക്രമീകരണവും ആവശ്യപ്പെടുന്നു . സ്ത്രീകളുടെ സ്വാതന്ത്ര്യവും മനുഷ്യാവകാശങ്ങളും ജലരേഖയാകുന്ന ഓരോ അനുഭവത്തിനും വ്യവസ്ഥാപിതവല്‍ക്കരണത്തിനും കമ്പോളവല്‍ക്കരണത്തിനും വിധേയമായ മത - ഭരണ - നീതിന്യായവ്യവസ്ഥകള്‍ ഉത്തരവാദികളാണ്.


"എനിക്ക് പഠിക്കണം ,ഇതെന്റെ സമ്മതം ഇല്ലാതെ നടന്ന വിവാഹമായിരുന്നു.."


- കോഴിക്കോട്ടെ പെണ്‍കുട്ടി -


മുസ്ലിം പെണ്‍കുട്ടികളുടെ വിവാഹപ്രായം പതിനാറാക്കി നിജപ്പെടുത്തുന്ന സര്‍ക്കാര്‍ ഉത്തരവിന്റെ സാമൂഹ്യവും സാമ്പത്തികവും രാഷ്ട്രീയവുമായ മാനങ്ങള്‍ പെണ്‍കുട്ടികളില്‍ പൊതുവിലും കുടുംബങ്ങളെ വിശേഷിച്ചും എങ്ങിനെ ബാധിച്ചിരിക്കുക എന്നത് ചുങ്കത്തറയില്‍ നടന്ന നിയമവിരുദ്ധ അറബിക്കല്യാണണത്തിന്റെ പശ്ചാത്തലത്തില്‍ സൂക്ഷ്മ തല വിശകലനങ്ങള്‍ക്ക് വിധേയമാകേണ്ടതുണ്ട്. ചുങ്കത്തറ ദാറുന്നജാത്ത് എഡ്യൂക്കേഷണല്‍ ട്രസ്റ്റിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന അറബിക്ക് കോളേജില്‍ വെച്ചാണ് തിരുവനന്തപുരം നന്തന്‍കോട് സ്വദേശിനിയും കോഴിക്കോട്ടെ സിയസ്ക്കോ യത്തീംഖാന അന്തേവാസിയുമായ പതിനേഴുകാരി യുവതിയെ ചുങ്കത്തറയിലെത്തിച്ച് 26 കാരനായ സൗദി യുവാവ് അല്‍ഹിന്ദ്‌ വയാഹ് അബ്ദുള്‍ മജീദ്‌ദിന് വിവാഹം ചെയ്തു കൊടുത്തത്. വിവാഹം രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുള്ളതായി മണിമൂളി സലഫി മസ്ജിദ് രേഖകളും സാക്ഷ്യപ്പെടുത്തുന്നു.


16 ദിവസം പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഇയ്യാള്‍ നാട്ടിലേക്കു മടങ്ങുകയായിരുന്നു.ചെറുപ്പത്തില്‍ തന്നെ ഉപ്പയെ നഷ്ടമായ പെണ്‍കുട്ടി ഏറെ കഷ്ടപ്പെട്ടാണ് പഠിച്ചത്. തുണികള്‍ തയ്ച്ച് വീടുകളില്‍ കൊണ്ടുപോയി വില്‍ക്കുന്ന ജോലിയായിരുന്നു ഉമ്മയ്ക്ക്. ദാരിദ്ര്യം താങ്ങാനാകാതെയാണ് മകളെ കോഴിക്കോട് മുഖദാറിലുള്ള യത്തീംഖാനയില്‍ ചേര്‍ത്തത്. ഒന്നാംക്ലാസ് മുതല്‍ ഈ അനാഥാലയത്തിലാണ് പെണ്‍കുട്ടി പഠിച്ചിരുന്നത്. കഴിഞ്ഞ പ്ലസ് ടു പരീക്ഷയില്‍ 70 ശതമാനത്തിലേറെ മാര്‍ക്കു നേടി . വീണ്ടും പഠിക്കണമെന്നും നല്ലൊരു ജോലി നേടണമെന്നും ആഗ്രഹിച്ച പെണ്‍കുട്ടിയെ യത്തീഖാന അനധികൃതരും മറ്റുള്ളവരും ചേര്‍ന്ന് അറബിക്കല്ല്യാണത്തിനു ബലിനല്‍കുകയായിരുന്നു . വരന്‍ അറബിയാണെന്ന കാര്യം മറച്ചുവെച്ചാണ് അനാഥാലയം അധികൃതര്‍ പെണ്‍കുട്ടിയുടെ വിവാഹം നടത്തിയതെന്നാണ് രേഖകള്‍ വ്യക്തമാക്കുന്നത്. കോഴിക്കോട്ടെ മര്‍ക്കസുദ്ധഅ്‌വ എന്ന സ്ഥാപനം നല്‍കിയ വിവാഹ സര്‍ട്ടിഫിക്കറ്റിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. യു.എ.ഇ പൗരനായ ജാസിം മുഹമ്മദ് എന്നയാളുടെ പേരിനൊപ്പം മേല്‍വിലാസമായി നല്‍കിയിരിക്കുന്നത് എടയത്തുകുഴി പറമ്പ് നായിപ്പാലം കല്ലായി കോഴിക്കോട് എന്നാണ്.



പെണ്‍കുട്ടിയുടെ ഉമ്മ സംസ്ഥാന മനുഷ്യാവകാശക്കമ്മീഷനു നല്‍കിയ പരാതി ഞെട്ടിക്കുന്നതാണ്. യത്തീംഖാനയിലേക്കു വിളിച്ചുവരുത്തിയാണ് വിവാഹക്കാര്യം സംസാരിച്ചത്. അറബിയായതിനാല്‍ വിവാഹത്തിനു തയ്യാറായിരുന്നില്ല. തുടര്‍ന്ന് മകളെ യത്തീംഖാനയില്‍ നിന്നും ഇറക്കിവിടുമെന്ന് ഭീഷണിപ്പെടുത്തി. വിവാഹത്തിനു സമ്മതിച്ചാല്‍ വ്യക്തിപരമായും യത്തീംഖാനക്കും ഗുണമുണ്ടാകുമെന്നുമുള്ള സംഭാഷണത്തിന്റെ അടിസ്ഥാനത്തിലാണ് വിവാഹത്തിനു തയ്യാറായതെന്നും പിന്നീട് യത്തീംഖാന അധികൃതര്‍ വെള്ളപ്പേപ്പറില്‍ ഒപ്പിടിവിച്ചു വാങ്ങുകയും വിവാഹശേഷം മകളെ കാണാനനുവദിച്ചില്ലെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. പെണ്‍കുട്ടി ശിശുക്ഷേമസമിതിക്കു നല്‍കിയ പരാതിയിലൂടെ വിവരങ്ങള്‍ പൊതുലോകമറിയുകയായിരുന്നു. പ്രൊട്ടക്ഷന്‍ ഓഫ് ചില്‍ഡ്രണ്‍സ് ഫ്രം സെക്സ്വല്‍ ഒഫന്‍സ്‌ ആക്ട് 7 , 8 പ്രകാരമാണ് പ്രതികള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത് . നിലവിലെ വകുപ്പുകള്‍ പ്രകാരം 3 മുതല്‍ 5 വര്‍ഷം വരെ തടവു ശിക്ഷയാണു ലഭിക്കുക. 5 , 6 വകുപ്പുകള്‍ കൂടി ചേര്‍ത്തിരുന്നെങ്കില്‍ ജീവപര്യന്തമോ പത്തു വര്‍ഷത്തില്‍ കുറയാതെ തടവോ ലഭിക്കുമായിരുവെന്ന് നിയമ വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടുന്നു.


ജില്ലാ സാമൂഹ്യ ക്ഷേമ സമിതിയുടെ തെളിവെടുപ്പില്‍ മുസ്ലിം പെണ്‍കുട്ടികളുടെ വിവാഹപ്പ്രായം സര്‍ക്കാര്‍ പതിനാറാക്കിയ പശ്ചാത്തലത്തിലാണ് വിവാഹം നടത്തിക്കൊടുത്തതെന്ന് യത്തീംഖാന അധികൃതര്‍ മൊഴി നല്‍കിയിരിക്കുന്നു. സ്വാഭാവികമായും ഇത്തരമൊരു നിയമനിര്‍മ്മാണത്തിനു നേതൃത്വം നല്‍കിയ യൂ ഡി എഫിനും ബന്ധപ്പെട്ട കുറ്റകൃത്യത്തില്‍ ധാര്‍മ്മിക പങ്കാളിത്തമുണ്ട് . ബന്ധപ്പെട്ട മതസ്ഥാപനത്തിന്റെ സര്‍ട്ടിഫിക്കറ്റു ഹാജരാക്കിയാല്‍ 18 തികയാത്ത പെണ്‍കുട്ടികളുടെ വിവാഹം രജിസ്റ്റര്‍ ചെയ്തുകൊടുക്കണമെന്നാണ് തദ്ദേശവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ജെയിംസ് വര്‍ഗീസ് തദ്ദേശസ്ഥാപനങ്ങളിലെ രജിസ്ട്രാര്‍മാരോട് ആദ്യ സര്‍ക്കുലറിലൂടെ നിര്‍ദേശിച്ചിച്ചത് . എന്നാല്‍ ഇത് വിവാദമായ പശ്ചാത്തലത്തില്‍ പിന്നീട് പുതുക്കിയ സര്‍ക്കുലര്‍ പുറപ്പെടുവിക്കുകയായിരുന്നു. നിര്‍ധനയും നിരാലംബയുമായ പെണ്‍കുട്ടിയെ യാത്തീംഖാനയുടെ കാര്‍മ്മികത്വത്തില്‍ തന്നെ പീഡനത്തിനു വിധേയമാക്കിയിട്ടും മുസ്ലിം ലീഗും ഇതുവരെ പ്രതികരിച്ചിട്ടില്ല.



കേരളത്തിലാകെ 18 വയസ്സിനു മുന്‍പ് വിവാഹിതരാകുകയും വിവാഹമോചിതരാകുകയും ചെയ്യുന്ന പെണ്‍കുട്ടികളുടെ എണ്ണം ആശങ്കാജനകമാംവിധം വര്‍ദ്ധിക്കുകയാണ്. വിവാഹ മാര്‍ക്കറ്റില്‍ പെണ്ണിന്റെ പ്രധാനമായ ഡിമാന്റ് മൂലകമാണ് പ്രായം. തൊഴില്‍ , വിദ്യാഭ്യാസം തുടങ്ങിയവ നിലവിലെ നെറികെട്ട സാമൂഹ്യവ്യവസ്ഥിതിയുടെ സവിശേഷതകളാല്‍ പരിഗണിക്കപ്പെടുന്നതേയില്ല. സ്വാഭാവികമായും മൂപ്പേറും മുന്‍പേ കെട്ടിച്ചു വിടുകയെന്നതാണ് സ്ത്രീധനത്തിന്റെ ആഘാതം ലഘൂകരിക്കുന്നതിനുള്ള പ്രധാന മാര്‍ഗ്ഗം . ആഗോളീകരിക്കപ്പെട്ട പൊതുജീവിതത്തിന്റെയും ധനമൂലധന ശക്തികളുടെ ബാലാബലങ്ങളുടേയും ഗുണിത ഹരിതങ്ങളിലാണ് മതഭേദമെന്യേ ഓരോ പെണ്‍കുട്ടിയുടെ ജീവിതവും. തിരഞ്ഞെടുക്കലുക്കള്‍ക്കുള്ള സ്വാതന്ത്രമോ അഭിപ്പ്രായപ്രകടനത്തിനുള്ള ന്യായമായ അവസരങ്ങളോ അവര്‍ക്ക് നിഷേധിക്കപ്പെട്ടുകൊണ്ടിരിക്കുന്നു.



ബന്ധങ്ങള്‍ രൂപപ്പെടുന്നതും നിലനില്‍ക്കപ്പെടുന്നതുമെല്ലാം സാമ്പത്തിക മാനങ്ങളുടെ അടിസ്ഥാനത്തിലാണെന്ന് കൃത്യമായി കാണാനാകും. വിവാഹപ്പ്രായം സംബന്ധിച്ച് സര്‍ക്കാര്‍ പ്രസിദ്ധീകരിച്ച ഉത്തരവ് അടിമുടി അശാസ്ത്രീയവും അബദ്ധജലിടവുമാണ്. അത്തരം ഒരു നിയമനിര്‍മ്മാണം നടപ്പിലാക്കുമ്പോള്‍ അതെങ്ങിനെയാണ് കേവലം മുസ്ലിം പെണ്‍കുട്ടികള്‍ക്കുമാത്രമായി നിജപ്പെടുത്തുക ? ഇതര മതവിഭാഗങ്ങളില്‍ നിന്നും വിഭിന്നമായി മുസ്ലിം പെണ്‍കുട്ടികളുടെ ശാരീരികവും മാനസികവുമായ തലങ്ങള്‍ക്ക് എന്തു വ്യത്യാസമാണുള്ളത്. ഭരണഘടന പ്രകാരം മതഭേദമെന്യേ നിയമപരമായും ഇതര നിലകളിലും തുല്യനിലയില്‍ പരിഗണിക്കപ്പെടേണ്ട പൊതുസമൂഹത്തെ ഭിന്നതയിലാക്കുന്നതിനും മുഖ്യധാരയില്‍ നിന്നും മുസ്ലിം പെണ്‍കുട്ടികളുടെ പാര്‍ശവല്‍ക്കരണത്തിനും മാത്രമേ കമ്പോളവല്‍ക്കരിക്കപ്പെട്ട മത - രാഷ്ട്രീയ അച്ചുതണ്ടില്‍ രൂപം കൊള്ളുന്ന ഇത്തരം അപമാനകരമായ നിയമ നിര്‍മ്മാണങ്ങള്‍ കാരണമാകൂ. ശൈശവ വിവാഹങ്ങളിലൂടെ പെണ്‍കുട്ടിക്കു നഷ്ടമാകുന്നത് അവളുടെ വിദ്യാഭ്യാസവും സ്വാതന്ത്രവുമാണ്.


18 വയസ്സ് തികയാത്ത പെണ്‍കുട്ടിയെ വിവാഹം കഴിക്കുന്നതോ , വിവാഹം നടത്തിക്കൊടുക്കുന്നതോ , വിവാഹത്തില്‍ പങ്കെടുക്കുന്നതോ നിയമപരമായി ശിക്ഷാര്‍ഹമാണ്. എന്നാല്‍ ജാതി മതഭേദമെന്യേ സംസ്ഥാനത്താകെ നടമാടുന്ന ഈ കൊടിയ അനീതിക്കെതിരെ ശക്തവും സമയബന്ധിതവുമായ നടപടികള്‍ ഉണ്ടാകുന്നതേയില്ല. സംസ്ഥാനത്താകെ 5000 നു മുകളില്‍ ശൈശവ വിവാഹങ്ങള്‍ നടക്കുന്നുണ്ടെന്നാണ് സാമൂഹ്യ ക്ഷേമ വകുപ്പിന്റെ കണക്കുകള്‍ സൂചിപ്പിക്കുന്നത് . എന്നാല്‍ യഥാര്‍ഥ കണക്കുകള്‍ ഇതിനും എത്രയോ മീതെയായിരിക്കും പ്രായപൂര്‍ത്തിയാകാത്ത കാലത്തു സ്വന്തം ഇഷ്‌ടപ്രകാരമല്ലാതെ നടന്ന വിവാഹത്തെ പ്രായപൂര്‍ത്തിയായശേഷം ചോദ്യംചെയ്യാനും റദ്ദാക്കാനുമുള്ള സ്വാതന്ത്ര്യം ശൈശവ വിവാഹ നിരോധന നിയമം പെണ്‍കുട്ടികള്‍ക്കു നല്‍കുന്നുണ്ട്‌.


മതവിശ്വാസത്തിന്റെ അടിസ്ഥാനത്തില്‍ സംഘടിപ്പിക്കപ്പെട്ട യത്തീംഖാനാ അധികൃതര്‍ പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയായിരിക്കണമെന്ന എന്ന് ഖുറാന്‍ നിഷ്ക്കര്‍ഷയെ ഏതു നിലയിലാണ് പരിഗണിക്കുന്നത് .


"അനാഥകളോട് എങ്ങനെ വര്‍ത്തിക്കണമെന്നും നിന്നോടവര്‍ ചോദിക്കുന്നു; പറയുക, എങ്ങനെ വര്‍ത്തിക്കുന്നതാണോ അവര്‍ക്ക് ഗുണകരം, അങ്ങനെ വര്‍ത്തിക്കുന്നതാകുന്നു ഉല്‍കൃഷ്ടമായിട്ടുള്ളത്." ഖുര്‍ആന്‍(2:220)


'സ്ത്രീധനം എന്ന മഹാ തിന്മയെ ഇസ്ലാം പരിപൂര്‍ണമായും നിഷേധിക്കുന്നുണ്ട്.' എന്നിട്ടും മതപണ്ഡിതര്‍ പോലും അതുപ്രാവര്‍ത്തികമാക്കാന്‍ ആവശ്യമായ നടപടികള്‍ കൈക്കൊള്ളുന്നില്ല. ഇസ്ലാമിക ആചാര പ്രകാരം നിക്കാഹ് ചെയ്തു കൊടുക്കുന്നത് പള്ളിയിലെ ഖാളിയാണ്. ശൈശവ വിവാഹത്തിന്റെ അടക്കം പിന്നിലെ മൂലകാരണമായ സ്ത്രീധനമെന്ന കാട്ടുനീതിയെ തുടച്ചു നീക്കാന്‍ അവര്‍ പോലുമെന്തുകൊണ്ട് നേതൃത്വം നല്‍കുന്നില്ല ?


" സ്ത്രീയുടെ സമ്മതമോ അനുവാദമോ ആരായാതെ നടത്തപ്പെടുന്ന ഏകപക്ഷീയമായ വിവാഹങ്ങളെ ഇസ്ലാം അംഗീകരിക്കുന്നില്ല. ഇണകളുടെ മനഃപൊരുത്തം അന്വേഷിക്കുകയും അവര്‍ക്ക്‌ തൃപ്തികരമെങ്കില്‍ മാത്രം വിവാഹം നടത്തുകയും ചെയ്യുന്നതിനെയാണ്‌ ദീന്‍ അനുകൂലിക്കുന്നത്‌.


പ്രവാചകന്‍ (സ) പ്രസ്താവിച്ചു: "


" വിധവയുടെ കാര്യം തീരുമാനിക്കാനുള്ള അധികാരം അവള്‍ക്കു തന്നെയാണ്‌; രക്ഷിതാവിനല്ല. കന്യകയെ വിവാഹം ചെയ്തുകൊടുക്കുമ്പോള്‍ അവളുടെ സമ്മതം ആരായേണ്ടതുമുണ്ട് "


ഇതെല്ലാമാണ് ഖുറാന്‍ നിഷ്ക്കര്‍ഷിച്ചതെങ്കില്‍ കോഴിക്കോട്ടെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ, കുട്ടിയുടെ ഇംഗിതം അവഗണിച്ച് , വിവാഹം നടത്തിക്കൊടുക്കാന്‍ കൂട്ടുനിന്നത് 'നിന്ദ'യല്ലാതാകുന്നതെങ്ങനെ ?



മതത്തേയും ദാരിദ്രത്തേയും സാമ്പത്തിക/ ലൈംഗിക ചൂഷണങ്ങള്‍ക്കുള്ള ഉപാധിയായി ഉപയോഗിക്കുന്ന ഇത്തരം കപട - ആത്മീയ/ മതവാദികള്‍ക്കും - അതിനു ചൂട്ടു പിടിക്കുന്ന നെറികെട്ട നീതിന്യായ - രാഷ്ട്രീയ ബാന്ധവത്തിന്റെയും സന്ധിബന്ധങ്ങളില്‍ പെണ്‍ഹിതത്തിന്റെ ചുറ്റികപ്രഹരങ്ങളേല്‍ക്കേണ്ടതുണ്ട്. നിഷ്കളങ്കരായ മതവിശ്വാസികള്‍ക്കും മാതൃകാപരമായ നിലയില്‍ മനുഷ്യ സ്നേഹത്തിന്റെ പ്രതിരൂപമായി നിരാലംബാരെ പിന്തുണക്കുന്ന വിവിധ മതവിശ്വാസം വെച്ചു പുലര്‍ത്തുന്നവര്‍ക്കും നാസ്തികര്‍ക്കുമെല്ലാം അപമാനമാണീ കച്ചവടക്കാര്‍ .


കോഴിക്കോട്ടെ പെണ്‍കുട്ടി ഒരു പ്രതീകമാണ്. ജാതി മത ഭേദമന്യേ പുരുഷാധിപത്യ വ്യവസ്ഥിതി ചൂഷണത്തിനു വിധേയപ്പെടുത്തുന്ന ഓരോ പെണ്ണിന്റെയും നേര്‍രൂപം . പ്രതിസന്ധികളിലും പ്രതിബിംബങ്ങളിലുമെങ്കിലും അവള്‍ തന്റെ വിദ്യാഭ്യാസം പൂര്‍ത്തീകരിക്കുന്നതിനും മികച്ച തൊഴില്‍ കണ്ടെത്തുന്നതിനും ആഗ്രഹിക്കുന്നു. അതിനാവശ്യമായ പിന്തുണയും ശക്തിയും പൊതുസമൂഹം നിര്‍ബന്ധം പകരേണ്ടതുണ്ട് . പെണ്ണിനു തുല്യ നീതിയും സാമ്പത്തിക / രാഷ്ട്രീയ സ്വാതന്ത്രവും ഉറപ്പാക്കാനുന്നതിന് സ്ത്രീയും പുരുഷനും തോളോടു തോള്‍ ചേര്‍ന്ന മുന്നേറ്റങ്ങളാണാവശ്യം . അതിനായുള്ള ക്രിയാത്മകവും സര്‍ഗ്ഗാതമകവുമായ സംവാദങ്ങളിലേക്ക് നമുക്കൈക്യദാര്‍ഡ്യപ്പെടാം; പൊതു ഇടങ്ങളെ സജ്ജമാക്കാം.