Divya Chandrasobha

വിദ്യാര്‍ത്ഥി രാഷ്ട്രീയം : കോടതികളോട് പറയുവാനുള്ളത്

വിദ്യാര്‍ത്ഥി രാഷ്ട്രീയത്തെ ആര്‍ക്കാണിത്ര ഭയം



വിദ്യാര്‍ത്ഥി രാഷ്ട്രീയം നിരോധിച്ചുകൊണ്ടുള്ള ഹൈക്കോടതി ഉത്തരവിലൂടെ മുഴങ്ങുന്നത് ഇന്ത്യന്‍ ജനാധിപത്യത്തിന്റെ മരണമൊഴിയാണ് എന്ന് ബഹുമാനപ്പെട്ട കോടതിയോടുള്ള എല്ലാ ബഹുമാനവും നിലനിര്‍ത്തിക്കൊണ്ട് ആദ്യമേ തന്നെ പറയട്ടെ. വിദ്യാര്‍ത്ഥി സമരത്തെ തുടര്‍ന്ന് പോലീസ് സംരക്ഷണം നല്‍കണമെന്ന ഉത്തരവ് നടപ്പായില്ലെന്നു പരാതിപ്പെട്ടു പൊന്നാനി എം.ഇ.എസ് കോളേജ് സമര്‍പ്പിച്ച കോടതിയലക്ഷ്യ ഹര്‍ജിയിലാണ് കലാലയ രാഷ്ട്രീയം നിരോധിച്ചു കൊണ്ടുള്ള അത്യന്തം ഞെട്ടലുളവാക്കുന്ന വിധിപ്രസ്താവം ഉണ്ടായിരിക്കുന്നത്.രാഷ്ട്രീയ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന വിദ്യാര്‍ത്ഥികളെ കോളേജുകളില്‍നിന്നും പുറത്താക്കണമെന്നും വിധിയില്‍ പറയുന്നു.വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അധ്യയനത്തിനു ഉള്ളതാണെണെന്നും രാഷ്‌ട്രീയപ്രവര്‍ത്തനത്തിനു ഉള്ളതല്ലെന്നും രാഷ്ട്രീയ പ്രവര്‍ത്തനമാണ് ഉദ്ദേശമെങ്കില്‍ കോളേജില്‍ നിന്നും പുറത്തുപോകാമെന്നും കോടതി ഉത്തരവില്‍ പറയുന്നുണ്ട്.ഒക്ടോബര്‍ 13 നു കോളേജിന്റെ കേസ് പരിഗണിച്ചപ്പോള്‍ നടത്തിയ ഈ നിരീക്ഷണം ഒക്ടോബര്‍ 16 നും ഒക്ടോ.20 നും കേസ് വീണ്ടും പരിഗണിച്ചപ്പോള്‍ കോടതി ആവര്‍ത്തിക്കുയാണ് ഉണ്ടായത്. 15 വര്‍ഷമായി കോടതി ഒരേ കാര്യം തന്നെ പറഞ്ഞു കൊണ്ടിരിക്കുകയാണെന്ന് പരിതപിക്കുകയും ചെയ്യുന്നുണ്ട്. സമരം ചെയ്യേണ്ടവര്‍ മറൈന്‍ ഡ്രൈവിലോ മൈതാനത്തിലോ പോകട്ടെ എന്നും കോടതി പ്രസ്താവിക്കുന്നുണ്ട് ജനാധിപത്യം, .രാഷ്ട്രീയം, കലാലയ രാഷ്ട്രീയം, വിദ്യാഭ്യാസം, അറിവ് എന്നിവയെക്കുറിച്ചെല്ലാമുള്ള ഇന്ത്യന്‍ ന്യായാധിപരുടെ അറിവില്ലായ്മയുടെ അല്ലെങ്കില്‍ സങ്കുചിത നിലപടലുകളുടെ ആഴം വ്യക്തമാക്കുന്നുണ്ട് ഈ കോടതി വിധികള്‍.കലാലയ രാഷ്ട്രീയമെന്നാല്‍ അക്രമരാഷ്ട്രീയമാണെന്നും, നേതാക്കന്മാരാകാനും അധികാരക്കസേരകളില്‍ എത്തിച്ചേരാനുമുള്ള ഉപാധികള്‍ ആണെന്നും വിദ്യാര്‍ത്ഥികളുടെ അക്കാദമിക നിലവാരത്തെയും അച്ചടക്കത്തെയും ബാധിക്കും എന്നൊക്കെയുള്ള പൊതുബോധത്തെ വെള്ളം തൊടാതെ വിഴുങ്ങുകയാണ് കോടതികള്‍. വലിയൊരു പൊതുസമൂഹവും ഈ വിധിയെ അംഗീകരിക്കുന്നുണ്ട് എന്നതുകൊണ്ടുതന്നെ കലാലയ രാഷ്ട്രീയം,വിദ്യാഭ്യാസം എന്നിവയെ കുറിച്ചും ഈ വിധി ആത്യന്തികമായി ആര്‍ക്കാണ് ഗുണം ചെയ്യുക എന്നതിനെക്കുറിച്ചും ചില കാര്യങ്ങള്‍ വ്യക്തമാക്കേണ്ടതുണ്ട്.


കോടതി വിധി ഭരണഘടനാവകാശങ്ങളുടെ ലംഘനം


പതിനെട്ടു വയസ്സ് പൂര്‍ത്തിയാക്കി, തങ്ങളുടെ രാഷ്ട്രത്തിന്റെ ഭാവിയെ നിര്‍ണ്ണയിക്കുന്ന ജനാധിപത്യപ്രക്രിയയില്‍ ഇടപെടാന്‍ അവകാശം നേടിയ യുവതയാണ് കോളേജുകളിലെ വിദ്യാര്‍ഥിസമൂഹം. ഇപ്രകാരം രാഷ്ട്രത്തിലെ പൂര്‍ണ്ണ പൗരന്മാരായി തീര്‍ന്ന സമൂഹത്തോടാനാണ് നിങ്ങള്ക്ക് രാഷ്ട്രീയം വേണ്ട എന്ന് കോടതി പറഞ്ഞുകൊണ്ടിരിക്കുന്നത്.ഇന്ത്യ ഒരു ജനാധിപത്യ രാഷ്ട്രമാണ് രാഷ്ട്രീയ പ്രബുദ്ധതയുള്ള ജനതയാണ് ജനാധിപത്യത്തിന്റെ നെടുതൂണുകള്‍. രാഷ്ട്രീയം എന്ന സംവര്‍ഗ്ഗത്തിന്റെ ഏറ്റവും ലളിതവും പ്രാഥമികവുമായ വാഗര്‍ത്ഥം രാഷ്ട്രത്തെ സംബന്ധിച്ചത് എന്നാണ്. രാഷ്ട്രത്തെ സംബന്ധിക്കുന്ന ഏതുകാര്യവും രാഷ്ട്രീയമാവാം എന്ന് സാരം.മറ്റൊരര്‍ത്ഥത്തില്‍ പറഞ്ഞാല്‍ രാഷ്ട്രീയം ഒരു ലോകബോധമാണ്. തന്നെ കുറിച്ചും തന്‍ ജീവിക്കുന്ന സമൂഹത്തെ കുറിച്ചും തന്റെ രാഷ്ട്രത്തെ കുറിച്ചും അതിലെ ജനതയുടെ ജീവിതത്തെ കുറിച്ചുമെല്ലാമുള്ള വ്യക്തികളുടെ നിലപാടാണ് രാഷ്ട്രീയം.ആ നിലപാടിനനുസരിച്ചു വ്യക്തികള്‍ സമൂഹത്തില്‍ നടത്തുന്ന ഇടപെടലുകളാണ് രാഷ്ട്രീയ പ്രവര്‍ത്തനം.



ഈ നിലപാടുകള്‍ രൂപപ്പെടുത്താനുള്ള സാഹചര്യം എവിടെയായിരുന്നാലും വ്യക്തികള്‍ക്ക് ഒരു ജനാധിപത്യ രാജ്യത്തില്‍ ലഭിക്കേണ്ടതുണ്ട്.വിദ്യാര്‍ത്ഥികളെ സംബന്ധിച്ചിടത്തോളം കാമ്പസുകളിലാണ് അതിനുള്ള സാഹചര്യം ലഭിക്കേണ്ടത്.ക്യാമ്പസുകളില്‍ വിദ്യാര്‍ത്ഥികള്‍ അവരുടെ സഹപാഠി കളുമായി നടത്തുന്ന രാഷ്ട്രീയ സംവാദങ്ങളിലൂടെയും ചര്‍ച്ചകളിലൂടെയും -സാംസ്‌കാരിക പ്രവര്‍ത്തനങ്ങളിലൂടെയുമാണ് രാഷ്ട്രത്തെ നയിക്കാന്‍ പാകത്തിലുള്ള,വോട്ടവകാശം വിവേകപൂര്‍വ്വം വിനിയോഗിക്കാന്‍ കഴിയുന്ന നല്ല പൗരരായി തീരുന്നത്.അതുകൊണ്ടുതന്നെ പതിനെട്ടു വയസ്സ് പൂര്‍ത്തിയായ വിദ്യാര്‍ത്ഥികളോട് നിങ്ങള്‍ രാഷ്ട്രീയ പ്രവര്‍ത്തനം നടത്തേണ്ടതില്ല എന്ന് കോടതികള്‍ പറയുമ്പോള്‍ നല്ല പൗരര്‍ ആയി തീരാനുള്ള അവരുടെ മൗലികാവകാശത്തെ നിഷേധിക്കുകയാണ് കോടതികള്‍ ചെയ്യുന്നത്. രാഷ്ട്രീയ വിവേകത്തിന്റെ ,നിപുണതയുടെ ആവിഷ്ക്കരമായി വോട്ടുചെയ്യല്‍ പ്രക്രിയ മാറുമ്പോഴാണ് പതിനെട്ടു വയസ്സുമുതല്‍ പൗരരില്‍ അര്‍പ്പിതമായിരിക്കുന്ന വോട്ടവകാശം അര്‍ത്ഥപൂര്ണ്ണമായി തീരുന്നത്.



ഒരു രാഷ്ട്രത്തിലെ ജനതയുടെ രാഷ്ട്രീയത്തിലുള്ള അജ്ഞത സ്വേച്ഛാധിപത്യത്തിന്റെ ഉദയത്തിനും ജനാധിപത്യത്തിന്റെ അസ്തമനത്തിനും വഴിതെളിയിക്കുമെന്നു ജസ്റ്റിസ് വി.ആര്‍ .കൃഷ്ണയ്യര്‍ നിരീക്ഷിക്കുന്നുണ്ട്.ഭരിക്കാനുള്ള അവകാശം എല്ലാ പൗരര്‍ക്കും ഉള്ളതാണ്.അതുകൊണ്ടുതന്നെ രാഷ്ട്രത്തിന്റെ സമഗ്രതയും വ്യക്തികളുടെ നീതി,സ്വാതന്ത്ര്യം,സമത്വം,അന്തസ്സ് എന്നിവയെ കുറിച്ച് അറിവുപകരുന്ന ഒന്നിനെയും സമൂഹത്തില്‍ നിന്നും ഒരു കാരണവശാലും അന്യവല്‍ക്കരിക്കാന്‍ പാടില്ല.പ്രാദേശികമോ,ദേശീയമോ,അന്തര്ദേശീയമോ ആയ രാഷ്ട്രീയ കാര്യങ്ങളെ കുറിച്ച് അറിവുനേടാനുള്ള വ്യക്തികളുടെ ഉത്തരവാദിത്തത്തെ നിഷേധിക്കുന്നത് അക്ഷന്തവ്യമായ അപരാധമാണ് എന്നും കൃഷ്ണയ്യര്‍ പറയുന്നു.2003 ലെ സോജന്‍ ഫ്രാന്‍സിസ് കേസില്‍ ക്യാമ്പസ് രാഷ്ട്രീയം നിരോധിച്ച കോടതിവിധിക്കെതിരെയാണ് കൃഷ്ണയ്യര്‍ ഇത്തരത്തില്‍ ശക്തമായി പ്രതികരിച്ചത്.അഭിപ്രായ പ്രകടന സ്വാതന്ത്ര്യം (ആര്‍ട്ടിക്കിള്‍ 19 ) പ്രവര്‍ത്തിക്കാനും അറിവുനേടാനും ആശയവിനിമയം നടത്താനുമുള്ള സ്വാതന്ത്ര്യം എന്നതുകൂടി ഉള്‍ക്കൊള്ളുന്നുണ്ട്. അതുപോലെതന്നെ ജീവിക്കാനുള്ള അവകാശം (ആര്‍ട്ടിക്കിള്‍ 21 )സദാചാരപരമായും,സാമൂഹികമായും സാംസ്കാരികമായും വളരാനും യാതൊരു തടസങ്ങളും ഇല്ലാതെ സ്വതന്ത്രമായി രാഷ്ട്രീയ വിദ്യാഭ്യാസം നേടാനുള്ള അവകാശവും ഉള്‍ക്കൊന്നുമുണ്ട്.അതുകൊണ്ടുതന്നെ ഈ വിധി ആര്‍ട്ടിക്കിള്‍ 19 ന്റെയും ആര്‍ട്ടിക്കിള്‍ 21 ന്റെയും ലംഘനമാണ് എന്നും അദ്ദേഹം പറയുന്നുണ്ട്.


എന്താണ് വിദ്യാഭ്യാസം


കലാലയങ്ങള്‍ അധ്യയനത്തിനുള്ളതാണെന്നും രാഷ്ട്രീയ പ്രവര്‍ത്തനത്തിനുള്ളതല്ലെന്നും കോടതി നിര്‍ദ്ദേശിക്കുന്നുണ്ട്. എന്നാല്‍ എന്താണ് അധ്യയനം എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത് എന്ന് കോടതി വിശദീകരിക്കുന്നില്ല. കലാലയങ്ങള്‍ അധ്യയനത്തിനുള്ളതാണ് എന്ന് ഉറപ്പിച്ചു പറയുന്ന സ്ഥിതിക്ക് അതിനെ നിര്‍വ്വചിക്കേണ്ട ബാധ്യത കോടതിക്കുണ്ട്.അത് ചെയ്തിട്ടില്ലാത്ത സ്ഥിതിക്ക് വിദ്യാഭ്യാസം എന്നാല്‍ പാഠപുസ്തകങ്ങളില്‍ ഉള്ളത് പഠിച്ചു ഉയര്‍ന്ന മാര്‍ക്ക് വാങ്ങുകയും തൊഴില്‍ നേടുകയും ചെയ്യുക എന്നത് മാത്രമാണെന്ന,.അച്ചടക്കവും അനുസരണയുംമാണ് നല്ല വിദ്യാര്‍ത്ഥിയുടെ ലക്ഷണങ്ങള്‍ എന്നുമുള്ള സാമ്യന്യബോധത്തെ പിന്പറ്റുകയാണ് കോടതിയും ചെയ്യുന്നത് എന്ന് കരുതേണ്ടിവരും.ഇതെല്ലം വിദ്യാഭ്യാസത്തിന്റെ ലക്ഷ്യങ്ങള്‍ തന്നെയാണ്.അതില്‍ സംശയങ്ങള്‍ ഒന്നും തന്നെയില്ല. എന്നാല്‍ തീര്‍ച്ചയായും ഇവ മാത്രമല്ല.



വിദ്യാഭ്യാസത്തിന്റെ ആത്യന്തികമായ ലക്‌ഷ്യം എന്താണ് എന്നതിനെ പ്പറ്റി ഇന്ത്യന്‍ രാഷ്ട്ര ശില്പികള്‍ വ്യക്തമാക്കിയിട്ടുണ്ട്.വിശ്വഭാരതി സര്‍വ്വകലാശാല സ്ഥാപിച്ചപ്പോള്‍ ടാഗോര്‍ അതിന്റെ ആപ്തവാക്യമായി നല്‍കിയത് യജുര്‍വേദത്തിലെ യത്രവിശ്വംഭവത്യേകനീഢം -ഇവിടം ലോകം ഒരു പക്ഷിക്കൂടായി തീരട്ടെ എന്ന മന്ത്രമാണ്. അതിനു അദ്ദേഹം നല്‍കിയ വിശദീകരണം അറിവിന്റെ അവസാനലക്ഷ്യം ഇതാണ് എന്നാണ്.ഒരു കിളിക്കൂടുപോലെ സ്നേഹനിര്ഭരവും വാത്സല്യപൂര്‍വ്വവും കാരുണ്യമയവുമായിത്തീരുന്ന ഒന്നായി ഈ ലോകത്തെ മാറ്റിത്തീര്‍ക്കുന്നതിനുള്ള പ്രേരണശക്തിയാണ് വിദ്യാഭ്യാസം. ഗാന്ധിജിയുടെ തൊഴിലധിഷ്ഠിത വിദ്യാഭ്യാസം എന്ന ആശയത്തോട് ആദ്യം ഏറ്റുമുട്ടിയത് ടാഗോര്‍ ആണ്. തൊഴില്‍ നേടലല്ല വിദ്യാഭ്യസത്തിന്റെ ആത്യന്തിക ലക്‌ഷ്യം എന്ന് ടാഗോര്‍ ഉറച്ചു വിശ്വസിച്ചിരുന്നു.



വിദ്യാഭ്യാസം എന്നത് പുസ്തകപഠനമല്ല; അത് വൈവിധ്യമായ അറിവുകള്‍ നേടല്‍പോലും പോലും അല്ല .മറിച്ചു മനഃശക്തിയുടെ പ്രവാഹത്തെയും പ്രകടനത്തെയും നിയന്ത്രണ വിധേയമാക്കി അതിനെ ഫലവത്താക്കി മാറ്റിത്തീര്‍ക്കുന്നതിനുള്ള പരിശീലനം നല്‍കലാണ് എന്നാണ് വിവേകാനന്ദന്‍ പറയുന്നത് സര്‍വ്വകലാശാലകളുടെ പരമ പ്രധാനമായ ഉത്തരവാദിത്തം ഡിഗ്രികളും ഡിപ്ലോമകളും നല്‍കല്‍ അല്ലെന്നും വിദ്യാര്‍ത്ഥികളില്‍ സര്‍വ്വകലാശാലകളുടെ അന്തസത്തയും ഏറ്റവും നൂതനമായ രീതിയിലുള്ള പഠനപ്രക്രിയയും വികസിപ്പിച്ചെടുക്കലാണ് എന്ന് എസ്‌ .രാധാകൃഷ്ണന്‍ നിരീക്ഷിക്കുന്നുണ്ട്.ജീവിതവുമായി വിദ്യാഭ്യാസത്തെ ബന്ധിപ്പിക്കാതെ സര്‍വകലാശാലയുടെ അന്തസത്തയെ വളര്‍ത്താനോ ബഹുമതികളും ഡിഗ്രികളും കൂടാതെ നൂതന വിദ്യാഭ്യാസമോ സാധ്യമല്ല എന്ന് അദ്ദേഹം പറയുന്നുണ്ട്.വിദ്യഭ്യാസം എന്നത് കേവലം ധനസമ്പാദനത്തിനുള്ള മാര്‍ഗമോ ജീവിതോപാധി കണ്ടെത്താനുള്ള മാര്‍ഗമോ അല്ല ;മറിച്ചു ജീവന്റെ പൊരുള്‍ തേടലാണ് സത്യാന്വേഷണത്തിനും നന്മ പ്രവത്തിക്കാനുമുള്ള മനുഷ്യന്റെ പരിശീലനമാണ് എന്ന് വിജയലക്ഷ്മി പണ്ഡിറ്റും അഭിപ്രായപ്പെടുന്നുണ്ട്.



ചുരുക്കത്തില്‍ രാഷ്ട്രശില്പികള്‍ ആരും തന്നെ വിദ്യാഭ്യാസത്തെ കേവല അറിവു സമ്പാദനം മാത്രമായി ചുരുക്കി കണ്ടില്ല.മനുഷ്യവ്യക്തിത്വത്തിന്റെ സമ്പൂര്‍ണ്ണ വികാസമാണ് അവര്‍ ലക്‌ഷ്യം വെച്ചത്.മുഴുവന്‍ സഹജീവികളോടും കരുണയും സ്നേഹവും ഉത്തരവാദിത്തവും ആര്‍ജ്ജിക്കലാണ്. ജന്മനാടിന്റെ സ്വാതന്ത്ര്യം കാത്തുസൂക്ഷിക്കാന്‍ കെല്‍പ്പുള്ള പൗരരായിത്തീരലാണ്.അച്ചടക്കം എന്നത് അധ്യാപകരുടെയും അധികാരികളുടെയും ഭരണകൂടത്തിന്റെയും മുന്നില്‍ ഓച്ഛാനിച്ചു നില്‍ക്കലല്ല അത് വ്യക്തികളോടും സാഹചര്യങ്ങളോടുമുള്ള വിവേകപൂര്‍ണ്ണവും ഉത്തരവാദിത്തപൂര്‍വ്വവുമായ ഇടപെടലാണ്. അറിവ് ഒരു സാമൂഹിക ബന്ധമാണ് എന്ന് തിരിച്ചറിയാതെ അത് വെറും വിവരശേഖരണമാണ് എന്ന് കരുതുമ്പോള്‍ അറിവ് കൊണ്ട് പ്രത്യേകിച്ച് സാമൂഹികഫലങ്ങള്‍ ഇല്ലാതാകും. (ആശയത്തിന് സുനില്‍ പി.ഇള യിടത്തോട് കടപ്പാട് ) പെട്രോളിന്റെയും ഡീസലിന്റെയും വിലവര്‍ധിപ്പിക്കുന്നത് പാവങ്ങള്‍ക്ക് കക്കൂസ് പണിയാനാണ് എന്ന് ഐ .എ..എസ് പദവിയില്‍ നിന്നും വിരമിച്ച ഒരാള്‍ പറയുന്നത് അയാള്‍ നേടിയ അറിവിന് സമൂഹവുമായി,മനുഷ്യജീവിതവുമായി യാതൊരു ബന്ധവും ഇല്ലാത്തതുകൊണ്ടാണ് . ന്യായാധിപന്മാരുടെ കാര്യവും വ്യത്യസ്തമല്ല. അവര്‍ പഠിച്ച നിയമപുസ്തകങ്ങള്‍ ഒന്നും തന്നെ സാമൂഹികവും രാഷ്ട്രീയവും സംസ്കരികവും സാമ്പത്തികവുമായ വികാസചരിത്രമുള്ള മനുഷ്യനെ കാണാന്‍ പര്യാപ്തമാക്കുന്നില്ല.സ്വന്തം രാഷ്ട്രവും അതിന്റെ ഭരണഘടനയും നിരവധിയായ രാഷ്ട്രീയപ്രക്രിയകളിലൂടെയും സമരങ്ങളിലൂടെയും രൂപം കൊണ്ടതാണെന്ന സാമാന്യബോധം പോലും അവര്‍ക്കു അന്യമാണ്.അതുകൊണ്ടാണ് വിദ്യാര്‍ത്ഥികള്‍ക്ക് രാഷ്ട്രീയം വേണ്ട എന്നും രാഷ്ട്രീയ പ്രവര്‍ത്തനം നടത്തേണ്ടവര്‍ കോളേജുകളില്‍നിന്നും പുറത്തുപോയ്ക്കൊള്ളണമെന്നും അവര്‍ക്കു എളുപ്പം പറയാനാകുന്നത്.


കോളേജുകളില്‍ രാഷ്ട്രീയം വേണ്ട എന്ന ഉത്തരവ് കോടതികളുടെ രാഷ്ട്രീയബോധമില്ലായ്മയുടെ നിദാനമാനമാണെന്നു കൃഷ്ണയ്യര്‍ വിമര്‍ശിക്കുന്നുണ്ട്.അദ്ദേഹം പറയുന്നു :കോളേജ് രാഷ്ട്രീയം ഒരു വലിയ ശാപമാണ് എന്ന് പ്രഖ്യാപിക്കുന്നത് കടുത്ത അനീതിയും രാഷ്ട്രീയസാക്ഷരതയില്ലായ്മയും സാമൂഹികമായ അവബോധമില്ലായ്മയുടെയും സാംസ്കാരികമായ അപരിഷ്‌കൃതത്തിന്റെയും ലക്ഷണമാണ്.


കലാലയ രാഷ്ട്രീയം ഇക്കാലമത്രയും ഉയര്‍ത്തിപ്പിടിച്ചതെന്താണ് 


കലാലയ രാഷ്ട്രീയം അക്രമരാഷ്ട്രീയമാണ് എന്നും അത് ക്യാമ്പസ്സിന്റെ സമാധാനാന്തരീക്ഷത്തെ തകര്‍ക്കുമെന്നുമുള്ള കോടതിയുടെ നിരീക്ഷണം കലാലയ രാഷ്ട്രീയത്തെ കുറിച്ചുള്ള കോടതിയുടെ അറിവില്ലായ്മ വ്യക്തമാക്കുന്നുണ്ട്.ചുരുക്കം ചില സന്ദര്‍ഭങ്ങളില്‍ അത് അക്രമരാഷ്ട്രീയത്തിന്റെ തലത്തിലേക്ക് പോകാറുണ്ട് എന്ന വസ്തുതയെ മറച്ചുവെക്കുന്നില്ല. എന്നാല്‍ അത് ഒരിക്കലും അക്രമമായി, സമാധാനാന്തരീക്ഷത്തെ തകര്ക്കുന്ന ഒന്നായി മാത്രം ഒരുകാലത്തും നിലനിന്നിട്ടില്ല എന്ന് മാത്രമല്ല അക്രമങ്ങളെ ശക്തമായിത്തന്നെ ചെറുക്കുകയും ചെയ്തിട്ടുണ്ട്.



കലാലയങ്ങളിലെ രാഷ്ട്രീയ പ്രവര്‍ത്തനത്തിന് അങ്ങ് ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ പകുതികള്‍വരെ നീളുന്ന ചരിത്രമുണ്ട്.ജന്മനാടിന്റെ സ്വാതന്ത്ര്യം എന്ന മുദ്രാവാക്യമാണ് അന്നത് ഉയര്‍ത്തിപ്പിടിച്ചത്.സ്വാതന്ത്ര്യ സമരത്തില്‍ പങ്കാളികളാകാന്‍ ക്ലാസ്സ്മുറികള്‍ ഉപേക്ഷിച്ചിറങ്ങാനുള്ള ഗാന്ധിയടക്കമുള്ള ദേശീയനേതാക്കളുടെ ആഹ്വാനത്തെ ശിരസ്സാവഹിച്ചു പോരാട്ടത്തിനിറങ്ങിയ ചരിത്രമുള്ളവരാണ് ഇന്നാട്ടിലെ വിദ്യാര്‍ഥിസമൂഹം .നിസ്സഹകരണ പ്രസ്ഥാനത്തില്‍ പങ്കെടുത്തു, ഉപ്പുസത്യാഗ്രഹത്തില്‍ പങ്കെടുത്തു ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരെ വിദ്യാര്‍ഥികള്‍ നിര്‍ഭയം പോരാടിയത് ഇന്ത്യയുടെ പ്രധാമന്ത്രി പദം സ്വപ്നം കണ്ടായിരുന്നില്ല. കേരളത്തിലെ കലാലയങ്ങള്‍ക്കുമുണ്ട് അഭിമാനപൂരിതമായ രാഷ്ട്രീ പ്രവര്‍ത്തന ചരിത്രം. ബ്രിട്ടിഷ് ഭരണത്തിനെതിരെയും ദിവാന്‍ ഭരണത്തിനെതിരെയും ശക്തമായ സമരങ്ങള്‍ക്കാണ് കാമ്പസുകള്‍ അക്കാലഘട്ടത്തില്‍ സാക്ഷ്യം വഹിച്ചത്. നാലായിരത്തോളം വിദ്യാര്‍ത്ഥികളാണ് ഗുരുവായൂര്‍ സത്യാഗ്രഹത്തില്‍ പങ്കെടുത്തത്.



കേരളത്തിലെ ആദ്യ മുഖ്യമന്ത്രിയായിത്തീര്‍ന്ന ഇ.എം.എസ് കോളേജില്‍ പഠിക്കുന്ന കാലത്താണ് നിയമലംഘന പ്രസ്ഥാനത്തില്‍ പങ്കെടുക്കുകയും ജയിലിലടക്കപ്പെടുകയും ചെയ്യുന്നത്.വിദ്യകൊണ്ട് പ്രബുദ്ധരാകുക സംഘടനകൊണ്ട് ശക്തരാകുക എന്ന ശ്രീനാരായണ ഗുരുവിന്റെ ആഹ്വനം കേരളീയ നവോത്ഥാനത്തിന്റെ സുപ്രധാന മുദ്രാവാക്യമായിരുന്നു.( സ്വാതന്ത്ര്യപിറവിക്ക്‌ ശേഷമോ? കോളനി വാഴ്ചയില്‍ നിന്നുള്ള മോചനം മാത്രമല്ല തദ്ദേശീയരായ ജന്മി മുതലാളിമാരുടെ ചൂഷണത്തില്‍ നിന്നുകൂടിയുള്ള മോചനം എന്ന ഭഗത്സിങ്ങിന്റെ സ്വപ്നം സാക്ഷാത്ക്കരിക്കപ്പെട്ടിരുന്നില്ല.രാജ്യത്തിന്റെ ഭരണം അവര്‍ കയ്യേറുന്ന കാഴ്ചക്കാണ് ഇവുടുത്തെ വിദ്യാര്‍ഥിസമൂഹത്തിനു സാക്ഷ്യം വഹിക്കേണ്ടിവന്നത്. അതുകൊണ്ടുതന്നെ അവര്‍ക്കു പോരാട്ടം തുടരേണ്ടിയിരുന്നു. ജാതി-മത-ലിംഗ ഭേദമന്യേ എല്ലാവര്‍ക്കും വിദ്യാഭ്യാസം നേടാന്‍ കഴിയുന്ന അവസ്ഥക്കുവേണ്ടി, ചോര്‍ന്നൊലിക്കാത്ത മേല്‍ക്കൂരയുള്ള വിദ്യാലങ്ങള്‍ക്കു വേണ്ടി, നീതിയുക്തവും ന്യായവുമായ ഫീസ് ഘടനക്കു വേണ്ടി, കളിസ്ഥലത്തിനുവേണ്ടി, ലൈബ്രറിക്കുവേണ്ടി ഒക്കെയും അവര്‍ക്കു പോരാട്ടം തുടരേണ്ടിയിരുന്നു. ഇന്നവര്‍ക്കു ക്യാമ്പസ് യൂണിയന്‍ – സര്‍വ്വകലാശാല യൂണിയന്‍ തുടങ്ങിയ ജനാധിപത്യവേദികളുണ്ട്‌. യൂണിവേഴ്സിറ്റി സെനറ്റിലും സിന്‍ഡിക്കേറ്റിലും പ്രതിനിധ്യമുണ്ട് ഫീസ് കണ്‍സെഷനുണ്ട് , ബസ് കണ്‍സെഷനുണ്ട് , സ്കോളര്ഷിപ്പുണ്ട്, ഫെല്ലോഷിപ്പുണ്ട്. ഒന്നും ഒരു ഭരണകൂടവും,അധികാരികളും, കണ്ടറിഞ്ഞു കൊടുത്തതല്ല. ഒരു കോടതിയും ഉത്തരവിട്ടതനുസരിച്ചു കിട്ടിയതല്ല. ധര്‍ണ്ണ, സത്യാഗ്രഹം, നിരാഹാരസമരമെന്നൊക്കെ പുച്ഛത്തോടെ വിശേഷിപ്പിച്ച നിരവധി സമരമാര്ഗങ്ങളിലൂടെ വിദ്യാര്‍ഥിസമൂഹം നേടിയെടുത്തതാണ്.



ക്രൂരമായ റാഗിങ്ങുകള്‍ക്കിരയായി ജീവന്‍ നഷ്ടപ്പെട്ടവരും പഠനം ഉപേക്ഷിക്കാന്‍ നിര്ബന്ധിക്കപ്പെട്ടവരും ഉണ്ടായിരുന്ന ഒരു ഗതികെട്ട കാലം ഇവുടുത്തെ കാമ്പസുകള്‍ക്കുണ്ടായിരുന്നു. മയക്കുമരുന്നും കഞ്ചാവുമടങ്ങുന്ന ലഹരിവസ്തുക്കള്‍ ക്യാമ്പസുകളില്‍ വിതരണം ചെയ്തിരുന്ന ഗുണ്ടാ സംഘങ്ങള്‍ ഉണ്ടായിരുന്നു ക്യാമ്പസുകളില്‍ .റാഗിങ്ങ് എന്ന വിപത്തിനെയും ഗുണ്ടാ സംഘങ്ങളെയും കാമ്പസുകളില്‍നിന്നും ഇല്ലായ്മ ചെയ്തത് ഇവുടുത്തെ വിദ്യാര്‍ത്ഥികളുടെ രാഷ്ട്രീയ പ്രബുദ്ധതയാണ്.സംഘടനശേഷിയാണ്.



1975 ലെ അടിയന്തരാവസ്ഥ കാലത്തു പൗരരുടെ ജനാധിപത്യാവകാശങ്ങള്‍ മുഴുവന്‍ അടിച്ചമര്‍ത്തി നാവടക്കൂ പണിയെടുക്കൂ എന്ന് ഭരണകൂടം അട്ടഹസിച്ച ഭീകരമായ നാളുകളില്‍ സ്വേച്ഛാധിപതികള്‍ക്കു മുന്നില്‍ നാവടക്കിപിടിച്ചു ഓച്ഛാനിച്ചു നില്ക്കാന്‍ തയ്യാറാകാതെ ജനാധിപത്യത്തിന്റെ കാവലാളാവുകയാണ് വിദ്യാര്‍ത്ഥി സമൂഹം ചെയ്തത്. അടിയന്തരാവസ്ഥകാലത്തു രാഷ്ട്രീയപ്രവര്‍ത്തനം നടത്തിയതിന്റെ പേരില്‍ ഭരണകൂടത്തിന്റെ മര്‍ദ്ദനോപകരണമായ പോലീസുകാര്‍ ക്രൂരമായി മര്‍ദ്ദിച്ചു കൊലപ്പെടുത്തിയ മുഹമ്മദ് മുസ്തഫയെ നമ്മള്‍ പഠിച്ച ചരിത്ര പുസ്തകത്തില്‍ കാണാന്‍ കഴിയില്ല. പക്ഷെ, അടിയന്തരാവസ്ഥയുടെ ചരിത്രത്തില്‍ മുഹമ്മദ് മുസ്തഫ എന്ന പട്ടാമ്പി കോളേജിലെ വിദ്യാര്‍ത്ഥി സ്മരിക്കപ്പെട്ടുകൊണ്ടേയിരിക്കും.


ഇന്നാട്ടില്‍ മാത്രമല്ല ലോകത്താകമാനമുള്ള മനുഷ്യരുടെ നീതിക്കായുള്ള പോരാട്ടങ്ങളോട് ഇവിടുത്തെ വിദ്യാര്‍ത്ഥി സമൂഹം ഐക്യപ്പെട്ടിട്ടുണ്ട്.വിയറ്റ്നാംകാരുടെ സ്വാതന്ത്ര്യ സമരം,1968 ലെ ഫ്രഞ്ച് വിദ്യാര്‍ത്ഥി സമരം, ചെഗുവേരയുടെ രക്തസാക്ഷിത്വം, സദ്ദാം ഹുസ്‌സൈന്റെ വധം, പലസ്തീന്‍ പ്രശ്നം തുടങ്ങി ലോകത്തിന്റെ നാനാഭാഗങ്ങളില്‍ നടക്കുന്ന സാമ്രാജ്യത്വ വിരുദ്ധ പോരാട്ടങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് മാനവികതയുടെ മഹാമന്ത്രങ്ങള്‍ ആണ് വിദ്യാര്‍ത്ഥി സമൂഹം ഉയര്‍ത്തിപ്പിടിച്ചത്.


സമരത്തിനു മാത്രമല്ല നിരവധിയായ സര്‍ഗാത്മക പ്രവര്‍ത്തനങ്ങള്‍ക്കും വിദ്യാര്‍ത്ഥികള്‍ നേതൃത്വം നല്‍കുന്നുണ്ട്. ഈ സര്‍ഗാത്മക വേദികള്‍ എത്രയെത്രെ കലാകാരി/രന്മാര്‍ക്കും , സാഹിത്യപ്രതിഭകള്‍ക്കും, കായികതാരങ്ങള്‍ക്കും വഴിയൊരുക്കിയിരിക്കുന്നു. വിദ്യാര്‍ത്ഥികളുടെ രാഷ്ട്രീയ പ്രബുദ്ധതയുടെയും സര്ഗാത്മകതയുടെയും ആഴവും പരപ്പും അറിയാന്‍ ഏറെ ഗവേഷണം ഒന്നും നടത്തേണ്ടതില്ല; ക്യാമ്പസ് മാഗസിനുകള്‍ പരിശോധിച്ചാല്‍ മാത്രം മതിയാകും.
സമരവും അക്രമപ്രവത്തനങ്ങളും മാത്രമാണ് കലാലയ രാഷ്ട്രീയം എന്ന് സ്ഥാപിക്കുമ്പോള്‍ വിദ്യാര്ഥിസമരങ്ങളുടെ യഥാര്‍ത്ഥ കാരണങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടാതെ പോകുന്നു. ഗവണ്മെന്റിന്റെയും കോളേജ് മാനേജ്മെന്റിന്റെയും സര്‍വ്വകലാശാല അധികാരികളുടെയും വിദ്യാര്‍ത്ഥി വിരുദ്ധ നയങ്ങള്‍ക്കും നിലപാടുകള്‍ക്കുമെതിരെയാണ് വിദ്യാര്‍ത്ഥികള്‍ സമരം ചെയ്യുന്നത്. ഇക്കാലയളവില്‍ കേരളം സാക്ഷ്യം വഹിച്ച പ്രധാനപ്പെട്ട വിദ്യാര്‍ത്ഥി സമരങ്ങള്‍ സ്വാശ്രയ മാനേജ്മെന്റിന്റെ തീവെട്ടിക്കൊള്ളക്കെതിരെയാണ്. പ്രൊഫഷണല്‍ വിദ്യാഭ്യാസ മേഖലയിലെ അനീതികള്‍ക്കെതിരെ സമരം നടത്തിയതില്‍ ഭൂരിഭാഗം പേരും ആര്‍ട്സ് ആന്‍ഡ് സയന്‍സ് മേഖലയിലുള്ള വിദ്യാര്‍ത്ഥികളാണ്.തങ്ങളുടേതല്ലാത്ത പഠന മേഖലയിലെ വിദ്യാര്ഥികക്കു വേണ്ടി പോലീസിന്റെ തല്ലുകൊല്ലാനും ജലപീരങ്കികള്‍ ഏല്‍ക്കാനും മടിക്കാത്ത വിദ്യാര്‍ത്ഥി സമൂഹത്തെ അക്രമികള്‍ എന്നും അധികാരമോഹികള്‍ എന്നും എങ്ങനെയാണു ചുരുക്കി കാണാനാകുക? ഈ സമരങ്ങളുടെ ഭാഗമായിട്ടുകൂടിയാണ് ചെറിയതോതിലെങ്കിലും സാമൂഹികനീതി നടപ്പിലാക്കാന്‍ മാനേജ്‌മെന്റുകളും അതിനു അവരെ നിര്ബന്ധിപ്പിക്കാന്‍ സര്‍ക്കാരുകളും തയ്യാറാകുന്നത്.നെഹ്‌റു കോളേജിലെ വിഷ്ണു പ്രണോയിയുടെ ദാരുണമായ മരണത്തിനു ഉത്തരവാദികളായ കോളജ് മാനേജ്‌മെന്റിനെതിരെ വിദ്യാര്‍ത്ഥികള്‍ നടത്തിയ ശക്തമായ സമരമല്ലേ വിഷയത്തെ പൊതുജനശ്രദ്ധയില്‍ കൊണ്ടുവന്നതും കുറ്റക്കാര്‍ക്കെതിരെ അന്വേഷണവും നടപടിയും ഉണ്ടാകാന്‍ കാരണമായതും.



പൂനെ ഫിലിം ഇന്‍സ്റ്റിട്യൂട്ടിലും ജെ.എന്‍.യു വിലും ഹൈദരാബാദ് സെന്‍ട്രല്‍ യൂണിവേഴ്സിറ്റിയിലുമെല്ലാം വിദ്യാര്‍ഥികള്‍ നടത്തിയ സമരങ്ങളെ എങ്ങനെയാണു അധികാരത്തിനുവേണ്ടിയുള്ള രാഷ്ട്രീയപ്രവര്‍ത്തനമായും ക്യാമ്പസിന്റെ സമാധാനാന്തരീക്ഷം തകര്‍ക്കലായും കാണാനാവുക? ഫിലിം ഇന്‍സ്റ്റിട്യൂട്ടിലെ സമരം അക്കാദമിക നിലവാരമില്ലാത്തയാളെ ഇന്‍സ്റ്റിട്യൂട്ടിന്റെ ഡയറക്ടര്‍ ആക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനത്തിനെതിരെയായിരുന്നു. അക്കാദമിക നിലവാരം സംരക്ഷിക്കുന്നതിന് വേണ്ടിയാണു വിദ്യാര്‍ഥികള്‍ സമരം നടത്തിയത് എന്ന് സാരം.ഹൈദരാബാദിലാണെങ്കില്‍ ദളിത് വിദ്യാര്‍ത്ഥിയുടെ ആത്മഹത്യയില്‍ അധികാരികള്‍ക്കുള്ള പങ്ക് അന്വേഷിക്കണം എന്ന് ആവശ്യപ്പെട്ടാണ്.ദളിത് വിദ്യാര്‍ഥികള്‍ പീഡനവും ജാതി വിവേചനവും നേരിടുന്നുണ്ട് എന്ന കാര്യം ഉയര്‍ത്തിയാണ്.ജെ.എന്‍ .യു വിലാണെങ്കില്‍ വ്യാജ ആരോപണങ്ങള്‍ ഉന്നയിച്ചു വിദ്യാര്‍ത്ഥികളെ ജയിലിടക്കുകയും രാജ്യദ്രോഹികളായി ചിത്രീകരിക്കുകയും ചെയ്തതിനെതിരെയാണ് വിദ്യാര്‍ഥികള്‍ സമരം ചെയ്തത് .



രാഷ്ട്രീയ പ്രവര്‍ത്തനം അത്രമേല്‍ എളുപ്പമുള്ള പണിയല്ല. ക്യാമ്പസ് രാഷ്ട്രീയത്തിലൂടെ അധികാരസ്ഥാനങ്ങളില്‍ എത്തിച്ചേര്‍ന്നവര്‍ ഒരു സുപ്രഭാതത്തില്‍ ആ പദവികളില്‍ എത്തിച്ചേര്‍ന്നവരല്ല. വര്‍ഷങ്ങള്‍ നീളുന്ന സജീവമായ സംഘടനാപ്രവര്‍ത്തനത്തിന്റെ ചരിത്രമുണ്ടാവും അതിന് .ഓരോ ക്യാമ്പസ് യൂണിയന്‍ തെരഞ്ഞെടുപ്പ് തീരുമ്പോഴും വിജയിച്ചവര്‍ നടത്തുന്ന ആഹ്ലാദപ്രകടങ്ങള്‍ എല്ലാവരും കണ്ടിട്ടുണ്ടാവും. എന്നാല്‍ തങ്ങളുയര്‍ത്തിപ്പിടിക്കുന്ന രാഷ്ട്രീയ നിലപാടുകള്‍ വിജയിപ്പിക്കുന്നതിനായി അഹോരാത്രം അധ്വാനിക്കുന്ന ഒരു കൂട്ടം വിദ്യാര്ഥികളുണ്ട്. അവരെപ്പറ്റി എത്ര പേര്‍ ചിന്തിച്ചിട്ടുണ്ട്? കലോത്സവങ്ങള്‍ക്കും കായികമത്സരങ്ങള്‍ക്കും ശേഷം കലാപ്രതിഭാപട്ടവും കായികപ്രതിഭപട്ടവും നേടുന്ന വിദ്യാര്‍ത്ഥികളുടെ ചിരിക്കുന്ന ഫോട്ടോകള്‍ എല്ലാവരും പത്രങ്ങളില്‍ കണ്ടിട്ടുണ്ടാവും.എന്നാല്‍ അവരുടെ ചിരിയിലും അവര്‍ നേടുന്ന ഗ്രേസ് മാര്‍ക്കിലും കലോത്സവം നടത്താനും വിജയിപ്പിക്കാനുമായി ഒരു കൂട്ടം വിദ്യാര്‍ത്ഥികളുടെ മാസങ്ങള്‍ നീളുന്ന അധ്വാനമുണ്ട് എന്ന് തിരിച്ചറിഞ്ഞവര്‍ എത്രപേരുണ്ടാവും?നിറമുള്ള വസ്ത്രങ്ങള്‍ അണിയാനും രുചിയുള്ള ഭക്ഷണവും കഴിക്കാനും ആഗ്രഹിക്കുമ്പോഴും ആ പണം കൂടി സഹപാഠിയുടെ ഫീസ് അടക്കാന്‍ കൊടുക്കാം എന്ന് തീരുമാനിക്കുന്ന, അല്ലെങ്കില്‍ ഒരു ഫിലിം ഫെസ്റ്റിവല്‍ നടത്താം, ചര്‍ച്ച സംഘടിപ്പിക്കാം എന്ന് കരുതുന്ന വിദ്യാര്‍ത്ഥികളുടെ മനസ്സ് എത്രപേര്‍ കണ്ടിട്ടുണ്ടാകും? സഹപാഠികള്‍ക്ക് മാത്രമല്ല അവരുടെ കുടുംബങ്ങള്‍ക്കും പലപ്പോഴും ആള്‍ബലംകൊണ്ടും സാമ്പത്തികം കൊണ്ടും തുണയായി മാറുന്നവരാണ് സംഘടനാപ്രവര്‍ത്തനം നടത്തുന്ന വിദ്യാര്‍ഥികള്‍. സമര സര്‍ഗാത്മക പ്രവത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുമ്പോഴും സെമസ്റ്റര്‍ മുഴുവന്‍ പഠനപ്രക്രിയയില്‍ മാത്രം ഏര്‍പ്പെടുന്ന വിദ്യാര്ഥികളെക്കാള്‍ ഒട്ടും താഴെയായിരുന്നിട്ടില്ല അവരുടെ അക്കാദമിക നിലവാരം. ക്യാമ്പസ് രാഷ്ട്രീയം വിദ്യാര്‍ത്ഥികളെ പ്രാപ്തമാക്കുന്നത് അവരവരെ കുറിച്ച് ചിന്തിക്കാനല്ല. സഹജീവികളെ കുറിച്ച് ചിന്തിക്കാനാണ് .സമൂഹത്തെ കുറിച്ച് ചിന്തിക്കാനാണ് . വിദ്യാഭ്യാസത്തിന്റെ ആത്യന്തിക ലക്‌ഷ്യം എന്നത് പുസ്തകപഠനം മാത്രമല്ലെന്നും സഹപാഠികളോട്,സമൂഹത്തോട്,ലോകത്തിലെ മുഴുവന്‍ ജനതയോടും കരുതലുണ്ടാവുക എന്നതാണ് എന്നാണ് ക്യാമ്പസ് രാഷ്ട്രീയം ഇക്കാലമത്രയും ഉയര്‍ത്തിപ്പിടിച്ചത്.


കോടതികള്‍ വിദ്യാഭ്യാസ മേഖലയോടു ചെയ്തത് എന്ത്?


വിദ്യാഭ്യാസമേഖലയുമായി ബന്ധപ്പെട്ടു ഈയടുത്ത കാലങ്ങളില്‍ പ്രത്യേകിച്ച് സ്വാശ്രയ മാനേജ്മെന്റുകളുമായി നടന്ന കോടതി വ്യവഹാരങ്ങളില്‍ മുഴുവന്‍ മാനേജ്‌മെന്റുകള്‍ക്ക് അനുകൂലമായാണ് വിധി പ്രസ്താവിച്ചത്.സ്വാശ്രയ മാനേജ്മെന്റുകളുടെ വളര്‍ച്ചയില്‍ ജുഡീഷ്യറി വലിയൊരു പങ്കു വഹിച്ചിട്ടുണ്ട്.



ചരിത്രപരമായി നോക്കിയാല്‍ വിദ്യാഭ്യാസ മേഖലയെ സംബന്ധിക്കുന്ന പല പുരോഗമനപരമായ പല നിയമങ്ങളും ഭരണഘടനയുടെ പേരില്‍ എതിര്‍ത്തിരുന്നു. 1957ലെ വിദ്യാഭ്യസബില്ല് തന്നെ ഉദാഹരണമാണ്.ബില്ലിലെ ചില പ്രൊവിഷനുകള്‍ ന്യുനപക്ഷങ്ങളുടെ ഭരണഘടനാപരമായ അവകാശങ്ങള്‍ക്കു എതിരാണെന്ന് കോടതി വിധി പ്രസ്താവിക്കുന്നുണ്ട്.1990 കള്‍ക്ക് ശേഷം വിധികളൊക്കെയും മാനേജ്‌മെന്റുകള്‍ക്ക് അനുകൂലമാവുന്ന പ്രവണത കൂടുന്നുണ്ട്. 1993 ലെ ഉണ്ണികൃഷ്ണന്‍ കേസില്‍ 50 :50 (ഗവണ്മെന്റ് -മാനേജ്‌മന്റ് സീറ്റസ് )എന്ന അനുപാതം ക്രോസ്സ് സബിസിസി എന്ന സങ്കല്‍പത്തിലൂടെ നടപ്പിലാക്കണമെന്ന് വിധിച്ചു കൊണ്ട് മാനേജ്‌മെന്റുകള്‍ക്ക് ചില സമൂഹിക ഉത്തരവാദിത്തങ്ങള്‍ നിര്‍വ്വഹിക്കാനുണ്ട് എന്ന് പ്രസ്താവിക്കുന്നുണ്ട്.എന്നാല്‍ ടി.എം.എ പൈ ഫൌണ്ടേഷന്‍ കേസില്‍ സുപ്രീം കോടതി തന്നെ എല്ലാ വിദ്യാഭ്യസ സ്ഥാപനങ്ങളിലെയും ക്രോസ്സ് സബ്‌സിഡികള്‍ നിരോധിച്ചു.ഇനാംദാര്‍ കേസിലും ഇസ്ലാമിക അക്കാദമി കേസിലും മാനേജ്മെന്റിന് അനുകൂലമായ വിധികള്‍ വിദ്യാഭ്യസ കച്ചവടത്തെയും പ്രൊഫഷണല്‍ വിദ്യാഭ്യസ രംഗത്തെ സ്വകാര്യവല്‍ക്കരണത്തെയും ത്വരിതപ്പെടുത്തി. സ്വാശ്രയ മാനേജ്മെന്റുകളെ നിയന്ത്രിക്കുന്നതിനായി 2006 ലെ വി.എസ്.അച്യുതാനന്ദന്‍ സര്‍ക്കാര്‍ കൊണ്ടുവന്ന സ്വാശ്രയ ബില്ലിലും കോടതി മാനേജ്‌മെന്റുകള്‍ക്ക് അനുകൂലമായി വിധിച്ചു.



ഭരണഘടനാപരമായ അവകാശങ്ങളെ മുന്‍നിര്‍ത്തിയാണ് കോടതി ഈ വിധികളെല്ലാം പ്രസ്താവിച്ചിരിക്കുന്നത് അതായത് കോടതി പറയുന്നത് : 1 ,ആര്‍ട്ടിക്കിള്‍ 19 (1 )(g ) പൗരന് ഏതു തരത്തിലുള്ള ബിസിനസ്സ്സും പ്രൊഫെഷനും ചെയ്യാനുള്ള അവകാശം ഉറപ്പുവരുത്തുന്നു. അതുകൊണ്ടുതന്നെ സെല്‍ഫ് ഫൈനാന്‍സിങ് കോളേജുകളെ നിയന്ത്രിക്കാനുള്ള സര്‍ക്കാര്‍ തീരുമാനം ഭരണഘടനാ വിരുദ്ധമാണ്. 2,ആര്‍ട്ടിക്കിള്‍ 30 ന്യുനപക്ഷ അവകാശങ്ങളുമായി ബന്ധപ്പെട്ടതാണ്.ഈ ആര്‍ട്ടിക്കിള്‍ ന്യുനപക്ഷസമുദായങ്ങള്‍ക്കു വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുടങ്ങാനുള്ള അവകാശം നല്‍കുന്നു.ഈ രണ്ടു കാര്യങ്ങളും വിവിധ വീഥികളിലൂടെ സാധുത വരുത്തുക വഴി സ്വകാര്യവല്‍ക്കരണം എന്ന പേരില്‍ വിദ്യാഭ്യസത്തിന്റെ കച്ചവടവല്‍ക്കരണത്തിനാണ് കോടതികള്‍ വഴിയൊരുക്കിയത്.ആര്‍ട്ടിക്കിള്‍ 19 (1 )(g ) യാല്‍ സംരക്ഷിക്കപ്പെടുന്നുണ്ട് എന്നതുകൊണ്ടുതന്നെ വിദ്യഭ്യസം എന്നത് കച്ചവടമോ വ്യാപാരമോ ആണ് എന്ന് കോടതി അംഗീകരിക്കുകയാണ് ചെയ്തത് .എന്നാല്‍ അതെ സമയം തന്നെ വിദ്യാഭ്യസത്തിനുള്ള അവകാശം (right to education )എന്ന മൗലികാവകാശത്തിനു നേരെ കണ്ണടക്കുകയും ചെയ്തു.



കോടതി വിധികള്‍ ഇത്തരത്തില്‍ ആകുന്നത് തികച്ചും യാദൃശ്ചികമാണോ? അല്ല എന്ന് പറയാന്‍ രണ്ടാമതൊന്നു ആലോചിക്കേണ്ടതില്ല.1992 മുതല്‍ നടപ്പിലാക്കുന്ന ആഗോളവല്‍ക്കരണ സാമ്പത്തിക നയങ്ങള്‍ വിദ്യാഭ്യാസത്തിന്റെ സ്വകാര്യവല്‍ക്കരണത്തിലൂന്നതാണ്.മുകേഷ് അംബാനി കണ്‍വീനറും കുമാരമംഗലം ബിര്‍ള മെമ്പറുമായ വിദ്യാഭ്യസം പരിഷ്കരണ കമ്മീഷന്‍ (2000 ) ഉന്നത വിദ്യാഭ്യസ മേഖലയില്‍ നിന്നും സര്‍ക്കാര്‍ പിന്‍വാങ്ങണമെന്നും പൂര്‍ണ്ണമായിത്തന്നെ അത് സ്വകാര്യ മേഖലക്ക് വിട്ടുനല്കണമെന്നും ശക്തമായ നിര്‍ദ്ദേശം മുന്നോട്ടുവെക്കുന്നുണ്ട്.സ്വകാര്യ സര്‍വ്വകലാശാലകള്‍ സ്ഥാപിക്കണമെന്നും യൂസര്‍-പേ പ്രിന്‍സിപ്പിള്‍ നടപ്പിലാക്കണമെന്നും നിര്‍ദ്ദേശിക്കുന്നുണ്ട്.ഈ നയങ്ങളുടെ ബാക്ക്ഗ്രൗണ്ടില്‍ നിന്നുവേണം കോടതി വിധികളെ നോക്കിക്കാണാന്‍. ഇതുകൂടാതെ ഇക്കാലയളവില്‍ തന്നെയാണ് വിദ്യാഭ്യസത്തിന്റെ കാവിവല്‍ക്കരണം സംഘപരിവാര നേതൃത്വത്തിലുള്ള സര്‍ക്കാരുകള്‍ ശക്തമാകുന്നത്. വിദ്യഭ്യസത്തിന്റെ കച്ചവടവല്‍ക്കരണത്തെയും കാവിവല്‍ക്കരണത്തിനെതിരെയും ക്യാമ്പസ്സുകള്‍ ശക്തമായ പ്രതിഷേധം ഉയര്‍ത്തിയിരുന്നു. ഇപ്പോഴും തുടര്‍ന്ന് കൊണ്ടിരിയ്ക്കുന്നു. മാനേജ്മെന്റുകള്‍ വിദ്യാര്‍ത്ഥി രാഷ്ട്രീയത്തെ എതിര്‍ക്കുന്നത് അച്ചടക്കത്തിന്റെയും വിദ്യാഭ്യസ നിലവാരത്തിന്റെയും പേരിലല്ല. മറിച്ചു അവരുടെ നെറികേടുകള്‍ക്കെതിരെ പ്രതികരിക്കുന്നു എന്നതുകൊണ്ടാണ്. അതുകൊണ്ടുതന്നെ കലാലയങ്ങള്‍ നിശബ്‌ദമാകേണ്ടത് കുത്തകമുതലാളിമാരുടെയും ഹിന്ദുത്വ ശക്തികളുടെയും ആവശ്യകതയാണ്.കോടതി വിദ്യാര്‍ത്ഥികള്‍ക്ക് രാഷ്ട്രീയം വേണ്ട എന്ന് വിധിയെഴുതുമ്പോള്‍ യഥാര്‍ത്ഥത്തില്‍ ഈ വിധ്വംസക ശക്തികള്‍ക്ക് കുടപിടിക്കുകയാണ് ചെയ്യുന്നത്.


കോടതികളോട് പറയാനുള്ളത്



വിദ്യാഭ്യാസം നേടാനുള്ള അവകാശം (right to education )ഇന്ത്യയില്‍ ജനിച്ചുവീഴുന്ന ഓരോ കുഞ്ഞിനും ലഭ്യമാകുന്ന കാലം വരെ വിദ്യര്തിസമൂഹം പോരാട്ടം തുടരുക തന്നെ ചെയ്യും. പ്രതികരിക്കുന്നവര്‍ രാജ്യദ്രോഹികളായിത്തീരുന്ന കാലത്തു വിദ്യാര്‍ത്ഥികള്‍ പോരാട്ടം തുടര്‍ന്നുകൊണ്ടിരിക്കും. ക്ലാസ് മുറികള്‍ ഇടിമുറികളാകുന്ന കാലത്തു വിദ്യാര്‍ഥികള്‍ പോരാട്ടം തുടര്‍ന്ന് കൊണ്ടിരിക്കും വിദ്യാഭ്യാസംവും കച്ചവടവും രണ്ടാകും വരെ, വിദ്യാഭ്യാസത്തിന്റെ മതനിരപേക്ഷ സ്വഭാവം സംരക്ഷിക്കുന്നതിനുവേണ്ടി,സാമൂഹിക നീതി നടപ്പിലാക്കുന്നതിനുവേണ്ടി, ഭരണഘടനയില്‍ പറയുന്ന സ്വതന്ത്ര പരമാധികാര, ജനാധിപത്യ, സോഷ്യലിസ്റ്റ് , മതനിരപേക്ഷ ഇന്ത്യക്കുവേണ്ടി പോരാട്ടം തുടര്‍ന്ന് കൊണ്ടിരിക്കും. നിശബ്‌ദമാകില്ല കലാലയങ്ങള്‍..നിശബ്ദമാക്കാനാകില്ല കലാലയങ്ങളെ ..