Dr Anishia Jayadev

ലൈംഗിക വിദ്യാഭ്യാസം ; ഇക്കിളിപ്പെടുന്നവരോട്
Dr Anishia Jayadev
 
അഡ്വക്കറ്റ് പി സതീദേവി  വനിതാ കമ്മീഷൻ അധ്യക്ഷ ചുമതല ഏറ്റെടുത്ത ഉടൻ നടത്തിയ പത്രസമ്മേളനം സവിശേഷമാകുന്നത് ലക്ഷണമൊത്ത സ്ത്രീപക്ഷ നിലപാടുകളുടെ ആർജ്ജവമുള്ള പ്രഖ്യാപനങ്ങളിലൂടെയാണ്. അതിൽ പ്രധാനം സ്ക്കൂൾ കരിക്കുലത്തിൽ ലൈംഗിക വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം സംബന്ധിച്ചാണ്. അർത്ഥശങ്കക്കിടയില്ലാത്ത വിധം വനിതാ കമ്മീഷൻ അധ്യക്ഷ പങ്കുവെച്ച വിശാലമായ സാമൂഹിക രാഷ്ട്രീയം തൊലിപ്പുറ പുരോഗമനവാദികളെ ഞെട്ടിച്ചുവെന്നതിൽ സംശയമില്ല. 'സ്കൂളുകളിൽ ലൈംഗിക വിദ്യാഭ്യാസം വേണം'  എന്ന പ്രസ്താവനയ്ക്കുമേൽ സാമൂഹിക മാധ്യമങ്ങളിലടക്കം ഉയർന്നു വന്ന തികച്ചും പ്രതിലോമകരമായ പുരുഷപക്ഷ വായനയും അശ്ലീലം നിറഞ്ഞ പ്രതികരണങ്ങളും  ചിന്താശേഷി, വിദ്യാഭ്യാസം,  സാമാന്യബോധം  എന്നിവകളാൽ ഉദ്ബുദ്ധരെന്ന് സ്വയമഹങ്കരിയ്ക്കുന്ന   കേരളീയ സമൂഹത്തിന്റെ കപടസദാചാര സമീപനങ്ങളെ തുറന്നുകാണിയ്ക്കുന്നവയാണ്. സ്ത്രീകളെ ലൈംഗികോപകരണങ്ങളായി മാത്രം കാണുന്ന ഒരു വലിയ വിഭാഗം പുരുഷന്മാർ പ്രസ്തുത നിലപാടിനു നേരെ  ആഭാസവും അശ്ലീലവും സ്ത്രീവിരുദ്ധതയും കൊണ്ട് മലീമസമാക്കി.  അവരിൽ എല്ലാ മത വിഭാഗങ്ങളുമുണ്ടായിരുന്നു.  പൊതുവിടത്തിൽ സ്ത്രീയെ കയ്യേറ്റം ചെയ്യാൻ മുതിരുന്ന അതേ  ക്രൗര്യത്തോടെ  ഒളിവിൽ  വികല ലൈംഗിക കഥകളും പോൺ സിനിമകളും കാണുന്ന അതെ വൈകാരികസുഖത്തോടെ അവർ സംസാരിച്ചുകൊണ്ടേയിരുന്നു. എന്നാൽ ലിംഗത്വഭേദമെന്യേ  ഭൂരിപക്ഷത്തിന്റെ  വിമർശനോന്മുഖമായ ഇടപടലിന്റെ ഭാഗമായി sexually frustrated ആയ ആ പുരുഷന്മാർപരാമർശങ്ങൾ പൊതുഇടങ്ങളിൽ നിന്നും  പിൻവലിയ്ക്കാൻ നിര്ബന്ധിതരായി. സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമുകളിൽ നിന്നും ബന്ധപ്പെട്ടവ  അപ്രത്യക്ഷമായെങ്കിലും സമൂഹ സഹയാത്രികരായ ഇത്തരം  പുരുഷന്മാരുടെ മനസ്സിലെ  ലൈംഗിക വൈകൃതം അടുപ്പമുള്ളവരും കുടുംബവും അയല്പക്കവും സഹപ്രവർത്തകരും അടങ്ങുന്ന വിവിധ പ്രായക്കാരായ സ്ത്രീകളോടുള്ള ഇവരുടെ പൊതു മനോഭാവത്തിന്റെ വ്യവച്ഛേദമാണ്.  ഇവർ സ്വയം നിർമലീകരിക്കുന്നതിനുള്ള സാധ്യത തുലോം കുറവാണ്.  ഇവരുടെ വിശ്വാസപ്രമാണങ്ങളാണ് ആത്യന്തികമായി സൈബർ സ്പേസിൽ മുഖം കാണിക്കാതെ, മുഖം നോക്കാതെ  വിളിച്ചു പറഞ്ഞു കൊണ്ടേയിരിക്കുന്നത്. 
 
13_1

കേന്ദ്ര ആരോഗ്യ മന്ത്രി ഡോക്ടർ ഹർഷ വർദ്ധൻ അദ്ദേഹത്തിന്റെ ശാസ്ത്രവിരുദ്ധമായ നിലപാടുകളിലൂടെ ആധുനിക ഇന്ത്യയുടെ ചെകിട്ടത്തടിക്കുകയാണ് ! അദ്ദേഹം സ്കൂളുകളിൽ ഗർഭനിരോധനമാര്ഗങ്ങളെക്കുറിച്ചും, ലൈംഗിക വിദ്യാഭാസത്തെക്കുറിച്ചും  സംസാരിക്കുന്നതു കുറയ്ക്കാൻ ആവശ്യപ്പെടുകയും മൂല്യങ്ങളെക്കുറിച്ചും യോഗയെ കുറിച്ചും മാത്രം സംസാരിക്കേണ്ടതിന്റെ ആവശ്യകത്തെക്കുറിച്ചും അധ്യാപകസമൂഹത്തെ ഉദ്ബുദ്ധരാക്കുന്നു.  ലൈംഗികത കിടപ്പുമുറിയുടെ ഇരുട്ടിനുള്ളിൽ മാത്രം എന്ന സന്ദേശമാണ് ഒരു ഭിഷഗ്വരൻ കൂടിയായ അദ്ദേഹം പൊതുസമൂഹത്തിനു നൽകുന്നത്.

എന്താണ് ലൈംഗികത

ഒരു വ്യക്തിയുടെ ലൈംഗികത എന്നാൽ ലൈംഗികപ്രക്രിയയുമായി ബദ്ധപ്പെട്ടു നടക്കുന്ന എന്തോ പ്രവർത്തനമാണ് എന്ന ധാരണയാണ് പൊതുവെ കാണപ്പെടുന്നത്.  എന്നാൽ ലൈംഗികത, ഒരു വ്യക്തിയുടെ ലൈംഗിക താത്പര്യം, അവളുടെ/അയാളുടെ പെരുമാറ്റം , മനോഭാവം എന്നിവ ഉൾച്ചേർന്ന തികച്ചും ജൈവപരം മാത്രമല്ലാത്ത, സാമൂഹികവും സാംസ്കാരികവും വൈകാരികവും രാഷ്ട്രീയവുമായ ഒരു അവസ്ഥയാണ്.  


എന്താണ് ലൈംഗിക വിദ്യാഭ്യാസം  അഥവാ ലൈംഗികതാ വിദ്യാഭ്യാസം

മികച്ചതും സമഗ്രവുമായ ലൈംഗിക വിദ്യാഭ്യാസം ആഗോളതലത്തിൽ അംഗീകരിക്കപ്പെട്ട മനുഷ്യാവകാശങ്ങളിൽ ഒന്നാണ്.  ഈ അവകാശം ഐക്യ രാഷ്ട്ര സംഘടനയുടെ ബാലാവകാശ കമ്മിറ്റിയുടെയും സ്ത്രീകൾക്കെതിരെയുള്ള എല്ലാവിധ വേർതിരിവുകളും അവസാനിപ്പിക്കാൻ രൂപീകരിച്ച സീഡാ കമ്മിറ്റിയുടെയും
സാമ്പത്തിക സാമൂഹിക സാംസ്കാരിക അവകാശ കമ്മിറ്റിയുടെയും , അംഗപരിമിതർക്കുള്ള ഐക്യരാഷ്ട്ര കൺവൻഷനും ഒരുപോലെ   സമഗ്ര ലൈംഗിക വിദ്യാഭ്യാസത്തെ മനുഷ്യാവകാശമായി പ്രഖ്യാപിച്ചിട്ടുണ്ട്.  
 
18

നിലവിൽ കേരളത്തിൽ ഔപചാരിക ലൈംഗിക വിദ്യാഭ്യാസമെന്നാൽ കൗമാരക്കാർക്ക് സ്കൂൾ ജീവിതകാലത്തെ രണ്ടോ മൂന്നോ മണിക്കൂർ നീണ്ടുനിൽക്കുന്ന തെരെഞ്ഞെടുക്കപ്പെട്ട വിദഗ്ധർ നയിക്കുന്ന ക്ലാസ്സാണ്. അതിന്റെ പ്രതിപാദ്യം പലപ്പോഴും ലൈംഗിക അവയവങ്ങളെപ്പറ്റിയും ലൈംഗിക പ്രക്രിയയെക്കുറിച്ചും മാത്രമാവും .  വീട്ടിൽ മാതാപിതാക്കൾക്കു വലിയ ഒരു "അരുത്" ആണ് ലൈംഗികതയെക്കുറിച്ചുള്ള ഏതൊരു സംശയവും.  പിന്നെ കുട്ടികൾക്കാശ്രയയം അപകടമാംവിധം നാടകീയതയും ശബ്ദബഹളങ്ങളും വന്യതയും  നിറഞ്ഞ പോൺ സിനിമകളും, സുഹൃത്തുക്കളുടെ വികല ധാരണകളും കൊച്ചുപുസ്തകങ്ങളും മാത്രമാവും .  അത്തരത്തിൽ ലൈംഗികതാ വിദ്യാഭ്യാസം സിദ്ധിച്ച പുരുഷന്മാരാവണം ഇന്ന് വനിതാകമ്മീഷൻ അധ്യക്ഷയുടെ പ്രഖ്യാപനയെ അശ്ലീലതയുമായി നേരിട്ടത് .  

പാഠ്യപദ്ധതിയുടെ ഭാഗമായിതന്നെ നടപ്പിലാക്കേണ്ട ഒന്നാണ് ലൈഗികത വിദ്യാഭ്യാസം.  മൂല്യവത്തായ അത്തരം വിദ്യാഭ്യസം ലിംഗത്വം ദ്വന്ദമല്ല (ആണും പെണ്ണും മാത്രമല്ല  )എന്നും  , എന്താണ് ലൈംഗികത, എന്താണ് ബന്ധങ്ങൾ, സുരക്ഷിതമായ ലൈംഗിക ബന്ധം എന്ത് , എങ്ങനെ എന്നും , ലിഗപദവി എന്ത്, അത് ആർജിക്കുന്നതു എങ്ങനെ എന്ന് , സ്വന്തം അവകാശം എന്ത് എന്ന് ലിംഗ വ്യക്തിത്വം എന്ത് എന്ന്, പ്രത്യുത്പാദനം എങ്ങനെ എന്ന്, ലൈംഗിക ആഭിമുഖ്യം എന്ത് എന്ന്, എങ്ങനെ പരസ്പരം ബഹുമാനിക്കും എന്ന് ഒക്കെ മനസിലാക്കിക്കുന്ന ഒന്നാണ് ആവണം.  അങ്ങനെ ഒന്ന് കേരളത്തിലെ ഒരു തലമുറയ്ക്കും സാധിച്ചിട്ടില്ല എന്നതിനുദാഹരണമാണ് സ്ത്രീകളോടും ട്രാൻസ് മനുഷ്യരോടും സമൂഹത്തിലെ പുരുഷന്മാരും പുരുഷ കേന്ദ്രീകൃത വ്യവസ്ഥയിലെ സ്ത്രീകളും അതിക്രമം നടത്തുന്നത്.  കഴിഞ്ഞ ദിവസങ്ങളിൽ വനിതാ കമ്മീഷൻ അധ്യക്ഷ നേരിട്ട അമ്മച്ചി വിളികളും അപഹാസങ്ങളും അനാരോഗ്യകരമായ ലൈംഗിക ശീലമുള്ള കേരള പുരുഷന്മാരുടെ ലൈംഗിക പിരിമുറുക്കത്തിന്റെ ശീഘ്ര സ്ഖലനമായിരുന്നു, അതിനു നിയമപരമായി ശിക്ഷാനടപടികൾ മുതൽ ലൈംഗിക വിദ്യാഭ്യാസം വരെ പരീക്ഷിക്കേണ്ടിയിരിക്കുന്നു, രോഗശാന്തിക്ക്. ലൈംഗികതയെ കുറിച്ചും ലൈംഗിക ബന്ധത്തെക്കുറിച്ചും യുവതയ്ക്ക് അറിവ് പകരുന്നത് വഴി കൗമാരത്തിൽ ലൈംഗിക ബന്ധം അരുത് എന്ന് കരുതി വിവരങ്ങൾ മറച്ചുവച്ചു അവരെ അപകടങ്ങളിലേക്കു തള്ളിയിടുന്നതിനേക്കാൾ ആരോഗ്യകരമായ ചർച്ചകൾ വഴി സ്വയം നിയന്ത്രിക്കാനും നിർണയിക്കാനും   ഉള്ള പ്രാപ്തിയിലേക്കു അവരെ എത്തിക്കാൻ സഹായിക്കാം


കേരളം നേരിടുന്ന വെല്ലുവിളി

പുറമെ വികസിതരെന്നു നടിക്കുന്ന പാട്രിയാർക്കിക്കു അടിമപ്പെട്ട ഒരു സമൂഹമാണ് നമ്മൾ.  പുറത്തു വിക്ടോറിയൻ സദാചാര ബോധം പ്രചരിപ്പിക്കുകയും അനുവർത്തിക്കുന്നതായി ഭാവിക്കയും ഉള്ളിൽ ലൈംഗിക ഇച്ഛാഭംഗങ്ങൾ വച്ച് പുലർത്തുകയും തരം കിട്ടുന്ന മാത്രയിൽ ഏതൊരു സ്ത്രീയോടും ലൈംഗികേച്ഛ നടപ്പിലാക്കാൻ ശ്രമിക്കയും ചെയ്യുന്ന ഒരു സമൂഹം.  അതിനു വളമായി തീരുന്നതു ഇതേ പാട്രിയാർക്കി വളർത്തുന്ന , എത്ര വിദ്യാഭ്യാസമുണ്ടെങ്കിലും എന്റെ ശരീരം എന്റെ അവകാശം എന്ന ചിന്ത യില്ലാത്ത , അടിമത്ത ബോധമുള്ള സ്ത്രീകളും.  

സ്വന്ത ജീവിതത്തിൽ അതൃപ്തിയുള്ള സ്ത്രീകളെ പലതരം ഐഡിയോളജി പ്രീച്ചിങ് വഴി സ്വതന്ത്ര ചിന്താപ്രോക്താക്കളായ ഒരുസംഘം പുരുഷന്മാർ (ചിലപ്പോൾ സ്ത്രീകളും )ലൈംഗിക സ്വാതന്ത്ര്യമാണ് ജീവിത വിജയത്തിനുള്ള ചവിട്ടുപടി എന്ന് സന്ദേഹരഹിതമായി പഠിപ്പിച്ചു അതിവേഗ വിവരവിനിമയം, നീലച്ചിത്രങ്ങൾ, ചില വളച്ചൊടിച്ച ശാസ്ത്രീയതകൾ ചിലപ്പോൾ മദ്യം  എന്നിവ മുഖാന്തരം ലൈംഗിക അടിമത്തത്തിലേക്കു നയിക്കുന്നു.ഇത്തരം പുരുഷന്മാർ സ്വന്തം കുടുംബജീവിതം തെറ്റില്ലാതെ നായികയും സ്വന്തം ഇണ വിക്ടോറിയൻ സാദാചാരത്തിനു കീഴ്പെട്ടിരിക്കുന്നു എന്ന് ഉറപ്പിക്കയും ചെയ്യും. അടുത്തിടെ ആത്മഹത്യ ചെയ്ത bisexual  എന്നവകാശപ്പെട്ട ഒരു പെൺകുട്ടിയുടെ മരണത്തോടനുബന്ധിച്ചു നടന്ന വിവാദത്തിൽ അവൾ ലൈംഗികമായി ദുരുപയോഗം ചെയ്യപ്പെട്ടിരുന്നതായി ചർച്ചചെയ്യപ്പെട്ടു.  അത് കാലക്രമേണ കെട്ടടങ്ങി.  സ്വതന്ത്ര ചിന്താഗതിയുടെ , ലൈംഗിക വിദ്യാഭ്യാസം വഴി സ്വയം മനസിലാക്കാന് കഴിയാത്ത വ്യക്തികളുടെ നിസ്സഹായത പലരും മുതലെടുക്കുന്നതിന്റെ ഒരു നേർചിത്രമാണ് ഇത്.  
 
16

കേരളത്തിൽ സെക്സ് എഡ്യൂക്കേഷൻ ആരംഭിക്കാനുള്ള ആദ്യശ്രമം നടന്നത് തൊണ്ണൂറുകളുടെ മധ്യപാദത്തിൽ എയ്ഡ്സ് കൺട്രോൾ സൊസൈറ്റിയുടെ നേതൃത്വത്തിലാണ്.  അതിന്റെ പരിശീലകർക്കുള്ള പരിശീലനത്തിൽ പങ്കെടുത്ത അനുഭവം ഇപ്രകാരമാണ്.  ആൺപെൺ ശരീരത്തെക്കുറിച്ചു, വളർച്ചയെക്കുറിച്ച് , ആരോഗ്യകരമായ ലൈംഗിക പങ്കാളിത്വത്തെക്കുറിച്ചു , വിശ്വസ്ത പങ്കാളിത്വത്തെ കുറിച്ച് ഒക്കെ മൂന്നുദിവസം പരിശീലനം കഴിഞ്ഞ പരിശീലകരുടെ ഉത്തരവാദിത്വവും ഒരു പുരുഷനും ഒരു സ്ത്രീയും ഒരു സ്കൂളിൽ പോയി ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം പ്രത്യേകം ഇരുത്തി പരിശീലനം നൽകണം എന്നതായിരുന്നു.  അതിനായി ചില സ്കൂൾ അധികൃതർ ഫെബ്രുവരി മാസത്തിൽ സൗകര്യവും നൽകി . എന്നാൽ മാതാപിതാക്കളുടെയും അധ്യാപകരുടെയും എതിർപ്പുകൊണ്ട് ഈ 2  മണിക്കൂർ പരിപാടി ഒറ്റത്തവണ ചിലയിടങ്ങളിൽ  മാത്രം നടന്നു പിന്നെ പൂർണമായി നിന്ന്പോയി.

ലൈംഗികവിദ്യാഭ്യാസത്തെ എന്തിനു പേടിക്കുന്നു 

ഇത് പഠിച്ചിട്ടുവേണം സ്കൂളിൽ പോകുന്ന കാലത്തു തന്നെ ലൈംഗിക പ്രവർത്തനങ്ങളിൽ ഏർപ്പെടാൻ, കൊച്ചുകുട്ടികളുടെ കുട്ടിത്തം നഷ്ടമാവാൻ ,ഇത് സംസ്കാരത്തിനും മതത്തിനും ചേരില്ല, കുട്ടികളുടെ തലച്ചോറുമുഴുവൻ ലൈംഗിക ചിന്തകൊണ്ട് നിറയും, പഠിക്കേണ്ട വിഷയങ്ങൾ പഠിക്കാൻ തന്നെ സമയമുണ്ടാവില്ല കുട്ടികൾക്ക്   എന്നിവയൊക്കെയാണ് പൊതുവെ കേൾക്കുന്ന തടസ്സവാദങ്ങൾ .

സ്വന്തമായി ഒന്ന് കൗമാരകാലത്തേക്കു പോകു, മുതിർന്നവർ പറഞ്ഞുകൊടുക്കാതെ  തന്നെ ആൺകുട്ടികളും പെൺകുട്ടികളും ഈ വിഷയം സംസാരിക്കയും വികലമായ ആശയങ്ങൾ പഠിക്കയും സാധ്യമെങ്കിൽ പരീക്ഷിക്കയും , ചിലപ്പോൾ പാപബോധത്താൽ വ്യാകുലരാവുകയും ചെയ്യുക എല്ലാ തലമുറയിലും ഉണ്ടായിട്ടില്ല ? ചിലരെങ്കിലും പരീക്ഷണാവസാനം ലൈംഗിക രോഗങ്ങൾക്കടിമപ്പെട്ടിട്ടും ഉണ്ടാവാം.  അനാവശ്യമായ ഗർഭം, ലൈംഗിക അതിക്രമം, ലൈംഗികതയോടുള്ള തെറ്റായ സമീപം ഒക്കെ എല്ലാ കാലത്തും ലൈംഗിക വിദ്യാഭ്യാസമില്ലായ്മയുടെ ഉപോല്പന്നങ്ങളാണ് .

ലൈംഗിക വിദ്യാഭ്യാസം എപ്പോൾ

സമാഗരമായ , ബൗദ്ധികവളർച്ചയ്ക്ക്അനുസരിച്ചുള്ള ഒരു ലൈംഗിക വിദ്യാഭ്യാസം കേരളത്തിലെ കുട്ടികൾക്ക് പാദ്യപദ്ധതിയായി തന്നെ ലഭിക്കണം.  ലിംഗ സമത്വത്തിനു ഊന്നൽ നൽകി, സാമൂഹിക സാംസ്കാരിക പ്രത്യേകതകൾ മനസിലാക്കി മനുഷ്യാവകാശത്തിന് പരിഗണന നൽകി അത് പഠിപ്പിക്കുക ഒരിക്കലും നിലവിലുള്ള അധ്യാപകർ ആകരുത് (മുതിർന്നവർക്ക് വേറെ പരിശീലനം നൽകാം ) ബയോളജി പാഠപുസ്തകത്തിലെ പ്രത്യുത്‌പാദനം പഠിപ്പിക്കാൻ കഴിയാത്ത അധ്യാപകരാണ് ഇപ്പോഴും നമ്മുടെ സ്കൂളുകളിൽ ഉള്ളത്.   ഒരു പരിശീലക സംഘം ഇതിന്നായി തയ്യാറാക്കണം.  ശാസ്ത്രീയതയിൽ   ഊന്നി സംസാരിക്കാൻ അവർക്കാവണം.  
 
17

വളരെ ചെറിയപ്രായത്തിൽ മനസിലാക്കേണ്ട ചില കാര്യങ്ങൾ മാത്രം അതാതു പ്രായത്തിൽ നൽകാൻ ഒരു പ്രോട്ടോകോൾ ഉണ്ടാക്കണം .  "വേണ്ടാത്ത സ്പര്ശനം" തിരിച്ചറിയേണ്ട പ്രായം മുതൽ തുടങ്ങി പതിനെട്ടു വയസ്സുവരെ അവർക്കു കാര്യങ്ങൾ പറഞ്ഞു കൊടുക്കാം.ലൈംഗിക അവയവങ്ങളുടെ പേര്  ലൈംഗിക അവയവങ്ങള്‍ വൃത്തിയായി സൂക്ഷിക്കല്‍  ഏതാണ് നല്ല സ്പര്‍ശം, ഏതാണ് ചീത്ത സ്പര്‍ശം. ചീത്ത സ്പര്‍ശമുണ്ടായാല്‍ ആരോടാണ് പറയേണ്ടത് എന്നിവ അറിയാവുന്ന ഒരു കുട്ടി ബാല ലൈംഗിക പീഡനത്തിന്റെ ആദ്യ ശ്രമത്തെ തന്നെ മുതിർന്നവരെ അറിയിക്കും.  സ്വന്തം ശരീരത്തിൽ തനിക്കുള്ള അവകാശത്തെ കുറിച്ച് ബോധമുള്ള ഒരു പെൺകുട്ടിയും പ്രണയം എന്ന വ്യാജേനയുള്ള അതിക്രമങ്ങൾക്ക് വിധേയമാവാതെ പ്രതിരോധിക്കും .  ലൈംഗിക സുഖവും പങ്കാളിത്തവും സ്വന്തം അവകാശമാണ് എന്ന ബോധ്യമുള്ള സ്ത്രീകൾ കിടപ്പറയിൽ ബലാത്സങ്ങത്തിന് വിധേയപ്പെടുകയില്ല .  പെൺകുട്ടിയും ട്രാൻസ് വിഭാഗത്തിലെ സുഹൃത്തും തന്നെപ്പോലെ തന്നെ വ്യക്തിത്വമുള്ള മനുഷ്യരാണെന്നു മനസിലാക്കുന്ന ആൺകുട്ടി അതിക്രമങ്ങൾക്ക് മടിക്കും.  ലൈംഗിക വിദ്യാഭ്യാസം ലഭിച്ച പുരുഷൻ ഇണയെ തനിക്കു സമ പങ്കാളിയായി കാണും . ഇത്തരം ഗുണപരമായ സാധ്യതകളാണ് സമഗ്ര ലൈംഗികതാ വിദ്യാഭ്യാസം കേരള ജനതയ്ക്കു നൽകുക .  

സാമൂഹിക പ്രതിഫലനങ്ങൾ 

പലതരം തിരിച്ചറിവുകളാവും ഒരു സമഗ്ര ലൈംഗിക വിദ്യാഭ്യാസം പ്രദാനം ചെയ്യുക . അവയിൽ പ്രധാനം ഇവയാണ്. ലൈംഗികത ആസ്വദിക്കേണ്ട ഒന്നാണ് .  ലൈംഗിക ബന്ധത്തിന് പങ്കാളിയുടെ സമ്മതം പ്രധാനമാണ് (സമ്മതമില്ലാതെ പങ്കാളിയെപോലും സ്പർശിക്കാൻ പാടില്ല). ലൈംഗിക ആകർഷണം പാപമല്ല, തികച്ചും സ്വാഭാവികമാണ് പ്രായപൂർത്തിയായവർ വേണ്ട തയ്യാറെടുപ്പില്ലാതെ ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടാൽ അതിൽ സ്ത്രീ ഗർഭം ധരിക്കും (അത് പ്രായം കുറഞ്ഞ സ്ത്രീയിൽ അനാരോഗ്യം ഉണ്ടാകും, ഒരുപക്ഷെ ജീവാപായം ഉണ്ടായേക്കാം). ഒരു ഗർഭ നിരോധനമാർഗവും പൂർണമായി സുരക്ഷിതമല്ല. പല ലൈംഗിക രോഗങ്ങളും വിനാശകാരികളാണ്. സ്വയംഭോഗം എന്നത് തികച്ചും സ്വാഭാവികമാണ്. ആരോഗ്യകരമായ ജീവിതത്തിന്റെ അടിസ്ഥാനമാണ് നല്ലൊരു ലൈംഗിക ജീവിതം.

മേല്പറഞ്ഞ കാര്യങ്ങൾ പതിനെട്ടു വയസ്സിനുമുന്പ് നമ്മുടെ കുട്ടികൾ മനസിലാക്കിയാൽ ലൈംഗിക കുറ്റകൃത്യങ്ങളും അതിക്രമങ്ങളും കുറഞ്ഞ ആരോഗ്യമുള്ള ഒരു സമൂഹമായി കേരളം രൂപാന്തരപ്പെടും എന്നുറപ്പാണ്.  പത്തു വര്ഷം കഴിഞ്ഞാൽ അന്നത്തെ യുവ പുരുഷന്മാർ ഇത്തരം സൈബർ ബുള്ളിയിങ്ങിനു തയ്യാറാവില്ല എന്നതും   ഏതു തരം ലൈംഗികാതിക്രമവും   തടയാൻ പെൺകുട്ടികൾക്ക് ധൈര്യവും കാര്യശേഷിയും  ഉണ്ടാകും എന്നതും നിസ്തർക്കമാണ്. ഒപ്പം ട്രാൻസ് ജെൻഡർ വ്യക്തികൾക്ക് ആരോഗ്യകരമായ ജീവിത സാഹചര്യവും.