Dr Anishia Jayadev

സഊദ് /സൗദ * – ജീവനോടെ കത്തിയെരിഞ്ഞവള്‍ പുരുഷനിയമങ്ങള്‍ക്കൊരു രക്തസാക്ഷി

പാലസ്റ്റീനിലെ വെസ്റ് ബാങ്ക് പ്രദേശത്തെ ഒരു സാധാരണ ഗ്രാമം , പരമ്പരാഗത അറബി ഭവനത്തിന്റെ എല്ലാ കാര്‍ക്കശ്യവും ഉള്ള തികച്ചും പിതൃദായകത്വ വ്യവസ്ഥയുടെ മനുഷ്യമുഖമില്ലാത്ത ആചാരണങ്ങളുടെ ഘോഷയാത്രയാണ് അവിടെ ജീവിതം. ഒരു ആടിന്റെ വില ഇല്ല പെണ്‍ജീവിതങ്ങള്‍ക്ക് . അത്തരം ഒരു മനുഷ്യത്വരഹിത വ്യവസ്ഥയില്‍ ഇരുപത്തി ഒന്നാം നൂറ്റാണ്ടിലും പെണ്‍കുട്ടികള്‍വളരുന്നുണ്ട് , പ്രത്യുത്പാദന , ഗൃഹഭരണ യന്ത്രങ്ങളാണ് അവര്‍. യൂറോപ്പിലെ പേര് വെളിപ്പെടുത്താന്‍ സാധ്യമല്ലാത്ത ഒരു സ്ഥലത്തുനിന്നു അക്ഷരാഭ്യാസം യൗവനത്തിന്റെ തുടക്കത്തില്‍ മാത്രം സിദ്ധിച്ച സഊദ് തന്റെ രക്ഷകയും മനുഷ്യാവകാശ പ്രവര്‍ത്തകയുമായ ജാക്വിലിന്റെ സ്നേഹ നിര്‍ബന്ധങ്ങളാല്‍ കഥനം ചെയ്യുകയും മേരി തെരിസ് ക്യൂനി Marie-Thérèse Cuny )എന്ന ആക്ടിവിസ്റ്റായ എഴുത്തുകാരി അത് അക്ഷരങ്ങളില്‍ ആവാഹിക്കയും ചെയ്തിരിക്കുന്നു.



സൗദയുടെ കുറിപ്പ്


എന്റെ ഈ ഓര്‍മ്മപ്പുസ്തകം ലോകമെമ്പാടും പ്രചരിക്കുമെന്നും ആ സുദീര്‍ഘ പ്രയാണത്തിനിടയില്‍ അതിന്റെ ഒരു പ്രതിയെങ്കിലും വെസ്റ്റ് ബാങ്കിലും എന്തിച്ചേരുമെന്നും അപ്പോള്‍“അവിടെയുള്ള അക്കൂട്ടര്‍ ” അത് അഗ്നിക്കിരയാക്കില്ലെന്നും ഞാന്‍ പ്രത്യാശിക്കുന്നു . ഞാന്‍ അതിന്റെ ഒരു പ്രതി , അസ്സല്‍ തുകല്‍ച്ചട്ടയിട്ടു , പുറമെ കനകാക്ഷരങ്ങള്‍ ആലേഖനം ചെയ്തു അനര്‍ഘമായ ഒരു നിധിപേടകംപോലെ എന്റെ ഈ ഭവനത്തിലെ പുസ്തക ഷെല്‍ഫില്‍ സൂക്ഷിക്കും.


നന്ദിയോടെ
സഊദ്


വെന്തു പോയ ജീവിതത്തില്‍ നിന്ന് അഴുകി ജീവശ്ചവമായി പിന്നെ മനുഷ്യാവകാശപ്രവര്‍ത്തകരുടെ ഇടപെടല്‍ കൊണ്ട് സ്വപ്നതുല്യമായ ജീവിതത്തിലേക്ക് പോയി ദുരഭിമാനക്കൊലയ്ക്കു നേരെ ഉള്ള പോരാട്ടങ്ങളുടെ ഭാഗമാവുകയും ചെയ്തു, കഥാനായികയായ സഊദ്.


സൗദയുടെ (സഊദ് ) ജീവിതം


ശൈശവത്തിലോ കുട്ടിക്കാലത്തോ കൗമാരത്തിലൊ സന്തോഷം എന്തെന്നറിയാത്ത അനേകം പലസ്‌തീന്‍ പെണ്കൊടിമാരില്‍ ഒരാള്‍മാത്രമാണ് അവള്‍. ജീവിതത്തിന്റെ ഓരോ ഘട്ടത്തിലും താന്‍ ഒരു ചാര്‍മൂട്ട(വേശ്യ ) അല്ല എന്ന് തെളിയിക്കാന്‍ ബാധ്യതപ്പെട്ട അനേകരില്‍ ഒരുവള്‍. പതിനാലു വയസ്സിനുള്ളില്‍ / പ്രായപൂര്‍ത്തിയായ ഉടന്‍ തന്നെ വിവാഹം നടന്നില്ലെങ്കില്‍ ശപിക്കപ്പെട്ടവളാണ് ഇവിടെ ഓരോ പെണ്‍കുട്ടിയും . എന്നാല്‍ മൂപ്പുമുറ നോക്കാതെ വിവാഹം നടക്കില്ല , മുതിര്‍ന്ന പെണ്‍കുട്ടിക്ക് എന്തെങ്കിലും കാരണവശാല്‍ വിവാഹം നടന്നില്ലെങ്കില്‍ , വൃദ്ധ കന്യകയായി എരിഞ്ഞു തീരും അവളുടെയും അനിയത്തിമാരുടെയും ജീവിതം. മുതിര്‍ന്നവരുടെ കൂട്ടില്ലാതെ ഒരു പെണ്‍കുട്ടി പുറത്തിറങ്ങിയാല്‍, അവള്‍മുഖം ഉയര്‍ത്തി മറ്റൊരാളെ നോക്കിയാല്‍ അവളൊരു ചാര്‍മൂട്ട ആയി തീരും. കഥാനായികയുടെ വീട്ടില്‍ ഇതാണ് അവസ്ഥ . അവള്‍ക്കായി പതിനാലു/പതിനാറു വയസ്സില്‍ തന്നെ ആലോചന വന്നുവെങ്കിലും ( അക്ഷരമോ അക്കമോ എണ്ണമോ അവള്‍ക്കു അറിയില്ല കാരണം അവള്‍ നിരക്ഷരയായിരുന്നല്ലോ മറ്റെല്ലാ പെണ്‍കുട്ടികളെയും പോലെ), ചേച്ചിയുടെ വിവാഹം നടക്കാത്തതിനാല്‍ അവള്‍ക്കു കാത്തിരുന്നല്ലേ മതിയാവൂ . അവളുടെ നേരാങ്ങള ആസാദ് മാത്രമാണ് ഒരേഒരു ആണ്‍തരിയും ആ വീട്ടിലെ രാജകുമാരനും . അവന്‍ മാത്രമാണ് വിദ്യാഭ്യാസം നേടിയിട്ടുള്ളത് . ഇവനെന്താണ് ഇത്ര പ്രത്യേകത എന്ന് എന്നുമെന്നോണം സൗദിന് തോന്നാറുണ്ടായിരുന്നു. “ഞാന്‍ കിടന്ന ഗര്‍ഭപാത്രത്തില്‍ നിന്ന് തന്നെയല്ലേ ഇവനും കടന്നു വന്നത്?” എന്ന ചോദ്യത്തിന് അവള്‍ക്കൊരു ഉത്തരവും കിട്ടിയില്ല, ഒരിക്കലും .



അച്ഛന്‍ അദ്മാന്‍ നിഷ്ടൂരന്‍ തന്നെ. അമ്മയും ഒട്ടും മോശമായിരുന്നില്ല. (പിതൃ ദായക സമൂഹം വിലക്ഷണമായി സ്ത്രീവിരുദ്ധമായി മുന്നോട്ടുപോകുന്നതില്‍ സ്ത്രീയ്ക്കുമുണ്ടല്ലോ പങ്കു ) .തുകല്‍ വാറുകൊണ്ട് അടി കൊള്ളാത്ത ദിവസം , മാംസം പൊട്ടി പൊളിയാത്ത ദിവസം അവളുടെ ജീവിതത്തില്‍ ഇല്ലതന്നെ . അതുകൊണ്ടു തന്നെ വിവാഹം മാത്രമാണ് അവളുടെ ദുരിതത്തില്‍ നിന്നുള്ള രക്ഷ. അത് മറ്റൊരു പീഡനത്തിലേക്കാണെന്നു അവള്‍ക്കു ഏറെക്കുറെ ഉറപ്പു തന്നെ . എന്നാലും അവള്‍അതിനായാണ് കാത്തിരിക്കുന്നത് . അവള്‍ക്കും കൂട്ടരേ സ്വപ്നങ്ങളുണ്ട്.


സൗദയുടെ ഒരു ദിവസം


ദിവസം രണ്ടുനേരം പ്രാര്‍ത്ഥന (ഉമ്മ ചൊല്ലുന്നതു കേട്ട് പഠിച്ചത് ) പിന്നെ അതിരാവിലെ ലായതില്‍ പോയി ആട്ടിന്‍ പറ്റവുമായി മേച്ചില്പുറത്തേക്കു. കൂടെ സഹോദരിയും ഉണ്ടാകും കാലുകളിലേക്കുമാത്രം നോക്കിയാവും അവരുടെ യാത്ര. ആടുകള്‍തീറ്റകഴിഞ്ഞു വിശ്രമിച്ചാല്‍ അവരും ഒന്ന് മയങ്ങും, അബദ്ധവശാല്‍ ഒരു ആട് അയലത്തെ വീട്ടിലെ ഒരു ഇലത്തലപ്പു കടിച്ചാല്‍ പിന്നെ തോല്‍വാറാണ് വീട്ടില്‍ അവരെ കാത്തിരിക്കുന്നത്. ചായയില്‍ പഞ്ചസാര ചേര്‍ക്കുമ്പോള്‍ഒരു തുള്ളി തുളുമ്പിയാലും അത് തന്നെ ശിക്ഷ . വീട്ടില്‍ അത്തി, മുന്തിരി, നാരകം , ഒലിവു , കോളിഫ്ലവര്‍, തക്കാളി ഒക്കെ കൃഷി ചെയ്തിരുന്നു , അവയുടെ വിളവെടുപ്പും ചന്തയിലേക്കുള്ള പാക്കിങ്ങും ഒക്കെ അവര് തന്നെ ചെയ്യും . അതില്‍ പിഴവു പറ്റിയാല്‍ അതിക്രൂരമായ മര്‍ദ്ദനം തന്നെ . അതുപോലെ തന്നെ അവള്‍ക്കിന്നും അറിയില്ല അവളും ആട്ടിന്‍ പറ്റവും കയറിക്കഴിയുമ്പോള്‍താനേ അടയുന്ന പടുകൂറ്റന്‍ ഇരുമ്പുവാതിലിന്റെ പ്രവര്‍ത്തന സംവിധാനം. ആ പടുകൂറ്റന്‍ വാതിലിനുള്ളില്‍ ഒരു ജയില്‍ തന്നെയായിരുന്നു അവള്‍ക്കു. അലക്കു ജോലികള്‍, വീട് വൃത്തിയാക്കല്‍, പാചകം. ഇവയില്‍ എന്തെങ്കിലും ഒരു പോരായ്മയുണ്ടെന്ന് തോന്നുമെങ്കില്‍ വാപ്പയുടെ അര ബെല്‍റ്റ് അഴിച്ചെടുത്തു ചുഴറ്റിക്കൊണ്ടുള്ള ആക്രോശമുണ്ട് , ബെല്‍റ്റ് കൊണ്ടുള്ള അടി കൊള്ളത ഒരു ദിവസം അവളുടെ ഓര്‍മയില്‍ ഇല്ല . സ്വന്തം കാല്‍വിരല്‍ അല്ലാതൊന്നു അവള്‍കാണാറ് തന്നെ ഇല്ല. മുഖം ഉയര്‍ത്തി നോക്കാന്‍ അനുവാദമില്ലാത്തവള്‍ പിന്നെ മറ്റെന്തു കാണാന്‍ .


വേഷവിധാനം


തൊലിപ്പുറം വേദനിപ്പിക്കത്തക്ക പരുപരുത്ത പരുത്തിവസ്ത്രം, ചാരനിറമോ വെളുത്തതോ. അതിനു പുറത്തു നീണ്ട കയ്യുറകളോടുകൂട്ടിയ ഷര്‍ട്ട് , കോളര്‍ ഇറുക്കി ബട്ടണ്‍ ഇടണം. അതിനു മുകളില്‍ അയഞ്ഞ ചാക്കുറ പോലെ ഒരു വേഷം, പേര് സൗരല്‍ . ഒരു ഉടുപ്പ് വാങ്ങി ഒരാള്‍ക്ക് കൊടുക്കും , പകമാണോ അല്ലയോ എന്ന് ആരും നോക്കില്ല. മാറി മാറി ഉപയോഗിച്ച് കൊള്ളുക , അത്ര തന്നെ .


ബാക്കിയുള്ളവരെവിടെ


ഈ മധ്യവയസ്സില്‍ അവളുടെ ക്ഷീണിച്ച ഓര്‍മയില്‍ ചില പഴയ ചോദ്യങ്ങള്‍ക്കു ഉത്തരം തെളിഞ്ഞു വരുന്നുണ്ട്.


‘ഉമ്മ , അവര്‍ 14 വയസ്സില്‍ വിവാഹിതയായവരാണ് പതിനാലു മക്കളെ പ്രസവിച്ചു. അതില്‍ അഞ്ചു പേരാണ് ഇപ്പോള്‍ജീവിച്ചിരിപ്പുള്ളതു. ബാക്കിയുള്ളവര്‍ എവിടെ? അവര്‍ മരിച്ചു എന്ന് ഉമ്മ ഒരിക്കലും പറഞ്ഞിട്ടില്ല. തൊട്ട് ഇളയ സഹോദരിയുടെ പേരുപോലെ അവള്‍അത് മറന്നു പോയതായിരുന്നു.



വ്യഥിതമായ ആ ചിന്തന പ്രക്രിയയില്‍ അവള്‍അവളുടെ അമ്മയുടെ ഒരു പ്രസവം കാണുകയാണ്, ഏറെ ശ്രമത്തിനു ശേഷം ആ ആട്ടിന്‍ തോല്‍ പായയില്‍ അതാ ഒരു പെണ്കുഞ്ഞു ജനിച്ചു വീണു. അമ്മയുടെ കരച്ചിലിന്റെ തോല്പിക്കുന്നു കുഞ്ഞിക്കരച്ചില്‍. മുട്ടുകുത്തിയിരുന്നു അവര്‍ ആ ആട്ടിന്‍ തോല്‍ പുതപ്പു ആ കുഞ്ഞു മുഖത്തമര്‍ത്തുന്നു. പിന്നെ ശബ്ദം അടങ്ങിയ ആ കുഞ്ഞിനെ , അവളുടെ പ്രാണന്റെ തന്നെ ഒരു നുറുങ്ങിനെ ജീവ ദാതാവ് തന്നെ തിരിച്ചു എടുത്തത് കണ്ടു പകച്ചു നിന്ന അവള്‍തന്റെ ജീവനും സുരക്ഷിതമല്ല എന്ന തിരിച്ചറിവ് ഉറപ്പിച്ചു കിട്ടി . മറ്റു കുട്ടികള്‍എവിടെപ്പോയെന്നു ഇപ്പോള്‍അവള്‍ക്കറിയാം . അന്ന് ഒരു പെണ്‍കുട്ടി എന്ന നിലയില്‍ അവള്‍പിന്നെയും ജീവിതത്തിന്റെ നിഷ്പ്രഭതയെ കുറിച്ച് ഭയന്നതായും അവള്‍ക്കോര്‍മയുണ്ട്.


അപ്പോഴതാ ഒരു വിവാഹാലോചന


ഫയാസ് എന്ന ഉദ്യോഗസ്ഥനായ യുവാവ് അയല്പക്കത്തു നിന്ന് അവള്‍ക്കു വിവാഹാലോചനയുമായി വരുന്നു. എന്നാല്‍ മൂത്ത സഹോദരി വിവാഹിതയല്ലാഞ്ഞതിനാല്‍ അവള്‍ക്കു ആ രക്ഷാവാതില്‍ ഉടന്‍ അപ്രാപ്യമാണ്. എന്നാലും അയാളില്‍ ഒരു രക്ഷകനെ കാണുന്നു സഊദ് . ജീവന്‍ പോലും അപകടപ്പെടുത്തി അയാളെ കാണുകയും തികച്ചും അനുരക്തയാകുകയും ചെയ്യുന്നു. എന്ന് മാത്രമല്ല അയാള്‍ക്ക് പൂര്‍ണമായി വിധേയപ്പെടുന്നു. കന്യകാത്വം അവള്‍പോലും പ്രതീക്ഷിക്കാതെ നഷ്ടപ്പെടുന്നു. തീര്‍ച്ചയായും അനുരാഗം ഉണ്ടാക്കിയ ഭോഗേച്ഛ തന്നെ അതിനു കാരണമായത്. കന്യാചര്‍മം ഭേദിക്കപ്പെട്ടപ്പോളുണ്ടായ രക്തസ്രാവം കണ്ടപ്പോള്‍മാത്രമേ അവള്‍ക്കു കാര്യങ്ങളുടെ അപകടം മനസിലായുള്ളൂ.



ഫയാസ് ഒരു സൂത്രക്കാരനായിരുന്നോ എന്ന് വായനക്കാര്‍ക്കു തോന്നുന്നതരത്തില്‍ ഉത്തരവാദിത്വങ്ങളില്‍ നിന്ന് അയാള്‍ഒളിച്ചു പോകുന്നു. അവള്‍പല തവണ അപേക്ഷിച്ചിട്ടും ഭയം കാരണം അയാള്‍ക്ക് അവളുടെ വീട്ടില്‍ വിവാഹ ആലോചനയുമായി പോകാന്‍ സാധിക്കുന്നില്ല. ആദ്യരാത്രിയിലെ ഇനി ഉണ്ടാകാനിടയില്ലാത്ത കന്യാചര്‍മ ഛേദം ഇനി എങ്ങനെ എന്നതും അയാളെ അലട്ടിയിട്ടുണ്ടാകാം.(പാലസ്തീനില്‍ ആദ്യരാത്രിയില്‍ സമാഗമം നടക്കുന്നത് ഒരു വെള്ള വിരിപ്പിട്ട പ്രതലത്തിലാവും. രാത്രി വൈകുമ്പോള്‍രക്തം പുരണ്ട വിരിപ്പ് ബന്ധുക്കളെ കാണിക്കേണ്ട ദൗത്യം പുരുഷന്റേതാണ് ). പക്ഷെ ഒളിസങ്കേത വേഴ്ച അവളെ ഗര്‍ഭിണി ആക്കി. വളരെ പണിപ്പെട്ടു ഫയാസിനെ അവള്‍ഒളി സങ്കേതത്തില്‍ എത്തിക്കുമ്പോള്‍, കുറെ നാളായുള്ള ശീലം ആവണം അയാള്‍ഉടനെ തന്നെ “അതിനു” മുതിരുന്നു . അവള്‍ക്കു ഈര്‍ഷ്യ തോന്നുന്നു .


അടിസ്ഥാനപരമാണ് ഈ ചോദ്യം എന്നും പെണ്ണിന്




“സത്യത്തില്‍ നിങ്ങള്‍എന്നെ സ്നേഹിക്കുന്നുണ്ടോ …ഫയാസ്? ഒന്ന് സംസാരിക്കാന്‍ മാത്രമായി നമുക്ക് കണ്ടുമുട്ടിക്കൂടെ ?” എന്ന ചോദ്യം എത്രയോ കാമിനിമാരുടേതാണ് , അവളുടേത്‌ മാത്രമല്ല . പ്രണയത്തില്‍ നിന്ന് വേഴ്ചയിലേക്കു പോകുകയും അവിടെനിന്നു അപ്രത്യക്ഷരാകുകയും ചെയ്യുന്ന എത്രയോ കാമുകന്മാര്‍ ഇത് കേള്‍ക്കുകയും, “ആവാം……..”എന്ന് (യാതൊരു ആത്മാര്‍ഥതയുമില്ലാതെ) പറയുകയും ചെയ്തിരിക്കുന്നു . ഫയസും അപ്രകാരം തന്നെ ചിന്തിക്കുന്നുണ്ടാകണം, അവളുടെ സ്ഫോടനാത്മക വെളിപ്പെടുത്തലിനു ശേഷം അയാള്‍അവളോട് ചോദിക്കുന്നു “അപ്പോള്‍നാം ഇനി എന്താണ് ചെയ്യുക ?” ആവര്‍ത്തിച്ചുള്ള വിവാഹ വാഗ്ദാനത്തിനു ശേഷം അയാള്‍ കാലാന്തരത്തില്‍ ഒളിച്ചു എങ്ങോ പോകുന്നു.




സഊദ് പിടിക്കപ്പെട്ടുന്നു


നീ ഗര്‍ഭിണിയാണെന്ന കാര്യം എനിക്ക് ഉറപ്പാണ് . വാപ്പയുടെ ശബ്ദം, നിഷേധത്തിനു മേല്‍ ആജ്ഞ , മടിച്ചു നില്‍ക്കേണ്ട , വേഗം ഉമ്മയെ മാറ് കാണിച്ചു കൊടുക്ക് ആര്‍ത്തവം ഉണ്ട് എന്ന് , ഉണ്ടാകുന്നു എന്ന് അവള്‍നിര്‍ബന്ധം പിടിക്കുന്നു. അവളെ ഏകാന്ത തടവില്‍ പാര്‍പ്പിക്കുന്നു. ആരും അവളോട് ഉത്തരവാദി ആരെന്നു ചോദിക്കാത്തതു വായനക്കാരെ അമ്പരപ്പിക്കും , കാരണം സാധാരണ ഒരു സമൂഹത്തില്‍ ആദ്യ ചോദ്യം ” ആരെടി അവന്‍ ” എന്നതാണല്ലോ. പക്ഷെ അവിടെ , പുരുഷന്മാര്‍ തെറ്റ് ചെയ്യാറില്ല. കന്യകാത്വം നഷ്ടപെടുത്തിയവള്‍മാത്രമാണ് കുറ്റവാളി.


കത്തുന്ന ജീവിതം


ചേച്ചി നൗറയുടെ ഭര്‍ത്താവ് ഹുസൈനെ ഉമ്മ സഹായത്തിനു വിളിക്കുന്നു. ദുരഭിമാനക്കൊലയുടെ മണം അവള്‍ക്കു അനുഭവവേദ്യമാകുന്നു. അവള്‍ഭയന്നോ ? അന്ന്എ, ആ ദിവസം വീട്ടുകാരെയെല്ലാവരെയും ഹുസ്സൈന്‍ നിങ്ങള്‍ഒന്ന് പുറത്തു പോയി വന്നുകൊള്ളു എന്ന് പറഞ്ഞു അയക്കുന്നു .




“നീ തുണി അലക്കിക്കൊള്ളൂ” എന്ന് പറഞ്ഞു ഉമ്മ പുറത്തേക്കു പോകുന്നു. വലിയ അടുപ്പു കത്തിക്കുന്നതും ഇരുമ്പു വാതില്‍ തുറന്നു വരുന്ന മച്ചുനന്‍ ചോദിക്കുന്നു , “ഹേ, മറ്റേതിന്റെ വളര്‍ച്ച എങ്ങനെയുണ്ട് ” , തികച്ചും മ്ലേച്ഛമായ ഒരു ചിരിയോടെ അവന്‍ തുടര്‍ന്നു . “അത് കൈകാര്യം ചെയ്തുകൊള്ളാമെന്നു ഞാന്‍ ഏറ്റിരിക്കയാണ് .”



തല കുമ്പിട്ടിരുന്ന അവളുടെ ഉടല്‍ ആകെ തണുത്തു , തീനാളം അവളെ നക്കിത്തുടച്ചു. പെട്രോള്‍ഒഴിച്ച് മച്ചുനന്‍ അവളെ കൊല്ലാന്‍ ശ്രമിക്കയാണ്…പിന്നെ അവള്‍ക്കൊന്നും ഓര്‍മയില്ല , ഓര്‍മ വരുമ്പോള്‍അവള്‍“അയ്യോ , പാവം പെണ്ണ് ” എന്ന് കേള്‍ക്കുന്നുണ്ട് , കത്തിയ മാംസം മണക്കുന്നു, അവള്‍സഞ്ചാരത്തിലാണ്, പക്ഷെ മരിച്ചിട്ടുണ്ടാവാം…അവള്‍ക്കറിയില്ല



ഒരു ആശുപത്രിയില്‍ ചീഞ്ഞളിഞ്ഞ അവള്‍കിടക്കുന്നു. ഉമ്മ …അവര്‍ക്കാകെ പറയാനുണ്ടായിരുന്നത് അവള്‍മരിക്കുന്നതാണ് അവള്‍ക്കു നല്ലതു എന്നായിരുന്നു. “നീ ഇങ്ങനെ ജീവിച്ചിരുന്നാല്‍ നിന്റെ കുഞ്ഞാങ്ങളയ്ക്കു പ്രശ്നങ്ങള്‍ഉണ്ടാകും ” കൈയ്യില്‍ കരുതിയ ഗ്ലാസിലെ വിഷം അവര്‍ അവളുടെ ചുണ്ടിലേക്കു അടുപ്പിച്ചു. ഓടിവന്ന ഡോക്റ്റര്‍ അത് പിടിച്ചു വാങ്ങി അവരെ പുറത്താക്കി. പിന്നെ അവളുടെ കുടുംബത്തിലെ ആരെയും ഇനി അവളെ കാണാന്‍ അനുവദിക്കില്ല എന്ന് പറയുമ്പോള്‍, അവള്‍കുഞ്ഞാങ്ങള ആസാദിനെ കാണാന്‍ ആഗ്രഹിക്കുന്നുണ്ട്. ഡോക്ടര്‍ അതിനുള്ള ഏര്‍പ്പാട് ചെയ്തു. എന്തായാലും വീട്ടുകാരുടെ കണ്ണ് വെട്ടിച്ചു ചേച്ചിക്ക് കുറച്ചു പഴവര്ഗങ്ങളുമായി വന്ന അവന്‍ ഭയചകിതനായിരുന്നു, അവളവനെ പിന്നെ കണ്ടിട്ടില്ല .


വയറ്റില്‍ കത്തി കുത്തിയിറക്കുന്നതു പോലെയും കാലുകള്‍ക്കിടയില്‍ വിചിത്രമായെന്തോ സംഭവിക്കുന്ന പോലെയും തോന്നുന്നുണ്ട് എന്തായാലും, ആകുഞ്ഞു കഷ്ട്ടപാടുകളുടെ ലോകത്തിലേക്ക് വരുന്നതാണ് അവള്‍അറിഞ്ഞത് .എന്നാല്‍ കുഞ്ഞു ജീവനോടെയുണ്ടോ എന്ന് അവളുടെ ഉരുകിപ്പോയ കാതുകളിലൂടെ അറിഞ്ഞിട്ടും മാതൃത്വത്തിന്റെ അനുഭൂതിയൊന്നും അവള്‍ക്കു തോന്നാത്തത് കുറ്റമാണോ ?


ടെറെ ദസ് ഹോംസെന്ന സന്നദ്ധ സംഘടനയിലെ ജാക്വിലിനിലൂടെ കഥ തുടരുന്നു


അവര്‍, ജാക്വിലിന്‍ , ഒരു മനുഷ്യാവകാശ പ്രവര്‍ത്തക. നാട്ടുകാരുടെ സഹതാപം സൗദിനോടല്ല എന്നാല്‍ അവളെ കൊള്ളാന്‍ ശ്രമിച്ചവരോടാണ് എന്നത് അവരെ നടുക്കിയില്ല . പക്ഷെ അളിഞ്ഞു കണ്ണ് ചിമ്മാന്‍ കഴിയാത്ത അവളെ രക്ഷിക്കാന്‍ എന്ത് ചെയ്യണം എന്ന് ചിന്തയ്ക്കാന്‍ അവര്‍ക്കായി. സഹാനുഭൂതിയുള്ള ഒരു യുവ ഭിഷഗ്വരന്റെ സഹായത്തോടെ പല തവണ അവളുടെ മാതാപിതാക്കളുമായി സംസാരിച്ചു , നിര്‍ബന്ധിച്ചു അവളെ യൂറോപ്പിലേക്ക് കൊണ്ടുപോകാന്‍ അനുവാദം നേടിയെടുക്കുന്നു. ഒപ്പം ആ കുഞ്ഞിനേയും . അവള്‍ആ കുഞ്ഞിന് മറൂവന്‍ എന്ന് പേരിട്ടിരുന്നു. അവള്‍ആ കുഞ്ഞിനേയും കൂടെ കൂട്ടണമെന്ന് ആഗ്രഹിച്ചു , ഇവിടെ അവളുടെ കുഞ്ഞു ഒരു ചാര്‍മൂട്ടയുടെ(വേശ്യ ) മകനായി അനാഥാലയത്തില്‍ ജീവിക്കേണ്ടിവരും . അവശനായ ആ കുഞ്ഞിനേയും കണ്ടെത്തി മൂവരും സ്വിറ്റസര്‍ലാന്‍ ഡിലേക്കു ഒരു വിമാനത്തില്‍ പലായനം ചെയ്യുന്നു .



കീഴ്ത്താടി നെഞ്ചോട് പറ്റിച്ചേര്‍ന്നിരുന്ന അവള്‍ക്കു എത്രയോ ഗ്രാഫ്റ്റിങ് വേണ്ടിവന്നു മനുഷ്യരൂപത്തില്‍ എത്താന്‍ . 25 വര്‍ഷത്തിന് ശേഷവും ചില തവണ അവര്‍ക്കു ശസ്ത്രക്രിയയ്ക്കു വിധേയയാകേണ്ടി വന്നു. അവളെയും മകനെയും ഏറ്റെടുത്ത് മറ്റു പല കുട്ടികളെയും ദത്തെടുത്തിട്ടുള്ള ദമ്പദികളായിരുന്നു. അവള്‍അവര്‍ക്കു മറൂവനെ ദത്തുനല്‍കി. അന്ന് 24 വയസ്സ് പ്രായമായിരുന്നു അവള്‍ക്കു , കുഞ്ഞിന് അഞ്ചും. എന്നിട്ടു അവള്‍വേദനയോടും പ്രതീക്ഷയോടും ലോകത്തിന്റെ സ്വാതന്ത്ര്യത്തിലേക്ക് നടന്നു പോകുന്നു .


എനിക്ക് ജീവിക്കണം, സ്ത്രീയായി , എനിക്കും നൃത്തം ചെയ്യണം



അയാള്‍ അന്റോണിയോ , അവള്‍അയാളെ സ്നേഹിക്കയും കാലക്രമേണ വിവാഹം കഴിക്കയും ചെയ്തു, ശരീരത്തിന്റെ വടുക്കളിലൂടെ അവളെ പൂര്‍ണമായി മനസിലാക്കിയ അയാള്‍ അവളുടെ സ്ത്രീസഹജമായ തീവ്രപ്രണയത്തിലൂടെ (അത് രീതികളില്‍ പാശ്ചാത്യയമേ അല്ല വളരെ വ്യത്യസ്തം എന്ന് തന്നെ നമ്മള്‍കാണണം) ഹൃദ്യമായി അവളെ ഉള്‍കൊള്ളുന്നു. വര്ഷങ്ങള്ക്കു ശേഷം രണ്ടു പെണ്മക്കള്‍ക്കവള്‍ജന്മം നല്‍കുന്നു. മനോഹരമായി വളര്‍ത്തുന്നു സ്വപ്നതുല്യമായ ജീവിതം.


ജീവിച്ചിരിക്കുന്ന രക്തസാക്ഷി


അവള്‍ സഗീര്‍ എന്ന അഭയ സങ്കേതത്തോടു ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നു. അവളുടെ ഉടലിലെ വടുക്കളെകണ്ടു പാലസ്റ്റീന്‍ നാടുകളില്‍ ഇന്നും സ്ത്രീ നിരാശാജനകമായ സാമൂഹികാവസ്ഥകളിലൂടെ കടന്നു പോകുന്നു. അതില്‍ നിന്ന് രക്ഷപ്പെടാന്‍ , പൊരുതാന്‍ , പലര്‍ക്കും അവള്‍ ഇന്നും മുഖാന്തരമാണ്. അവളുടെ ഒരു റേഡിയോ പ്രഭാഷണത്തില്‍ നിന്ന് മക്കള്‍അവളുടെ ജീവിതകഥ അറിയുന്നു , അവളുടെ ഉടലിലെ വടുക്കള്‍കാണുന്ന അവര്‍ക്കു അമ്മയുടെ ബന്ധുക്കളോട്, ആ നാടിനോട് താങ്ങാനാകാത്ത വൈരാഗ്യം തോന്നുന്നത് സ്വാഭാവികമല്ലേ ? ജീവനോടെ തങ്ങളുടെ ‘അമ്മ ചുട്ടെരിക്കപ്പെട്ടു എന്നത് അവര്‍ക്കു വല്ലാത്ത ആഘാതമായി.


മറൂവന്‍ /മകന്‍


ഒരിക്കലും മകനെ കാണാനോ അവനു ഒരു ബുദ്ധിമുട്ടുണ്ടാക്കാനോ അവളിലെ ‘അമ്മ ആഗ്രഹിച്ചില്ല . എന്നാല്‍ എന്നെകിലും ഒരിക്കല്‍ യൗവ്വനയുക്തരായ മക്കള്‍തമ്മില്‍ അരുതാത്ത ഒരു ബന്ധം ഉണ്ടാകരുതെന്ന് അവള്‍ചിന്തിച്ചത്ജാക്‌വിലിന്റെ പ്രേരണയിലാണ് .വല്ലാത്ത വേപഥുവോടെ അവള്‍അവനെ കാത്തിരിക്കുന്നു. അവന്‍ അമ്മയെ തേടിവരുമ്പോള്‍ഒഴിവാക്കാനാകാത്ത ആ ചോദ്യം ചോദിക്കപ്പെട്ടുന്നു. എന്തിനെന്നെ ദത്തു നല്‍കി ? അതിന്റെ ഉത്തരത്തില്‍ അവന്‍ അവളെ പൂര്‍ണമായി അറിയുന്നു. സഹോദരങ്ങള്‍പരസ്പരം പൂര്‍ണമായി ഉള്‍കൊള്ളുന്നു.


യൂറോപ്പിലെ പേര് വെളിപ്പെടുത്താന്‍ കഴിയാത്ത ഒരിടത്തിരുന്നു രണ്ടായിരത്തി രണ്ടു ഡിസംബറില്‍ മറ്റുള്ളവരുടെ സഹായത്തില്‍ പൂര്‍ത്തിയാക്കുബോള്‍ഈ പുസ്തകത്തിന്റെ ഒരു പ്രതി എങ്കിലും വെസ്റ്റ് ബാങ്കില്‍ എത്തുമെന്നും ആ കൂട്ടര്‍ അത് അഗ്നിക്കിരയാക്കില്ലെന്നും സാഊദ് പ്രത്യാശിക്കുന്നു. അതവിടെ എത്തിയിട്ടുണ്ടാകുമോ ? അവര്‍ , ആ ദുരഭിമാനക്കൊലക്കാര്‍ അത് ചുട്ടെരിച്ചിട്ടുണ്ടാകുമോ ? ചരിത്രം പറയട്ടെ .


* ഇംഗ്ലീഷ് പതിപ്പില്‍ സഊദ് (SOUD ) എന്നും മലയാളം വിവര്‍ത്തനത്തില്‍ സൗദ എന്നുമാണ് പേര് രേഖപ്പെടുത്തിയിരിക്കുന്നതു. ശ്രി കെ എസ് വിശ്വംഭര ദാസ് മൊഴി മാറ്റം ചെയ്തു ഡി സി ബുക്ക്സ് പ്രസാധനം ( 2003 ല്‍ ആണ് വാര്‍ണര്‍ ബുക്ക്സ് ഈ കൃതി പ്രസിദ്ധീകരിച്ചു .2011 ല്‍ മലയാളത്തിലേക്ക് തര്‍ജമ ചെയ്യപ്പെട്ടു )