Renish P N

എവിടെയെങ്കിലും നീയിതു വായിക്കുമെങ്കില്‍ എഴുതണം , പ്രണയിച്ച സിനിമകളെക്കുറിച്ച്

ഒരു രണ്ടാം ക്ലാസ്സുകാരി കുട്ടിയെ കുറിച്ച് എന്റെ ഒരു സുഹൃത്ത് പറഞ്ഞു കേട്ടിരുന്നു. സിനിമ അവള്‍ ക്ക് ജീവനായിരുന്നത്രേ . അവന്‍ മജിദ്‌ മജീദിയുടെ വിഖ്യാത ചലച്ചിത്രം Children of Heaven 1997 ആണ് കൂട്ടുകാരാന്‍ അവള്‍ക്കായി കരുതി വെച്ചത് . ഇറാന്‍ എന്നൊരു രാജ്യം ഉണ്ടെന്നും അവിടുത്തെ ഭാഷ പേര്‍ഷ്യന്‍ ആണെന്നും അവിടുത്തെ സിനിമയാണ് മോള്‍ കണ്ടു കൊണ്ടിരിക്കുന്നതെന്നും അവന്‍ പറഞ്ഞു കൊടുത്തിരുന്നു. ഇംഗ്ലീഷ് കുറച്ചൊക്കെ വായിക്കാന്‍ കഴിയുന്ന അവള്‍ അത് മുഴുവന്‍ കണ്ടു തീര്‍ത്തു. ആരിലും ഇഷ്ടം ജനിപ്പിക്കുന്ന ഇറാനിയന്‍ സിനിമയുടെ മാസ്മരികത അവളേയും പിടികൂടിയെന്നു തോന്നുന്നു . മജീദ്‌ മജീദിയുടെ തന്നെ The Song of Sparrows 2008 ആണ് അവന്‍ കാട്ടിക്കൊടുത്തത് . ക്ഷീണിതയായിരുന്ന കുട്ടി പകുതി കണ്ടതിനു ശേഷം ഉറങ്ങാന്‍ പോയി. അടുത്ത ദിവസം അവള്‍ വീണ്ടും സിനിമ കാണണമെന്ന ആഗ്രഹവുമായി എത്തി . ഇന്നലെ പകുതിക്ക് വച്ച് മതിയാക്കി ഉറങ്ങാന്‍ പോയത് കൊണ്ടാകണം ഇപ്രാവശ്യം സുഹൃത്ത് ഒരു മലയാള സിനിമയാണ് കാട്ടാന്‍ തുടങ്ങിയത് . കുട്ടി കണിശം പറഞ്ഞു ; വേണ്ട എനിക്ക് ഇന്നലെ ഞാന്‍ പകുതിക്ക് വച്ച് ഉറങ്ങാന്‍ പോയ സിനിമയുടെ ബാക്കി കാണണം .



കൂട്ടുകാരന്റെ വിവരണത്തില്‍ ഒരു കുഞ്ഞു മിടുക്കിയുടെ ചിത്രം തെളിഞ്ഞു . അതിശയത്തേക്കാളുപരി ഒരുപാടു സന്തോഷം തോന്നി. ഈ ചെറു പ്രായത്തിലും മജീദ്‌ മജീദിയുടെ സിനിമ ആസ്വദിച്ചിരിക്കുന്നു. എന്നില്‍ നിന്നും സുഹൃത്തുക്കള്‍ സിനിമകള്‍ വാങ്ങി കൊണ്ട് പോകാറുണ്ട്. അതില്‍ വിരലില്‍ എണ്ണാവുന്നവര്‍ മാത്രമാണ് കണ്ടതിനെക്കുറിച്ച് അഭിപ്പ്രായം പറയാറുള്ളൂ . വാങ്ങി കൊണ്ട് പോകുന്നവരില്‍ ഭൂരിഭാഗം പേരും സിനിമ കാണാറില്ല എന്നര്‍ത്ഥം. എന്റെ കയ്യില്‍ സിനിമകള്‍ ഉണ്ടാകും എന്നറിഞ്ഞിട്ടും ഒരു സിനിമ പോലും കാണാന്‍ തോന്നാത്തവരും യഥേഷ്ടം . അത്തരം അനുഭവങ്ങള്‍ക്കിടയിലാണ് ഈ കൊച്ചു പെണ്‍കുട്ടി വ്യത്യസ്തയാകുന്നത് .



വര്‍ഷങ്ങള്‍ക്ക് മുന്നേ ഞാന്‍ സ്റ്റാര്‍ മൂവീസില്‍ തികച്ചും യാദൃചികമായി ഒരു സിനിമയുടെ അവസാന ഭാഗങ്ങള്‍ കണ്ടു. സ്റ്റാര്‍ മൂവീസില്‍ സാധാരണ കണ്ടു പരിചയമുള്ള രീതിയിലുള്ള സിനിമ അല്ലായിരുന്നു അത്. അതിലെ അലി എന്ന കഥാപാത്രം മനസ്സിനെ വല്ലാതെ നോവിച്ചു. അന്നത്തെ ന്യൂസ് പേപ്പര്‍ എടുത്ത് ആ സമയം സ്റ്റാര്‍ മൂവീസില്‍ കാണിച്ച സിനിമയുടെ പേര് തപ്പിയെടുത്തു . വര്‍ഷങ്ങള്‍ക്ക് ശേഷം കമ്പ്യൂട്ടര്‍ വാങ്ങി ഇന്റര്‍ നെറ്റ് കണക്ഷന്‍ സജ്ജീകരിച്ചയുടന്‍ (ഒരു മാസത്തില്‍ മുഴുവന്‍ സമയവും കമ്പ്യൂട്ടര്‍ പ്രവര്‍ത്തിപ്പിച്ചാല്‍ പരമാവധി 5 സിനിമ വരെ ഡൌണ്‍ ലോഡു ചെയ്യാം ; അത്രക്കുണ്ട് സ്പീഡ്) ആദ്യം ഡൌണ്‍ ലോഡു ചെയ്തത് അന്നു കുറിച്ചെടുത്ത Children of Heaven എന്ന ചിത്രമായിരുന്നു . പ്രിയ രണ്ടാം ക്ലാസുകാരീ ; സിനിമയോടുള്ള എന്റെ പ്രണയവും അവിടെത്തുടങ്ങുന്നു . എവിടെയെങ്കിലും നീയിതു വായിക്കുമെങ്കില്‍ ; ആ രണ്ടാം ക്ലാസുകാരിയെ ഓര്‍ത്തെടുക്കുമെങ്കില്‍ , എഴുതണം പ്രണയിച്ച സിനിമകളെക്കുറിച്ച് ... കണ്ട കാഴ്ച്ചകളെക്കുറിച്ച് ..