Joshy Ravi
എഴുത്തുകാരന്‍ /എഴുത്തുകാരി എന്നത് ഓരോ ഭൂഖണ്ഡമാകുന്നു, വായനക്കാന്‍ ഓരോ രാജ്യങ്ങളും. ഇനിയും കണ്ടുപിടിക്കേണ്ടിയിരിക്കുന്ന എത്രയോ ഭൂഖണ്ഡങ്ങള്‍ , എത്രയോ രാജ്യങ്ങള്‍ ഈ ഭൂമുഖത്ത് ഉണ്ടെന്ന് ഓരോ കൂടിച്ചേരലുകളും സാക്ഷ്യം പറയുന്നുണ്ട്. എഴുത്തുകാരുടെയും വായനക്കാരുടെയും നല്ല ഒരു കൂട്ടായ്മ ഉണ്ടാക്കിയെടുക്കുക എന്നത് അത്ര എളുപ്പമല്ല.. അതിനു മുന്നിട്ടിറങ്ങുന്നവര്‍ ചില കപ്പല്‍ച്ഛേദങ്ങള്‍ എപ്പോഴും മുന്നില്‍ കാണേണ്ടിയിരിക്കുന്നു.. അറബിക്കടലിന്റെ റാണി, കേരളത്തിന്റെ സാമ്പത്തിക സിരാകേന്ദ്രം,മെട്രോ നഗരം എന്നിങ്ങനെ മാത്രമല്ല പിന്നെയും മറ്റെന്തൊക്കെയോ ആകുന്നു കൊച്ചിയും കാക്കനാടും ഒക്കെ ഉള്‍പ്പെടുന്ന എറണാകുളം ജില്ല, അതിനൊക്കെ അപ്പുറം സാഹിത്യാസ്വാദകര്‍ക്കു വായനയുടെ വസന്തം സമ്മാനിക്കുവാന്‍ , ഒരു പുതിയ ലോകം തന്നെ തുറന്നു കൊടുക്കുവാന്‍ കെല്‍പ്പുള്ള കേരളത്തിലെ ഏറ്റവും മികച്ച പബ്ലിക് ലൈബ്രറിയും ഇവിടെയുണ്ട്. എന്നിരുന്നാല്‍ തന്നെയും എറണാകുളം കേന്ദ്രമാക്കി നല്ലൊരു കൂട്ടായ്മ അല്ലെങ്കില്‍ കൂടിച്ചേരല്‍ എന്നത് നിലവില്‍ ഇല്ല തന്നെ. തീര്‍ത്തും ഇല്ല എന്നു പറയാനാവില്ല, ചിലപ്പോഴൊക്കെ ചില പരിപാടികള്‍ നടക്കുന്നുണ്ട്, ചില കടമകള്‍ തീര്‍ക്കാന്‍ എന്നതുപോലെ, ഒരു പാട് പേര്‍ അറിയാതെ പോകുന്ന ചിലപ്രഹസനങ്ങള്‍ മാത്രമായി അവ ഒതുങ്ങി പോകുന്നു എന്ന തിരിച്ചറിവില്‍ നിന്നാണു ഇതിന്റെ തുടക്കം..
എറണാകുളം പബ്ലിക് ലൈബ്രറിയുടെ സഹകരണത്തോടെ ഒരു നല്ല കൂട്ടായ്മ എന്ന ആശയം അവതരിപ്പിച്ചത് സുലോജ് ആയിരുന്നു. എല്ലാ സഹകരണങ്ങളും വാഗ്ദാനം ചെയ്തതിനൊപ്പം പബ്ലിക് ലൈബ്രറിയുടെ ഹാള്‍ ഉപയോഗപ്പെടുത്താം എന്ന ഉറപ്പും കിട്ടിയതിനു ശേഷമാണു പലരെയും ബന്ധപ്പെട്ടത്. കൈയോട് കൈ കോര്‍ത്ത് പിടിക്കുവാനും ഇത് നല്ലൊരു സംരംഭമാണെന്ന് മനസ്സിലാക്കി പ്രാവര്‍ത്തികമാക്കുവാനും എറണാകുളത്ത് നിന്നു മാത്രമല്ല അതിനൊക്കെ അപ്പുറം കേരളത്തിന്റെ പലഭാഗത്ത് നിന്നും സമാനചിന്താഗതിയോടെ ചില സുമനസ്സുകള്‍ എന്തിനും തയ്യാറായി വന്നു. അങ്ങനെയാണു ആദ്യമായി ഒരു ചര്‍ച്ച നടന്നത്. സുലോജ്, ജയശങ്കര്‍ , കരിം മലപ്പട്ടം, ജോണ്‍സ്, ചിത്തിര, വിപിന്‍ , അനുപമ, ബിന്‍സി, ശ്രീകുമാര്‍ കരിയാട്, ഞാന്‍ അടക്കം ഏതാനും പേര്‍ ഒത്തു കൂടി.
ആദ്യത്തെ ചര്‍ച്ചയില്‍ തന്നെ ഒരു കൂട്ടായ്മ, അല്ലെങ്കില്‍ ഒന്നിച്ച് കൂടുക എന്ന ആവശ്യകതയുടെ പ്രാധാന്യം ഏവര്‍ക്കും മനസ്സിലാവുക മാത്രമല്ല അതിനു വേണ്ടി പ്രയത്നിക്കുക എന്ന കര്‍ത്തവ്യം കൂടെ ഏവരും ഒരേ മനസ്സോടെ ഏറ്റെടുത്തു. ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ പലര്‍ക്കും അവരവരുടേതായ എഴുത്തിന്റെയും വായനയുടെയും ഇടങ്ങള്‍ സൃഷ്ടിക്കുവാന്‍ കഴിഞ്ഞിട്ടുള്ളത് കൊണ്ട് തന്നെ ഫേസ്ബുക്കും വ്യക്തി ബന്ധങ്ങളും പങ്കാളിത്തത്തിനു വേണ്ട ഇന്ധനം ആക്കാം എന്ന പൊതു അഭിപ്രായത്തോടെ തീയതിയും സമയവും തീരുമാനിക്കപ്പെട്ടു.
വളരെ കുറഞ്ഞ സമയമേ ഉണ്ടായിരുന്നുള്ളൂ, അതു കൊണ്ട് തന്നെ ഗണ്യമായ ഒരു പങ്കാളിത്തം പ്രതീക്ഷിക്കാതെ തന്നെ എത്തിച്ചേരുന്നവരുടെ കഴിവുകള്‍ അവതരിപ്പിക്കുന്നതോടൊപ്പം എല്ലാവരുടെയും അഭിപ്രായങ്ങള്‍ ഉള്‍ക്കൊണ്ട് ഭാവി പരിപാടികള്‍ തീരുമാനിക്കാം എന്ന കാഴ്ചപ്പാടിലായിരുന്നു. പ്രതീക്ഷിച്ച പലരും എത്താതിരുന്നതിനെക്കാള്‍ പരിപാടി മികച്ച് നിന്നത് ഈ ഒരു കൂടിച്ചേരലിനെ പറ്റി അറിയുകയും ഏറെ ഉത്സാഹത്തോടെ എത്തിച്ചേരുകയും ചെയ്ത പലരുടെയും സാന്നിദ്ധ്യം കൊണ്ടും അവരുടെ ഇടപെടലുകള്‍ കൊണ്ടുമായിരുന്നു.
അറിയപ്പെടാത്ത എത്രയോ ഭൂഖണ്ഡങ്ങള്‍ , എത്രയോ രാജ്യങ്ങള്‍ . നല്ല ചള്‍ച്ചകളും അവരവരുടെ കൃതികള്‍ അവതരിപ്പിക്കലുകളും. എല്ലാം കൊണ്ടും മനോഹരമായിരുന്നു ആ ദിവസം എന്നു പറയാതെ വയ്യ. എത്രയോ അഭിമാനം തോന്നിപോയി ഇതിന്റെ ഭാഗമാകാന്‍ കഴിഞ്ഞതില്‍.
ചര്‍ച്ചകളിള്‍ ഉയര്‍ന്നു വന്ന നിര്‍ദേശങ്ങളില്‍ ചിലത്, കൂട്ടായ്മക്ക് അനുയോജ്യമായ ഒരു പേരു കണ്ടെത്തുക, എഴുത്തിനെ പറ്റി ശില്‍പ്പശാലകള്‍ സംഘടിപ്പിക്കുക, കവിതാ/കഥാ യാത്രകളോടൊപ്പം നാട്ടുപരിചയം, എഴുതുന്നത് മറ്റുള്ളവരിലേക്ക് എത്തിക്കാന്‍ ആവശ്യമായ പുതിയ പുതിയ ഓണ്‍ ലൈന്‍ മാധ്യമങ്ങളെ/സാദ്ധ്യതകളെ പരിചയപ്പെടുത്തുക, പുസ്തകങ്ങളെ പരിചയപ്പെടുത്തുന്നതോടൊപ്പം അതിനെ അടിസ്ത്ഥാനമാക്കിയുള്ള സംവാദം, ചുവര്‍ കവിത, പെര്‍ഫോമന്‍സ് പോയട്രി അതു പോലെ ഇത്തരം നല്ല കൂട്ടായ്മകളുടെ ആവശ്യകത തിരിച്ചറിഞ്ഞു തന്നെ മറ്റ് എല്ലാ ജില്ലകളിലേക്കും ഇത് വ്യാപിപ്പിക്കുക എന്ന ഒരു അഭിപ്രായം കൂടെ ഉയര്‍ന്ന് വന്നിരുന്നു.
ചര്‍ച്ചകള്‍ വളരെ നിലവാരമേറിയതും വ്യക്തിപരമെന്നതിനേക്കാള്‍ ഉപരി എഴുത്തിനേയും വായനയേയും സ്നേഹിക്കുന്ന ഏവരെയും ഒന്നിപ്പിക്കുക, എഴുത്തിനെയും വായനയെയും പ്രോത്സാഹിപ്പിക്കുക തുടങ്ങിയ ലക്ഷ്യങ്ങളിലേക്ക് ഊന്നിയുള്ളതായിരുന്നു.
കവിത/കഥ/കല എന്ന ലക്ഷ്യത്തോടെ ഒത്തു കൂടിയെങ്കിലും കവികളുടെ സാന്നിദ്ധ്യമായിരുന്നു ഏറെ എന്നത് മറച്ചു വെക്കുന്നില്ല. തുടര്‍ ചര്‍ച്ചകളിലൂടെ, പ്രവര്‍ ത്തനങ്ങളിലൂടെ ആരും കാണാത്ത എഴുത്തുകാരെയും വായനയുടെ പുതുവഴികളും കണ്ട് പിടിക്കുവാനും ലോകത്തിന്റെ മുന്‍പില്‍ അവതരിപ്പിക്കുവാനും കഴിയും എന്ന തുറന്ന വിശ്വാസത്തോടെ തന്നെയാണു ആദ്യദിവസത്തെ പരിപാടികള്‍ ക്ക് ഒടുക്കം കുറിച്ചത്. ഇതൊരു നല്ല തുടക്കമാണെന്ന് നിസ്സംശയം പറയാം. തോളോട് ചേര്‍ന്ന് നില്‍ക്കാന്‍ ഏവരെയും ക്ഷണിക്കുന്നതോടൊപ്പം എഴുത്തിനെ, വായനയെ സ്നേഹിക്കുന്ന എല്ലാവരെയും നല്ല മനസ്സോടെ നിറഞ്ഞ സ്നേഹത്തോടെ സ്വാഗതം ചെയ്യുന്നു ഈ കൂട്ടായ്മയിലേയ്ക്ക്.