എണ്‍പതിനോടടുത്ത പ്രായത്തിലും അതിരാവിലെ പച്ചവെള്ളത്തില്‍ കുളിച്ചും, തന്‍റെ വസ്ത്രങ്ങളെല്ലാം സ്വയം അലക്കി അയയില്‍ വെയില്‍ കൊള്ളാനിട്ടും ഒരു ദിനത്തിന്‍റെ തുടക്കം വളരെ ആരോഗ്യകരമായി തുടങ്ങിവക്കുന്ന കല്ല്യാണി വല്യമ്മയെ കണ്ടാല്‍, മൂട്ടില്‍ വെയില്‍ തട്ടിയാലും കിടക്കപ്പായില്‍ നിന്നെഴുന്നേല്‍ക്കാന്‍ പാടുപെടുന്ന ഞങ്ങളുടെ തലമുറക്ക് നാണം വരും. ഈ പ്രായത്തിലും വാര്‍ദ്ധക്യത്തിന്‍റേതായ മങ്ങല്‍ മാത്രമേ അവരുടെ മുടിക്കറുപ്പിന് വന്നിട്ടുള്ളു. അയലത്തെ പെണ്ണുങ്ങള്‍ അസുയകൊണ്ട് കണ്ണ് വച്ചിട്ടും ആ മുടിനരക്കാത്തിന്‍റെ രഹസ്യം പരസ്യത്തിലെ ഓയില്‍ വാങ്ങി പുരട്ടിയിട്ടല്ലെന്ന് സാക്ഷ്യം പറയാനാകുന്നവര്‍തന്നെ പലപ്പോഴും ഇന്നത്തെ മനംമയക്കുന്ന പരസ്യത്തിന്‍റെ ചതിയില്‍ പെടുന്നുണ്ടെന്നതും ഈയവസരത്തില്‍ ഓര്‍ത്തുപോകുന്നു. ഈ കഴിഞ്ഞദിവസം മകനും മരുമകളും പനിച്ച് വിറച്ച് കിടക്കുമ്പോള്‍ അവര്‍ കാണാതെ വടിയൂന്നി വല്ല്യമ്മ മുറ്റമടിക്കുന്ന കണ്ടപ്പോള്‍ മനസ്സിന് വലിയ സന്തോഷം തോന്നി, സമകാലീന കേരളീയ ജീവിതയാഥാര്‍ത്ഥ്യങ്ങളോര്‍ത്ത് ദുഖവും.
മക്കളുടെ വിവാഹശേഷം വെറുതെയിരുന്ന് ഭക്ഷണം മാത്രം കഴിച്ച് പ്രഷറും ഷുഗറും വര്‍ദ്ധിപ്പിച്ച് ആയുസ്സിന് മുന്നേ ഇഹലോകം വെടിയുന്ന അമ്മായിയമ്മമാര്‍ക്കും, അതുപോലെ വീട്ടു ജോലികള്‍ ശരീരമനങ്ങാതെ എങ്ങനെചെയ്യാമെന്ന ചിന്തയില്‍ അനാവശ്യമായി ഓരോ സാമഗ്രികളും വാങ്ങിക്കൂട്ടി ഇല്ലാതിരുന്ന അസുഖങ്ങളിലേക്ക് വഴുതിവീഴുന്ന വീട്ടമ്മമാര്‍ക്കും കല്ല്യാണി വല്ല്യമ്മ പാഠമാണ്. കാരണം മിക്സിയും വാഷിംഗ മെഷീനും നാലെണ്ണം വീതം വാങ്ങാനാകുന്നതിലധികം സമ്പത്തുള്ള പോയ കാലത്തും അവയൊന്നും ആവശ്യപ്പെടാതെ അധ്വാനിക്കുന്ന ശീലം അവര്‍ക്കുണ്ടായിരുന്നു. ഒരു നീരുവീഴ്ചയോ അല്ലാത്ത വയ്യായ്കയോ വന്നാല്‍ വേഗം അലോപ്പതി മരുന്നുകള്‍ അകത്താക്കുകയും, വെറുതെ കട്ടിലിലില്‍ അഭയം തേടുകയും ചെയ്യുന്നവര്‍ക്ക് വാര്‍ദ്ധക്യത്തിന്‍റെ പാരമ്യത്തിലും ചെറിയ ജോലികളിലൂടെ കിട്ടുന്ന വ്യായാമത്തിന്‍റെ മഹത്വം കല്ല്യാണി വല്ല്യമ്മയിലുള്ള ഔത്സുക്യം കാണിച്ചുകൊടുക്കുന്നുണ്ട്. വല്ല്യമ്മ ഇംഗ്ലീഷ് മരുന്ന് വാങ്ങിക്കഴിച്ചിട്ടുള്ളത് ഞങ്ങളുടെ ഓര്‍മ്മയിലില്ല. സസന്തോഷത്തോടെ വീട്ടിലെ എല്ലാവര്‍ക്കും വച്ച് വിളമ്പി, മക്കളെയും ചെറുമക്കളെയും പരിപാലിച്ച്. സസുഖം വാഴുന്നു. മരുമക്കള്‍ വന്നിട്ടും തനിക്കാകുന്ന എല്ലാ ജോലികളും ഇന്നും വളരെ ഉത്സാഹത്തോടെ ചെയ്യും.
ചില വീട്ടുജോലികള്‍ ചെയ്യുമ്പോള്‍ അമ്മക്ക് പ്രായമായെന്ന് പറയുന്ന മക്കളുടെ ആശങ്കയിലും സ്നേഹത്തിലും വല്ല്യമ്മയുടെ മനസ്സ് കൊരുക്കാറില്ല. ഞങ്ങളുടെ അയല്‍പക്കം കുട്ടികളെയും പെണ്ണുങ്ങളെയും എന്ത് കുസൃതിത്തരങ്ങള്‍ക്കും ശകാരിക്കാനും തെറ്റ് തിരുത്താനും വല്ല്യമ്മ പുറകെക്കാണും ഒരു വീട്ടില്‍ നിന്ന് ആര് പുറത്തേക്ക് പോയാലും എവിടെപ്പോയതെന്ന് വല്ല്യമ്മ അന്വേഷിച്ചറിയും. തിരിച്ചുവരാന്‍ സമയം വൈകിയാല്‍ വടികുത്തിപ്പിടിച്ച് നടന്ന് വന്ന് ചോദിക്കും " എന്ത്യേടീ ഇത്ര നേരായിട്ടും അവരെ കാണാത്തത്.." ഹോ വല്ല്യമ്മക്കാണല്ലോ പെറ്റമ്മയേക്കാളും ആധിയെന്ന് അയലത്തെ പെണ്ണുങ്ങള്‍ പരസ്പരം അടക്കം പറയും. ചുറ്റുവട്ടത്തുള്ള പിള്ളേര്‍ മടിപിടിച്ച് പഠിക്കാന്‍ പോകാതിരുന്നാലും, മുടിമുറിക്കാന്‍ വൈകിയാലും, വീട്ടില്‍ വൈകിയെത്തിയാലുമെല്ലാം കല്ല്യാണി വല്ല്യമ്മയറിഞ്ഞാല്‍ ശകാരമുറപ്പാണ്. എനിക്ക് വല്ല്യമ്മയോടുള്ള ഇഷ്ടം ചെറുപ്പത്തിലെ എന്‍റെ വീട്ടിലെ ദാര്യദ്ര്യത്തെ ഓര്‍ത്തെടുക്കുമ്പോഴാണ് വലിയ തറവാടിന്‍റെ എല്ലാ പ്രതാപങ്ങളോടും കൂടിയാണ് അവര്‍ ജീവിച്ചുപോന്നത് അയലത്തെ ഞങ്ങളുടെ വീട്ടില്‍ മക്കളുടെ എണ്ണം കൊണ്ടും കിട്ടുന്നവരുമാനത്തില്‍ നല്ലൊരുഭാഗം അച്ചന്‍റെ കയ്യില്‍ നിന്ന് ഷാപ്പ്കാര് വാങ്ങുന്നതിനാലും പരിമിതമായ ജീവിതസാഹചര്യമേ അന്നുണ്ടായിരുന്നുള്ളു.അക്കാലത്ത് മിക്ക ദിനങ്ങളിലും ഊണിന്‍റെ സമയത്ത് വല്ല്യമ്മ തേങ്ങയരച്ച നല്ല സ്വാദുള്ള മീന്‍ കറിയെല്ലാം കൊണ്ട് തരുമായിരുന്നു. ഇന്നും ആ രുചി നാവിലൂറുന്നുണ്ട്. സ്വകുടുംബത്തിലും അയല്‍ വീട്ടുകാരോടും പരസ്പരം സ്നേഹിച്ചും സഹകരിച്ചും സുഖദുഃഖങ്ങള്‍ പങ്ക് വച്ച്. ജീവിച്ച് പോന്ന അവര്‍ക്ക് യൗവനത്തില്‍ വീട്ട് ജോലിയുടെ ഭാഗമായ അദ്ധ്വാനത്തിന്‍റെയും കഴിച്ച നാടന്‍ ഭക്ഷണങ്ങളുടെയും ഗുണമാകാം ഈ വയോധികാവസ്ഥയിലും പരസഹായമില്ലാതെ ദിനചര്യകള്‍ ചെയ്യാനാകുന്നത്.