Ashwathi M Subramanian

ഈ മാധവിക്കുട്ടിസം ഒരു രോഗമാണോ ഡോക്ടര്‍ !

മെയ് മാസത്തില്‍ മഴ പെയ്യുമ്പോള്‍ ഒക്കെ ഇമ വെട്ടാതെ ആകാശം നോക്കി നില്‍ക്കുന്ന ശീലം തുടങ്ങിയത് അവര്‍ മരിച്ചതിന് ശേഷമാണ്. ഇലകളും പൂക്കളും കായ്കളും മേഘങ്ങളും തലതല്ലി ചത്ത ഒരു ദിവസമാണ് എന്‍റെ ആമിയെന്ന് സ്വാര്‍ത്ഥതയോടെ വിളിയ്ക്കുന്ന മാധവിക്കുട്ടിയെന്ന സുരയ്യയും മരിച്ചത്, അല്ലെങ്കില്‍ ഒരു മിന്നല്‍ വിടവിലൂടെ ഭൂമിയില്‍ നിന്നടര്‍ന്നു പോയത്‌. പനി പിടിച്ചത് പോലെ പരസ്പരബന്ധമില്ലാതെ പലതും പുലമ്പുകയും ,വിറയലോടെ പത്രങ്ങളില്‍ വന്ന ഓര്‍മ്മക്കുറിപ്പുകള്‍ മുറിച്ചെടുത്ത് തുന്നിക്കെട്ടി സൂക്ഷിച്ചു. എന്നേക്കാള്‍ കരുതലോടെയാണ് എന്‍റെ മാധവിക്കുട്ടിക്കെട്ടുകള്‍ വീട് മാറുന്ന സമയം അമ്മ എടുത്തുവച്ചത്.


Kamala-Das-006-755091


എനിയ്ക്കവരോട് ഭ്രമമാണെന്ന് എന്നെ ചുറ്റിപ്പറ്റി ജീവിയ്ക്കുന്ന സകലര്‍ക്കും അറിയാമായിരുന്നു. വായന തുടങ്ങിയത് മയ്യഴിപ്പുഴയുടെ തീരങ്ങളിലൂടെയാണ്. അന്നെനിക്ക് മാധവിക്കുട്ടിയെ അറിയില്ല, മൂന്നാം ക്ലാസ്സ്പിന്നെയും വായിച്ചു . ഖസാക്കിലൂടെ ചുറ്റിനടന്നു നട്ടുച്ച നേരത്ത് മലക്കുകള്‍ വരുന്നുണ്ടോ എന്നറിയാന്‍ വിലക്കപ്പെട്ട കുളക്കടവില്‍ പോയതിനൊക്കെ ശേഷം ..ഏഴാം ക്ലാസ്സ് … നെയ്പ്പായസം .. മനസ്സ് വേദനിച്ചു.. മാധവിക്കുട്ടിയെ സ്നേഹിച്ചു ,ഭ്രമം .. അസൂയ .. അവരിലേയ്ക്ക് ഞാനെന്‍റെ ഒറ്റയടിപ്പാത ഓരോ വാക്കുകളും പെറുക്കി കൂട്ടി വച്ചു നിര്‍മ്മിച്ചു പോന്നു. ആയിടയ്ക്ക് രാത്രികാലങ്ങളിലെ കടും കാപ്പിയും കഥയെഴുത്തും വായനയും ഒരു മഹാവ്യാധി പോലെ വിട്ടു പോവാതെ ബാധിച്ചു .. ക്രമേണ അത് സ്ക്കൂളിലെ സഹപാഠികള്‍ ഓട്ടോഗ്രാഫില്‍ എഴുതിയത് പോലെ ഇങ്ങനെ രൂപാന്തരപ്പെട്ടു.


‘മാധവിക്കുട്ടി എന്നെ ബാധിച്ചു’.


1262757


വീടെത്തും വരെ തനിച്ചു സംസാരിച്ചു , വെയ്ലില്‍ കുട നീര്‍ത്താതെ നടക്കുന്ന ഒരു പെൺകുട്ടിയ്ക്ക് വര്‍ണ്ണവസ്ത്രങ്ങളും ആഘോഷങ്ങളും പൊട്ടിച്ചിരികളും ഇഷ്ടപ്പെട്ടിരുന്ന കൊല്‍ക്കത്ത നഗരത്തിന്‍റെ ആമിയോട് അടക്കി വയ്ക്കാനാവാത്ത കൗതുകമായി. പക്വതയുളള പെണ്ണ് ചമയാനുളള ശ്രമമൊക്കെ ഉപേക്ഷിച്ചു ആമിയെ പോലെ എന്തിലും ഏതിലും ആരിലും നിഷ്കളങ്കമായി നോക്കിയിരിക്കുക എന്ന പുതിയൊരു ശീലം വന്നു. നെയ്പ്പായസം കൊണ്ട് അവരെന്നെ വല്ലാതെ വേദനിപ്പിച്ചു. ഇടയ്ക്കൊക്കെ അസ്വസ്ഥയാവുമ്പോള്‍ കണ്ണടച്ചിരുന്നാല്‍ നിറയെ പെയ്തു തൂവുന്ന മഴയും തണുത്ത നെയ്പ്പായസത്തിന്‍റെ ഗന്ധവും പൊതിയാറുണ്ട്.


3cb34af4_07metkamala


കാലത്തിനെ ഒരോ കഥയുടേയും അവസാനവരിയോളം അതിമനോഹരമായി നൃത്തം ചവുട്ടിച്ച മറ്റൊരു എഴുത്തുകാരിയുണ്ടോ എന്ന് ഇപ്പോള്‍ ചോദിച്ചാലും ഞാന്‍ സമ്മതിച്ചു തരില്ല. എനിക്ക് മാധവിക്കുട്ടിയെ ഇഷ്ടമല്ല , പക്ഷേ നെയ്പ്പായസം ഇഷ്ടമാണെന്ന് പറഞ്ഞ ഹരിയോട് തര്‍ക്കിക്കാന്‍ നിന്നില്ല. കാരണം വിശുദ്ധ പശു എഴുതിയതും ആമി തന്നെയായിരുന്നല്ലോ.


അങ്ങനെയങ്ങനെ സ്നേഹത്തെ കുറിച്ചും നിഷേധത്തെ കുറിച്ചും , ജീവസഹജമായ സകലതിനേ കുറിച്ചും എത്രയോ എഴുതിയിട്ടും അവരെ വെറുക്കുന്നവരുണ്ട്.. എനിക്കെന്തോ എഴുത്തുകാരി എന്ന സ്വത്വവും ആമി എന്ന പെൺകിടാവും രണ്ടായി കാണാനായിട്ടേ ഇല്ല. എന്‍റെ കഥയിലെ ആമിയേക്കാള്‍ നിസ്സഹായയാിരുന്നു കൊല്‍ക്കത്ത നഗരത്തിന്‍റെ ആമി. സങ്കല്‍പങ്ങളില്‍ എന്നും വന്നു പോയിട്ടുളള ദൃശ്യമാണ് , കടുംകറുത്ത മുടിയുളള കുടുക്ക മുഖമുളള ഒരു പെൺകുട്ടി ,, നിരത്തിലെ തിരക്കുകളിലേയ്ക്ക് എത്തിവലിഞ്ഞു നോക്കി നെടുവീര്‍പ്പിടുന്നത്. ആ കുട്ടിയോടെനിക്ക് സഹതാപമായിരുന്നു. ആരവങ്ങളൊടുങ്ങാത്ത നഗരത്തില്‍ ഏറ്റവും മൂകയായി പോവേണ്ടി വന്ന കുട്ടി ..


download (2)


പുന്നയൂര്‍ക്കുളത്തെ കാവുകളിലും പൂപ്പല്‍ മണമുളള ഇടവഴികളിലും വലിയ ചില്ലകള്‍ വിടര്‍ത്തിയിരുട്ടു പരത്തിയ വന്മരങ്ങളിലും ,, മുറ്റത്തെ നീര്‍മാതളത്തണ്ടിലുമൊക്കെ ഓരോ മോഹങ്ങളേയും തൊട്ട് വച്ച് എന്‍റെ കൈപിടിച്ച് എല്ലാ പനിക്കാലങ്ങളിലും ഉമ്മറത്തു വന്നിരിയ്ക്കാറുളള കൗമാരക്കാരിയോടും സഹതാപം തോന്നിയിരുന്നു. അകാല വൈധവ്യം പോലെ വിവാഹിതയാവേണ്ടി വന്ന ആ സൗന്ദര്യത്തെ വീണ്ടും വീണ്ടും ആരാധിയ്ക്കാന്‍ ഒരുപാട് കാരണങ്ങളുണ്ടായി. അവരുടെ എന്‍റെ കഥ എന്ന ആത്മകഥാംശമുളള പുസ്തകത്തിന്‍റെ പുറം ചട്ട കണ്ടിട്ടില്ലേ. തീക്ഷണമായ ശാന്തതയോടെ നോക്കുന്ന ആ കണ്ണുകളിലേയ്ക്ക് പല കുറി വീണു പോയിട്ടുണ്ട്. എഴുന്നേറ്റ് പോരുമ്പോള്‍ അവരുടെ ആത്മാവിന്‍റെ ഒരു തുണ്ട് എന്നിലും വീണുപോയെന്നും അങ്ങ് സങ്കല്‍പിയ്ക്കും. മഴവില്ലിന്‍റെ തുമ്പൊടിഞ്ഞത് പോലെയൊന്നുമല്ലായിരുന്നു,, ഹൃദയമുണ്ടെങ്കില്‍ , ,അവിടെ മുള്‍ക്കുരിശ് തറച്ചിട്ട് ഇറങ്ങി പോവും പോലെയായിരുന്നു അവരുടെ പ്രണയം.


ഇന്നലെ ഒരു സുഹൃത്ത് ചോദിച്ചു പപ്പേട്ടന്‍ (പത്മരാജന്‍ ) കമ്മ്യൂണിസ്റ്റാണോ എന്ന് .


മറുപടി കൊടുത്ത് അല്‍പ സമയം ഞാനും ചോദിച്ചു എന്നോട് ..


download (3)


ആമി കമ്മ്യൂണിസ്റ്റായിരുന്നോ എന്ന് … അല്ലെന്ന് എങ്ങനെ പറയും ,, പൊളളത്തരങ്ങളില്ലാതെ സ്വന്തം തെറ്റുകള്‍ പോലും നമുക്ക് വായിക്കാന്‍ നീട്ടിയ എന്‍റെ പ്രിയപ്പെട്ടവള്‍ എങ്ങനെ കമ്മ്യൂസിറ്റ് ആവാതിരിയ്ക്കും.


അവര്‍ അടിമുടി സ്നേഹമായിരുന്നു. പകുതിയോളം വിടരുമ്പോള്‍ ഓറഞ്ച് തൊലികളുടെ ഗന്ധം ഓര്‍മ്മിപ്പിയ്ക്കുന്ന ചിരിയും സ്നേഹമായിരുന്നു. ഒരു ഇംഗ്ലീഷ് അധ്യാപികയുണ്ടായിരുന്നു. മാധവിക്കുട്ടിയുടെ കൂടെ കൂടിയതിന് ശേഷം ഡയറിയില്‍ എഴുതിയിട്ടു .’ ആമി ഞങ്ങളെ മാല്‍ഗുഡി ഡേയ്സ് പഠിപ്പിയ്ക്കുന്നു ‘ എന്ന്.അതിമനോഹരമായ സാദൃശ്യമായിരുന്നു അവരിരുവരും തമ്മില്‍ ,, രണ്ടാളെയും ഒരുമിച്ചു കണ്ടു കണ്ടിരിയ്ക്കാന്‍ സ്ക്കൂള്‍ക്കാലത്ത് , ടീച്ചര്‍ പഠിപ്പിച്ച പാഠഭാഗത്തിലെ കഥാപാത്രമായ ചെറി മരത്തിന്‍റെ തൈ രഹസ്യമായി കുറ്റിമുല്ലയ്ക്കിടയില്‍ നട്ട് വച്ചു. ഒരു തൃസന്ധ്യയ്ക്ക് അതിന് ആമിയെന്ന് പേരുമിട്ടു.. ആമി കരിഞ്ഞു പോയപ്പോള്‍ വല്ലാത്ത നിരാശയായിരുന്നു ,, രാത്രി ആകാശം നോക്കി നക്ഷത്രങ്ങളോട് മാപ്പ് പറഞ്ഞിട്ടുണ്ട് .. ഇന്നും നക്ഷത്രങ്ങളോട് പൊട്ടക്കവിതകള്‍ ചൊല്ലിയിരിയ്ക്കുമ്പോള്‍ പത്മരാജനും ആമിയും ഒരോ മേഘക്കൂനയിലിരുന്ന് കുറ്റം പറയുന്നത് പോലൊക്കെ തോന്നും.


download (4)


കൊല്‍ക്കത്ത നഗരത്തോട് അവിടത്തെ മഴയോട് ,, നിരത്തിലെ നടത്തങ്ങളോടൊക്കെ പ്രിയം തോന്നുവാനുളള ഒരേയൊരു കാരണം മാധവിക്കുട്ടിയാണ് . പത്മരാജന്‍ കാരണം തൃശ്ശൂരിനോടും .. അവര്‍ സുരയ്യയായപ്പോള്‍ സങ്കടം തോന്നി. സാരിയില്‍ അത്ര നിര്‍മ്മലമായിരുന്നു അവര്‍ .. കുട്ടിക്കാലത്തെ കുരുത്തക്കേടുകളുടെ അതേ ലാഘവത്തോടെ ജീവിതത്തിലോരോ തീരുമാനങ്ങളെടുത്തപ്പോഴും ആമി എന്‍റെ മഴ തന്നെയായിരുന്നു. മറ്റൊരു മഴയിലും നനയാന്‍ തോന്നിയിട്ടില്ല. അത്രയേറെ കാല്പനികമായിട്ടായിരുന്നു അവര്‍, ആമി എന്ന മാധവിക്കുട്ടി എന്ന കമല സുരയ്യ പെയ്ത് തോര്‍ന്നത്. ഒരിയ്ക്കല്‍ അല്ല പലവട്ടം പലരോടും പറഞ്ഞിട്ടുണ്ട്, എന്‍റെ ആദ്യ പ്രണയം ആമിയാണെന്ന്.


download (2)


നീ മാധവിക്കുട്ടിയാവാന്‍ പോവാണോ ന്ന് അച്ഛന്‍ കളിയായിട്ട് ചോദിച്ചപ്പോ വെറുതെയിങ്ങനെ പൊട്ടിച്ചിരിച്ചു .. ഖബറില്‍ ഉറങ്ങിക്കിടക്കുന്നെങ്കിലും ആമി എന്‍റെ ആത്മാവില്‍ വന്ന് ഉണ്ടുറങ്ങി പോവാറുണ്ട് വല്ലപ്പോഴും എന്ന്. നീലാംബരി ഒരു രാഗമല്ല ചത്തുപോയ പ്രേമമാണെന്നും രുഗ്മിണിമാരെ കാണാതെ പോവുന്ന ഹൃദയശൂന്യരാണ് നമ്മളൊക്കെയെന്നും അവരിന്നും ഓര്‍മ്മിപ്പിച്ചു കൊണ്ടിരിയ്ക്കുന്നു അല്ലേ. അവര്‍ തന്നെ കാലമായാ കഥയായി കവിതയായി മണ്ണായി കാടായി കടലായി ആമിയായ് അക്ഷരങ്ങളാകുന്ന നിമിഷത്തിലെ ഘടികാരശബ്ദമായി അനശ്വരയായി എവിടെയും ഉണ്ടെന്ന് പറഞ്ഞാല്‍ പിറന്നാള്‍ ദിനത്തിലെ special നൊസ്സാണെന്ന് വായിക്കുന്നവര് പറയുമായിരിക്കും