കോഴിക്കോട് നഗരത്തിരക്കില്‍ നിന്നും വിട്ടകന്നൊരു കൈവഴിയിലെഒറ്റപ്പെട്ട നാടന്‍ ചായക്കടയ്ക്ക് ഹോട്ടല്‍ മൗനം എന്ന പേരു സ്വകാര്യമായിചാര്ത്തിയതേതോ രസികന്മാരായിരിക്കണം. തൂവെള്ള ബനിയനും മുണ്ടും ധരിച്ച പ്രായം ചെന്ന സഹോദരന്മാര് രണ്ടുപേരും നമുക്ക് നിശ്ശബ്ദമായി നല്ല ഭക്ഷണം വിളമ്പിത്തരും.മുതലാളിയും തൊഴിലാളിയുമെല്ലാവര് തന്നെ. ഒച്ചയും ബഹളവുമൊന്നുമില്ല,ആ മൗനം, ഭക്ഷണം കഴിക്കുന്നവരും അനുവര്‍ത്തിക്കുന്നു.എല്ലാവരും മൗനമായി നാടന്‍ ഭക്ഷണം ആസ്വദിച്ച് കഴിക്കുന്നു. കല്ലടുപ്പില്‍ വിറക് കത്തിച്ചാണു പാചകം. പട്ടണ പരിഷ്ക്കാരങ്ങളൊന്നും തൊട്ടുതീണ്ടിയിട്ടേയില്ല. സമൗവറും കരിയുമൊന്നുമില്ലാതെ പണ്ടത്തെ വീട്ടടുക്കളയിലെ പാചകം. മസാലപ്രയോഗമില്ല, അമ്മതന്‍ സ്നേഹ കൂട്ടിലുണ്ടാക്കിയ കറികള്‍ക്കൊക്കെ എന്തൊരു സ്വാദ് ഇതൊന്നും കൃത്രിമമായുണ്ടാക്കുന്ന 'നാടന്‍ ഭക്ഷണ'മല്ല,അവര്‍ പഴയ ആള്ക്കാരായതുകൊണ്ടുള്ള പഴയ രീതികളാണെന്നു മാത്രം.
മുളങ്കുറ്റിയില്‍ ചുടുന്ന പുട്ടിന്റെ മണം മതി കൊതിപ്പിക്കാന്‍ . വെള്ളപ്പമാണു ഫെയ്വെറിറ്റ്. ഞാനുറക്കെ പറയുന്നു, നിങ്ങള്‍ക്ക് ലോകത്തിന്റെ മറ്റൊരു കോണിലും കിട്ടില്ലയീ വെള്ളപ്പം ഉണങ്ങിയ ചിറകുമാത്രമുള്ള വരണ്ടയപ്പമല്ല,വായില്‍ വെച്ചാല്‍ അലിഞ്ഞുപോകുന്ന ഇളം മധുരമുള്ള നനുത്ത എന്നാല്‍ ഉള്ളം കനത്ത പാലപ്പം.അത് നാടന്‍ ചുടു ചെറുപയറു കറിയില്‍ മുക്കി മുക്കിയങ്ങനെ. ഹൊ അടുത്ത തവണയും അറിയാതെ കാലുകള്‍ മൗനത്തിലേക്കു തന്നെ നീങ്ങും.വല്ലപ്പോഴുമൊക്കെയാണെന്റെ പോക്കെങ്കിലും എന്നോടയാള് മനസ്സുതുറക്കാറുണ്ട്.
ഒരുനാള്‍ മൗനം കീറിമുറിക്കുന്ന ജെ സി ബിയുടെ കഠോരശബ്ദമാണു സ്വീകരിച്ചത്...ആഹ്ലാദത്തോടെന്നോട് പറഞ്ഞു: "പുതിയ ചാനല്‍ വരുന്നു...ഈ പ്രദേശം മുഴുവനും മാറും"... അടുത്ത പോക്കില്‍ കണ്ടത്,ആകാശത്തേക്കുയര്‍ന്നു വരുന്ന പടുകൂറ്റന്‍ ചാനല്‍ കെട്ടിടത്തിനിരുഭാഗങ്ങളിലുമായി പുതുതായി വന്ന രണ്ടു ഹോട്ടലുകളാണു. ഒന്ന് ഒരു നാടന്‍ ഭക്ഷണശാല, മറ്റേതൊരു വനിതാ മെസ്സ്. തിരക്കൊഴിഞ്ഞ നമ്മുടെ മൗനത്തില്‍ ദുഃഖസാന്ദ്രമായൊരു മൗനം കനത്തു. കണ്ടയുടനെ പതിവില്ലാത്തൊരു ചോദ്യമെന്നോട്: എവിടെയാണു? ഇപ്പോള്‍ കാണാനില്ലല്ലോ... സ്നേഹപരിഭവമെനിക്ക് മനസ്സിലായി, ഇപ്പോള്‍ മിക്കവരും പുതിയ ഹോട്ടലുകളിലേക്ക് ചേക്കേറിയിരിക്കുന്നു. എനിക്ക് പഴയ തണലന്യമായതുപോലെ തോന്നി, അതെ ചായക്കടയുടെ മുന്‍പാകെയുണ്ടായിരുന്ന തണല്‍ മരം മുറിച്ച് മാറ്റിയിരുന്നു.ജെ സി ബി അപ്പോഴും മുരണ്ടുകൊണ്ടിരിരുന്നു.അന്വേഷിച്ചപ്പോള്‍ എല്ലാം ഇടിച്ചുനിരത്തി ഷോപ്പിംഗ് മാള്‍ വരുകയാണെന്നറിഞ്ഞു.അന്നെനിക്ക് ഭക്ഷണം വിളമ്പുമ്പോള്‍ ആ കൈകളാദ്യമായി വിറച്ചുവെന്നതെന്റെ തോന്നലാണോ എന്തോ.എന്നാല്‍ ഞങ്ങള്‍ക്കിടയിലെ മൗനം തകര്‍ത്ത് ജെ സി ബി അപ്പോഴും മുന്നേറിക്കൊണ്ടിരുന്നു. പൊടിപറത്തി. പച്ചപ്പുകളെ ചെങ്കല്ലുകളാക്കിമാറ്റി.