Seena Sunny

അഭിനയിക്കാത്ത നടന്‍

ജയപരാജയങ്ങള്‍ നിശ്ചയിക്കാന്‍ കഴിയാത്ത അനന്തതയിലേയ്ക്ക് നീളുന്ന ദീര്‍ഘസംവാദമാണ് മരണം. സുനിശ്ചിതമായ പാതയാണ് മരണത്തിലേക്കുള്ളത്. സംവാദത്തിന്റെ മറുതലയ്ക്കല്‍ നിന്നും ഒരാള്‍ക്കും വഴുതി പോകാന്‍ കഴിയാത്ത വഴി. ഒരു പരിചയവും ഇല്ലാത്തവര്‍ നമ്മുടെ ഹൃദയത്തിന്റെ പങ്കുകാരാവുന്നത് വിചിത്രമാണെങ്കിലും എത്ര സുന്ദരം ആണല്ലേ! ആശുപത്രിക്കിടക്കയില്‍ പൊരുതി വീണെങ്കിലും ഇര്‍ഫാന്‍ നിങ്ങള്‍ ജനമനസ്സുകളില്‍ തെളിച്ചത്തോടെ ഉയിര്‍ക്കും. സിനിമ കണ്ടു കഴിഞ്ഞും പ്രേക്ഷകന്റെ ചിന്താധാരയോട് നിരന്തരം സംവദിക്കുന്ന, മറവിയിലാണ്ടു പോകാത്ത, നെഞ്ചില്‍ പതിയുന്ന സിനിമകള്‍ ചെയ്യാനാണ് ഇഷ്ടം എന്ന് പറഞ്ഞ്, ദുഷിച്ച മതരാഷ്ട്രീയത്തോട് കലഹിച്ച, കലാമൂല്യത്തിന്റെ രാഷ്ട്രീയത്തോട് ചേര്‍ന്നുനിന്ന അസാധാരണമായ ആ കണ്ണുകളെ നോക്കി കണ്ടത് ബഹുമാനത്തോടെയാണ്.


16_irrfan_khan_ed


ഇര്‍ഫാന്‍ ഖാന്റെ അതുല്യപ്രതിഭ മുഖ്യധാരാ ഹിന്ദി സിനിമയുടെ. നടുത്തളത്തില്‍ നാട്ടിയ മാറ്റത്തിന്റെ കൊടി സ്ഥിരം കാഴ്ചകളെ തട്ടിമാറ്റി ആസ്വാദക ഹൃദയം ഏറ്റെടുക്കുകയായിരുന്നു. നാടകത്തിന്റെ തിരശ്ശീല കീറി വന്ന് ഇന്ത്യന്‍ കച്ചവട സിനിമാ മാനദണ്ഡങ്ങളെ എരിയിച്ച് കളഞ്ഞ് ശ്രദ്ധേയമായ ശൈലികൊണ്ട് വേറിട്ടുനിന്ന അഭിനേതാവാണ് ഇര്‍ഫാന്‍ ഖാന്‍. നസറുദ്ദീന്‍ ഷാ, ഓംപുരി എന്നിവരെ പോലും കവച്ചുവയ്ക്കുന്ന പകര്‍ന്നാട്ടത്തിന്റെ മായാജാലവുമായി ഹോളിവുഡിലും പ്രശസ്തിയാര്‍ജ്ജിച്ച നടനവൈഭവം.


അലസമായി പാറി കിടക്കുന്ന മുടിയും കുറ്റിത്താടിയും നീണ്ടു മെലിഞ്ഞ ശരീരവും കൊണ്ട് അദ്ദേഹം ജീവന്‍ കൊടുത്ത വേഷങ്ങള്‍ക്ക് പകരം വയ്ക്കാന്‍ മറ്റൊന്നുമില്ല. അദ്ദേഹത്തിന്റെ വിയോഗം സൃഷ്ടിച്ച വിടവ് നികത്താന്‍ ഇന്ത്യന്‍ സിനിമയ്ക്കു ഉടനെയൊന്നും കഴിയുമെന്നും തോന്നുന്നില്ല.


maxresdefault


നാഷണല്‍ സ്‌കൂള്‍ ഓഫ് ഡ്രാമയുടെ തട്ടില്‍ നിന്ന് ലോകസിനിമയുടെ ഔന്നത്യത്തിലേയ്ക്ക് പടര്‍ന്നുപന്തലിച്ച പ്രശസ്തിയുടെ പാത സ്വയം വെട്ടിത്തെളിച്ചതാണ്. കാമ്പുള്ള കഥയ്ക്ക് വേണ്ടി കാത്തിരുന്നതാണ് ഇര്‍ഫാന്റെ സിനിമാ ലോകത്തേക്കുള്ള വരവ് താമസിപ്പിച്ചത് എന്ന് കരുതേണ്ടിവരും. മതബോധം പ്രകീര്‍ത്തിക്കുന്ന സിനിമകള്‍ വേണ്ടെന്ന് വയ്ക്കാനുള്ള ധീരത കാണിച്ച അപൂര്‍വ്വം അഭിനേതാക്കളില്‍ ഒരാളാണ് ഇര്‍ഫാന്‍. മനുഷ്യന്റെ ഹൃദയത്തിലേക്ക് നേരിട്ട് ഒരു പാലമിട്ട്, അതിലൂടെ നടന്നു ഒത്ത നടുക്ക് വിശാലമായ ഇരിപ്പിടം ആഗ്രഹിച്ച് നല്ല കഥകളുടെ ഭാഗമാകാന്‍ ശ്രമിച്ചവന്‍! അങ്ങനെ ഉണ്ടാക്കിയ ഇരിപ്പിടങ്ങളാണ് അദ്ദേഹത്തിന്റെ ഓരോ കഥാപാത്രവും.


മഖ്ബൂലും സാജന്‍ ഫെര്‍ണാണ്ടസും അശോകും മോണ്ടിയും തോമറും പൈയും റാണാ ചൗധരിയും രാജ് ബത്രയുമെല്ലാം പ്രിയപ്പെട്ടതാക്കുന്നത് അങ്ങനെയാണ്. രോഷം പ്രകടിപ്പിക്കാന്‍ അലറേണ്ടതില്ലെന്നും, പ്രണയിക്കാന്‍ പേശീബലമുള്ള വെളുത്ത വാര്‍പ്പുമാതൃകകള്‍ വേണ്ടെന്നും , മുഖത്തെ ചെറിയ ചലനം കൊണ്ട് പോലും ആശയ സംവേദനം സാധ്യമാകുമെന്നും ഇന്ത്യന്‍ സിനിമയ്ക്ക് കാണിച്ചുകൊടുത്ത ഇര്‍ഫാനെയാണ് നമ്മള്‍ അറിഞ്ഞത്. തുറിച്ചു നോട്ടവുമായി ചോറ്റുപാത്രം തുറന്നു പ്രണയത്തിന്റ രുചികള്‍ പകര്‍ന്ന സാജന്‍ ഫെര്‍ണാണ്ടസിനെ എങ്ങനെ മറക്കാനാവും? സമൂഹത്തോടും വ്യവസ്ഥകളും കലഹിച്ച് ഒരു വെടിയൊച്ചയില്‍ ഓര്‍മ്മകളുടെ മിന്നലുകളുമായി വീഴുന്ന പാന്‍സിങ് തോമാറിനെ മറക്കുവതെങ്ങനെ? പ്രണയിനിയുടെ വാക്കുകേട്ട് യജമാനനെതിരെ തിരിയുന്ന മഖ്ബൂലിന് മരണമുണ്ടോ? നാഗരികതയുടെ കുത്തിയൊഴുക്കില്‍ പെട്ടുഴലുന്ന കാമുകിയുടെ നിസ്സഹായാവസ്ഥയെ ഒഴുക്കിക്കളയുന്ന മോണ്ടി? മരണമില്ല ഇര്‍ഫാന്‍ നിങ്ങള്‍ക്ക് ..


sorel_pi_sq-28daf128e6e1b24530fcd135ce83bda15313cef0-s800-c85


അഭിനയ ജീവിതത്തോടൊപ്പം ഒരു സാമൂഹിക ജീവി എന്ന നിലയിലും ഉന്നത നിലവാരം പുലര്‍ത്താന്‍ കഴിഞ്ഞിരുന്നു ഈ നടന്.'വിപ്ലവം അടിത്തട്ടില്‍ നിന്നാരംഭിക്കുന്നു. ഞാന്‍ താഴെ തട്ടിലെ മനുഷ്യര്‍ക്കൊപ്പം ആണ് ' എന്ന ഒറ്റവാചകത്തോടെ സാധാരണ മനുഷ്യന്റെ വ്യവഹാരങ്ങളില്‍ ചിന്തയുടെയും സഹാനുഭൂതിയുടെയും തീപ്പൊരി നിറയ്ക്കുകയാണദ്ദേഹം.


ലൈഫ് ഓഫ് പൈയില്‍ ഇര്‍ഫാന്‍ അവതരിപ്പിച്ച കഥാപാത്രം പറയുന്നുണ്ട്:


"I suppose in the end, the whole of life becomes an act of letting go, but what always hurts the most is not taking a moment to say goodbye."


മുന്‍പേ എഴുതപ്പെട്ട മരണപത്രം പോലെ യാത്രപറയലിനു പോലും കാത്തുനില്‍ക്കാതെ മാഞ്ഞുപോയ താരം. ചിലരുടെ അകാല വിയോഗം നമ്മളെ നിശ്ചലമാക്കിത്തീര്‍ക്കും. പൂര്‍ണ ശോഭയില്‍ തെളിഞ്ഞു നില്‍ക്കുന്ന ഒരു മഴവില്ല് പെട്ടെന്ന് കാര്‍മേഘങ്ങള്‍ വന്ന് മൂടും പോലെ അത് നമ്മെ നിസ്സഹായരാക്കിത്തീര്‍ക്കും. ആ ചോറ്റുപാത്രം ഇനി തുറക്കില്ല. പ്രണയത്തില്‍ ചാലിച്ച വിഷാദം കലര്‍ന്ന തുറിച്ച കണ്ണുകള്‍ ഓര്‍മ്മകളാവുന്നു.