Adv T K Sujith

ശ്രേഷ്ഠ മലയാളത്തിന്റെ വിക്കിപീഡിയ

ലോകത്തെ മുഴുവന്‍ വിജ്ഞാനത്തിന്റെയും ആകെത്തുക ഏതൊരാള്‍ക്കും പ്രാപ്യമാവുന്ന ഒരു കാലം വരുമെന്ന് വിക്കിമീഡിയര്‍ കരുതുന്നു. അവര്‍ ആ ലക്ഷ്യത്തിലേക്ക് ചെറുതല്ലാത്ത മുന്നേറ്റം നടത്തിയിട്ടുമുണ്ട്. ഇംഗ്ലീഷ് വിക്കിപീഡിയയിലെ ഇപ്പോഴത്തെ വിജ്ഞാന ദളങ്ങളുടെ എണ്ണം 42 ലക്ഷമാണ്. മലയാളത്തിലുമുണ്ട് ചെറുതല്ലാത്ത സംഖ്യ മുപ്പത്തിയോരായിരം.

മലയാളത്തെ ശ്രേഷ്ഠമായി കരുതി ചില്ലിട്ടുവെയ്കുന്ന, ദിവസംചെല്ലുന്തോറും മലയാളം ഉപേക്ഷിക്കുന്ന, മലയാളത്തിനു പകരം ഇംഗ്ലീഷ് പുസ്തകങ്ങള്‍ വായിക്കുന്ന, ഇംഗ്ലീഷില്‍ സംസാരിക്കുവാനും ചിന്തിക്കുവാനും ശ്രമിക്കുന്ന മലയാളികളുടെ ഇടയില്‍ നിന്നും ഏതാണ്ട് 300- ല്‍ താഴെമാത്രം ആളുകള്‍ പ്രത്യേകിച്ച് കുറച്ച് ചെറുപ്പക്കാര്‍, തികച്ചും സന്നദ്ധമായി അഹോരാത്രം പണിതുയര്‍ത്തുന്നതാണ് മലയാളം വിക്കിപീഡിയ (https://ml.wikipedia.org). ഓരോദിവസവും പുതിയപുതിയ വിജ്ഞാനശകലങ്ങള്‍ അവര്‍ മലയാള ഭാഷയില്‍ ഇതിലേക്ക് കൂട്ടിച്ചേര്‍ത്തുകൊണ്ടിരിക്കുന്നു. എഴുത്തച്ഛനും എ.ആറിനുമൊക്കെ ഒപ്പം ഭാഷയുടെ ചരിത്രത്തില്‍ ഇടം നേടുകയാണ് മലയാളം വിക്കിപീഡിയ എന്നത് അതിന്റെ പിന്നണി പ്രവര്‍ത്തകര്‍പോലും ഒരുപക്ഷേ അറിയുന്നുണ്ടാവില്ല.

സ്വതന്ത്രവും സൗജന്യവുമായ വിജ്ഞാനകോശം

ലോകം ഇന്ന് ഒരു വിജ്ഞാനസമൂഹമായി മാറിക്കൊണ്ടിരിക്കുന്നുവെന്നാണ് പ്രചരണം. എന്നാല്‍ ഇതിന്റെ വാസ്തവം ശരിക്കും വിലയിരുത്തപ്പെടാറില്ല. നിങ്ങള്‍ക്ക് പലപ്പോഴും യഥാര്‍ത്ഥ വിജ്ഞാനം ലഭിക്കാറില്ലെന്നും ലഭിക്കുന്നവ പരിമിതവും പലവിധ അരിപ്പകള്‍കൊണ്ടരിച്ചതുമാണെന്ന സത്യം എല്ലായ്‌പ്പോഴും മൂടിവെയ്ക്കപ്പെടുന്നു. ലോകത്ത് ഇന്നുകാണുന്ന വിജ്ഞാനപാരാവാരം മുഴുവന്‍ സാമൂഹ്യമായ ഇടപെടലിലൂടെ ഉരുത്തിരിഞ്ഞുവന്നിട്ടുള്ളതാണ്. എന്നാല്‍ ഇപ്രകാരം സമൂഹമുന്‍കൈയ്യില്‍ വികസിച്ചുവരുന്ന വിജ്ഞാനം ഒരു ചെറുന്യൂനപക്ഷം കയ്യടക്കി വെച്ച് ലാഭം കൊയ്യുന്നതിനുള്ള ഉപാധിയാക്കിമാറ്റുമ്പോഴാണ്, ആര്‍ക്കും പണം നല്‍കാതെ ഉപയോഗിക്കാവുന്ന തികച്ചും സൗജന്യമായ ഒരു വിജ്ഞാനകോശം എന്ന ആശയവുമായി 2001 ജനുവരി 15 ന് വിക്കിപീഡിയ പിറക്കുന്നത്. അമേരിക്കക്കാരായ ജിമ്മിവെയിത്സിന്റെയും ലാറി സാങ്ങറുടെയും ശ്രമഫലമായി ഉരുത്തിരിഞ്ഞുവന്ന ഈ ഓണ്‍ലൈന്‍ എന്‍സൈക്ലോപ്പീഡിയ ഇന്ന് ലോകത്ത് ഏറ്റവും കൂടുതല്‍ സന്ദര്‍ശകരുള്ള ആറാമത്തെ വെബ്‌സൈറ്റായി മാറിയിരിക്കുന്നു.

വിക്കിപീഡിയ ജനങ്ങളുടേതാണ്. ലോകമ്പാടുമുള്ള സാധാരണക്കാരായ ജനങ്ങളാണ് അതില്‍ വിവരങ്ങള്‍ ചേര്‍ക്കുന്നത്. തങ്ങള്‍ക്ക് താല്പര്യവും അറിവുമുള്ള ഏതു വിഷയത്തിലും ആര്‍ക്കുവേണമെങ്കിലും അതില്‍ വിവരങ്ങള്‍ ചേര്‍ക്കാം. എന്നാല്‍ മറ്റ് വിജ്ഞാനകോശങ്ങളെല്ലാം പണ്ഡിതരുടെ സൃഷ്ടിയാണ്. പണ്ഡിതന്മാര്‍, അവരുടെ ജാതി-മത-വര്‍ഗ്ഗ-രാഷ്ട്രീയ പരിഗണനകള്‍ക്കകത്തുനിന്നുകൊണ്ട് സൃഷ്ടിക്കുന്ന വിവരങ്ങള്‍ തൊണ്ടതൊടാതെ വിഴുങ്ങുക മാത്രമാണ് പരമ്പരാഗത വിജ്ഞാനകോശങ്ങളുടെ ഉപയോക്താക്കള്‍ക്ക് വിധിച്ചിട്ടുള്ളത്. ആ വിവരങ്ങളെ ചോദ്യം ചെയ്യാനോ, തെറ്റുകള്‍ ചൂണ്ടിക്കാട്ടാനോ ആര്‍ക്കും കഴിയില്ല. കാലഹരണപ്പെട്ട വിവരങ്ങള്‍ പുതുക്കികാണണമെങ്കില്‍, എന്നോ ഇറങ്ങിയേക്കാവുന്ന പുതിയ പതിപ്പുകള്‍ക്കായി കാത്തിരിക്കുകയും വേണം.

എന്നാല്‍, തെറ്റായതോ പക്ഷംപിടിച്ചുള്ളതോ ആയ വിവരങ്ങള്‍ ആരെങ്കിലും ചേര്‍ക്കുന്നപക്ഷം ആര്‍ക്കും അവയെ ചോദ്യം ചെയ്യാനും തിരുത്താനും കഴിയുന്ന ജനായത്ത രീതിയാണ് വിക്കിപീഡിയയുടെ സവിശേഷത. ഇത്തരത്തിലുള്ള കൂട്ടായ, ജനകീയമായ, വിലയിരുത്തലിന്റെയും തിരുത്തലിന്റെയും സാദ്ധ്യതയാണ് വിക്കിപീഡിയയുടെ വിശ്വാസ്യതയുടെ ആധാരം എന്നും പറയാം. എത്രയധികം പേരാണ് ഒരു ലേഖനം അഥവാ താള്‍ തിരുത്തിയിരിക്കുന്നത് എന്നതിനെ അടിസ്ഥാനപ്പെടുത്തി, അത്രയും ആളുകള്‍ കണ്ട് ബോദ്ധ്യപ്പെട്ട വിവരം എന്നനിലയില്‍, ആ ലേഖനനത്തിന് നല്ല താള്‍കനം (പേജ്‌ഡെപ്ത്) ഉണ്ടെന്ന് വിക്കിപീഡിയ കണക്കുകൂട്ടുന്നു. വിക്കിപീഡിയയിലെ വിവരങ്ങള്‍ ഏതെങ്കിലും സ്ഥാപനങ്ങളുടെയോ, താല്പര്യങ്ങളുടെയോ, സര്‍ക്കാരുകളുടെയോ, പാര്‍ട്ടികളുടെയോ, വ്യക്തികളുടെയോ വിചാരവികാരങ്ങളെ പിന്‍പറ്റുന്നവയാവാന്‍ പാടില്ലായെന്ന കര്‍ശനനിലപാടാണ് ഇവിടെയുള്ളത്. ഇതിനെ സന്തുലിതമായ കാഴ്ചപ്പാട് (ന്യൂട്രല്‍ പോയിന്റഓഫ് വ്യൂ) എന്ന് അവര്‍ വിളിക്കുന്നു. വിക്കിപീഡിയയുടെ ദര്‍ശനം എന്നും പറയാം. ഒരു ക്ഷേത്രത്തെക്കുറിച്ചുള്ള ലേഖനം നിങ്ങള്‍ക്ക് വിക്കിപീഡിയയില്‍ കാണുവാന്‍ കഴിഞ്ഞേക്കാം. പക്ഷേ, ക്ഷേത്രക്കമ്മറ്റിയുടെ വെബ്‌സൈറ്റില്‍ നിന്നും വ്യത്യസ്തമായി നിറംപിടിപ്പിച്ച അവകാശവാദങ്ങളോ പരിശോധനായോഗ്യമല്ലാത്ത വിവരങ്ങളോ നിങ്ങള്‍ക്കവിടെ കാണുവാന്‍ കിട്ടിയെന്നുവരില്ല. ഇവിടെ വൈകാരികതയ്കും സൈദ്ധാന്തിക പിടിവാശികള്‍ക്കും പകരം എന്‍.പി.ഒ.വി. എന്ന് വിക്കിപീഡിയര്‍ ചുരുക്കപ്പേരില്‍ വിളിക്കുന്ന, വസ്തുനിഷ്ഠതയ്ക് നല്‍കുന്ന ഈ സമീപനം സമാധാനത്തിലേക്കുള്ള വഴിയാണെന്ന് ജിമ്മി വെയിത്സ് അഭിപ്രായപ്പെടുന്നു.

മലയാളപ്പെരുമ

ആഗോള വിക്കിപീഡിയയുടെ ഈ ദര്‍ശനവും ലക്ഷ്യങ്ങളും മുറുകെപ്പിടിക്കുന്ന ഇന്ത്യയിലെ പ്രമുഖസമൂഹം ഏതെന്ന് സംശയത്തിന് ഇട വേണ്ടല്ലോ, അത് മലയാളിതന്നെ. അങ്ങനെ ഇന്ത്യയുടെ ജനസംഖ്യയുടെ ഏതാണ്ട് മൂന്ന് ശതമാനത്തില്‍ താഴെ മാത്രം ആളുകള്‍ സംസാരിക്കുന്ന മലയാളഭാഷയിലെ കുഞ്ഞ് വിക്കിപീഡിയ ലോകത്തിലെ മികച്ച വിക്കിപ്പീഡിയകളിലൊന്നായി മാറിയിരിക്കുന്നു. അതിന്റെ താള്‍ക്കനം ഇന്ന് 300 ആണ്. ഇംഗ്ലീഷ് വിക്കിപീഡിയ കഴിഞ്ഞാല്‍ തൊട്ടടുത്ത സ്ഥാനങ്ങളിലൊന്നായ ഇത് മലയാളം വിക്കിപീഡിയയുടെ ഗുണനിലവാരത്തെയും സൂചിപ്പിക്കുന്നു.

തിരുവന്തപുരം സ്വദേശിയും ഗവേഷക വിദ്യാര്‍ത്ഥിയുമായിരുന്ന വിനോദ് എം.പി. മലയാളം വിക്കിപീഡിയയ്ക്ക് തുടക്കമിടുന്നത് 2002 ഡിസംബര്‍ 21 നാണ്. ഇപ്പോള്‍ 48000 ത്തില്‍പ്പരം രജിസ്റ്റര്‍ ചെയ്ത ഉപയോക്താക്കള്‍ (യൂസേഴ്‌സ്) ഉണ്ടെങ്കിലും സ്ഥിരമായി ലേഖനങ്ങളെഴുതുകയും മറ്റ് പരിപാലന പ്രവര്‍ത്തികളിലേര്‍പ്പെടുകയും ചെയ്യുന്ന 300 ല്‍ താഴെ ആളുകളേ ഇന്നും വിക്കിപീഡിയയില്‍ ഉള്ളൂ. അതും കേരളത്തിന് വെളിയില്‍ വിവിധ ജോലികള്‍ക്കും പഠനത്തിനുമായി തങ്ങുന്ന മറുനാടന്‍ മലയാളികളാണുതാനും. ചുരുക്കത്തില്‍ മലയാളത്തിനായി മുറവിളികൂട്ടുന്നവരൊന്നും കടന്നുവരാത്ത ഈ മേഖല ഇന്നും നിയന്ത്രിക്കുന്നത് മലയാളവിദ്വാന്മാരല്ലാത്ത കുറച്ച് സാങ്കേതിക വിദഗ്ദ്ധരും ശാസ്ത്രകുതുകികളുമായ ചെറുപ്പക്കാരുമാകുന്നു. മരിച്ചുകൊണ്ടിരുന്ന മലയാളത്തെ ഇന്റര്‍നെറ്റില്‍ അവര്‍ പുനരുജ്ജീവിപ്പിച്ചുകൊണ്ടിരിക്കുന്നു.

ഇന്ന് വിക്കിപീഡിയയുടെ പക്കലുള്ളയത്ര ഇ-മലയാളം ഉള്ളടക്കം മറ്റൊരു സംവിധാനത്തിനും - സര്‍ക്കാരിന് പോലും ഇല്ലായെന്നതും ഭാഷയുടെ ഭാവിക്ക് ഇതൊരു മുതല്‍ക്കൂട്ടാണെന്ന് തെളിയിക്കുന്നു. വിക്കിപീഡിയ ഒറ്റയ്ക്കല്ല, അമൂല്യ ഗ്രന്ഥങ്ങള്‍ സൌജന്യമായി ലഭിക്കുന്ന വിക്കി ഗ്രന്ഥശാല (http://ml.wikisource.org) മഹാന്മാരുടെയും പഴമക്കാരുടെയും ചൊല്ലുകള്‍ ശേഖരിച്ചുവെച്ചരിക്കുന്ന വിക്കി ചൊല്ലുകള്‍ (http://ml.wikiquote.org), മൗസ് തുമ്പിലെ ഭാഷാ വിസ്മയമായ വിക്കിനിഘണ്ടു (http://ml.wiktionary.org) തുടങ്ങിയ അനവധി സഹോദരസംരംഭങ്ങളും നിങ്ങളുടെ സേവനത്തിനായും നിങ്ങള്‍ക്ക് സേവനം നല്‍കാനുമായി വിക്കിമീഡിയ സമൂഹം ഒരുക്കിവെച്ചിരിക്കുന്നു. ഇതിലെല്ലാം നിങ്ങള്‍ക്കും ബൌദ്ധികമായ സംഭാവനകള്‍ നല്‍കാം.

എഴുത്തിനൊപ്പം അദ്ധ്യാപനവും

നിങ്ങള്‍ വിക്കിപീഡിയയിലെ നിലവിലുള്ള താളുകള്‍ തിരുത്തുമ്പോള്‍ (എഡിറ്റ് ചെയ്യുമ്പോള്‍) വിക്കിപീഡിയയിലെ എഴുത്തുകാരനാകുന്നു. വളരെ ലളിതമായ പ്രക്രിയയാണത്. നിലവിലുള്ളവ തിരുത്തുമ്പോഴോ, പുതിയ താളുകള്‍ സൃഷ്ടിക്കുമ്പോഴോ ആ താളുകളുടെ നാള്‍വഴിയില്‍ (ഹിസ്റ്ററിയില്‍) നിങ്ങളുടെ പേര് രേഖപ്പെടുത്തപ്പെടുന്നത് കണ്ട് നിങ്ങള്‍ക്ക് കൃതാര്‍ത്ഥനാകാം. വിക്കിപീഡിയയുടെ പ്രധാനതാളില്‍ കാണുന്ന സമീപകാല മാറ്റങ്ങളുടെ ലിങ്കിലൂടെ, വിക്കിപീഡിയയിലെ ഏറ്റവും പുതിയ മാറ്റങ്ങളെ നിങ്ങള്‍ കാണുകയും പുതിയ എഴുത്തുകാരുടെ കടന്നുവരവിനെ സ്വാഗതം ചെയ്യുകയും ചെയ്യാം. അവര്‍ക്ക് വിക്കിപീഡിയ എഡിറ്റിംഗ് എങ്ങനെ നടത്താം എന്ന് പഠിപ്പിക്കുക നിങ്ങളുടെ ചുമതലയാണ്. പുതുതായെത്തുന്ന ആരെയും മുന്നില്‍ ഇപ്രകാരം തങ്ങളുടെ പക്കലുള്ള എല്ലാ അറിവുകളും തുറന്നുവെയ്കുന്ന ഒരു സമൂഹം ലോകത്ത് മറ്റെവിടെയെങ്കിലുമുണ്ടോ എന്നത് സംശയമാണ്. ഇങ്ങനെ മറ്റുള്ളവരെ എഡിറ്റിംഗ് പഠിപ്പിക്കുക വഴി നിങ്ങള്‍ മുതിര്‍ന്ന വിക്കിപീഡിയനാകുന്നു, അദ്ധ്യാപകനാകുന്നു.

ലോകത്തെ 286 ഭാഷകളില്‍ ഇന്ന് വിക്കിപീഡിയകള്‍ നിലവിലുണ്ട്. അവയില്‍ 78-ാം സ്ഥാനത്ത്, മുപ്പതിനായിരത്തിന്റെ ക്ലബ്ബിലെത്തിനില്‍ക്കുന്ന നമ്മുടെ കൂഞ്ഞ് മലയാളവുമുണ്ടെന്നതില്‍ അഭിമാന പുളകിതരായിരിക്കുക മാത്രമല്ല നമുക്ക് ചെയ്യാവുന്നത്. വിക്കിപീഡിയയില്‍ ഒരു ഉപയോക്തൃനാമം സൃഷ്ടിച്ച് അതില്‍ നിലനില്‍ക്കുന്ന ലേഖനത്തെ കൂടുതല്‍ മെച്ചപ്പെടുത്തുകയോ, ഇല്ലാത്ത ഒരെണ്ണം പുതുതായി തുടങ്ങുകയോചെയ്യാം. മലയാളത്തെക്കുറിച്ചുള്ള കവപ്രസംഗങ്ങള്‍ക്കിടയില്‍ സാര്‍ത്ഥകമായ ഒരിടപെടലിനും സമയം കണ്ടെത്താം. സോഷ്യല്‍ നെറ്റ് വര്‍ക്കുകളിലെ നൈമിഷികാനന്ദങ്ങളുടെ പിടിയില്‍ നിന്നും അല്പനേരം മോചിതരായി മലയാള ഭാഷയ്ക്കും ഭാവി തലമുറയ്ക്കും എന്തെങ്കിലും സംഭാവന ചെയ്യാം. വിക്കിപീഡിയ ആര്‍ക്കും തിരുത്താവുന്ന വിജ്ഞാന കോശമാകന്നു. നിങ്ങള്‍ ആരംഭിക്കുക എന്നത് മാത്രമാണ് ഇവിടെ കാര്യം.

Images courtesy: https://commons.wikimedia.org